തൃക്കോട്ടൂരിന്റെ ദേശത്തനിമ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ യു.എ.ഖാദറിന്റെ അനുഗൃഹീതമായ സാഹിത്യസപര്യ ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്. ഏഴാം വയസ്സുമുതല്‍ കേട്ടും ഉരുവിട്ടും ജപമന്ത്രമായി ഉരുക്കഴിച്ചും ഹൃദിസ്ഥമാക്കിയ മലയാള ഭാഷയുടെ സ്‌നേഹോക്തിവായ്പുകള്‍ക്ക് മനസ്സില്‍ കിനിയുന്ന കലാകൗതുകങ്ങളാണ് അദ്ദേഹം കാന്തിയോടെ പകരം നല്‍കിയത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഏഴ് കഥകളുടെ സമാഹാരമായ മാനവകുലം ഇപ്പോള്‍ പുറത്തിറങ്ങി.
നാട്ടുപഴമയുടെ ഈരടിമുഴക്കങ്ങളാണ് മാനവകുലത്തിലെ കഥകളില്‍ മുഴങ്ങുന്നത്. മനസ്സിലും മേനിയിലും ഒരുപോലെ ഒട്ടിപ്പറ്റുന്ന, തട്ടിയാലും തുടച്ചാലും പോകാത്ത മണ്ണൊര്‍മ്മകള്‍ നിറയെയുള്ള ജീവിതങ്ങളുടെ ആത്മപ്രകാശനങ്ങളാണ് ഈ ഏഴ് കഥകളും. കവിടിമിനുപ്പുള്ള ഭാഷയില്‍ അദ്ദേഹം അവയെ ഹൃദ്യമായി അവതരിപ്പിക്കുന്നു.
വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അപചയങ്ങള്‍ക്ക് വാര്‍ദ്ധക്യത്തില്‍ സാക്ഷിയാകുമ്പോളും നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളോടെ ജീവിക്കുന്ന പഴയ വിപ്ലവകാരിയുടെ കഥയാണ് മാനവകുലം. കണയങ്കോട്ട് പുഴ പാലം വരുംമുമ്പ്, ദൈവഭവനം ദാനം ചെയ്തവര്‍ എന്നിവ ദുരൂഹമായ ചില സമസ്യകളുടെയും മിത്തുകളുടെയും യാഥാര്‍ത്ഥ്യം തിരയാനുള്ള പരിശ്രമമാണ്.
സുഹൃത്തിന്റെ മകളുടെ വിവാഹദിനത്തിലൂടെ ആഖ്യാതാവ് കടന്നുപോകുമ്പോഴുണ്ടാകുന്ന ചില തിരിച്ചറിവുകളാണ് പഴയ ഒരു നാട്ടുപ്രമാണം എന്ന കഥയുടെ പ്രമേയം. പിറക്കാതെ പോയ മകന്‍ ചെയ്ത തെറ്റിന് ശിക്ഷിക്കപ്പെടാനൊരുങ്ങുന്ന അച്ഛന്റെ കഥ പറഞ്ഞുകൊണ്ട് നീതിവാതില്‍ വിസ്മയകരമായ കാഴ്ചകള്‍ പകരുന്നു. കോതത്തറക്കയറ്റം, കവിയുടെ കൃപാണം എന്നീ കഥകളും ഏറെ വ്യത്യസ്തമാണ്. യു.എ.ഖാദറുമായി നടത്തിയ അഭിമുഖ സംഭാഷണവും മാനവകുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1935ല്‍ ബര്‍മ്മയിലെ ബില്ലിന്‍ എന്ന സ്ഥലത്താണ് യു.എ. ഖാദര്‍ ജനിച്ചത്. കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം മദ്രാസ് കോളജ് ഓഫ് ആര്‍ട്ട്‌സില്‍ നിന്ന് ചിത്രകലാ പഠനം പൂര്‍ത്തിയാക്കി. 1953 മുതല്‍ ആനുകാലികങ്ങളില്‍ കഥയെഴുതിത്തുടങ്ങി. നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി 40ല്‍ ഏറെ കൃതികള്‍ എഴുതിയിട്ടുണ്ട്. ഓര്‍മ്മകളുടെ പഗോഡ, തൃക്കോട്ടൂര്‍ നോവെല്ലകള്‍, അഘോരശിവം, നിയോഗ വിസ്മയങ്ങള്‍, കളിമുറ്റം, തൃക്കോട്ടൂര്‍ കഥകള്‍, പെണ്ണുടല്‍ ചുറയലുകള്‍, തൃക്കോട്ടൂര്‍ പെരുമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
തൃക്കോട്ടൂര്‍ പെരുമ എന്ന കൃതിക്ക് കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. 1993ല്‍ ‘കഥപോലെ ജീവിതം’ എന്ന കൃതിക്ക് എസ്.കെ. പൊറ്റെക്കാട് അവാര്‍ഡും ‘ഒരുപിടി വറ്റ്’ എന്ന കൃതിക്ക് അബുദാബി അവാര്‍ഡ് ലഭിച്ചു. ഇതിന് പുറമേ അബുദാബി ശക്തി അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് എന്നിലയും ലഭിച്ചു.
The post മാനവകുലത്തിന്റെ കഥകള്‍ appeared first on DC Books.