അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി കടലിലിട്ടു…
സംഭവകാലത്തിന്റെ പഴക്കം പറഞ്ഞുകൊണ്ട് ഈ പാട്ടിലെ നെയ്യപ്പത്തെ നമുക്ക് ഉപേക്ഷിക്കാം. പക്ഷെ കാക്കയ്ക്കും അയ്യപ്പനും അമ്മയ്ക്കും എന്തുപറ്റി? നമ്മുടെ കഥയില്‍ കാലങ്ങള്‍ക്കുശേഷം അയ്യപ്പന്‍ തിരിച്ചെത്തുകയാണ്. കാക്കകളോടുള്ള ഒടുങ്ങാത്ത പകയുമായി. കാക്കകളോ? കൂട്ടംകൂട്ടമായി കടപ്പുറത്ത് കൂടിച്ചേര്‍ന്ന് കാക്കക്കളരി നടത്തുന്നു, കുലരക്ഷയ്ക്ക്.
പണ്ട് നെയ്യപ്പം തട്ടിയെടുത്ത കാക്കയോടുള്ള പ്രതികാരത്തിന് അയ്യപ്പന്‍ തിരിച്ചെടുത്തുന്ന കഥ കലോത്സവ നാടകവേദിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അത് നാടകകലയുടെ രസതന്ത്രത്തെ തന്നെ തകിടം മറിച്ച് പുതിയ മാനം നല്‍കുകയായിരുന്നു. ഇത്തരം നാടകങ്ങളാണ് നാടക രചയിതാവും സംവിധായകനും നടനുമായ ശിവദാസ് പൊയില്‍ക്കാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ മികച്ച ഏകാങ്കനാടകങ്ങളുടെ സമാഹാരമായ കാന്താരിപ്പൊന്ന് ഇപ്പോള്‍ പുറത്തിറങ്ങി.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നാടകങ്ങളായി തിരഞ്ഞെടുക്കപ്പെട്ട കാക്ക, കറിവേപ്പില, കാന്താരിപ്പൊന്ന്, മിണ്ടാപ്രാണി, പല്ലിയും പൂവും എന്നീ അഞ്ച് നാടകങ്ങള്‍ സമാഹരിച്ച പുസ്തകമാണ് കാന്താരിപ്പൊന്ന്. ലളിതമായ നര്‍മ്മമുഹൂര്‍ത്തങ്ങളും മനുഷ്യേതര കഥാപാത്രങ്ങളും ഗാനങ്ങളും ചേര്‍ന്ന നാടകഭാഷ കൊണ്ട് കുട്ടികളുടെ രംഗവേദിയെ കൂടുതല്‍ ശക്തമാക്കുകയാണ് ശിവദാസ് എന്ന് കാന്താരിപ്പൊന്നിലൂടെ കടന്നുപോകുന്ന വായനക്കാര്‍ക്ക് ബോധ്യപ്പെടും.
ആത്തോ പൊറത്തോ എന്ന നാടകസമാഹാരത്തിലൂടെ 2013ല്‍ ബാലസാഹിത്യത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം ശിവദാസ് പൊയില്‍ക്കാവിനു ലഭിച്ചിട്ടുണ്ട്. 2012ല്‍ തിരക്കഥയ്ക്കും 2013ല്‍ നാടകരചനയ്ക്കും ഉള്ള വിദ്യാരംഗം അവാര്‍ഡും ലഭിച്ച അദ്ദേഹം തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപകനാണ്.
The post കുട്ടികളുടെ രംഗവേദിയെ ശക്തമാക്കുന്ന നാടകങ്ങള്‍ appeared first on DC Books.