ഭാരതത്തിന്റെ ആധ്യാത്മികനഭസ്സിൽ തെളിഞ്ഞു നിൽക്കുന്ന നക്ഷത്രമായ ശ്രീ ശങ്കരാചാര്യരുടെ ജീവിതം പറയുന്ന നോവലാണ് ആദിശങ്കരം. എട്ടു വയസ്സ് മുതൽ 32 വയസ്സ് വരെ ഭാരതത്തിന്റെ ആധ്യാത്മികലോകത്ത് നിറഞ്ഞു നിന്ന ആദിശങ്കരന്റെ കാലടി മുതൽ കേദാർ നാഥ് വരെയുള്ള ആധ്യാത്മിക യാത്രയും ജീവിതവുമാണ് ആദിശങ്കരം.ചരിത്ര സൂചനകളിലൂടെയും ഐതീഹ്യകഥകളിലൂടെയും വാമൊഴിപെരുമയിലൂടെയും മാത്രം വായിച്ചറിഞ്ഞ ശങ്കര ജീവിതത്തെ വ്യത്യസ്തമായ ആഖ്യാനത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ നോവലിൽ ശങ്കരാചാര്യരുടെ ദാർശനിക ആദ്ധ്യാത്മിക ഔന്നിത്യത്തെ അത്ഭുതങ്ങളുടെയും അതിശയോക്തികളുടെയും മറവിൽ പെട്ടുപോകാതെ അവതരിപ്പിച്ചിരിക്കുന്നു.
സാധാരണ വായനക്കാർക്ക് ആദിശങ്കരനെ പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് കെ സി അജയകുമാർ ഈ ഗ്രന്ഥം എഴുതാൻ തുടങ്ങിയത്. വേദാന്തം എന്ന് കേൾക്കുമ്പോൾ തന്നെ മനസിലാകാത്ത എന്തോ ഒന്ന് എന്ന് ചിന്തിക്കുന്നവരുടെ മുന്നിൽ വേദാന്തത്തിന്റെ ആചാര്യനെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും അവതരിപ്പിക്കാനുള്ള ഗ്രന്ഥകാരന്റെ ശ്രമം തികച്ചും തൃപ്തികരമായി തന്നെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു ഇവിടെ. ഇതിലുള്ളത് ഞാൻ കണ്ട ശങ്കരനും ഞാനറിയുന്ന അദ്വൈതവുമാണ്. കെ സി അജയകുമാർ പറയുന്നു.
സന്താന ലബ്ദിയിൽ ശിവഗുരുവും ആര്യാംബയും ഏറെ സന്തോഷിച്ചു മഹാദേവന്റെ അനുഗ്രഹമാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ഇവന് ശങ്കരൻ എന്ന് തന്നെയാകട്ടെ പേരെന്നും അവർ നിശ്ചയിച്ചു. ശങ്കരന് എല്ലാം അത്ഭുതമായിരുന്നു…. ചെടികളും , മരങ്ങളും , പൂക്കളും ,ജലവും , മണ്ണും , മരവും , ആകാശവും , ഭൂമിയുമെല്ലാം ശങ്കരന് അത്ഭുതമായിരുന്നു…….
നോവലിന്റെ ആദ്യ ഭാഗത്തിൽ പ്രതിപാദിക്കുന്നതിങ്ങനെയാണ് ….
ശങ്കരൻ ചിന്തയിൽ മുങ്ങി. പ്രത്യക്ഷമായിരുന്ന ദൃശ്യങ്ങൾ ദൃഷ്ടി പഥത്തിൽ നിന്നു മറഞ്ഞു. ശങ്കരന്റെ മുന്നിൽ തുറസ്സായ തരിശ്ശ് ഭൂമി തെളിഞ്ഞു. എങ്ങും ഉണങ്ങി കരിഞ്ഞ പുൽക്കൊടികളും പാറക്കൂട്ടങ്ങളും മാത്രം.എങ്ങുനിന്നോ വന്ന കാറ്റ് ആഞ്ഞു വീശി. ആകാശത്ത് കാർമേഘങ്ങൾ നിരന്നു. അങ്ങിങ്ങു തുള്ളികൾ പൊഴിഞ്ഞു. പിന്നെ തിമിർത്തു പെയ്യുന്ന മഴയായി. ജലം കുതിച്ചൊഴുകി. മഴ കഴിഞ്ഞു മനം തെളിഞ്ഞു. പ്രകൃതി കുളിച്ചൊരുങ്ങിയത് പോലെ. പുല്കൊടികളിൽ പൊടിപ്പുകൾ കാണായി. പുൽക്കൊടികൾ വളരാതെ കണ്ട പാറക്കെട്ടുകൾക്കിടയിൽ ഒരു ചെറിയ പൊടിപ്പു മാത്രം പച്ച നിറത്തിൽ. ക്രമേണ അത് വളർന്നു. രണ്ടിലയായി നാലിലയായി…… ശങ്കരന്റെ മനസ്സ് ഒരു നിമിഷം സന്ദേഹിച്ചു. ആ പുൽമേട്ടിൽ പശുക്കൾ മേഞ്ഞു നടക്കുന്നു. ഏതുനിമിഷവും ഇലകൾ പൊട്ടിമുളച്ച ആ ചെടി പശുവിന്റെ ഭക്ഷണമാകും. ശങ്കരൻ അത്ഭുതത്തോടെ കണ്ടു. ആ ചെടിയുടെ അടുത്തോളം വായെത്തിച്ച പശു അത് മണപ്പിച്ച് നോക്കിയിട്ട് ചുറ്റുപാടുമുള്ള പുല്ലുമാത്രം തിന്ന് മുന്നോട്ടു നീങ്ങി. അതിനോട് അതൊഴിവാക്കി പുല്ലു മാത്രമേ തിന്നാവൂ എന്നാരാണ് പറഞ്ഞത്. … ഒരുപക്ഷെ ഈ ചെടികളെയും മരങ്ങളെയുമെല്ലാം ഇങ്ങനെ വളർത്തുവാൻ തക്ക വിധം ആ പശുവിലുള്ള വിവേചന ബുദ്ധിയാണ് ഈ പ്രകൃതിയിലെ ഏറ്റവും അത്ഭുതം. വിവേചന ബുദ്ധിയെന്നൊന്നും കരുതിക്കൂടാ…. ആലിന്റെ ഇല പശുവിന് ഇഷ്ടമല്ല അത്രതന്നെ. അതെന്തുകൊണ്ടാണാവോ ആലില പശുവിനു ഇഷ്ടമല്ലാത്തത്? ആലില നാൽക്കാലികൾക്ക് തിന്നാൻ ഇഷ്ടമുള്ള ചെടിയാണെങ്കിൽ അതിന്റെ വംശനാശം സംഭവിക്കും. എവിടെയും വളർന്നു പരക്കുന്ന പുല്ല് എത്ര തിന്നാലും അത് വീണ്ടും പൊട്ടിമുളച്ച് പുല്ലായി തന്നെ വളരും. പക്ഷെ ആൽമരത്തിന്റെ ചെറുതൈ പശു തിന്നാൽ ഒരു മരത്തിന്റെ വളർച്ചയാണ് ഇല്ലാതാകുന്നത്. അത് പ്രകൃതിക്കറിയാം. അതുകൊണ്ട് ആൽമരം നൽക്കാലികൾ തിന്നുന്നില്ല. അത്ഭുതം തന്നെ …… അത് മാത്രമല്ല … മറ്റു പലതും ….എന്നല്ല …. എന്താണ് അത്ഭുതമല്ലാത്തത്……?