മികച്ചപുസ്തകങ്ങള്‍ വായനക്കാരെ തേടിയെത്തിയ വര്‍ഷമായിരുന്നു 2017. നോവല്‍, കവിത, ചെറുകഥകള്‍, ഓര്‍മ്മ തുടങ്ങിയ സാഹിത്യ മേഖലകളിലായി പ്രശസ്ത എഴുത്തുകാരുടെ കൃതികളാണ് പുറത്തിറങ്ങിയത്. ഇതില്‍ ഓര്‍മ്മ/ ആത്മകഥാവിഭാഗത്തിലായി പുറത്തിറങ്ങിയ പുസ്തകങ്ങള്‍ ഇവയാണ് ;
എന്റെ ജീവിതത്തിലെ ചിലര്‍- കെ ആര്‍ മീര
സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കുറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂപിക്കാന്‍ വഴികാട്ടികളായവര്‍. ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥമില്ലായ്മയോ കാണിച്ചുതന്നവര്‍. ഭാവനാലോകങ്ങളെ സൃഷ്ടി ക്കുന്നതില്‍ പങ്കാളികളായവര്‍. വൈകാരികതയുടെ ഹൃദയാകാശങ്ങളില്‍നിന്നും നിലാവുപെയ്യിച്ചവര്‍. അങ്ങനെ തന്റെ ജീവിതത്തില്‍ വെളിച്ചം വിതറിയവരെക്കുറിച്ചുള്ള കുറിപ്പുകളാണ് കെ ആര്‍ മീര എന്റെ ജീവിതത്തിലെ ചിലര്‍ എന്ന പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി, അക്ബര്‍ കക്കട്ടില്‍, തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തുള്‍പ്പടെയുള്ളവരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് കെ ആര്‍ മീര പങ്കുവയ്ക്കുന്നത്.
കൈയൊപ്പ്- സുധാ മേനോന്‍, ഫിറോസ് വി. ആര്‍
ജന്മവൈകല്യങ്ങള്‍ക്കിടയിലും ജന്മസിദ്ധമായ മികവുകള്‍ സ്വന്തമായുള്ളവര്‍ നമുക്കിടയില്‍ ആരും അറിയാതെ, കാണപ്പെടാതെ ഒതുങ്ങിക്കിടപ്പുണ്ട്. ഇത്തരത്തില്‍ തങ്ങളുടെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയ 15 പ്രചോദനാത്മക ജീവിതങ്ങളുടെ അനുഭവകഥ പറയുന്ന പുസ്തകമാണ് ഗിഫ്റ്റ്ഡ്. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മേനോന്‍, സ്‌പെഷ്യലിസ്റ്റ് പീപ്പിള്‍ ഫൗണ്ടേഷന്റെ ഡയറക്ടറായ വി ആര്‍ ഫിറോസ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രശസ്ത പുസ്തകമാണിത്. കൈയൊപ്പ് എന്ന പേരില്‍ ഈ പുസ്തകമിപ്പോള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുകയാണ്. ശ്രീലത എസ് ആണ് വിവര്‍ത്തക.
മരിച്ചവരുടെ നോട്ടുപുസ്തകം– വി. മുസഫര്‍ അഹമ്മദ്
പതിമൂന്നു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതിനുശേഷം വി. മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് മരിച്ചവരുടെ നോട്ടുപുസ്തകം. ഒപ്പം ഇന്ത്യയിലെ ചില ദേശങ്ങളിലൂടെ നടത്തിയ സഞ്ചാരങ്ങളെക്കുറിച്ചുള്ള യാത്രാക്കുറിപ്പുകളും സൗദിജീവിതകാലത്ത് എഴുതിയ ചെറുകഥകളും അനുബന്ധമായി നല്‍കിയിട്ടുണ്ട്. മലയാളത്തില്‍ യാത്രാസാഹിത്യത്തിന് പുതിയ പാതയൊരുക്കിയ വി. മുസഫര്‍ അഹമ്മദിന്റെ കാവ്യമധുരമായ ആഖ്യാനഭംഗി നിറഞ്ഞ പുസ്തകമാണ് മരിച്ചവരുടെ നോട്ടുപുസ്തകം.
ഓര്‍മ്മകളുടെ പുത്തന്‍ ചെപ്പ്- റ്റി.ജെ.ജെ;
മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുവാനും നിരാശയുടെ കരിനിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ ദീപനാളം തെളിക്കുവാനും വഴിവിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വഴികാട്ടിയാവാനും ആദ്ധ്യാത്മികലോകത്തേക്ക് ശ്രദ്ധതിരിക്കാനും പര്യാപ്തമായ ശുഭചിന്തകളുമായി മലയാളിയുടെ പ്രഭാതങ്ങളെ തൊട്ടുണര്‍ത്തുന്ന പ്രശസ്ത എഴുത്തുകാരനും വേദ പണ്ഡിതനുമാണ് റ്റി.ജെ.ജെ എന്നറിപ്പെടുന്ന ഫാ. റ്റി.ജെ. ജോഷ്വ. രോഗംപോലും ഈശ്വരവരദാനമായി കാണുന്ന റ്റി ജെ ജെയുടെ വ്യക്തിജീവിതവും അദ്ധ്യാത്മികജീവിതവും പ്രവര്‍ത്തനമണ്ഡലങ്ങളും എല്ലാം ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സ്വന്തം ജീവന്‍ പറിച്ചെടുക്കുന്ന ആത്മാര്‍ത്ഥതയും സത്യസന്ധതയും ഓരോ വാക്കിലും നമുക്ക് വായിച്ചെടുക്കാന്‍ കഴിയും.
കാന്‍സര്‍ എന്ന അനുഗ്രഹം- ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം;
തനിക്ക് കാന്‍സര്‍ എന്ന മാരകമായ അസുഖമാണെന്ന് അറിഞ്ഞ നിമിഷത്തെക്കുറിച്ചും പിന്നീട് വിദഗ്ദ്ധചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പോയതും അവിടത്തെ അനുഭവങ്ങളും കണ്ടുമുട്ടിയ ആളുകളുടെ അനുഭവങ്ങളും നര്‍മ്മംകലര്‍ന്ന ഭാഷയില്‍ അദ്ദേഹം വിവരിക്കുന്നു. കൂടാതെ അനുബന്ധമായി കാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാം, കാന്‍സര്‍രോഗനിദാനവും ചികിത്സയും ആയുര്‍വേദകാഴ്ചപ്പാടില്‍, കാന്‍സറിന് പ്രകൃതിചികിത്സ, കാന്‍സര്‍ ചികിത്സയില്‍ ഹോമിയോപ്പതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ചേര്‍ത്തിരിക്കുന്നു. പ്രത്യാശയും ആത്മവിശ്വാസവും പ്രാര്‍ത്ഥനയുംകൊണ്ട് കാന്‍സറിനെ അതിജീവിച്ച ഫിലി പ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കിയത് ബാബു ജോണ്‍ ആണ്.
മാമുക്കോയയുടെ മലയാളികള്‍- മാമുക്കോയ/താഹ മാടായി ;
മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഗഫൂര്‍ക്കയെ അനശ്വരനാക്കിയ മാമുക്കോയ തന്റെ ഭക്ഷണപ്രേമത്തെക്കുറിച്ചും മലയാളിയുടെ മാറിയ ഭക്ഷണരീതിയെക്കുറിച്ചും പറയുന്ന പുസ്തകം. താഹ മാടായി തയ്യാറാക്കിയ മാമുക്കോയയുടെ മലയാളികള്‍ എന്ന ഈ പുസ്തകത്തില്‍ പറയുന്ന പല കാര്യങ്ങളും ഇന്നത്തെ തലമുറയ്ക്ക് ആലോചിക്കുവാന്‍പോലും സാധിക്കാത്ത കാര്യങ്ങളാണ് എന്നതാണ് വാസ്തവം.
ഓര്‍ക്കുവാന്‍ ഓര്‍ക്കുന്നതല്ലിതൊന്നും/ഓര്‍ത്തുപോകുന്നോര്‍മ്മ ബാക്കിയെന്നും –-കടമ്മനിട്ടയുടെ ചാക്കാല എന്ന കവിതയിലെ വരികള്‍ ചൊല്ലിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രിയപത്‌നി ശാന്ത തന്റെ ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് കൊച്ചാട്ടന്‍ എന്ന ഓര്‍മ്മ പ്പുസ്തകത്തിലൂടെ. ‘ശാന്തേ മറക്കാം. ഇച്ചെറുമുറ്റത്തിരുന്നീ വിശാലമാം വിണ്ണിന്റെ ഭംഗി’. എന്ന് കവി പാടിയതുപോലെ അവര്‍ സ്വന്തമാക്കിയ മാത്രകളുടെ വിസ്മയാര്‍ത്ഥം തിരഞ്ഞുകൊണ്ട് കവിയെ വീണ്ടും നമ്മുടെ മുന്നില്‍ പ്രതിഷ്ഠിക്കുന്ന നിറഞ്ഞ ഓര്‍മ്മകളാണ് കൊച്ചാട്ടന്‍. കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവിമാത്രമല്ല ഇവിടെ സ്മരിക്കപ്പെടുന്നത്. അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന എം ഗോവിന്ദന്‍, ഡി വിനയചന്ദ്രന്‍, തകഴി ശിവങ്കശങ്കരപ്പിള്ള, അടൂര്‍ ഗോപാലകൃഷ്ണന്‍, അയ്യപ്പപ്പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ഇ.എം.എസ്, നരേന്ദ്രപ്രസാദ് തുടങ്ങി സാഹിത്യ-സിനിമാരംഗത്തെ പ്രമുഖരുമുണ്ട് കൂട്ടത്തില്‍.
ഫിദല്‍ കാസ്‌ട്രോ-ബിജീഷ് ബാലകൃഷ്ണന്‍
സാമ്രാജ്യത്വത്തിനെതിരേ ലോകത്തെവിടെയും നടക്കുന്ന പോരാട്ടങ്ങളുടെ മുഖചിത്രമാണ് ഫിദല്‍ കാസ്‌ട്രോ. ഫിദലിന്റെ ഐതിഹാസികമായ ജീവിതം സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും ഉള്ളില്‍പ്പേറുന്ന ഏതൊരു മനുഷ്യനും ആവേശം പകരുന്നതാണ്. ആ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടു പോകുന്നു. ഫിദല്‍ കാസ്‌ട്രോയുടെ സമരതീക്ഷ്ണവും രക്തരൂഷിതവുമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന പുസ്തകം.
വരിക ഗന്ധര്‍വ്വഗായകാ- എം. ജയചന്ദ്രന്‍
ഈണങ്ങളുടെ മഹാസാഗരം തീര്‍ത്ത സംഗീതചക്രവര്‍ത്തി ദേവരാജന്‍ മാസ്റ്ററെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യനാകുവാന്‍ ഭാഗ്യം ലഭിച്ച എം. ജയചന്ദ്രന്റെ ഓര്‍മ്മകളാണ് ഈ പുസ്തകത്തില്‍. ദേവരാജന്‍ എന്ന വന്‍മരത്തണലില്‍ നാദബ്രഹ്മത്തിന്റെ ഉള്ളറിയുന്ന സംഗീതസംവിധായകനായി താന്‍ പരുവപ്പെട്ടതിനെക്കുറിച്ച് ഹൃദയത്തിന്റെ ഭാഷയില്‍ ജയചന്ദ്രന്‍ വരച്ചിടുന്നു. ഗുരുവിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരുവന്‍ അനുഭവിക്കുന്ന അനുഭൂതിയുടെ വനസരോവരങ്ങള്‍ കാലത്തിന്റെ നിറച്ചാര്‍ത്തില്‍ ചാലിച്ച് നമുക്കു മുമ്പിലേക്കു കൊണ്ടുവരുന്നു ഈ പുസ്തകം. കഥകളില്‍ കേള്‍ക്കാത്ത, മലയാളം ഇന്നേവരെ അറിയാത്ത ആര്‍ദ്രതയുടെ, സ്‌നേഹത്തിന്റെ പ്രതിരൂപമായ ഒരു ദേവരാജന്‍ മാസ്റ്ററെ ഈ പുസ്തകത്തില്‍ അനുഭവിക്കാനാകും. സംഗീതാസ്വാദകര്‍ക്കും സംഗീതപഠിതാക്കള്‍ക്കും ഈ ഓര്‍മ്മകള്‍ ഒരു പാഠപുസ്തകമായി മാറുന്നു.