വര്‍ഗീയവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് സാഹിത്യജീവിതം തന്നെ ഉപേക്ഷിച്ച എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍. അദ്ദേഹത്തെ ഇനി അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും സാഹിത്യപ്രേമികള്‍ വായിക്കാനൊരുങ്ങുകയാണ്. പെരുമാള്‍ മുരുകന്റെ വിവാദനോവല്‍ ‘മാതൊരുഭാഗന്റെ’ ഇംഗ്ലിഷ് പതിപ്പായ ‘One Part of Women’, പുതിയ നോവലായ ‘പൂനാച്ചി’( ഒരു കറുത്ത ആടിന്റെ കഥ) എന്നീ പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം അമേരിക്കന്‍ കമ്പനിയായ ഗ്രേവ് അറ്റ്‌ലാന്റിക് സ്വന്തമാക്കി. മാത്രമല്ല ‘മാതൊരുഭാഗന്‍’ ജര്‍മനി, ചെക് റിപ്പബ്ലിക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും ‘പൂനാച്ചി’ കൊറിയയിലും പ്രസിദ്ധീകരിക്കാനുള്ള കരാറുകളും പൂര്‍ത്തിയായിരക്കുകയാണെന്ന് മൂലകൃതിയുടെ പ്രസാധകരായ കാലച്ചുവടിന്റെ അധികൃതര്‍ അറിയിച്ചു.
പെരുമാള്‍ മുരുകന്റെ വിവാദനോവലായ ‘മാതൊരുഭാഗന്റെ’ ഒരുലക്ഷം കോപ്പികാളാണ് ഇതിനകം വിറ്റഴിഞ്ഞത്. അര്‍ദ്ധനാരീശ്വരന്‍ എന്ന പേരിലാണ് മലയാളത്തില്‍ ഈ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ നോവലിന് ചെറിയമാറ്റങ്ങള്‍ വരുത്തിയാണ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത്.
പെരുമാള്‍ മുരുകന്റെ എഴുത്ത് ജിജ്ഞാസയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം ലോകോത്തര കഥാകാരനാണെന്നും, തമിഴ് മണ്ണിന്റെ സംസ്‌കാരവും ജീവിതവും മനോഹരമായി ആ കഥകളില്‍ പ്രതിഫലിക്കുന്നെണ്ടെന്നും ഗ്രേവ് അറ്റ്‌ലാന്റികിന്റെ സീനിയര്‍ എഡിറ്റര്‍ പീറ്റര്‍ ബ്ലാക്ക് സ്റ്റോക്ക് പറയുന്നു. അസ്തിത്വവും ജാതിയും തമ്മിലുള്ള ഏറ്റുമുട്ടലുകളും സ്‌നേഹവും കുടുംബബന്ധങ്ങളും ശക്തമായി അവതരിപ്പിക്കുന്ന കൃതികള്‍ പാശ്ചാത്യലോകത്ത് വേറിട്ടതാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം പുതിയ കരാറില്‍ വളരെ സന്തോഷമുണ്ടെന്നും തമിഴ് സാഹിത്യം ഇംഗ്ലിഷിലേക്ക് മൊഴിമാറ്റുന്നത് ഗൗരവമായി കണ്ടിരുന്നില്ലെന്നും ഇതൊരു പുതിയ തുടക്കമാകട്ടെയെന്നും പെരുമാള്‍ മുരുകന്‍ പ്രതികരിച്ചു.