പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവ്വനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു.
ഞാനാണെങ്കില്‍- എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്. സാറാമ്മയോ..?
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട്
സാറാമ്മയുടെ കേശവന്‍നായര്‍..
പ്രേമത്തെ ഒരു ജോലിയാക്കാനും ആ ജോലിക്ക് 20 രൂപ ശമ്പളം നിശ്ചയിക്കാനും ഒടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ തയ്യാറാവുന്ന സാറാമ്മയേയും കേശവന്‍ നായരേയും അതിമനോഹരമായി നര്‍മ്മരസപ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന വളരെ ചെറിയനോവലാണ് പ്രേമലേഖനം. ഈ പ്രേമലേഖനം വായിയ്ക്കാത്തവരായി വായനാലോകത്ത് ആരും തന്നെയില്ല. കുട്ടികളും പ്രായമായവരും ഒരുപോലെ ഹരംപിടിച്ച ഹൃദയസ്പര്‍ശിയായ ഈ പ്രേമലേഖനം എഴുതാന്‍ അക്കാലത്ത് മലയാള സാഹിത്യത്തില്‍ ഒരാളേ ഉണ്ടായിരുന്നുള്ളു..അത് നമ്മുടെ സാഹിത്യസുല്‍ത്താന്‍..വൈക്കം മുഹമ്മദ് ബഷീര്‍ ആണ്. സാറാമ്മയേയും കേശവന്‍ നായരേയും അതിമനോഹരമായി നര്‍മ്മരസപ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുമാത്രമേ വശമുണ്ടായിരുന്നള്ളു എന്നു പറഞ്ഞാലും തരക്കേടില്ല. മതസൗഹാര്‍ദ്ദത്തിനോ, സന്മാര്‍ഗ്ഗചിന്തയ്‌ക്കോ കോട്ടം തട്ടാത്ത വിധത്തില്‍ ഒരു പ്രേമകഥ അവതരിപ്പിക്കുകയാണ് ബഷീര്‍ ഈ നോവലിലൂടെ.
‘അനുവാചകന്മാര്‍ക്ക് കഥയുടെ സുവ്യക്തമായ ഗ്രഹണത്തിന് അത്യാവശ്യമായ രംഗങ്ങളും അവയെ കോര്‍ത്തിണക്കുവാന്‍ കാഥികന്റെ തുലോ പരിമിതങ്ങളായ പ്രതിപാദനങ്ങളും മാത്രമേ ഈ കൃതിയിലുള്ളു. തെളിഞ്ഞ കലാകൗശലത്തെ ഭംഗിയായി നിയന്ത്രിക്കേണ്ടതെങ്ങനെ എന്നതിനു മതിയായ ഒരുദാഹരണമാണ് ഈ പ്രേമലേഖനം‘ പി. ശ്രീധകന്‍ പിള്ള പുസ്തകത്തിന്റെ ആമുഖത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്.
ഒരു തലമുറയെ പ്രണയിക്കാന്‍ പഠിപ്പിച്ച പുസ്തകമാണ് ബഷീറിന്റെ ‘പ്രേമലേഖനം’. ജനലക്ഷങ്ങള്‍ വായിക്കുകയും നെഞ്ചിലേറ്റുകയും ചെയ്ത പ്രേമലേഖനത്തിന്റെ 23ാമത് പതിപ്പ് പുറത്തിറങ്ങി. 1943ലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 1982ല്‍ ആദ്യ ഡി.സി പതിപ്പ് പുറത്തിറങ്ങിയത്.
ഈ നോവല്‍ പിന്നീട് പി.എ ബക്കര്‍ സിനിമയാക്കി. 1985ല്‍ പുറത്തിറങ്ങിയ ചത്രത്തില്‍ സോമനും സ്വപ്‌നയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വര്‍ഷങ്ങളെത്രകഴിഞ്ഞാലും അനശ്വരമായി നിലനില്‍ക്കുന്ന ഈ നോവലിന്റെ കാര്‍ട്ടൂണ്‍രൂപം ഈ അദ്ധ്യായന വര്‍ഷത്തെ മലയാള പാഠപുസ്തകളങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ ഇ ബുക്കിനായി ഇവിടെ ക്ലിക് ചെയ്യുക
The post ബഷീറിന്റെ പ്രേമലേഖനം appeared first on DC Books.