ചൈനയില്‍ തുറന്ന വിശാലമായ ഒരു ഗ്രന്ഥശാലയായിരുന്നു കഴിഞ്ഞിടയ്ക്ക് ആളുകളെ വിസ്മയം കൊള്ളിച്ചത്. എഞ്ചിനീയറിങ്ങ് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന ചൈനക്കാര്‍ക്ക് പുസ്തകങ്ങളോട് സ്‌നേഹം വര്‍ധിച്ചത് വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തിരുന്നു. ടിയാന്‍ജിന്നിലെ ബിഹായ് കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റില്‍ ഒരുക്കിയിരിക്കുന്ന ഈ ഗ്രന്ഥശാലയില്‍ 12 ലക്ഷം പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരുന്നതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാലിപ്പോള്‍ ഇതിലെ കള്ളത്തരവും പുറത്തുവന്നിരിക്കുകയാണ്. ലൈബ്രറിയുടെ മുകള്‍ ഭാഗത്തായി ഒരുക്കിയിരിക്കുന്ന ഷെള്‍ഫുകളില്‍ യഥാര്‍ത്ഥ പുസ്തകങ്ങള്‍ അല്ലെന്നും പകരം പുസ്തകങ്ങളുടെ ചിത്രം വരച്ച അലുമിനിയം പ്ലേറ്റുകളാണെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മൂന്ന് വര്‍ഷം കൊണ്ട് 34,000 സ്‌ക്വയര്‍ മീറ്ററിര്‍ പൂര്‍ത്തീകരിച്ച ഗ്രന്ഥശാലയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഗോളാകൃതിയിലുള്ള ഓഡിറ്റോറിയമാണ്. വായനാമുറി, വിശ്രമമുറി എന്നിവ മധ്യത്തിലായും ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ കമ്പ്യൂട്ടര്‍/ഓഡിയോ ഹാള്‍ എന്നിവ മുകളിലായും ഒരുക്കിയിരുന്നു. മാത്രമല്ല മുകളിലെ വിശാലമായ ഷെല്‍ഫുകളിലും മനേഹരമായി പുസ്തകങ്ങള്‍ അടുക്കിസൂക്ഷിച്ചിരുന്നു..
ഈ ഗ്രന്ഥശാല ഡച്ച് ഡിസൈനിങ്ങ് സ്ഥാപനമായ എം.വി.ഇ.ആര്‍ഡി.വി, ടിയാല്‍ജിങ് അര്‍ഹന്‍ പ്ലാനിങ്ങ് ആന്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്നാണ് രൂപകല്പന ചെയ്തത്. ലൈബ്രറിയുടെ നടുമുറ്റത്തിന് മുകളിലായി ക്രമീകരിച്ചിരിക്കുന്ന ഷെല്‍ഫുകളില്‍നിന്ന് പിറകിലൂടെ പുസ്തങ്ങള്‍ എടുക്കുന്നവിധം നിര്‍മിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ലൈബ്രറിയുടെ പ്രത്യേക രൂപകല്‍പന മൂലം ഇതിന് സാധിക്കില്ലെന്ന് ഡിസൈനിങ് സ്ഥാപനമായ എം.വി.ഇ.ആര്‍ ഡി.വി അറിയിക്കുകയായിരുന്നുവത്ര.
ഗ്രന്ഥശാലയുടെ ഉള്‍വശം വായനയ്ക്കും ചര്‍ച്ചകള്‍ക്കുമായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും അവിടം പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നും ലൈബ്രറി ഡയറക്ടര്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അവിടെ നിലവിലുള്ള പുസ്തകങ്ങള്‍ നീക്കുമെന്നും അദ്ദേഹം അറിയിച്ചു.