അദ്ധ്യാപികയും എഴുത്തുകാരിയുമായ ഇ സന്ധ്യയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് സാഗര നിദ്ര. രൂപാന്തരം, പേറ്റന്റ്, പരീക്ഷാഹോളില്‍, സ്വാതന്ത്ര്യം, ഭയം, അവസ്ഥാന്തരം, എങ്ങനെ..?, സാഗരനിദ്ര, അറിവുകേട്, സാന്നിദ്ധ്യം, മാന്‍ഡലിന്‍, റീ യൂസബള്‍ തുടങ്ങി അമ്പതോളം കവിതകളുടെ സമാഹാരമാണ് സാഗര നിദ്ര. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കെ പി ശങ്കരനാണ്.
പെണ്ണാഴങ്ങളിലെ വിസ്മയലോകം അവതരിപ്പിക്കുന്ന കവിതകളാണ് സാഗര നിദ്രയിലേത്. ഇവിടത്തെ ഒരോ കാഴ്ചയും ഓരോ ശബ്ദവും മുമ്പ് കണ്ടുകേട്ടവയില്‍ നിന്നും വ്യത്യസ്തമാണ്. അവ നമ്മളെ പുതിയൊരു ഉയിരിലേക്കും ഉടലിലേക്കും നവീകരിക്കുന്നു. വാക്കുകളുടെ പുതുവെളിച്ചങ്ങള്‍ വസ്തുക്കളെ അപൂര്‍വ്വശോഭയുള്ളതാക്കുന്നു.
തൃശൂരിലെ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന ഇ സന്ധ്യ ആനുകാലികങ്ങളില്‍ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്. 2008 ല്‍ പുഴ.കോം അവാര്‍ഡ് (‘പുഴ പറഞ്ഞത്’), 2009 ല്‍ സാഹിതീയം തകഴി പുരസ്‌കാരം (‘പടികള്‍ കയറുന്ന പെണ്‍കുട്ടി’ രണ്ടാംസ്ഥാനം), 2010 ല്‍ രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക തുളുനാട് കവിതാ അവാര്‍ഡ് (‘അവിലോസുപൊടി’ രണ്ടാംസ്ഥാനം) തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.