സമകാലികലോകത്തെ ഏറ്റവും സൗമ്യമായ പരിഹാസങ്ങളിലൂടെയും നര്‍മ്മങ്ങളിലൂടെയും ആവിഷ്‌കരിക്കുന്ന കവിതകളാണ് അജീഷ് ദാസന്റേത്. കാല്പനിക മൗഢ്യങ്ങളോ അതിവൈകാരികതയോ കൂടാതെ സജീവമായ സാമൂഹ്യപ്രവൃത്തിയായി അജീഷ് കവിതകളെ മാറ്റുന്നു. അദ്ദേഹത്തിന്റെ കോട്ടയം ക്രിസ്തുവും മറ്റുകവിതകളും എന്ന ഏറ്റവും പുതിയ പുസ്തകവും ഇതേ പാത പിന്തുടരുകയാണ്.
താന്‍ ജീവിക്കുന്ന ലോകത്തിന്റെ പരുക്കനും സങ്കീര്‍ണ്ണവുമായ വിവിധ മുഖങ്ങള്‍ വരച്ചിടാനാണ് കോട്ടയം ക്രിസ്തുവും മറ്റു കവിതകളും എന്ന സമാഹാരത്തിലൂടെ അജീഷ് ശ്രമിക്കുന്നത്. ലോകാവസാനം, മരിച്ച വീട്ടിലെ പാട്ട്, പൊന്നുടയതേ, ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ വിചാരണ, കോട്ടയം ക്രിസ്തു, ചുംബനപ്പടക്കം തുടങ്ങി 38 കവിതകള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ദൈവവും ദൈവപുത്രനും പുണ്യാളന്മാരും സന്മാര്‍ഗ്ഗികളും ദുര്‍മാര്‍ഗ്ഗികളും വര്‍ഗ്ഗീയ ഫാസിസ്റ്റുകളും രാഷ്ട്രീയ കൊലപാതകികളും ഉള്‍പ്പെടെ സകലതിന്റെയും ഏങ്കോണിച്ച നോട്ടങ്ങളെയാണ് അജീഷ് ദാസന്‍ തന്റെ കവിതയില്‍ കെണിവച്ചു പിടിക്കുന്നതെന്ന് പി.രാമന്‍ അഭിപ്രായപ്പെടുന്നു.
2004ലെ കവിതാപുരസ്‌കാരം ലഭിച്ച അജീഷ് ദാസന്റെ കവിതകള്‍ ഇംഗ്ലിഷ്, ജര്‍മ്മന്‍ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയമൃഗം എന്ന കവിതയുടെ പോയട്രി ഇന്‍സ്റ്റലേഷന്‍ ഏറെ ശ്രദ്ധേയമാകുകയും ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ അത് രേഖപ്പെടുത്തുകയും ചെയ്തു. കാന്‍സര്‍ വാര്‍ഡ് എന്ന സമാഹാരവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
The post കോട്ടയം ക്രിസ്തുവും മറ്റുകവിതകളും appeared first on DC Books.