മലയാളത്തിലെ യുവ കവികളില്‍ ശ്രദ്ധേയനായ വീരാന്‍കുട്ടിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരമാണ് നിശബ്ദതയുടെ റിപ്പബ്ലിക്ക്. ചുവടുകള്‍ വാക്കുകള്‍, ഉപമകള്‍, എരിയാല്‍, പരിണാമം, ചിദാകാശം, ഒപ്പം, ഉരഗമേ,നയതന്ത്രം, സാക്ഷി തുടങ്ങി വലുതും ചെറുതുമായ അമ്പത്തിയാറ് കവിതകളുടെ സമാഹാരമാണ് നിശബ്ദതയുടെ റിപ്പബ്ലിക്ക്.
ഈ കവിതാ സമാഹാരത്തിന് സജയ് കെ വി എഴുതിയ പഠനവും വായനക്കാരന്‍കൂടിയായ ഗാസ്പര്‍ സന്യാസി എഴുതിയ കറിപ്പും ആസ്വാദ്യപകരുന്നുണ്ട്. വീരാന്‍കുട്ടിയുടെ കവിത മുമ്പില്ലാത്ത വിധം, രാഷ്ട്രീയം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ശീര്‍ഷകവ്യംഗ്യം മുതല്‍ രാഷ്ട്രീയം പറയുന്ന ഈ സമാഹാരത്തിന്റെ സവിശേഷത എന്ന് പുതുമലയാളത്തിന്റെ നിരൂപകനായ സജയ് കെ വി പറയുന്നു. ‘വാക്കിന്റെ സുതാര്യതയും ലാളിത്യവും നാനാര്‍ത്ഥ സമൃദ്ധമായ വര്‍ണ്ണരാജിയായിത്തീരുന്നതിലെ അനായാസമാണ് വീരാന്‍കുട്ടി എന്ന കവിയുടെ ഭാവുകത്വമുദ്രകള്‍. വാക്കിനെ പളുങ്കിന്റെ തെളിമയോടെയാണ് കവി കൈക്കൊള്ളുന്നത്. അതിലൂടെ ഭാവനാരശ്മി വാക്കിനെയും പ്രസരിച്ചുണ്ടാകുന്ന അര്‍ത്ഥാന്തരങ്ങളുടെ വര്‍ണ്ണപ്പെരുക്കമായി കവിത രൂപം കൊള്ളുന്നു എന്നും വാക്കിനെയും പ്രകൃതിയെയും ലോകത്തെയും പ്രകൃതിയെയും നിരീക്ഷിക്കുന്ന ശ്രദ്ധാലുവിന്റെ ഏകാഗ്രതയ്ക്കും ഏകാന്തതയ്ക്കും ഭാഷയുടെ കാചം സമ്മാനിക്കുന്ന അര്‍ത്ഥാന്തരവിസ്താരമാകുന്നു വീരാന്‍കുട്ടിക്കു കവിത’ എന്നും സജയ് ഇവിടെ കുറിക്കുന്നു.
ഇല്ലാതാകുന്നതിലൂടെ ഉണ്‍മയാകുന്ന ഒന്നിന്റെ രാഷ്ട്രീയം കവി നിശബ്ദതയുടെ റിപ്പബ്ലിക്കില്‍ ധ്വനിപ്പിക്കുന്നുണ്ടെന്നും, മാറ്റൊലികള്‍മാത്രം അവശേഷിക്കുന്ന കാലത്ത്, വെടിയേറ്റു തുള വീഴുന്ന വാക്കുകളുടെ ഉയിര്‍ത്തെഴുന്നേല്പ് ഈ കവിതകള്‍ സ്വപ്‌നം കാണുന്നുവെന്നും ഗാസ്പര്‍ സന്യാസിയും എഴുതുന്നു.