ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെക്കുറിച്ചുള്ള പുസ്തകവുമായി സമാധാന നൊബേല്‍ ജേതാവായ മലാല യൂസഫ്‌സായി എത്തുന്നു. വി ആര്‍ ഡിസ്‌പ്ലേസ്ഡ്( ഞങ്ങള്‍ അഭയാര്‍ത്ഥികള്‍) എന്നാണ് മലാലയുടെ പുസ്തകത്തിന്റെ പേര്. ഇന്നലെവരെ സ്വന്തമെന്നുകരുതിയ വീടും നാടും ബന്ധുക്കളെയും ഉപേക്ഷിച്ച് പാലായനം ചെയ്യപ്പെടേണ്ടിവന്നവരുടെ വിഷമങ്ങളും യാതനകളും ദുരിതങ്ങളും, അതുമായി ഇഴുകിച്ചേരാന്‍ സാധിക്കാത്തവരുടെ പ്രയാസങ്ങളുമൊക്കെ തനിക്ക് പരിചിതമായവരുടെ ജീവിതത്തിലൂടെ പറയുകയാണ് വി ആര്‍ ഡിസ്‌പ്ലേസ്ഡ് എന്ന പുസ്തകത്തിലൂടെ മാലാല.
”സ്വന്തം വീടും നമുക്ക് പരിചിതമായ എല്ലാത്തിനെയും വിട്ടുപോകുന്നത് എത്രമാത്രം വേദനിപ്പിക്കുന്നതാണെന്ന് എനിക്കറിയാം. അത്തരത്തിലുള്ള അനുഭവമുള്ള ഒരുപാട് പേരെ എനിക്ക് പരിചയമുണ്ട്. വീടു വിട്ടുപോന്നതിനുശേഷമാണ് വീടും നാടും ഉപേക്ഷിക്കേണ്ടിവന്ന അനേകം പേരെ ഞാന്‍ പരിചയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ പരിചയപ്പെട്ട അത്തരത്തിലുള്ളവരുടെ ഒരുപാട് കഥകള്‍ ഞാന്‍ കേട്ടു. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാക്കപ്പെട്ട അവരെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുകയാണ് ഞാന്‍ പുതിയ പുസ്തകത്തിലൂടെ”- മലാല പറയുന്നു.
ഞാന്‍ മലാല എന്ന ആത്മകഥയ്ക്കുശേഷം പുറത്തിറക്കുന്ന ഈ പുസ്തകം സെപ്റ്റംബര്‍ നാലിനു പുറത്തിറങ്ങും.