കാലങ്ങള്‍ ഒരോന്നു പിന്നിടുമ്പോഴും നമ്മുടെ നാട്ടില്‍ ജാതീയമായ വേര്‍തിരിവുകളും ചിന്തകളും കൂടിക്കൂടി വരുകയാണ്. ഈ സന്ദര്‍ഭത്തിലെല്ലാം തുറന്നുവയ്‌ക്കേണ്ട ചരിത്രഗ്രന്ഥമാണ് പി കെ ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും എന്ന ഗ്രന്ഥം. ജാതിബോധത്തിന്റെ മിഥ്യാബോധങ്ങളിലേക്ക് വീശിയ അറിവിന്റെ തീവ്രപ്രകാശമാണ് ഈ പുസ്തകം. വര്‍ഷങ്ങളെത്രകഴിഞ്ഞാലും പഠിതാക്കളുടെയും ചരിത്രകാരന്മാരുടെയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വായനകളില്‍ ഒഴിവാക്കാനാകാത്ത ഈ കൃതി ഇപ്പോള്‍ ഡി സി ബുക്‌സ് വാനയക്കാര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയാണ്. 1983ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് 2008 ലാണ് ഒരു ഡി സി ബി പതിപ്പ് ഉണ്ടാകുന്നത്. പിന്നീട് അഞ്ച് പതിപ്പുകള്‍കൂടി പുറത്തിറങ്ങിയെങ്കിലും അവയെല്ലാം വളരെവേഗം വിറ്റുപോയി..ഇപ്പോള്‍ നവീകരിച്ച പുതിയ പതിപ്പ് വായനക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഡി സി ബുക്‌സ്.
പുരാതനകാലത്ത് അതുല്യമഹിമയുള്ള ജാതിയായിരുന്നു തന്റെ ജാതിയെന്ന് കേരളത്തിലെ ഓരോ ജാതിക്കാരനും മത്സരബുദ്ധിയോടെ വിശ്വസിക്കുന്നു. മഹിമകളുടെ തരവും അതുനഷ്ടപ്പെട്ട കാലവും വ്യത്യാസപ്പെട്ടിരിക്കും എന്നേയുള്ളു. നമ്മുടെ കൊച്ചുകേരളത്തില്‍ ഉണ്ടായിരുന്ന സമുദായങ്ങള്‍, അവരുടെ ഭാഷ, സംസ്‌കാരം, എന്നിവ വെളിപ്പെടുത്തുന്ന പുസ്തകമാണ് ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും. മലയാളത്തില്‍ സമാനതകളില്ലാത്ത ഈ കൃതിയില്‍ കാര്‍ഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, സ്വത്തുടമ, ഭാഷ തുടങ്ങി കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവം മുതലുള്ള സാഹൂഹിക ചിത്രത്തിന്റെ ജനനം മുതല്‍ പഠനവിധേയമാക്കുന്നു. രണ്ട് ഭാഗങ്ങളിലായാണ് ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും സംഗ്രഹിച്ചിരിക്കുന്നത്.
ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന എഴുത്തുകാരനാണ് പി.കെ. ബാലകൃഷ്ണന്‍. ചരിത്രഗവേഷകന്‍, സാഹിത്യനിരൂപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം ടിപ്പു സുല്‍ത്താന്‍, ശ്രീ നാരായണഗുരു തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചതോടെയാണ് ചരിത്രഗ്രന്ഥ രചനയിലേക്ക് തിരിഞ്ഞത്. താമസിയാതെ ചരിത്രം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായി. അതോടെ കാലങ്ങളായി കേരളത്തിന്റെ ചരിത്രത്തില്‍ കടന്നു കൂടിയ മിഥ്യാ ധാരണകള്‍ അദ്ദേഹം പൊടികളഞ്ഞെടുത്തു. ഇതിനിടയില്‍ കേരളചരിത്രകാരനായ ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ പല ചിന്തകളേയും കേരള മാഹാത്മ്യം, കേരളോല്പത്തി എന്നീ ഗ്രന്ഥങ്ങളുടെ അവകാശവാദങ്ങളേയും അദ്ദേഹം ഖണ്ഡിച്ചു. ഇതാണ് അദ്ദേഹത്തെ ‘ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും‘ എന്ന പുസ്തകം എഴുതുന്നതില്‍ എത്തിച്ചത്. ഈ കൃതിയിലൂടെ അദ്ദേഹം കേരളചരിത്രത്തെപ്പറ്റി അതുവരെ ഉണ്ടായിരുന്ന ധാരണകളെ ചോദ്യംചെയ്യുകയും പുതിയ വസ്തുതകളുടെ വെളിച്ചത്തില്‍ ചരിത്രത്തെ സമീപിക്കുകയും ചെയ്തു.