”വലിയ പ്രതീക്ഷയോടെയോ അല്ലാതെയോ നമ്മള്‍ ഒരു നാടകം കാണാനിരിക്കുന്നു. അതുനമ്മെ രസിപ്പിച്ചെന്നുവരാം. മുഷിപ്പിച്ചെന്നും വരാം. എന്നാല്‍ ഒരു നാടകം കണ്ടുകഴിഞ്ഞ് തികഞ്ഞ സംതൃപ്തിയോടെ നിറഞ്ഞ അദ്ഭുതാഹ്ലാദങ്ങളോടെ എഴുന്നേറ്റുപോരുന്ന അവസ്ഥ അത്യപൂര്‍വ്വമാണ്. എന്നാല്‍, അത്തരമൊരനുഭവം സദസ്സിനാകെ സംഭാവന ചെയ്തുകൊണ്ടാണ് ഛായാമുഖി എന്ന നാടകത്തിന്റെ ആദ്യത്തെ അരങ്ങേറ്റമുണ്ടായത്.”
മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി.കുറുപ്പിന്റെ വാക്കുകള്‍ ഛായാമുഖി എന്ന നാടകത്തിന് ഊര്‍ജ്ജമായി. അനവധി അരങ്ങുകളില്‍ ഭീമനായി മോഹന്‍ലാലും കീചകനായി മുകേഷും ആടിയപ്പോള്‍ മലയാള നാടകത്തിന്റെ ചരിത്രം തന്നെ ഛായാമുഖിക്ക് മുമ്പും പിമ്പും എന്ന് എഴുതപ്പെട്ടു. പ്രശാന്ത് നാരായണന്റെ തിരക്കഥ ഡി സി ബുക്‌സ് പുസ് തകരൂപത്തില്‍ പ്രസിദ്ധീകരിച്ചപ്പോഴും ഛായാമുഖിക്ക് ലഭിച്ചത് മികച്ച സ്വീകരണമായിരുന്നു. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
ഹിഡുംബിയാണ് ഭീമസേനന് നോക്കുന്നയാളുടെ നെഞ്ചിലുള്ള ഏറ്റവും പ്രിയങ്കരമായ രൂപം പ്രതിഫലിപ്പിക്കുന്ന ഛായാമുഖി എന്ന മായക്കണ്ണാടി സമ്മാനിച്ചത്. ഭീമന്‍ ഛായാമുഖിയില്‍ നോക്കിയപ്പോള്‍ തെളിഞ്ഞ ദ്രൗപതിയുടെ രൂപം കണ്ട് തകര്‍ന്നത് അതില്‍ സ്വന്തം രൂപം പ്രതീക്ഷിച്ച ഹിഡുംബിയുടെ നെഞ്ചായിരുന്നു. വിരാട രാജധാനിയിലെ അജ്ഞാതവാസക്കാലത്ത് ദ്രൗപതി മായക്കണ്ണാടി നോക്കിയപ്പോള്‍ കണ്ട അര്‍ജുനരൂപം കണ്ട് ഭീമന്റെ നെഞ്ചും തകര്‍ന്നു. ഒടുവില്‍ നടുവൊടിഞ്ഞ് മരണം പ്രതീക്ഷിച്ച് തന്റെ മടിയില്‍ കിടക്കുന്ന കീചകനു നേരെ ഛായാമുഖി നീട്ടിയപ്പോള്‍ അതില്‍ തെളിഞ്ഞ രൂപം ഭീമനെ കരയിച്ചു. സ്‌നേഹത്തിന്റെ കാര്യത്തില്‍ കീചകനും താനും ഒരുപോലെയാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടപ്പോള്‍ കീചകനൊപ്പം ചത്തത് ഭീമനുമായിരുന്നു.
ഗുജറാത്തിലെ ഒരു നാടോടി സ്ത്രീയുടെ പഴംപാട്ടില്‍നിന്നാണ് പ്രശാന്ത് നാരായണന് ഛായാമുഖി എന്ന ആശയം വീണുകിട്ടത്. 2002ല്‍ എഴുതിയ നാടകം പ്രകാശ് കലാകേന്ദ്രം അരങ്ങിലെത്തിച്ചു. 2007ല്‍ മുകേഷിന്റെയും മോഹന്‍ലാലിന്റെയും സംരംഭമായ കാളിദാസ വിഷ്വല്‍ മാജിക്ക് നാടകം ഏറ്റെടുത്തു. പിന്നീടിങ്ങോട്ട് ഛായാമുഖി ചരിത്രമവുകയായിരുന്നു.
പ്രകാശ് കലാകേന്ദ്രത്തിന്റെ ഛായാമുഖി സുന്ദരിയായ നാടന്‍ പെണ്ണാണെങ്കില്‍ കാളിദാസവിഷ്വല്‍ മാജിക് അതിനെ സര്‍വ്വാഭരണ വിഭൂഷിതയാക്കിയെന്ന് പ്രശാന്ത് നാരായണന്‍ അഭിപ്രായപ്പെടുന്നു. ഛായാമുഖിയുടെ അവതരണ സാധ്യതകള്‍ അവസാനിച്ചിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഏറ്റവും അത്ഭുതം നിറഞ്ഞ വേദിക ആസ്വാദകന്റെ മനസ്സാണെന്ന തിരിച്ചറിവിലാണ് ഛായാമുഖി പുസ്തകരൂപത്തിലാക്കാന്‍ പ്രശാന്ത് തീരുമാനിച്ചത്.
കാവാലം നാരായണപ്പണിക്കരുടെ അവതാരികയും ഒഎന്‍വി കുറുപ്പ്, തനൂജ എസ് ഭട്ടതിരി, അലക്‌സ് വള്ളിക്കുന്നം എന്നിവരുടെ ആസ്വാദനവും ടിഎം ഏബ്രഹാമിന്റെ പഠനവും ഉള്‍പ്പെടുത്തിയാണ് ഛായാമുഖി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
The post നോക്കുന്നയാളുടെ നെഞ്ചിലുള്ള പ്രിയങ്കര രൂപം പ്രതിഫലിപ്പിക്കുന്ന മായക്കണ്ണാടി appeared first on DC Books.