ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ 101 -ാം പതിപ്പ് പ്രകാശിപ്പിച്ചു. ജനുവരി 2ന് കോട്ടയം ഡി സി ബുക്‌സ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ഡി സി ബുക്‌സ് സിഇഒ രവി ഡിസി പുസ്തകം ഏറ്റുവാങ്ങി.
പെരുമ്പടവത്തിന്റെ നന്മയാണ് ഒരു സങ്കീര്‍ത്തനം പോലെഎന്ന നോവലിലൂടെ വാനയക്കാര്‍ അനുഭവിക്കുന്നതെന്നും, സങ്കീര്‍ത്തനങ്ങളുടെ ഭംഗിയും സംഗീതാമകതയും ഈ കൃതിയില്‍ ലയിച്ചു ചേര്‍ന്നിരിക്കുകയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഹൃദയത്തിലും പേനയിലും ദൈവത്തിന്റെ കൈയൊപ്പുള്ള വ്യക്തിയാണ് പെരുമ്പടമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന മലയാളമനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു.
കഥകൃത്ത് അയ്മനം ജോണ്‍, സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആശ്രമം ഭാസി എന്നിവര്‍ സംസാരിച്ചു. പെരുമ്പടവം ശ്രീധരന്‍ മറുപടിപ്രസംഗം നടത്തി.
1993ല്‍ പ്രസിദ്ധീകരിച്ച നോവലിന്റെ നൂറാമത് പതിപ്പ് ഡിസംബറില്‍ പുറത്തിറക്കിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തന്നെയാണ് 101 -ാം പതിപ്പും പുറത്തിറങ്ങിയത്. ഇതുവരെ പുസ്തകത്തിന്റെ രണ്ടുലക്ഷത്തോളം കോപ്പികളാണ് വിറ്റുപോയത്.