മേഘങ്ങളായ് നമ്മള്‍ കാലപ്രവാഹങ്ങള്‍ കണ്ടുനടന്നതും, നീരങ്ങളായ് നമ്മള്‍ തീരങ്ങളത്രയും ചെന്നു നനച്ചതും, കണ്ണീരു തൂകുവാന്‍ നീരിന്റെ ജന്മവും നീരദജന്മവും മേന്മേല്‍ വരിച്ചതും, സര്‍വ്വം മടുക്കയാല്‍ ഭൂമിയില്‍ നമ്മളായ് മോഹങ്ങള്‍ തീര്‍ക്കുവാന്‍ വന്നു പിറന്നതും…
…ഒക്കെപ്പഴങ്കഥ…
…ഇപ്പോള്‍ നമുക്കുള്ളതിത്രമാത്രം സഖീ, ബാങ്കിന്റെ ലോണടയ്ക്കുന്നൊരീ ജീവിതം!
യക്ഷജന്മം മടുത്ത് മനുഷ്യജന്മം വരിച്ച യക്ഷനും കൂട്ടുകാരിക്കും സംഭവിച്ചതിനെ വിവരിക്കുന്ന കവിതയാണ് എന്‍.പി.ചന്ദ്രശേഖരന്റെ ‘ ‘ചിത്രവധത്തിന്നു ഞാന്‍ ഇര’. കവിതയിലെ അവസാന വരിയിലെ ട്വിസ്റ്റ് കൊണ്ട് തത്സമയ കവിതയായി മാറുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ മികച്ച കവിതകള്‍ അടങ്ങുന്ന സമാഹാരമാണ് അദ്ദേഹത്തിന്റെ മറവിതന്‍ ഓര്‍മ്മ.
സൂക്ഷ്മ കവിതകള്‍, തത്സമയ കവിതകള്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തരം തിരിച്ചാണ് എന്‍.പി.ചന്ദ്രശേഖരന്‍ മറവിതന്‍ ഓര്‍മ്മ എന്ന പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ചേര്‍ത്തിരിക്കുന്ന രാവുണ്ണിയുടെയും വര്‍ഗ്ഗീസാന്റണിയുടെയും പഠനങ്ങള്‍ ചന്ദ്രശേഖരന്റെ കവിതകളെ അടുത്തറിയാന്‍ പര്യാപ്തമാണ്.
ഒറ്റവരിയോ രണ്ട് വരിയോ നാലു വരിയോ കൊണ്ട് അനുഭവങ്ങളുടെ വലിയ ലോകം സൃഷ്ടിക്കുന്നവയാണ് മറവിതന്‍ ഓര്‍മ്മയിലെ സൂക്ഷ്മകവിതകള്‍. നമ്മുടെ കാലത്തെ, സ്വപ്നങ്ങളെ, ആകുലതകളെ, വ്യഥകളെ ശക്തിയോടെ പ്രതിഫലിപ്പിക്കുന്ന ചില്ലുകഷണങ്ങളും മഞ്ഞുതുള്ളികളുമാണിവയെന്ന് രാവുണ്ണി അഭിപ്രായപ്പെടുന്നു.
60 സൂക്ഷ്മകവിതകള്‍ക്ക് പിന്നാലേ 30 തത്സമയ കവിതകള്‍ പുസ്തകത്തില്‍ കടന്നുവരുന്നു. അണുവില്‍ നിന്ന് വിളവിലേക്ക് പ്രവേശിക്കുന്ന പ്രതീതിയാണ് അവ വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഉണ്ടാകുന്നത്. അധികാരം അദൃശ്യമാക്കിയതിനെ ദൃശ്യമാക്കുകയാണിവ. അധികാരം നിശ്ശബ്ദമാക്കിയതിനെ ശബ്ദമാക്കിയും അസ്പൃശ്യമാക്കിയതിനെ സ്പര്‍ശിച്ചും അവ ഹൃദയം കീഴടക്കുന്നു.
മാധ്യമപ്രവര്‍ത്തകനായ എന്‍.പി.ചന്ദ്രശേഖരന്‍ ഇപ്പോള്‍ കൈരളി ടി.വിയില്‍ ഡയറക്ടര്‍ (ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ്) ആണ്. കവിതാസമാഹാരങ്ങളും കവിതാ പരിഭാാഷകളും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന് കണ്ണൂര്‍ കവിമണ്ഡലത്തിന്റെ അയ്യപ്പപ്പണിക്കര്‍ സ്മാരക പ്രത്യേക കവിതാപുരസ്‌കാരവും രാഷ്ട്രകവി എം.ഗോവിന്ദപ്പൈ സ്മാരക തുളുനാട് കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
The post മറവിതന്‍ ഓര്‍മ്മ appeared first on DC Books.