എം.ടിയ്ക്കുശേഷം പുസ്തകങ്ങളെ അത്രമേല്‍ സ്‌നേഹിച്ച നമ്മുടെ ഭാഷയിലെ നാലോ അഞ്ചോ എഴുത്തുകാരില്‍ ഒരാളാണ് സി വി ബാലകൃഷണന്‍. ഫിക്ഷനില്‍ ലോക സാഹിത്യത്തിലുണ്ടാകുന്ന പുതിയകുതിപ്പുകള്‍ ആദ്യം തിരിച്ചറിയുന്ന ഒരു മൂന്നാം കണ്ണ് ബാലകൃഷ്ണന്‍ എന്ന വായനക്കാരനുണ്ട്. ധ്യാനാത്മകമായ, ധ്വനന ശേഷിയുള്ള വാക്കുകളിലൂടെ എഴുത്തിന്റെ പ്രമേയത്തെയും ഘടനയെത്തന്നെയും ഉല്ലംഘിക്കുന്ന ഭാഷയുടെ ഉത്സവമേളം സി വി ബാലകൃഷണന്റെ രചനകളില്‍ നാം അറിയുന്നു. ആയുസ്സിന്റെ പുസ്തകത്തിലും ഉറങ്ങാന്‍ വയ്യ പോലുള്ള കഥകളിലും ഒരര്‍ത്ഥത്തില്‍ ഈ ആഖ്യാന ഭാഷ തന്നെ പ്രമേയമായിത്തീരുന്നു. ജീവിതത്തിന്റെയും പ്രപഞ്ചവസ്തുക്കളുടെയും അഗോചര സാന്നിധ്യങ്ങളെക്കൂടി ഉള്‍ക്കൊള്ളാന്‍ ശേഷി നേടുമ്പോഴാണ് എഴുത്തുകാരന്റെ ഭാഷ അയാളുടെ എഴുത്തിനു മുകളില്‍ പുതിയൊരു ആകാശം സൃഷ്ടിക്കുന്നത്. അത്തരമൊരു ആകാശം ബാലകൃഷ്ണന്റെ രചനകളില്‍ മഴവില്‍ വിരിയിച്ചു നില്പുണ്ട്. ഇന്നിതാ എഴുത്തിന്റെ അമ്പതാണ്ടുകള്‍ പൂര്‍ത്തിയാക്കുകയാണ് സി വി എന്ന സി വി ബാലകൃഷണന്‍.
എഴുത്തിന്റെ അമ്പതാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന പ്രിയ സാഹത്യകാരന്‍ സി വി ബാലകൃഷണന് തലസ്ഥാനനഗരം ആദരമര്‍പ്പിക്കുന്നു. പാപ്പനംകോട് വിശ്വപ്രഭ ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 1 മുതല്‍ 4 വരെ പാപ്പനംകോട് ദര്‍ശന ആഡിറ്റോറിയം, പുഴനാട് ഭാവന ഗ്രന്ഥശാല, ശ്രീശങ്കരാ സംസ്‌കൃത യൂണിവേഴ്‌സിറ്റി പ്രാദേശിക കേന്ദ്രം, തിരുവനന്തപുരം സേറ്റ് സെന്‍ട്രല്‍ ലൈബ്രറി, എന്നീ വേദികളിലായി അക്കാദമിക് മികവുപുലര്‍ത്തുന്ന വിവിധപരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സാംസ്‌കാരിക സംഘടനകളും പരിപാടിയില്‍ കൈകോര്‍ക്കും.
പരിപാടികള്‍;
ഡിസംബര്‍ 1 വെള്ളിയാഴ്ച പാപ്പനംകോട് ദര്‍ശന ആഡിറ്റോറിയത്തില്‍ രാവിലെ 10 മണിമുതല്‍ നടക്കുന്ന ചടങ്ങില്‍ എം എ ബേബി വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് പി കെ രാജശേഖരന് ‘ആയുസ്സിന്റെ പുസ്തകം- ഒരു പഠനം’ എന്ന വിഷയത്തില്‍ പ്രഭാഷണം അവതരിപ്പിക്കും. ഉച്ചയ്ക്ക് 2 മുതല്‍ സെമിനാര്‍- ‘സി വി ബാലകൃഷ്ണന്റെ കൃതികളിലെ സ്ത്രീ’. കെ ജെ ജോണി, ഒ വി ഉഷ, ചന്ദ്രമതി, തുടങ്ങിയവര്‍ അവതരിപ്പിക്കും. സി വി യുടെ രചനയെ ആസ്പദമാക്കി നിര്‍മ്മിച്ച ‘മറ്റൊരാള്‍’ സിനിമായുടെ മുപ്പതാം വാര്‍ഷികം ലെനില്‍ രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. ചടങ്ങില്‍ ചിത്രത്തിന്റെ അണിയറ ശില്പികളെ ആദരിക്കും.
ഡിസംബര്‍ 2 ന് 10 മണിമുതല്‍ ‘സി വി ബാലകൃഷ്ണന്റെ ആഖ്യാനതന്ത്രം’, ‘സി വി ബാലകൃഷ്ണന്റെ കൃതികളിലെ ക്രിസ്തീയത’, ‘ഞാനറിയുന്ന സി വി ബാലകൃഷ്ണന്‍’ തുടങ്ങിയ വിഷയങ്ങളില്‍ കെ ബി പ്രസന്നകുമാര്‍, സജയ് കെ വി, ഡോ ബെറ്റിമോള്‍, ബി മുരളി എന്നിവര്‍ സെമിനാര്‍ അവതരിപ്പിക്കും. തുടര്‍ന്ന് തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് മലയാളം വിഭാഗം മേധാവി ഡോ ടി കെ സന്തോഷ് കുമാര്‍ സി വി ബാലകൃഷണനുമായുള്ള മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചിന് അടൂര്‍ ഗോപാലകൃഷ്ണന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സി വി ബാലകൃഷണന്‍, ഡോ കെ എസ് രവികുമാര്‍, ഡോ വി രാജാകൃഷ്ണന്‍, പി കെ രാജ്‌മോഹന്‍ എന്നിവര്‍ പങ്കെടുക്കും.
ഡിസംബര്‍ 3 വൈകിട്ട് മൂന്നിന് പൂഴനാട് ഭാവന ഗ്രന്ഥശാലയില്‍ എഴുത്തിന്റെ പുതുവഴികള്‍- സി വിക്കൊപ്പം ഭാവന എഴുത്തുകൂട്ടം അംഗങ്ങള്‍ സംവദിക്കും. ഡിസംബര്‍ 4ന് ശ്രീശങ്കരാ സംസ്‌കൃത യൂണിവേഴ്‌സിറ്റി പ്രാദേശിക കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ സി വി വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വൈകിട്ട് 3 ന് തിരുവനന്തപുരം സേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ സി വി ബാലകൃഷണന്‍ എഴുത്തുകാരും വായനക്കാരുമായി സംവദിക്കും.