ശ്രേഷ്ഠമലയാളം ചര്‍ച്ചചെയ്ത 16 കവിതാപുസ്തകങ്ങളാണ് 2017ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. അതില്‍ രക്തകിന്നരം, നില്പുമരങ്ങള്‍, അവശേഷിപ്പുകള്‍ തുടങ്ങി എട്ട് കവിതാസമാഹാരങ്ങളെക്കുറിച്ച് രാജേന്ദ്രന്‍ എടത്തുംകര എഴുതിയ പഠനം നാം വായിച്ചു. ഇനി വി. എം. ഗിരിജയുടെ ‘മൂന്ന് ദീര്‍ഘകവിതകള്‍, എസ്. ജോസഫിന്റെ ‘മഞ്ഞ പറന്നാല്‍’, റോസി തമ്പിയുടെ ‘പാല്‍ ഞരമ്പ്, സെബാസ്റ്റ്യന്റെ ‘അറ്റുപോകാത്തത്‘ തുടങ്ങി എട്ടുകവിതാപുസ്തകങ്ങളെക്കുടി പരിചയപ്പെടുത്തുകയാണിവിടെ.
ഒരു എത്യോപ്യന്‍ നാടോടിക്കഥ, മൂന്നൂ സംന്യാസിമാര്‍, ഉറങ്ങുന്നസുന്ദരി എന്നീ
കവിതകളുടെ സമാഹാരമാണ് വി. എം. ഗിരിജയുടെ ‘മൂന്ന് ദീര്‍ഘകവിതകള്‍.’ പൊതുവേ അണൂപ്രായമായ സമകാലികകവിതയില്‍, ദൈര്‍ഘ്യമേറിയതും കഥനസ്വഭാവമുള്ളതുമായ കവിതകള്‍ സ്വരൂപത്തില്‍ വേറിട്ടൊരു കാഴ്ചതന്നെ. പുരാവൃത്തങ്ങളെ പുനരാഖ്യാനം ചെയ്യുമ്പോള്‍ കഥകള്‍ ആശയങ്ങളെ വഹിക്കാനുള്ള അയക്കോലുകള്‍ മാത്രമാണെന്ന് ഈ കവിതകള്‍ പറഞ്ഞുതരുന്നു. ഇളങ്കാറ്റും കൊടുങ്കാറ്റും രണ്ട് വ്യത്യസ്തഭാഷകള്‍ സംസാരിക്കുന്നു. ഇളങ്കാറ്റാണ് ഈ സമാഹാരത്തില്‍ ഗിരിജയുടെ ഭാഷ; അതിന് പുല്‍ക്കൊടിയെയും മഹാവൃക്ഷത്തെയും ഒരേപോലെ തഴുകാനാവുന്നു.
എസ്. ജോസഫിന്റെ ‘മഞ്ഞ പറന്നാല്‍’ എന്ന സമാഹാരത്തില്‍ അമ്പത്തിയെട്ട് കവിതകളുണ്ട്. ഉറവകൊണ്ട് കിണര്‍ എന്നപോലെ ഓര്‍മകൊണ്ട് ജോസഫിന്റെ കവിതകള്‍ നിറഞ്ഞുതുളുമ്പുന്നു. ഭൂതകാലത്തിന്റെ മണ്ണടിഞ്ഞ പടവുകളില്‍നിന്നൂം ഓര്‍മകള്‍ ഇനിയും വീണ്ടെടുത്തിട്ടില്ലാത്ത സൂക്ഷ്മലോകത്തിന്റെ
ഒളിയിടങ്ങളിലേക്ക് സഞ്ചരിക്കൂന്നതിന്റെ ചിത്രങ്ങളാല്‍ സമൃദ്ധമാണ് ഈ സമാഹാരം. അവിടെ, നിറങ്ങളും മണങ്ങളും ഒച്ചകളുമൊത്ത് കവിത കാലസംഖ്യയില്ലാത്ത യാത്രയിലാണ്. ഇല്ലിക്കൂട്ടത്തിനിടയിലെ താവളത്തില്‍ കൂമനും കുയിലിനും തലയില്‍പൂവുള്ള പാമ്പിനുമൊപ്പം ലയനാനന്ദമനുഭവിച്ച് അരൂപിയായി ഒളിച്ചുകളിയാന്‍ മോഹിക്കൂന്ന സൂക്ഷ്മശ്രുതിയിലേക്ക് ജോസഫിന്റെകവിത ഒഴുകിനിറയുന്നു. ഇടയ്ക്കുമാത്രം മനൂഷ്യവേഷംകെട്ടി പുറത്തിറങ്ങിയാല്‍മതിയെന്ന് അതിന്റെ ജൈവസത്ത സഞ്ചാരക്രമം നിശ്ചയിച്ചിരിക്കൂന്നു. ചിലപ്പോള്‍, നിശ്ശബ്ദമായ പാറക്കെട്ടുകള്‍ക്കിടയില്‍ ഒരൂ ഉടുമ്പായി പാര്‍ക്കാനും മറ്റുചിലപ്പോള്‍, തോട്ടില്‍നിന്നും ഒരിക്കലും മടങ്ങാനാവാതെ മീനുകളായി ജലകേളിയാടാനും കവിത ദാഹിക്കുന്നു. താന്നിമരത്തിന്റെ ഉരൂണ്ട ഒച്ചയായി മേവുന്ന താന്നിക്കായയില്‍ വിലയംകൊള്ളാന്‍ അതിന്റെ മോഹം. പറവക്കൂട്ടങ്ങളുടെ ലാളിത്യത്തിലും പരതിനടക്കുന്ന ശീലത്തിലും എത്തിനോക്കാന്‍ അതിന്റെ അഭിവാഞ്ഛ.’ഞാന്‍ ആണൂമല്ല പെണ്ണൂമല്ല’ എന്ന് നിരഹങ്കാരം ആണയിടാന്‍ കഴിയുന്ന അപൂര്‍വമായ ഒരൂ ബോധസരിത്ത് ജോസഫില്‍ സംഭവിക്കൂന്നതിന്റെ ആനന്ദമാണ് ഈ സമാഹാരത്തിന്റെ വായനാവിശേഷം. ഓര്‍മയിലൂടെ പിറകിലേക്ക് സഞ്ചരിച്ചാല്‍, മണ്ണിലലിഞ്ഞ ഇഷ്ടവീടിന്റെ മണ്‍ഭിത്തികളും വലിയമരങ്ങള്‍ക്കിടയിലെ നടത്തങ്ങളും ഇഷ്ടമുള്ള മനൂഷ്യരൂടെ ചിത്രങ്ങളും നിറഞ്ഞ പഴയ പൊരൂളുകള്‍ കടന്ന് വീണ്ടുംനടന്നാല്‍, എത്തിച്ചേരാവുന്ന ചരാചരഭേദമില്ലായ്മയുടെയും പ്രാകൃതികാനന്ദത്തിന്റെയും പുതിയപൊരുളിലേക്ക് ഒന്നൊഴിയാതെ എല്ലാ കവിതകളും ധ്യാനനിമഗ്നമായി നടന്നൂപോകൂന്നതിന്റെ ലയത്താല്‍ ഈ സമാഹാരം സമൃദ്ധം.
* റോസി തമ്പിയുടെ ‘പാല്‍ ഞരമ്പ്
ഉടലും പ്രണയവും മനസ്സും ആത്മീയതയും ചേരുംപടി ചേരുന്ന ഋതുപ്പകര്‍ച്ചയാണ് റോസി തമ്പിയുടെ കവിതകള്‍. റോസിയുടെ ‘പാല്‍ ഞരമ്പി’ല്‍ എഴുപത്തിനാല് കവിതകളുണ്ട്. ‘എന്നെ ദേവീ എന്നു വിളിക്കരുത്/ഞാന്‍ പെണ്ണ്, പച്ചപ്പെണ്ണ്’ എന്ന് തന്നില്‍നിന്നും ഒഴിച്ചുകളയാനാവാത്ത സത്ത നിലപാട് വ്യക്തമാക്കുന്നു. കെട്ട ദാമ്പത്യം അധോവായുവായി പുറത്തുവരൂന്ന നിശ്ചലജീവിതങ്ങളെ ‘വരമ്പത്തു ചെരിച്ചുവെച്ച കൈക്കോട്ടുകളായി’ വിഭാവനം ചെയ്യുന്നു. (വയലൂം കൈക്കോട്ടും തമ്മിലുള്ള ബന്ധത്തിന്റെ സങ്കടകരമായ പരിണതി!) ആത്മച്ഛായകലരാത്ത അടുപ്പങ്ങളുടെ മിനൂസസ്പര്‍ശങ്ങളില്‍ റോസിയുടെ കവിത ക്രൂരമാകൂന്നൂ: ‘ഒരൂ സ്‌നേഹത്തിനൂം/ ഉപ്പോളം ഉറയില്ല/ ഒരൂ വാക്കിനൂം/നിലാവിന്റെ തണൂപ്പില്ല.’ സുതാര്യമായ പ്രണയവും കാമനകളും സുന്ദരമാക്കൂന്ന കൊടുങ്കാറ്റുകളെയും പ്രളയങ്ങളെയും ധ്യാനിച്ച് വ്യതിരിക്തമാകുന്ന സ്‌ത്രൈണവും സ്ഥൈ്യര്യമേറിയതുമായ ആത്മീയതയുടെ വെളിച്ചം ഈ സമാഹാരത്തെ തൊട്ടുകിടക്കുന്നുണ്ട്. ‘ഞാന്‍ സോര്‍ബ,/ ഭ്രാന്തിന്റെ ചരടുപൊട്ടാന്‍ /കാത്തിരിക്കൂന്ന വിത്ത്’ എന്ന് ആര്‍ക്കും ഭാരമാകാത്ത പ്രണയം കുശലംചൊല്ലുന്നതിന്റെ സുതാര്യതയാണത്.
മുപ്പത്തിയൊമ്പത് കവിതകളുടെ നിറവില്‍ സെബാസ്റ്റ്യന്റെ ‘അറ്റുപോകാത്തത്’ എന്ന സമാഹാരം. ഓരൊന്നോരോന്നായി കടന്നൂപോരുമ്പോള്‍ അവയില്‍ തെളിയൂന്നത്, ഉള്ളഴിഞ്ഞു പരക്കൂന്ന മഹാധ്യാനത്തില്‍ ‘ചെടിത്ത’മായോ ‘പക്ഷിത്വ’മായോ നിറഞ്ഞാലും മതിയെന്ന ബോധോദയം. ദൈവത്തിനും തനിക്കും മുന്നില്‍ പൊടുന്നനെ തെളിയുന്ന ഭാഷകൊണ്ട് (എത്ര ലളിതം, കാവ്യനിര്‍വചനം!) തന്നെയും ചുറ്റുവട്ടത്തെയും അടയാളപ്പെടുത്തുക എന്നത് അതിന്റെ ഉദ്യോഗം. ‘വരൂംകാല വീടുകള്‍ക്ക്/ദിക്കൂകള്‍ ഉണ്ടാകാതിരിക്കട്ടെ/പടിഞ്ഞാറും വടക്കും കിഴക്കും തെക്കും /തെന്നിമാറി കുഴഞ്ഞുപോകട്ടെ’ എന്ന് അകല്‍ച്ചകളുടെ അയല്‍പക്കതച്ചുശാസ്ത്രത്തിനുനേരെ കവിതയുടെ വിധി പുറത്തുവരുന്നു. ഓരോ കാഴ്ചയിലും ഓരോന്ന് എന്നക്രമത്തില്‍ കണ്ടുകണ്ട് നഷ്ടപ്പെട്ട കണ്ണുകളെക്കുറിച്ച് ഇപ്പോഴുള്ള രണ്ടു കണ്ണുകള്‍ സങ്കടച്ഛവിയോടെ ഓര്‍മനെയ്യുന്നതും ധൃതിപിടിച്ച ഭൂമിയില്‍നിന്നും പണ്ടൊരിക്കല്‍ പറത്തിവിട്ട പട്ടം മിന്നലിന്റെ തുമ്പത്തുതന്നെയുണ്ടാവുമെന്ന് ഇഷ്ടത്തോടെ പ്രത്യാശിക്കുന്നതും മണ്ണിനെ പ്രണമിക്കൂന്ന ശലഭത്തിന്റെ അര്‍ഥം കരഗതമാകുന്ന നിമിഷത്തെ തികവോടെ ആഘോഷിക്കുന്നതും ഈ സമാഹാരത്തില്‍ കാണാം.
ആര്യാംബികയുടെ ‘കാട്ടിലോടുന്ന തീവണ്ടി’യില്‍ നാല്‍പത്തിയെട്ട് കവിതകള്‍. ഭഗ്നവും ശ്ലഥവുമായ ജീവിതചിത്രങ്ങള്‍ക്കു മുന്നിലും കഴിയുന്നത്ര സംയമംവെടിയാത്ത കാവ്യസത്തയാണ്, പൊതുവേ, ആര്യാംബികയുടേത്. എങ്കിലും, ‘വെറുതേ നനവൂറുന്നുണ്ട്/ വരണ്ട മിഴിക്കോണില്‍/ അറിയാതെ കലര്‍ന്നിട്ടുണ്ടോ/നിന്നോര്‍മത്തരികള്‍’ എന്ന് നിയതമല്ലാതാകുന്നു ചിലപ്പോളത്. ‘കെടുത്തിവെയ്ക്കൂ വെളിച്ചം’ എന്ന് പരിതൃപ്തിയെഴാത്ത കവിഞ്ഞൊഴുക്കില്‍ പ്രകമ്പിതമാവുന്നു മറ്റുചിലപ്പോള്‍. മറവിപ്പായല്‍ വരിഞ്ഞുകെട്ടിയ ഭൂതക്കുളത്തിന്റെ കരയിലും കൂട്ടിയുടെ ചുണ്ടിലെ സിമ്പത്തെ സിംഹമെന്നു കനപ്പിച്ചുതിരൂത്തുന്ന ജ്ഞാനപ്രകാശത്തിന്റെ വടിവിലും അതിശയോക്തിയുടെ പൂച്ചക്രങ്ങള്‍സമര്‍പ്പിച്ച അപവാദപ്പെയ്ത്തുകളുടെ നിരയിലും ‘മറ്റൊരൂ വിധ’ത്തെ അന്വേഷിയ്ക്കുന്നൂണ്ട് ഈ സമാഹാരത്തിലെ കവിതകള്‍. പൊള്ളലേറ്റ പാളങ്ങളും ഉള്ളെരിഞ്ഞ പാലങ്ങളും പിന്നിട്ട് പച്ചയിലേക്ക് കുതിക്കുന്ന ‘കാട്ടിലോടുന്ന തീവണ്ടിയാണു ഞാന്‍’ എന്ന് പ്രകാശിതമാവുന്നു ആര്യാംബികയുടെ കാവ്യായനം. പക്ഷേ, വീട്ടിലെത്തിയാല്‍ ‘കുഴല്‍മഴയില്‍’ കുളിക്കേണ്ടിവരൂമെന്ന യഥാര്‍ഥ്യബോധത്തിന്റെ കനലറിയാതെ അതിന് എങ്ങോട്ടും പോകാനാവുന്നില്ല. അതിനാല്‍, കൊതിപ്പിക്കുന്ന വാക്കൂകളെയെല്ലാം ഉറുമ്പരിച്ചു തീര്‍ത്തുവെന്ന് ആര്യാംബികയുടെ സത്യവാങ്മൂലം.
കെ. ടി. സൂപ്പിയുടെ ‘മഴയില്‍ ബുദ്ധന്‍’ മുപ്പത്തിയാറ് കവിതകളുടെ സമാഹാരമാണ്. ‘കാറ്റിപ്പോള്‍/ ഒരൂ വിശറി/കള്ളന്‍ കാവലാളൂം’ എന്ന് കവിതതന്നെയായിത്തീരുന്നു സൂപ്പിയില്‍ കവിത. മനൂഷ്യന്‍ എന്ന പദാര്‍ഥത്തിന് ഇങ്ങനെയുമാകാം നിര്‍വചനം: ‘മഴ നനയുമ്പോള്‍ സംന്യാസി/ വെയിലിലുരുകുമ്പോള്‍ ഗൃഹസ്ഥന്‍.’ ഈ സമാഹാരത്തിലെ ഏറ്റവും ശക്തമായ കവിതകളിലൊന്നാണ് ‘ഹല്ലാജ്’. പഴയപാഠങ്ങളിലെ സത്യാന്വേഷകനെ ലഹരിയുടെയും കവിതയുടെയും കടുംനിറങ്ങളുടെ പശ്ചാത്തലത്തില്‍ സൂപ്പി ഭ്രാന്തോളമെത്തുന്ന തെളിമയായി പുനര്‍വായിക്കുന്നു. മുന്തിരി വീഞ്ഞാകൂന്നതുപോലെ, അത്രമേല്‍ സ്വാഭാവികമായി എതിര്‍വാക്ക് കഴുമരമായിത്തീരുന്നതിന്റെ ചിത്രത്തിലാണ് അത് അവസാനിക്കൂന്നത്. ധ്യാനത്തിന്റെ ഒരു മിന്നല്‍; സമാലോചനയുടെ ഒരു പെയ്ത്ത് എന്ന് സൂപ്പിയുടെ കവിതകളെ ഒറ്റവരിയില്‍ കുടിയിരുത്താം. അതിനിടയില്‍ പ്രഭാമയമായ സ്ഥലികളിലൂടെ തിരക്കില്ലാതെ നീങ്ങുന്നു തിര്യക്കുകളും മനൂഷ്യരും, ഭൂമിയിലേക്ക് തിരികെയെത്തുന്ന കവിതയും.
സമകാലിക കവിതയുടെ ഏറ്റവും പുതിയ മുഖങ്ങളിലൊന്നാണ് എം. എസ്. ബനേഷ്. ബനേഷിന്റെ ‘നല്ലയിനം പുലയ അച്ചാറുകളി’ല്‍ മുപ്പത്തിരണ്ട് കവിതകളുണ്ട്.
കത്തുന്ന ചൂട്ടുമായി മുന്നില്‍നടന്ന് വെളിച്ചംകാണിക്കുന്ന ഒരാള്‍ കൂടെനടക്കുന്നവരൂടെ മുഖത്തു അപ്രതീക്ഷിതമായി കുത്തുന്നതുപോലെ, പതിഞ്ഞതും ചൊടിയുള്ളതുമായ പദശൈലീപ്രസാദപ്പെരുക്കത്തിനിടയില്‍ ബനേഷ് രൂക്ഷവിമര്‍ശത്തിന്റെ വാഗ്വജ്രം പ്രയോഗിക്കുന്നു. നിശിതമാണ് ബനേഷിന്റെ നോട്ടങ്ങള്‍, കണിശമാണ് ഉദ്ദേശ്യങ്ങള്‍. കവിതയറിയാവുന്ന തച്ചനാണ് താന്‍ എന്ന് ഈ കവി പണിത്തരംകൊണ്ട് തെളിയിക്കുന്നു. ഗൃഹാതുരതയുടെ അടുപ്പില്‍ വെള്ളമൊഴിച്ച്, മറ്റൊരടുപ്പില്‍ സമകാലികതയുടെ തീ പൂട്ടുന്ന ‘അണ്ണാറക്കണ്ണോത്സവം’, ജാതിവിപ്ലവത്തെയും വിപ്ലവജാതിയെയും മുഖാമുഖംനിര്‍ത്തുന്ന ‘നല്ലയിനം പുലയ അച്ചാറുകള്‍’, മലയാളിയുടെ ഊതിവീര്‍പ്പിച്ച തറവാടിത്തബോധത്തിന്റെ പതിനാറടിയന്തിരം നടത്തുന്ന ‘ഭായിന്റെ മോനേ’, പ്രതീതിയാഥാര്‍ഥ്യങ്ങളുടെ വലക്കണ്ണികള്‍കീറി യാഥാര്‍ഥ്യത്തെ രക്ഷപ്പെടാനനുവദിക്കൂന്ന ‘ബുര്‍ജ്ഖലീഫ കാണല്‍’, ഇരട്ടജീവിതത്തെ വെളിച്ചത്തിലേക്കൂ നീക്കിനിര്‍ത്തുന്ന ‘ഒളിവിലെ തെളിവുകള്‍’ തുടങ്ങി സമകാലികതയുടെ കാവ്യചരിത്രത്തില്‍ നിസ്സംശയം ഇടംപിടിക്കുന്ന ഒരൂപിടി മികച്ച കവിതകള്‍ ഈ സമാഹാരത്തിലുണ്ട്.
കവിതയിലെ ഇളമുറക്കാരിയാണ് അല്ലി. ചിത്രങ്ങളും കവിതകളും ചേര്‍ത്തുവെച്ച ‘നിന്നിലേക്കുള്ള വഴികള്‍’ അല്ലിയുടെ ആദ്യസമാഹാരമാണ്. പ്രണയഋതു,
വെയില്‍ത്തുമ്പികള്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വേര്‍പെടുത്തി വിന്യസിച്ച അറുപത്തിരണ്ട് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. മീന്‍വലയുമായി മുക്കുവര്‍ റോന്തുചുറ്റുന്ന കടലില്‍ അകപ്പെട്ടുപോകുന്ന, തിളക്കമുള്ള കടല്‍ജീവിയാണ് ഓരോ പെണ്ണുമെന്ന് അല്ലിയുടെ കവിതയില്‍ അനുഭവകാലം പിറക്കുന്നു. പ്രണയം അവിടെ ചിലപ്പോള്‍ വെളിച്ചമുള്ള നക്ഷത്രം, മറ്റുചിലപ്പോള്‍ വെളിച്ചംകെട്ടുപോയ ഇരുട്ട്. പകലുകളും രാത്രികളും നഷ്ടപ്പെട്ട കാമികളുടെ വിഹാരത്തില്‍ അല്ലിയുടെ കവിത തണലര്‍ത്ഥിച്ച് ഒറ്റയ്ക്കിരിക്കുന്നു. ‘ഞാന്‍, ഞാന്‍; പകലിനെ തട്ടിയെടുത്ത, പ്രേമിക്കുന്ന ഞാന്‍’ എന്നാണ് അല്ലി തന്റെ കവിതകളിലൊന്നിനു ശീര്‍ഷകം നല്‍കുന്നത്. ജീവിതത്തിന്റെ ആദിമദ്ധ്യാന്തങ്ങളെ പ്രണയം എന്ന ഉരകല്ലിലുരച്ചുകൊണ്ടേ കവിതയ്ക്ക് നടക്കാനാവൂ എന്നൊരു പൊറുതികേടിനാല്‍ വല്ലാതെ വിറകൊള്ളുന്നുണ്ട് എല്ലാ കവിതകളും. മരുഭൂമിയില്‍, സൂര്യനുകീഴില്‍, ആശ്വാസത്തിന്റെ പാളങ്ങള്‍ തീര്‍ത്ത് അതിലൂടെ പൊട്ടപ്പുകവണ്ടി ഓടിക്കുന്ന ഒരു കാത്തിരിപ്പിന്റെ പരിണതിയെ വരഞ്ഞ് തന്നിലും പുറത്തുമുള്ള ലോകത്തെ അമ്പരപ്പോടെ വീക്ഷിക്കുന്നു ഈ സമാഹാരം.