മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കവിയെ മറക്കാതെ ഒഎന്‍വി കവിതകളുമായി വിദ്യാര്‍ത്ഥികള്‍ കവിയുടെ വസതിയായ വഴുതക്കാട് ‘ഇന്ദീവര’ത്തില്‍ എത്തിയപ്പോള്‍ സരോജിനി ഒ.എന്‍.വിയുടെ ഹൃദയം നിറഞ്ഞു. ഒപ്പം ഇന്ദീവരം ഒഎന്‍വിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനിന്നും.
പാഥേയം മുതല്‍ ഭൂമിക്കൊരു ചരമഗീതം വരെയുള്ള കവിതകള്‍ കുട്ടികള്‍ ചൊല്ലി. 2009 ല്‍ ഒ.എന്‍.വി.കുറുപ്പ് ഉത്ഘാടനം ചെയ്ത കവിതാ സ്‌നേഹികളുടെ കൂട്ടായ്മയായ ‘കാവ്യകേളി’ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒഎന്‍വി ഗുരുസ്മരണാ ചടങ്ങു കെ.എസ്.ശബരീനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാവ്യകേളി സെക്രട്ടറി ജെ.എം.റഹിം അധ്യക്ഷത വഹിച്ചു. മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍ മുഖ്യാതിഥി ആയി പങ്കെടുത്തു.തിരുവനന്തപുരം ഡെപ്യൂട്ടി കലക്റ്റര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ ‘കറുത്ത പക്ഷിയുടെ പാട്ടു ‘ എന്ന കവിത ചൊല്ലി ഒ.എന്‍.വി.കാവ്യാര്‍ച്ചന ഉദ്ഘാടനം ചെയ്തു.
ഒ.എന്‍.വിയുടെ ഛായാ ചിത്രത്തില്‍ കുട്ടികള്‍ പുഷ്പാര്‍ച്ചന നടത്തി. കവിയുടെ പ്രിയ പത്‌നി സരോജിനി ഒഎന്‍വിയെ കുട്ടികള്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു.’കവിതയെ കൂടുതല്‍ സ്‌നേഹിക്കണം എന്നും മത്സരങ്ങള്‍ക്ക് വേണ്ടിയല്ലാതെ തന്നെ കവിതകള്‍ വായിച്ചു ചൊല്ലി പഠിക്കണം’എന്നും സരോജിനി ഒ.എന്‍.വി കുട്ടികളോട് പറഞ്ഞു. ഒഎന്‍വിയുമായുള്ള ഓര്‍മകളും കുട്ടികളുമായി അവര്‍ പങ്കു വെച്ചു.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒ.എന്‍.വിയുടെ പ്രശസ്തമായ കവിതകള്‍ ചൊല്ലി. ഒഎന്‍വിയുടെ മകന്‍ രാജീവ് ഒ.എന്‍.വി, ചെറുമകളും ഗായികയുമായ അപര്‍ണ രാജീവ് മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ കുട്ടികളെയും അതിഥികളെയും സ്വീകരിച്ചു. ഒ.എന്‍.വി.കാവ്യാര്‍ച്ചനയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സരോജിനി ഒഎന്‍വി കാവ്യകേളിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.