അധ്യാപികയും പ്രശസ്ത എഴുത്തുകാരിയുമായ ചന്ദ്രമതിയുടെ ഏറ്റവും പുതിയ കഥാസമാഹാരം പുറത്തിറങ്ങി. ‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’എന്ന സമാഹാരം ഡി സി ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്.
പെണ്ണഴുത്ത് എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിനുള്ളില്‍ നില്‍ക്കാതെ കഥാഘടനയിലൂടെ സ്ത്രീയനുഭവങ്ങളെ ആവിഷ്‌കരിക്കുകയും പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ നെഞ്ചിലേക്ക് ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ കൂരമ്പുകള്‍ തൊടുക്കുകയും ചെയ്യുന്ന പത്തുകഥകാളാണ് ഇതിലുള്ളത്. കൂടാതെ രശ്മി ജി അനില്‍കുമാര്‍ കെ എസ് എന്നിവര്‍ ചന്ദ്രമതിയുമായി നടത്തിയ അഭിമുഖവും( വേണം കേരളത്തിന് തനതു ഫെമിനിസം) അനുബന്ധമായി നല്‍കിയിട്ടുണ്ട്.
‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’ ചന്ദ്രമതിയുടെ പത്തമാത്തെ സമാഹാരമാണ്. ‘കാലം മാറിയത്’, ‘നദികള്‍ ഒഴുകുന്നത്’, ‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’, ‘വഴിയും വെളിച്ചവും’ തുടങ്ങി ഇതിലെ കഥകളെല്ലാം സമകാലിക ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങളെ അടയാളപ്പെടുത്തുന്നവയാണ്. സാമൂഹിക ബോധവും നിരീക്ഷണപാടവവും അരക്ഷതയുവത്വത്തിന്റെ നേര്‍ക്കാഴ്ചകളും എല്ലാം സുതാര്യമായി ഈ കഥാസമാഹാരത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.