Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ചിരിയിലൂടെ ചികിത്സ

$
0
0

പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം വേദനകളുടെയും ദുഖത്തിന്റെയും ഇടമാണ് ആശുപത്രി. ഓരോ ആശുപത്രിമുറികള്‍ക്കും പറയാനുണ്ടാകും സങ്കടപ്പെടുത്തുന്ന ഒരുപാട് കഥകള്‍. എന്നാല്‍ ഇവയില്‍ ചിലതെങ്കിലും പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നതാണെങ്കിലും ഭൂരിഭാഗവും നമ്മളെ കൊണ്ടെത്തിക്കുന്നത് മന:സമ്മര്‍ദ്ദത്തിലേക്കായിരിക്കും. ഇതിനൊരു അപവാദമാണ് ചിരിയിലൂടെ ചികിത്സ എന്ന പുസ്തകം.

വേദനകളുടെയും ദു:ഖങ്ങളുടെയും മാത്രമല്ല ആഹ്ലാദത്തിന്റെയും ചിരിയുടെയുംകൂടിയിടമാണ് നമ്മുടെ ആശുപത്രികളെന്ന് ഡോ. ജിമ്മി മാത്യു ചിരിയിലൂടെ ചികിത്സ എന്ന പുസ്തകത്തിലൂടെ കാട്ടിത്തരുന്നു. ഔദ്യോഗിക ജീവിതത്തില്‍ കണ്ടുമുട്ടിയ ജീവിതങ്ങളും സാക്ഷ്യം വഹിച്ചിട്ടുള്ള രസകരമായ സംഭവങ്ങളും ഭാവന കലര്‍ത്തി നര്‍മ്മമധുരമായി പറയുകയാണ് അദ്ദേഹം. ആ ലോകത്തുനിന്നും കണ്ടെടുത്ത ചിരി നിമിഷങ്ങളും ചിന്താശകലങ്ങളും 20 കുറിപ്പുകളായാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്, പോണ്ടിച്ചേരി ജിപ്‌മെറില്‍ നിന്ന് എം.എസ് (സര്‍ജറി), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.സി.എച്ച് (പ്ലാസ്റ്റിക് സര്‍ജറി) എന്നിവ പൂര്‍ത്തിയാക്കി ഇപ്പോള്‍ അമൃതയില്‍ പുനര്‍നിര്‍മ്മാണ മൈക്രോ സര്‍ജനാണ് ഡോ. ജിമ്മി മാത്യു. 2014ല്‍ പെന്‍ഗ്വിന്‍ ബുക്‌സും സുധാ മൂര്‍ത്തിയുമായി ചേര്‍ന്ന് നടത്തിയ സംഭവകഥാ മത്സരത്തില്‍ സമ്മാനിതനായിട്ടുള്ള ഡോ. ജിമ്മി മാത്യു ഇന്റര്‍നെറ്റിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ‘സ്‌റ്റെതസ്‌കോപ്പ് ആന്‍ഡ് സ്‌കാള്‍പെല്‍’ എന്നപേരില്‍ ഇംഗ്ലീഷില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട് അദ്ദേഹം.

ആശുപത്രികള്‍ക്കുള്ളിലെ നര്‍മ്മവും ജീവിതവും പറയുന്ന ചിരിയിലൂടെ ചികിത്സ ഡി സി ബുക്‌സ് ലിറ്റ്മസ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നര്‍മ്മത്തിനൊപ്പം ത്യാഗവും കരുണയും ഇഴ ചേരുന്ന സംഭവങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഈ കുറിപ്പുകള്‍ അനുവാചകരുടെ മനസ്സിനെ ആര്‍ദ്രമാക്കും. പ്രസന്നന്‍ ആനിക്കാടിന്റെ കാര്‍ട്ടൂണുകള്‍ പുസ്തകത്തിന്റെ ആകര്‍ഷണീയത ഏറ്റുന്നു. പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

 

 


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>