തുറന്നെഴുത്തിലൂടെ സദാചാര കാപട്യങ്ങളെയും, പുരുഷന്‍ അതുവരെ സ്ഥാപിച്ചെടുത്ത സ്ത്രീവായനകളെയും പിഴുതെറിഞ്ഞ അന്വശരയായ എഴുത്തുകാരി. രതിയുടെയും, ഭ്രമകല്പനകളുടെയും മാസ്മരിക ലോകവും, നീര്‍മാതളത്തിന്റെ നൈര്‍മ്മല്യംപോലെ നാട്ടുഭാഷയില്‍ വരച്ചിട്ട വാങ്മയ ചിത്രങ്ങളുംകൊണ്ട് അത്രമേല്‍ സങ്കീര്‍ണ്ണമായ എഴുത്തുജീവിതം. വിവാദങ്ങളുടെ വിസ്‌ഫോടനങ്ങള്‍കൊണ്ട് കാലത്തെ വെല്ലുവിളിച്ച അതിനേക്കാള്‍ പൊള്ളുന്ന വ്യക്തിജീവിതം. മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം തിരശ്ശിലയില്‍ എത്തിയിരിക്കുകയാണ്. ഒപ്പം, വായനക്കാരുടെ മുന്‍പിലേക്ക് ആമിയുടെ തിരക്കഥ പുസ്തകരൂപത്തിലും എത്തിക്കഴിഞ്ഞു.
മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ യിലെ ആമുഖ അദ്ധ്യായത്തിലെ ഒരു കുരുവിയുടെ അന്ത്യത്തിലെ ആദ്യവാചകത്തില്‍ നിന്നു തുടങ്ങുന്ന തിരക്കഥ ജീവിത സായാഹ്നത്തിലെ മതപരിവര്‍ത്തനം പോലെയുള്ള വിവാദകാലവും സ്വന്തം തറവാട്ടിലേക്കുള്ള, നീര്‍മാതളഭൂമിയിലേക്കുള്ള അവസാന മടക്കയാത്രയും ഒരു അഹിന്ദു കേറിയാല്‍ അശുദ്ധമാകുന്നതിനെതിരെ അവിടെ അരങ്ങേറുന്ന പ്രതിഷേധങ്ങളിലൂടെയും വായനക്കാരെനെ കൂട്ടികൊണ്ടുപോകുന്നു. നിറഞ്ഞ സദസ്സില്‍ വായനക്കാരുടെ പ്രിയഎഴുത്തുകാരി നിറഞ്ഞുനില്‍ക്കുമ്പോള്‍ ഒരു തിരക്കഥയില്‍ ഒതുക്കാവുന്നതാണോ കമലയുടെ വ്യക്തിത്വം! എന്ന് അന്വേഷിക്കുകയാണ് സംവിധായകനായ കമല്‍.
ആമി സിനിമയെക്കുറിച്ച് കമല്‍ എഴുതിയ കുറിപ്പ് വായിക്കാം
ഒരു തിരക്കഥയില്‍ ഒതുക്കാനാവാത്ത ആമി
2011-ലെ ഒരു നട്ടുച്ചയ്ക്ക് ‘സെല്ലുലോയ്ഡ്’ എന്ന സിനിമയുടെ ആലോ ചനക്കാലത്ത് തമിഴ്‌നാട്ടിലെ അഗസ്തീശ്വരത്ത് മലയാളസിനിമയുടെ പിതാവായ ജെ.സി. ഡാനിയലിന്റെ ശവകുടീരത്തിന് മുന്‍പില്‍ നമ്ര ശിരസ്‌കനായി നില്‍ക്കുമ്പോള്‍ എന്റെ ചിന്ത മുഴുവന്‍ ഈ മനുഷ്യനെ ക്കുറിച്ച് എനിക്ക് എന്തറിയാമെന്നായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഒരിക്കല്‍പോലും കണ്ടിട്ടില്ല. അദ്ദേഹത്തെക്കുറിച്ചുള്ള അറിവുകള്‍ പോലും പരിമിതം. ഡാനിയലിനെക്കുറിച്ച് എഴുതപ്പെട്ട രണ്ട് പുസ്തക ങ്ങളില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍, ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ അറിയപ്പെടാത്ത ജീവിതം സിനിമയാക്കുക ദുഷ്‌കരമായിരുന്നു. എന്നിട്ടും മടക്കയാത്രയില്‍, ശേഖരിച്ച വിവരങ്ങളും എന്റെ ഭാവനയും ഇടകലര്‍ന്ന്, ഒരു ചലച്ചിത്രം കാണുന്നതു പോലെ, ആ മനുഷ്യന്റെ ‘അജ്ഞാതജീവിതം’ മനസ്സില്‍ തെളിഞ്ഞു വരികയായിരുന്നു. ‘ഫിക്ഷന്‍’ എന്ന സ്വാതന്ത്ര്യം ഒരു സാധ്യതയായതുകൊണ്ടുതന്നെ സിനിമ റിലീസായപ്പോള്‍ എതിര്‍ശബ്ദങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നതുമില്ല.അതുപോലെയല്ല മാധവിക്കുട്ടിയെന്ന, മലയാളിയുടെ പ്രിയ കഥാകാരിയുടെ ജീവിതം സിനിമയാക്കുകയെന്നുള്ളത് മറ്റാരെക്കാളും ബോധ്യമുള്ള ആളുതന്നെയാണ് ഞാന്‍. സെല്ലുലോയ്ഡിനുശേഷം മറ്റൊരു ‘ബയോപിക്ക്’ എന്ന ചിന്ത വന്നപ്പോള്‍തന്നെ മാധവിക്കുട്ടിയി ലേക്കെത്താന്‍ എനിക്ക് അധികം സമയം വേണ്ടിവന്നില്ല. ആരോരുമറി യാതിരുന്ന ഡാനിയല്‍പോലെയല്ല, എല്ലാവരുടെ മനസ്സിലും ഒരു ബിംബമായി പ്രതിഷ്ഠിക്കപ്പെട്ട മാധവിക്കുട്ടി. തുറന്നെഴുത്തിലൂടെ സദാചാര കാപട്യങ്ങളെയും, പുരുഷന്‍ അതുവരെ സ്ഥാപിച്ചെടുത്ത സ്ത്രീവായനകളെയും പിഴുതെറിഞ്ഞ അനശ്വരയായ എഴുത്തുകാരി. രതിയുടെയും, ഭ്രമകല്പനകളുടെയും മാസ്മരിക ലോകവും, നീര്‍മാതള ത്തിന്റെ നൈര്‍മ്മല്യംപോലെ നാട്ടുഭാഷയില്‍ വരച്ചിട്ട വാങ്മയ ചിത്ര ങ്ങളുംകൊണ്ട് അത്രമേല്‍ സങ്കീര്‍ണ്ണമായ ‘എഴുത്തുജീവിതം’. വിവാദങ്ങ ളുടെ വിസ്‌ഫോടനങ്ങള്‍കൊണ്ട് കാലത്തെ വെല്ലുവിളിച്ച അതിനെക്കാള്‍ പൊള്ളുന്ന ‘വ്യക്തി ജീവിതം’. ഫിക്ഷന്റെ ആനുകൂല്യം ഇവിടെ പ്രതീ ക്ഷിക്കേണ്ടതില്ല. കണ്‍മുന്‍പില്‍ അത്രമേല്‍ ‘പ്രശോഭിത’മായി ജീവിച്ചു മണ്‍മറഞ്ഞ ഒരു ജീവിതത്തെ ‘ഭാവന’യുടെ കളത്തിലേക്ക് മാറ്റി നിര്‍ത്താന്‍ ചലച്ചിത്രമായാലും, ഒരു വായനക്കാരനും അനുവാദം തരില്ല എന്ന യാഥാര്‍ത്ഥ്യം ആദ്യംമുതലേ തിരിച്ചറിയുന്നുണ്ടായിരുന്നു. എന്നിട്ടും, പിന്‍വാങ്ങാന്‍ മനസ്സനുവദിക്കാതെ ‘മാധവിക്കുട്ടി’ എന്നെ നിരന്തരം മോഹിപ്പിച്ചുകൊണ്ടേയിരുന്നു.
ഒടുവില്‍ 2015-ലെ ഒരു മഴക്കാല രാത്രിയില്‍ ഞാന്‍ തീരുമാനിച്ചുറച്ചു ‘ആമി’യുമായി മുന്നോട്ടുപോകാന്‍. മഴ, കാലംതെറ്റി പെയ്ത ആ രണ്ടു മൂന്ന് മാസങ്ങള്‍കൊണ്ട് മാധവിക്കുട്ടിയുടെ രചനകള്‍ ഏതാ ണ്ടെല്ലാംതന്നെ ഞാന്‍ വായിച്ചുതീര്‍ത്തു. അവരെക്കുറിച്ചും, കമലാ ദാസെന്ന ആഗോളപ്രശസ്തയായ കവയിത്രിയെക്കുറിച്ചും മറ്റുള്ളവരെഴുതിയതൊക്കെ തേടിപ്പിടിച്ച് വായിച്ചു. അവരെ നേരിട്ടറിയാവുന്ന വരുമായും കഥാകാരിയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച നിരവധി വായനക്കാരുമായുമൊക്കെ നിരന്തരം സംസാരിച്ചു. പലപ്പോഴായി, പലയിടത്തും അവര്‍ പറഞ്ഞ വാചകങ്ങളൊക്കെ കുറിച്ചുവച്ചു.രണ്ടോ മൂന്നോ തവണ വളരെ ഔപചാരികമായി മാത്രമേ ഞാന്‍ അവരെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളൂ. വ്യക്തിപരമായ ഒരു അടുപ്പം അതുകൊണ്ട് എനിക്ക് അവകാശപ്പെടാനുമില്ല. എന്നിട്ടും, അവരുടെ സൗന്ദര്യവും ചിരിയും ശരീരഭാഷയും, സംഭാഷണ ശൈലിയുമൊക്കെ മറ്റ് പലരെയുംപോലെ എന്നെയും വല്ലാതെ ആകര്‍ഷിച്ചിരുന്നു. ആ മഴക്കാലത്തോടൊപ്പം ഒരു ‘മായികസ്വപ്ന’മായി പിന്നെയവര്‍ എന്റെയുള്ളില്‍ നിറഞ്ഞു പെയ്തു.
ഒരു തിരക്കഥയില്‍ ഒതുക്കാവുന്നതാണോ കമലയുടെ വ്യക്തിത്വം! ഒരു സിനിമയുടെ പരിമിതമായ ദൈര്‍ഘ്യത്തിലേക്ക് ചുരുക്കാവുന്ന താണോ അവരുടെ ജീവിതകാലം! ആശങ്കകളേറെയായിരുന്നു. അക്ഷര ങ്ങളിലൂടെ ഓരോ വായനക്കാരന്റെയും മനസ്സില്‍ വിശാലമായി പറന്നു വിഹരിച്ച അവരുടെ ഭ്രമകല്പനകള്‍ മുഴുവന്‍, ദൃശ്യങ്ങളിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നത് മൗഢ്യമാണെന്ന് ആദ്യമേ തോന്നിയിരുന്നു. ജീവിത സായാഹ്നത്തിലെ മതപരിവര്‍ത്തനംപോലെയുള്ള വിവാദകാലം സിനി മയില്‍നിന്നും ഒഴിവാക്കാനുമാവില്ല. എന്തൊക്കെ ഉള്‍ക്കൊള്ളിക്കണ മെന്നതിനെക്കാള്‍ ആശങ്ക ഏതൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നുള്ള തായിരുന്നു. വായനക്കാരന് മാധവിക്കുട്ടിയെ എങ്ങനെയും സങ്കല്പി ക്കാനുള്ള സ്വാതന്ത്യവും അവകാശവുമുള്ളതുപോലെ ചലച്ചിത്രകാരന് കഴിയില്ല. ഓരോരുത്തരുടെയും മനസ്സില്‍ വരച്ചിടുന്ന സങ്കല്പചിത്രങ്ങള്‍, നിശ്ചിത ദൃശ്യങ്ങളിലേക്ക് പരിമിതപ്പെടുത്തുമ്പോള്‍, പ്രേക്ഷകന്‍ ആ പരിമിതിയില്‍നിന്നുകൊണ്ടുവേണം സിനിമ കാണേണ്ടത്. അവര്‍ കണ്ടുശീലിച്ച, മനസ്സില്‍ പ്രതിഷ്ഠിച്ച പ്രിയ കഥാകാരിയെ ഒരു അഭിനേത്രിയുടെ രൂപഭാവങ്ങളിലേക്ക്, അവരുടെ ശരീരഭാഷ യിലേക്ക്, സംഭാഷണരീതിയിലേക്ക് പുനഃപ്രതിഷ്ഠിക്കേണ്ടി വരും. മറ്റ് എല്ലാ പരിചിതമുഖങ്ങളെയും, അഭിനേതാക്കളുടെ രൂപത്തില്‍ ഉള്‍ക്കൊ ള്ളേണ്ടിവരും. വായനയുടെ അതിസ്വാതന്ത്ര്യത്തില്‍നിന്ന് ദൃശ്യത്തിന്റെ ചതുരത്തിലേക്ക് പ്രേക്ഷകനെ ‘ചുരുക്കി’ നിര്‍ത്തുമ്പോള്‍ ചലച്ചിത്ര കാരന്റെ/ തിരക്കഥാകൃത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അതാണെന്ന് കരുതുന്നു.
ആദിമദ്ധ്യാന്തമുള്ള കഥപറച്ചില്‍ ഒഴിവാക്കണമെന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ട് എവിടെനിന്ന്, എങ്ങനെ തുടങ്ങണം; ഏത് കാലങ്ങളിലൂടെയൊക്കെ സഞ്ചരിക്കണം എന്നതിനെക്കുറിച്ച് എഴുതാനിരുന്ന ആദ്യ ദിവസത്തില്‍പോലും വ്യക്തമായ ധാരണഉണ്ടായിരുന്നില്ല. തിരക്കഥാരചനയുടെ പതിവുരീതിയില്‍ സീനുകള്‍ ക്രമപ്പെടുത്തി (oneline)യശേഷം എഴുതുക എന്നത് എഴുത്തിന്റെ നൈസര്‍ഗ്ഗികമായ ഒഴുക്കിനെ തടസ്സപ്പെടുത്തും എന്നും തോന്നി. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’യിലെ ആമുഖ അദ്ധ്യായത്തിലെഴുതിയ ‘ഒരു കുരുവിയുടെ അന്ത്യ’ത്തിലെ ആദ്യവാചകത്തില്‍നിന്നുതന്നെ തിരക്കഥ തുടങ്ങുക എന്ന ചിന്ത അപ്രതീക്ഷതമായാണ് ഉണ്ടാകുന്നത്. ആദ്യ സീന്‍ എഴുതിക്കഴിഞ്ഞപ്പോള്‍ ബാല്യവും കൗമാരവും എഴുത്തിന്റെ ബോംബെ കാലവുമൊക്കെ കെട്ടുപിണഞ്ഞ ആദ്യ പകുതിയിലെ സീനുകളുടെ ക്രമാനുക്രമം കൃത്യമായി തെളിഞ്ഞുവന്നു. അതുപോലെ ജീവിതത്തിന്റെ അവസാനഘട്ടങ്ങള്‍വരെയുള്ള രണ്ടാം പകുതിയും.
മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ പൂര്‍ണ്ണമായ നേര്‍ച്ചിത്രമല്ല ആമിയെന്ന സിനിമ. ചിലത് കൂട്ടിച്ചേര്‍ക്കാനും വിട്ടുകളയാനും ഇവിടെയും സംവിധായകനെന്ന നിലയില്‍ ‘ഫിക്ഷനെ’ കൂട്ടുപിടിച്ചിട്ടുണ്ട്. കേട്ടറിവുള്ള അവരുടെ ജീവിതത്തിലെ ചില സുപ്രധാന മുഹൂര്‍ത്തങ്ങള്‍ യാഥാര്‍ത്ഥ്യവുമായി എത്രമാത്രം പൊരുത്തപ്പെടുന്നുവെന്നുള്ളത് ഞാന്‍ വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും വിടുന്നു. തിരക്കഥ എപ്പോഴും ചലച്ചിത്രകാരന്റെ ‘ദൃശ്യനിര്‍മ്മിതിക്കുള്ള’ രൂപരേഖയായാണ് കണക്കാക്കാറ്. അതിന് ഒരു സാഹിത്യകൃതിയുടെ ‘അലങ്കാരങ്ങള്‍’ കല്പിക്കാനാവില്ല. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ‘ആമി’ ദൃശ്യാവിഷ്‌കാരത്തോടൊപ്പം എഴുത്തിന്റെ ‘സുഖം’ ഞാനനുഭവിച്ചറിഞ്ഞ ‘സാഹിത്യരൂപം’ തന്നെയാണ്. സിനിമ പൂര്‍ത്തിയായി പ്രേക്ഷകരിലേക്കെത്തുമ്പോള്‍, ചിത്രീകരണത്തിനു മുന്‍പ് നേരിട്ട പ്രതിസന്ധികളൊക്കെ ഒരു ദുഃസ്വപ്നംപോലെ മറന്നുകളയാന്‍ ആഗ്രഹിക്കുകയാണ് ഞാന്‍. ഇപ്പോള്‍ മാധവിക്കുട്ടിക്ക്, എന്റെ സിനിമയിലെ ആമിക്ക് മഞ്ജുവാര്യരുടെ മുഖച്ഛായയാണ്, രൂപഭാവങ്ങളാണ്. ഒരുപക്ഷേ, മാധവിക്കുട്ടിയെന്ന അനശ്വരബിംബത്തെ വെള്ളിത്തിരയില്‍ പുനരാവിഷ്‌കരിക്കാന്‍ എനിക്കുവേണ്ടി കാലം കാത്തുവച്ചത് മഞ്ജു വാര്യരെന്ന അതുല്യപ്രതിഭയെത്തന്നെയാകും. മഞ്ജുവിനോടുള്ള അതിരറ്റ സ്‌നേഹവും, ആദരവും ഞാനിവിടെ കുറിച്ചിടുന്നു. ഒപ്പം കമലയുടെ ചിരകാലകാമുകനായ കൃഷ്ണനായി തിരശ്ശീലയില്‍ എത്തിയ ടൊവിനോയും, ആമിയുടെ ദാസേട്ടനെന്ന മാധവദാസായി മുരളി ഗോപിയും, വിവാദ ‘പ്രണയം’ പങ്കുവച്ച ഉറുദു പണ്ഡിതനായി അനൂപ് മേനോനും, ആമിയുടെ ബാല്യവും, കൗമാരവും ചാരുതയോടെ ആവിഷ്‌കരിച്ച മിടുക്കിക്കുട്ടികള്‍ അന്‍ജലീനയും, നീലാഞ്ജനയും എല്ലാവരും എനിക്ക് നല്‍കിയ പിന്തുണ വളരെ വിലപ്പെട്ടതാണ്. ഛായാ ഗ്രാഹകനായ മധു നീലകണ്ഠനും, സംഗീതംകൊണ്ട് സിനിമയെ സമ്പന്നമാക്കിയ എം. ജയചന്ദ്രന്‍, തൗഫീക്ക് ഖുറൈഷി, ബിജിബാല്‍, കവിതയുടെ മാധുര്യം പദങ്ങളില്‍ നിറച്ച ഗുല്‍സാര്‍ സാബ്, പ്രിയ സ്‌നേഹിതന്‍ റഫീക് അഹമ്മദ്, മറ്റെല്ലാ സഹപ്രവര്‍ത്തകരും എനിക്ക് ഏറെ വിലപ്പെട്ടവര്‍തന്നെ.
ആദ്യത്തെ കടപ്പാട് ഈ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ എനിക്ക് എല്ലാ പിന്തുണയും തന്ന നിര്‍മ്മാതാക്കളോടുതന്നെ. നിര്‍മ്മാതാവ് ശ്രീ റാഫേല്‍ തോമസും സഹനിര്‍മ്മാതാവ് ശ്രീ റോബിന്‍ റോച്ചയും. ഒപ്പം ഈ നിര്‍മ്മാതാക്കളെ എന്നിലേക്കെത്തിച്ച എന്റെ ആത്മസുഹൃത്ത് ശ്രീ ആസ്പിന്‍ അഷ്‌റഫ്, കൂടാതെ എന്റെ പ്രിയ കുടുംബാംഗങ്ങള്‍. സ്വന്തം അമ്മയുടെ ‘വിവാദജീവിതം’ സിനിമയാക്കാന്‍ അനുവാദം തരികയും, എല്ലാ പ്രതിസന്ധികളിലും കൂടെ നില്‍ക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ മക്കള്‍ ശ്രീ എം.ഡി. നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ മൂന്നുപേര്‍ക്കും ഏറെ നന്ദി. പിന്നെ, എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹവും, വാത്സല്യവും ഏറെയേറെ വാരിക്കോരിത്തന്ന ആമിയോപ്പുവിന്റെ പ്രിയപ്പെട്ട അനുജത്തി ഡോ. സുലോചന നാലപ്പാട്ട്. തിരക്കഥ രൂപപ്പെടുത്താന്‍ അനുഭവങ്ങള്‍ പങ്കുവച്ച നിരവധി പേരുണ്ട്. എല്ലാവരെയും ഓര്‍ത്തെഴുതുക പ്രയാസം. എങ്കിലും, ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും, കറന്റ് ബുക്‌സിലെ കെ.ജെ. ജോണിയെയും പ്രത്യേകം പരാമര്‍ശിക്കാതിരിക്കാനാവില്ല. പുസ്തകം പ്രസിദ്ധീകരിക്കാന്‍ സന്‍മനസ്സ് കാണിച്ച പ്രിയ രവി ഡി സിക്ക് പ്രത്യേകം നന്ദി. ഒടുവില്‍, അക്ഷരങ്ങളുടെ തീക്ഷ്ണ സൗന്ദര്യംകൊണ്ട് എന്നെ അലോസരപ്പെടുത്തുകയും സ്ത്രീയെന്ന അതിശയത്തിന്റെ വശ്യതയും ഗഹനതയും എഴുത്തിലൂടെ അനുഭവിപ്പിച്ച് വരിഞ്ഞു മുറുക്കുകയും, ഉറക്കമില്ലാത്ത ഒട്ടനേകം രാത്രികളില്‍ പ്രണയത്തിന്റെ നേര്‍ത്ത തണുപ്പായ് എന്നിലേക്കലിഞ്ഞുചേരുകയും ചെയ്ത പ്രിയ കഥാകാരീ… നന്ദിയാണോ ഞാന്‍ ആ കാല്‍ക്കല്‍ സമര്‍പ്പിക്കേണ്ടത് ! പുന്നയൂര്‍ക്കുളത്ത് ആകെ അവശേഷിച്ച നീര്‍മാതളത്തിന്റെ ചുവട്ടില്‍ വച്ച് അനുഗ്രഹം കൊണ്ട് എന്നെ തഴുകിയ ആ നനുത്ത വിരലുകള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്.