സാഹിത്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൊയ്തുകൊണ്ടാണ് 2017 വിടപറയാനൊരുങ്ങുന്നത്. നോവല്‍, കഥ, കവിത, ജീവചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ എല്ലാമേഖലയിലും എടുത്തുപറയാന്‍തക്കവണ്ണമുള്ള സൃഷ്ടികളാണ് ഉണ്ടായിരിക്കുന്നത്. സജീവമായ സാഹിത്യ രൂപം എന്നവിശേഷണം ഇന്ന് കൈയ്യടക്കിവച്ചരിക്കുന്ന നോവല്‍സാഹിത്യം പരിശേധിച്ചാല്‍ എണ്ണപ്പെരുപ്പംകൊണ്ട് സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ഈ വര്‍ഷം പ്രശസ്ത എഴുത്തുകാരുടെ സംഭാവനകളാണ്. അതും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ കൃതികള്‍. ആ നോവല്‍വസന്തത്തെ പരിചയപ്പെടുത്തുകയാണ് എഴുത്തുകാരനും കോളജ് പ്രൊഫസറുമായ സജയ് കെ.വി.
നോവല്‍വസന്തം 2017
മലയാളത്തിലിപ്പോള്‍ ഏറ്റവും സജീവമായ സാഹിത്യരൂപം നോവലാണെന്നു പറയാന്‍ പ്രേരിപ്പിക്കുന്ന എണ്ണപ്പെരുപ്പമുണ്ട് 2017-ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലുകള്‍ക്ക്, മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍ മുതല്‍ നവാഗരുടെ ആദ്യനോവലുകള്‍ വരെ. കൂട്ടത്തില്‍ ആദ്യപരാമര്‍ശം അര്‍ഹിക്കുന്നത് പ്രദീപന്‍ പാമ്പിരികുന്നിന്റെ എരി എന്ന നോവലാണ്. നോവലിസ്റ്റിന്റെ ചരമാനന്തരപ്രസാധനമാണ് എരി. അപൂര്‍ണ്ണകൃതിയാണ്. കാരണം നോവല്‍ പൂര്‍ത്തീകരിക്കാന്‍ മരണം പ്രദീപനെ അനുവദിച്ചില്ല. അകാലചരമം എന്ന വാക്കിന് ഇത്ര ആഴത്തില്‍ മുറിപ്പെടുത്താനാവുമെന്ന് പ്രദീപന്റെ മരണം മലയാളിയെ പഠിപ്പിച്ചു. ബഹുമുഖമായിരുന്നു പ്രദീപന്‍ പാമ്പരികുന്നിന്റെ പ്രതിഭാസവിശേഷതകള്‍. മികച്ച ഗദ്യകാരനും ദളിത് സൈദ്ധാന്തികനുമായിരുന്ന പ്രദീപന്റെ ആദ്യനോവലാണ് (അവസാന നോവലും!) എരി. ആശയങ്ങള്‍കൊണ്ട് ദളിതനുഭവത്തിന്റെ അനന്യതയെ സ്ഥാപിക്കാനാണ് തന്റെ ജീവിതകാലമത്രയും പ്രദീപന്‍ ശ്രമിച്ചത്. ആ ശ്രമത്തിന്റെ നീട്ടലായിക്കരുതാം പറയന്‍ എരി നായകനാവുന്ന നോവല്‍. ‘ഞാന്‍ എഴുതാന്‍ തുടങ്ങി’ എന്ന വ്യഞ്ദകമായ വാക്യത്തോടെയാണ് നോവല്‍ അവസാനിക്കുന്നത്. ഒടുക്കങ്ങള്‍ തുടക്കങ്ങളാകുന്ന ഈ തുറന്ന ഘടന നോവല്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തിന്റെകൂടി ഉപോല്പന്നമാണ്. നോവലിന് സജിതാ പ്രദീപന്‍ എഴുതിയ ആത്മഗന്ധിയായ മുഖക്കുറിപ്പില്‍ പറയുന്നതുപോലെ ‘കാലം തന്നില്‍ ചില നിയോഗങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്ന തോന്നല്‍ പ്രദീപിന് ഉണ്ടായിരുന്നു.’ ആ നിയോഗത്തിന്റെ ഭാഗികമായ നിറവേറലാണ് എരി എന്ന നോവല്‍. ‘എരി’ എരിവും തീയുമാണ്. ദളിത് ജീവിതത്തിന്റെ അപരിചിതങ്ങളിലേക്ക് അതിന്റെ തീയില്‍നിന്നും പ്രസരിക്കുന്ന ചൂടിലേക്കും വെളിച്ചത്തിലേക്കും സഞ്ചരിക്കുന്ന നോവല്‍.
എരിയുമായി ചേര്‍ത്തുവായിക്കാവുന്ന നോവലാണ് പി. കണ്ണന്‍കുട്ടിയുടെ ഒടിയന്‍. പാലക്കാടന്‍ ഗ്രാമമായ പരുത്തിപ്പുള്ളിയിലെ പറയത്തറയും അവിടത്തെ പറയരുടെ ആഭിചാരജഡിലമായ ജീവിതവുമാണ് ചടുലമായ ആഖ്യാനഗദ്യത്തില്‍ കണ്ണന്‍കുട്ടി ആവിഷ്‌കരിക്കുന്നത്. ‘പറക്കാടത്തി വെള്ളമായനെ തേടി പുറത്തുവന്നു. ഞെട്ടി. അവന്റെ ഇടതു കൈയില്‍ പാമ്പിന്റെ തല. പുറത്തേക്ക് തെറിക്കുന്ന നാവ്. ഉടല്‍ അവന്റെ കഴുത്തില്‍. വാല്‍ നിലത്ത. അവള്‍ പേടിച്ച് പിന്മാറി.’ ഈ പേടിയെ വായനക്കാരിലേക്കു സംക്രമിപ്പിക്കാന്‍ ഒടിയന്‍ എഴുതിയ നോവലിസ്റ്റിനാവുന്നു എന്നതാണ് ആ കൃതിയെ ഒരു മികച്ച ഭാഷാനുഭവവും നോവലനുഭവവുമാക്കി മാറ്റുന്നത്.
കുഞ്ഞിക്കുനിയില്‍ അമ്പൂട്ടിയുടെ മകന്‍ മാധവന്റെ കഥയാണ് മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍ അഥവാ കുട നന്നാക്കുന്ന ചോയി ഫ്രാന്‍സിലേക്ക് കപ്പല്‍ കയറിപ്പോവുകയും ഫ്രഞ്ചുപട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധത്തില്‍ മരിക്കുകയും ചെയ്തതിനുശേഷം അയാളുടെ കത്തും അയാളുടെ കത്തും കത്തിലെ രഹസ്യവും സൂക്ഷിച്ച മാധവന്‍ കുട നന്നാക്കുന്ന മാധവനായിത്തീരുന്നതുവരെയുള്ള കഥ. കുട നന്നാക്കുന്ന ചോയിയുടെ തുടര്‍ച്ച-സീെക്വല്‍-ആണ് നൃത്തം ചെയ്യുന്ന കുടകള്‍. ദേശം അതുതന്നെ-മുകുന്ദന്റെ മയ്യഴി. മാധവനെ ചൂഴ്ന്നു നില്‍ക്കുന്ന ദേശ്യഭാഷ സംസാരിക്കുന്ന മയ്യഴിയിലെ ഗ്രാമീണമനുഷ്യര്‍. നൂറ് കുമാരനും കുമാരന്റെ പെങ്ങള്‍ വനജ എന്ന മാധവന്റെ കാമുകിയും മാധവന്റെ പെങ്ങള്‍ രാധയും അച്ഛന്‍ അമ്പൂട്ടിയും അമ്മ കുഞ്ഞാണിയും ദേശത്തെ വേശ്യ മാധവിയമ്മായിയും വളവില്‍ ഡഗ്ലസും കമലച്ചേച്ചിയും ഗോവിന്ദന്‍ മാഷും ആന്റണിപ്പോലിസും മാഹിപ്പള്ളിയിലെ മരണമണിയടിക്കാരന്‍ ‘പത്രാസുകാരന്‍’ പത്രോസും മുച്ചിറിയനും അച്ചൂട്ടിയും അന്തോണി സായ്‌വും മറ്റും ചേരുന്ന മനുഷ്യമഹാസഞ്ചയത്തിനു നടുവിലാണ് മാധവന്‍. മാധവന്റെ രതിയും പ്രണയവും ഏകാന്തതയും ദാരിദ്ര്യവും കുടുംബത്തിനായുള്ള അനാഥസഹനവും നോവലില്‍ ആഖ്യാനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മുകുന്ദനു സഹജമായ ഗ്രാമ്യതയും നര്‍മ്മവും കഥനനൈപുണിയും കണ്ണിചേരുന്ന, നല്ല പാരായണസുഖമുള്ള ആഖ്യാനഗദ്യത്തില്‍ ഉച്ചിട്ട ഭഗവതിയും കരിങ്കുട്ടിച്ചാത്തനും മയ്യഴിപ്പള്ളിയിലെ തെരേസാമാതാവും ആണ്ടലൂര്‍ ക്കാവിലെ തെയ്യക്കാലവും ഓര്‍ക്കാട്ടേരി ചന്തയും പോലുള്ള ദേശദൈവങ്ങളും ദേശോത്സവങ്ങളും അതിനരുനില്‍ക്കുന്നു. എം. മുകുന്ദന്‍ എന്ന നോവലിസ്റ്റിന്റെ പരിണാമം ശ്രദ്ധിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നോവല്‍.
മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍ എന്ന നോവലില്‍ ബന്യാമിന്‍ ദേശത്തിന്റെ രാഷ്ട്രീയ ചരിത്രമെഴുതുന്നു. അക്കപ്പോരിന്റെ 20 നസ്രാണിവര്‍ഷങ്ങളില്‍നിന്ന് എന്ന നോവലിന്റെ തുടരെഴുത്താണിത്. നസ്രാണി വര്‍ഷങ്ങളില്‍നിന്ന് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങളിലേക്ക് മാന്തളിര്‍ഗ്രാമവും മാന്തളിരുകാരും പരിണമിച്ചെത്തിയതിനെ കഥനപ്പെടുത്തുകയാണ് ബന്യാമിന്‍. ‘ഇരുപതുകളുടെ നോവല്‍ സഞ്ചയം’ എന്നു നോവലിസ്റ്റുതന്നെ വിശേഷിപ്പിക്കുന്ന പരമ്പരയിലെ രണ്ടാമത്തെ കൃതി. കൃതഹസ്തതയുടെ മുദ്രകള്‍ എമ്പാടും പതിഞ്ഞുകിടക്കുന്ന ആഖ്യാനം. ഇനിയും വരാനിരിക്കുന്ന ഇരുപതുകളിലേക്കുള്ള കൊതിപ്പിക്കുന്ന ക്ഷണപത്രം.
കരുണാകരന്റെ ‘യുവാവായിരുന്ന ഒന്‍പതു വര്‍ഷ’വും ഒരു രാഷ്ട്രീയ നോവലാണ്. നക്‌സല്‍ യുവത്വങ്ങളുടെ കഥ. എന്നാല്‍ രാഷ്ട്രീയനോവലിനു പലപ്പോഴും അന്യമായ കാവ്യഭാഷയിലാണ് കരുണാകരന്‍ തന്റെ നോവല്‍ ശില്പപ്പെടുത്തിയിരിക്കുന്നത്. ഒ.വി. വിജയന്റെ നോവല്‍ ഭാഷയുടെ നൊസ്റ്റാള്‍ജിയയില്‍നിന്ന് മലയാളിയെ മോചിപ്പിച്ച് ഗദ്യചാരുതയുടെ പുതിയ ആകാശവും പുതിയ ഭൂമിയും കാണിച്ച് വിസ്മയിപ്പിക്കുന്ന നോവല്‍. കാവ്യത്മകഗദ്യവും സ്വപ്‌നാത്മകതയും ഏകാന്തതയും ചേര്‍ത്തുനെയ്ത സിംഫണി.
കെ. അരവിന്ദാക്ഷന്റെ ‘ജീവഗാഥ’ ഒരു ബുദ്ധകഥയാണ്. തിച്ച് നാത്ത് ഹാനിന്റെ ‘പഴയ പാത, വെളുത്ത മേഘങ്ങള്‍’ അരവിന്ദാക്ഷന് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആ ബൃഹദ്ഗ്രന്ഥത്തിലൊരിടത്ത് സംക്ഷിപ്തപരാമര്‍ശങ്ങളില്‍ മുറുകിച്ചുരുങ്ങിക്കിടന്ന ‘സുധിനന്‍’ എന്ന ഭിക്ഷുവിന്റെ കാമനാനിര്‍ഭരമായ ജീവിതത്തെ ആഖ്യാനകംബളമാക്കി നീര്‍ത്തി വിരിച്ചിടുകയാണ് നോവലിസ്റ്റ്. കുമാരനാശാന്‍ മലയാളകവിതയില്‍ സന്നിവേശിപ്പിച്ച തഥാഗതസാന്നിദ്ധ്യത്തിന് നോവലിന്റെ കലയിലൂടെ തുടര്‍ച്ച സൃഷ്ടിക്കുകയാണ് അരവിന്ദാക്ഷന്‍.
‘തഥാഗതന്‍’ എന്നാല്‍ ‘അങ്ങനെ പോയവന്‍’ എന്നാണര്‍ത്ഥം. അങ്ങനെ പോയവന്റെ പിന്നിലവശേഷിപ്പിച്ച വിജനതയേയും ശൂന്യതയേയുംവൈകാരികവ്രണങ്ങളെയുമാണ് പിന്തുടരാന്‍ ശ്രമിക്കുന്നതാണ് രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും’. എഴുത്തുകാരന്റെ ആദ്യനോവല്‍ എന്ന നിലയില്‍ ശ്രദ്ധേയമായ രചന. രാജേന്ദ്രന്റെ നവനോവല്‍ സംരംഭങ്ങള്‍ക്കായി വായനക്കാര്‍ കാത്തിരിക്കുന്നു.
ഇങ്ങനെ നീളുന്നു നോവലുകളുടെ വിശേഷം.. (തുടരും)