സി വി ആനന്ദബോസിന്റെആത്മകഥയാണ്’പറയാതിനിവയ്യ മാന്നാനം മുതല്‍ മാന്‍ഹറ്റന്‍ വരെ. ആനന്ദബോസിന്റെ ജീവിതകഥയോടൊപ്പം കേരളക്കര ഒന്നടങ്കം സാക്ഷിയായ പല രാഷട്രീയകൂറുമാറ്റങ്ങളുടെയും കഥകളും അവയുടെ രഹസ്യങ്ങളും അദ്ദേഹം ഈ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. ഡി സി ബുക്‌സാണ് പ്രസാധകര്‍.
പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന്;
‘പറയാതിനിവയ്യ-എഴുതിത്തുടങ്ങിയപ്പോള്‍ ആത്മകഥയിലെ മുന്‍കാല മാതൃകകളൊന്നും മനസ്സിലുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ ആത്മകഥയാണല്ലോ ഇന്നും ഏറ്റവുമധികം വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന ഒരു കൃതി. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ പലവട്ടം വായിച്ചിട്ടുള്ളത് മനസ്സിനൊരു തുണയായി. ‘ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍’ ആത്മ
കഥാരംഗത്തെ ഏറ്റവും മേന്മയുള്ള ഒരു രചനയായും തോന്നിയിട്ടുണ്ട്. ആല്‍ബെര്‍ട്ട് ഫെയ്‌സി എഴുതിയ എ ഫോര്‍ച്യൂനേറ്റ് ലൈഫ്, ആസ്‌ട്രേ
ലിയയിലെ ക്ലാസ്സിക്കായി മാറി. ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ ആത്മകഥയും, ആഞ്ചെലാസ് ആഷസ്സും, ദി കളര്‍ ഓഫ് വാട്ടറും അമേരിക്കന്‍ വായനക്കാ
രുടെയിടയില്‍ ഹരമായി മാറി.
ആത്മാവില്‍ ഹൃദയരക്തം മുക്കി എഴുതേണ്ട ഒന്നാണല്ലോ ആത്മകഥ. എന്നാല്‍ ആത്മാവില്ലാത്ത ആത്മകഥകളുമുണ്ട്. പുത്തന്‍തലമുറയിലെ കച്ചവട സംസ്‌കാരത്തിന്റെ ഭാഗമായിരിക്കുന്നു ഈ പ്രവണത എന്നത് കൗതുകകരമാണ്. കായികലോകത്തും സിനിമാലോകത്തും ഫാഷന്‍ലോകത്തും വിരാജിക്കുന്ന താരരാജാക്കന്മാരും റാണികളും അവരുടെ ആത്മകഥ ഇറക്കുന്നതും പണവും പ്രശസ്തിയും കൊയ്യുന്നതും അവര്‍ പോലുമറിയാതെയാണ് എന്നത് ഇന്നൊരു രഹസ്യമല്ല. പത്തായം പെറും, ചക്കി കുത്തും, അമ്മ വെയ്ക്കും, ഞാനുണ്ണും എന്ന ശൈലിയില്‍. പ്രശസ്ത ഫാഷന്‍ മോഡലായ നവോമി കാംബെല്‍ പറയുന്നു അവരുടെ ആത്മകഥ അവര്‍ വായിച്ചിട്ടില്ലെന്ന്. പ്രസാധകന്‍ മാന്ത്രികദണ്ഡ് ചുഴറ്റി ‘ഓംഹ്രീം സ്വാഹ’ എന്നു പറയുമ്പോള്‍ ആത്മകഥ സ്വയംഭൂവായി. ഇന്‍സ്റ്റന്റ് ഫുഡ്ഡും, ഇന്‍സ്റ്റന്റ് ഗെയിംസുംപോലെ ഇന്‍സ്റ്റന്റ് ആത്മകഥ.
‘ഞാനൊരു ബാലനശക്തനെന്നാകിലും മാനിയാമെന്നുടെ താതനെയോര്‍ക്കുവിന്‍’ എന്നു പറഞ്ഞ ബാലീപുത്രനായ അംഗദനെപ്പോലെ ഞാനും പ്രഗല്ഭരും, പ്രശസ്തരുമായ ആത്മകഥാകാരന്മാരുടെ തണലില്‍ എന്റെ ഓര്‍മ്മകുറിപ്പ് എഴുതാനുള്ള ധൈര്യം കാട്ടുന്നു. കേരളശബ്ദത്തിന്റെ താളുകളിലൂടെ ആഴ്ചക്കുറിപ്പുകളായി വെളിച്ചം കണ്ടതാണ് ഈ കൃതി. മൂന്നു നാല് വര്‍ഷക്കാലം എന്റെ മനസ്സിന് ഊര്‍ജ്ജം പകര്‍ന്നത് മാന്യവായനക്കാരുമായുള്ള ആഴ്ചക്കൂട്ടാണ്.
ഓര്‍മ്മക്കുറിപ്പ് എഴുതാനിരുന്നപ്പോള്‍ ഒരു കാര്യം വ്യക്തമായി. ഓരോ വര്‍ഷവും പ്രായം കൂടികൊണ്ടിരിക്കുന്നു. ഓര്‍മ്മ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഉള്ളിലുറഞ്ഞു കിടക്കുന്ന ഓര്‍മ്മകളെ പുറത്തെടുത്തു തട്ടിക്കുടയുന്നത് സുഖമുള്ള ഒരു അനുഭൂതിയാണ്. വ്യക്തിഗതമായ ഓര്‍മ്മകള്‍ മാത്രം വാരി നിരത്തിയാല്‍ എഴുത്ത് ശുഷ്‌കമാവുമെന്ന് തോന്നി. എഴുത്തിന്റെ ലോകത്തിലെ ചക്രവര്‍ത്തി എഴുത്തുകാരനല്ല, വായനക്കാരനാണല്ലോ. അവരുമായി ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് ചിറക് മുളയ്ക്കണം. വായനക്കാരന്റെ മനസ്സിലേക്ക് പറന്നുകയറി ചേക്കേറുന്ന ഓര്‍മ്മകള്‍. ഈ ചിറകുകള്‍ ഓര്‍മ്മകള്‍ക്ക് നല്‍കേണ്ട ചുമതല എഴുത്തുകാരന്റേതുതന്നെ. സംശയമില്ല. അതു സാധിക്കണമെങ്കില്‍ നിരന്തരമായി മനനം ചെയ്യണം, ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കണം, ധാരാളം വായിക്കണം, ധാരാളം യാത്ര ചെയ്യണം, ധാരാളം നിരീക്ഷിക്കണം, ധാരാളം ചര്‍ച്ചചെയ്യണം, ജനങ്ങളോട് ഇടപഴകണം, അഹംഭാവത്തിന് കടിഞ്ഞാണിടണം, പറയുന്ന വാക്കുകളില്‍ സത്യം നിറയ്ക്കാന്‍ പരിശ്രമിക്കണം. അയ്യപ്പപ്പണിക്കര്‍ ഗോത്രയാനത്തില്‍ പറയുന്നതുപോലെ
‘അവന്‍ ചരിത്രം നിര്‍മ്മിക്കാന്‍
അവസ്ഥകള്‍ തിരുത്തുവാന്‍
ജനിച്ചോന്‍ സൃഷ്ടിയല്ല
സ്രഷ്ടാവാണവനില്‍ സ്മൃതി’
ഇടയ്ക്കിടയ്ക്ക് ഗ്രന്ഥകാരന്‍ കെനിയയില്‍ പോകാറുണ്ട്. ഐക്യരാഷ്ട്രസഭയുടെ പാര്‍പ്പിടവിഭാഗമായ യു.എന്‍.ഹാബിറ്റാറ്റിലെ യോഗങ്ങളില്‍
പങ്കെടുക്കാന്‍ കെനിയയില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ കഥയുണ്ട്. സത്യവും അസത്യവും ഒന്നിച്ചു കുളിക്കാനിറങ്ങി. അസത്യം നേരത്തേ കുളിച്ചു കയറി. എന്നിട്ട് സത്യത്തിന്റെ ഉടയാടകളെടുത്തണിഞ്ഞുകൊണ്ടുപോയി. കുളിച്ചു കയറിയപ്പോള്‍ സത്യം കാണുന്നു തന്റെ വസ്ത്രങ്ങളില്ല. ദുഃഖിതയായ സത്യം നഗ്നയായി നടന്നു പോയി. നഗ്നസത്യമെന്ന പ്രയോഗം അങ്ങനെയാണ് ഉണ്ടായതത്രേ. ആത്മകഥയെഴുതുമ്പോള്‍ തന്നെതന്നെ ഓര്‍മ്മപ്പെടുത്തേണ്ടുന്ന ഒരു കാര്യമാണിത്. സത്യത്തിന്റെ ഉടയാട എടുത്തണിഞ്ഞതുകൊണ്ട് അസത്യം സത്യമാവില്ല. വായനക്കാര്‍ നഗ്നസത്യത്തെ കണ്ടുപിടിക്കും.