ജീവിതശൈലീരോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന കേരളം ഹൃദ്രോഗത്തിന്റെ തറവാടായി മാറുന്നു എന്നുപറയുന്നതില്‍ അത്ഭുതപ്പെടണ്ട. ഇന്ത്യയില്‍ ഏറ്റവുമധികം മാംസം കഴിക്കുന്നവരും ഹൃദ്രോഗമുള്ളവരും ഈ കൊച്ചുകേരളത്തില്‍ തന്നെ. വികലമായ ഈ ജീവിതവീക്ഷണം മാറ്റിയെടുത്ത് രോഗം വരാതിരിക്കാനുള്ള ക്രിയാത്മക ജീവിതശൈലി ഓരോരുത്തരും സ്വായത്തമാക്കണം. അതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അതീവലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണ് ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും.
രോഗങ്ങള്‍ ഉണ്ടാകുന്നത്, ആരോഗ്യത്തിന്റെ ഭക്ഷണശാസ്ത്രം, വണ്ണം കുറയ്ക്കാന്‍ ഭക്ഷണച്ചിട്ടകള്‍, വ്യായാമം ഹൃദയത്തിന് ഔഷധം, ഹൃദയാരോഗ്യത്തിന് യോഗ തുടങ്ങിയ ഹൃദയാരോഗ്യത്തിന് അനിവാര്യമായ ഭക്ഷണവ്യായാമ മുറകളെ അന്യാദൃശ്യമായ നിരീക്ഷണങ്ങളോടെ അവതരിപ്പിക്കുന്നതാണ് പുസ്തകം. പ്രസിദ്ധനും പ്രഗത്ഭനുമായ ഹൃദ്രോഗ വിദഗ്ധന്‍, പത്രമാസികകളില്‍ കോളമിസ്റ്റ്, എഴുത്തുകാരന്‍, ടി.വി.പ്രഭാഷകന്‍ എന്നീ നിലകളില്‍ പരിചിതനായ ഡോ. ജോര്‍ജ്ജ് തയ്യില്‍ തയ്യാറാക്കിയ പുസ്തകമാണ് ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും.ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡോ.ജോര്‍ജ് തയ്യിലിന്റെ ഹൃദ്രോഗ സംബന്ധിയായ നിരവധി ലേഖനങ്ങള്‍ പത്രങ്ങളിലും വാരികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദ്രോഗം: മുന്‍കരുതലും ചികിത്സയും, ഹൃദയപൂര്‍വം: ഒരു ഹെല്‍ത്ത് ഗൈഡ്, ഹാര്‍ട്ട്അറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം, സ്ത്രീകളും ഹൃദ്രോഗവും, ഹൃദ്രോഗ ചികിത്സ: പുതിയ കണ്ടെത്തലുകളിലൂടെ എന്നിവയാണ് ഡോ.ജോര്‍ജ് തയ്യിലിന്റെ മറ്റ് പുസ്തകങ്ങള്‍. ഡോ.ജോര്‍ജ് തയ്യിലിനും കുടുംബത്തിനും ഈ കഴിഞ്ഞിടയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പപ്പാപ്പയെ നേരില്‍ കാണുവാനും അനുഗ്രഹംവാങ്ങുവാനുമുള്ള അവസരവും ലഭിച്ചിരുന്നു.