ആതുര ശുശ്രൂഷകള്‍ നടത്താനാഗ്രഹിക്കുന്നര്‍ക്ക് എന്നെന്നും പ്രചോദനമായി നിലകൊള്ളുന്ന പി.യു.തോമസിന്റെ ജീവിതം അക്ഷരങ്ങളില്‍ ആവാഹിച്ച് പ്രസിദ്ധീകരിച്ച ആത്മകഥയാണ് പൊതിച്ചോറ്. കടന്നുപോന്ന വഴിത്താരകളില്‍ പൂക്കളും മുള്ളുകളുമുണ്ടായിരുന്നെന്ന് പൊതിച്ചോറിലൂടെ തോമസ് വ്യക്തമാക്കുന്നു. തന്നെ വേദനിപ്പിച്ചവരെപ്പോലും കുറ്റപ്പെടുത്താതെ തന്റെ ജീവിതയാത്ര വെളിപ്പെടുത്തിക്കൊണ്ട് സഹായിച്ചവരെ നന്ദിപൂര്‍വ്വം സ്മരിക്കുന്നുണ്ട് അദ്ദേഹം. അപൂര്‍വ്വമായ ചിത്രങ്ങള്‍ സഹിതമാണ് തോമസ് സഹജീവികള്‍ക്കൊപ്പമുള്ള തന്റെ ജീവിതം വരച്ചിടുന്നത്.
പുസ്തകത്തിന് പി യു തോമസ് എഴുതിയ ആമുഖക്കുറിപ്പ്;
ലോകം മുഴുവന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ചര്‍ച്ചചെയ്യപ്പെടുന്ന ഒരു ഗുരുതരവിഷയമാണ് അഭയാര്‍ത്ഥി പ്രവാഹം. സിറിയപോലുള്ള രാജ്യങ്ങളില്‍നിന്ന് കൂട്ടത്തോടെ യൂറോപ്യന്‍രാജ്യങ്ങളിലേക്ക് ആളുകള്‍ ഒഴുകി. ആഭ്യന്തരയുദ്ധത്തിന്റെ ക്രൂരതയില്‍, ഭാര്യമാര്‍ നഷ്ടപ്പെട്ട ഭര്‍ത്താക്കന്മാരും ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട ഭാര്യമാരും മക്കള്‍ നഷ്ട പ്പെട്ട മാതാപിതാക്കളും മാതാപിതാക്കള്‍ നഷ്ടപ്പെട്ട മക്കളുമൊക്കെയായി മനുഷ്യര്‍ അര്‍ത്ഥം നഷ്ടപ്പെട്ടു നീങ്ങിയപ്പോള്‍ ലോകം മുഴുവനും വേദനിച്ചു. അതിനിടയില്‍ ജീവിക്കാന്‍കൊതിച്ച് അഭയാര്‍ത്ഥിയായി കടല്‍ കടക്കവേ, അപകടത്തില്‍പ്പെട്ട ഐലാന്‍ എന്ന കൊച്ചുബാലന്റെ മൃതദേഹം കടല്‍ത്തീരത്തടിഞ്ഞപ്പോള്‍ അത് മനുഷ്യയാതനയുടെ അവസാന കാഴ്ചകളില്‍ ഒന്നായിരുന്നു. ഇന്ന് പല രാജ്യങ്ങള്‍ക്കുള്ളിലും യുദ്ധമാണ്. രാജ്യത്തലവന്മാര്‍ക്കും സര്‍ക്കാരിനുമെതിരേ അവിടത്തെ ജനങ്ങളെ കൂടെനിര്‍ത്തി ശക്തരായ തീവ്രവാദഗ്രൂപ്പുകള്‍ യുദ്ധം ചെയ്യുന്നു. നിഷ്‌കളങ്കരായ മനുഷ്യര്‍ നിഷ്‌കരുണം വധിക്കപ്പെടുന്നു. ഈ വിഷയങ്ങള്‍ ഒരു വിചിന്തനത്തിന് നമ്മെ വിധേയരാക്കുന്നുണ്ട്.
രാജ്യങ്ങള്‍ പൊതുവേ സ്വരക്ഷയ്ക്ക് കണ്ടുപിടിക്കുന്ന മാര്‍ഗ്ഗം ശത്രുരാജ്യത്തിനുള്ള ആയുധം തങ്ങള്‍ക്കും ഉണ്ടാകുക എന്നതാണ്. അങ്ങനെ ശത്രുരാജ്യം ബോംബുകള്‍ നിര്‍മ്മിച്ചപ്പോള്‍ എല്ലാ രാജ്യങ്ങളും ബോംബു കള്‍ നിര്‍മ്മിച്ചു. പിന്നീട് അമേരിക്ക അണുവായുധം പ്രയോഗിച്ചപ്പോള്‍ എല്ലാ രാജ്യങ്ങളുംതന്നെ അണുവായുധമുണ്ടാക്കി. വലിയ രാജ്യങ്ങള്‍ അണുവായുധങ്ങള്‍ ദീര്‍ഘദൂരം വഹിച്ചുകൊണ്ടുപോകുവാന്‍ മിസൈലുകള്‍ സൃഷ്ടിച്ചപ്പോള്‍ മറ്റു പല രാജ്യങ്ങളും മിസൈലുകള്‍ സ്വന്തമാക്കി പ്രബല രാജ്യങ്ങള്‍ക്കൊപ്പമെത്തി. ഒടുവിലിതാ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് തങ്ങളെ ആരും ഭയപ്പെടുത്തേണ്ടെന്ന് ഉത്തരകൊറിയപോലുള്ള ചെറിയ രാജ്യങ്ങള്‍പോലും വെളിപ്പെടുത്തിയിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണോ രാജ്യങ്ങള്‍ സ്വരക്ഷ നേടേണ്ടതെന്ന് ചിന്തിച്ചുപോവുകയാണ്. ഹൈഡ്രജന്‍ ബോംബ്‌വരെ എത്തിനില്‍ക്കുന്ന ആഭ്യന്തരസുരക്ഷാമാര്‍ഗ്ഗം ഇനി എങ്ങോട്ടാണ് ശാസ്ത്രലോകത്തെ എത്തിക്കുക? ഒരു നിമിഷംകൊണ്ട് ഭൂമി മുഴുവനും ചാമ്പലാക്കുന്ന വിധത്തില്‍ എന്തെങ്കിലും സൃഷ്ടിക്കുമായിരിക്കും… ഇനി ഇതിന്റെ മറുഭാഗം… ആയുധങ്ങള്‍ ഉള്ളതുകൊണ്ട് ശത്രുരാജ്യം നമ്മളെ കീഴ്‌പ്പെടുത്തുകയില്ലെന്ന് എന്താണ് ഉറപ്പ്? ഒരു നിര്‍ണ്ണായകഘട്ടത്തില്‍ സ്വയം നശിക്കുമെന്ന് ഉറപ്പാക്കിക്കൊണ്ടുതന്നെ തീവ്രവാദിഗ്രൂപ്പുകളോ രാജ്യങ്ങള്‍തന്നെയോ മാരകായുധങ്ങള്‍ പ്രയോഗിച്ചാല്‍ ലോകത്തിന്റെ അവസ്ഥ എന്തായിത്തീരും?യഥാര്‍ത്ഥത്തില്‍ ഇതൊന്നും സമാധാനപൂര്‍ണ്ണവും ശാശ്വതവുമായ ജീവിതമാര്‍ഗ്ഗങ്ങളല്ല. സുരക്ഷയുമല്ല. രാജ്യം രാജ്യത്തെയും ദേശം ദേശത്തെയും വ്യക്തി വ്യക്തിയെയും മഹത്ത്വമുള്ളതായിക്കണ്ട് ആദരിക്കാത്തിടത്തോളം കാലം ആരും സുരക്ഷിതരല്ല. ഏറ്റവും വലിയ ആയുധങ്ങള്‍ സ്‌നേഹവും കരുണയുമാണ്. അഹിംസ ആയുധമാക്കിയാണ് നമ്മള്‍ സ്വാതന്ത്ര്യം നേടിയതെന്നോര്‍ക്കണം. വാളെടുക്കുന്നവന്‍ വാളാലേ നശിക്കുമെന്ന് നമ്മള്‍ കേട്ടിട്ടില്ലേ?
ഒരുപക്ഷേ, നിങ്ങള്‍ കരുതിയേക്കാം എന്തുകൊണ്ട് ഈ എളിയ ഗ്രന്ഥത്തിന്റെ മുഖവുരയായി ഇത്തരം അന്തര്‍ദ്ദേശീയ വിഷയങ്ങള്‍ എഴുതിയതെന്ന്, അതിനുത്തരമുണ്ട്. സമൂഹം വിലയില്ലാത്തതെന്ന് മുദ്രകുത്തി ഉപേക്ഷിച്ചുകളഞ്ഞ ബലഹീനരായ മാനസികരോഗികളെ രക്ഷിക്കണമെന്ന മനസ്സിന്റെ ഉടമയായി കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ജീവിക്കുന്ന എനിക്ക് ആരോഗ്യവാന്മാരും രാജ്യത്തെ പടുത്തുയര്‍ത്തേണ്ടവരുമായ നൂറുകണക്കിന് മനുഷ്യരെ ഒറ്റയ്ക്കും ഒരുമിച്ചും വെടിവെച്ചും കഴുത്തറത്തും ശ്വാസംമുട്ടിച്ചും കൊല്ലുന്ന കാഴ്ച കാണുമ്പോള്‍ വേദന അടക്കാനാവുന്നില്ല. ഓരോ വ്യക്തിയും എത്ര വിലയുള്ളവരാണ്, ഓരോ വ്യക്തിയും ദൈവത്തിന്റെ, ഈ പ്രപഞ്ചസംവിധാനത്തിന്റെ നിര്‍ണ്ണായകഘടകവുമാണ്. സ്വയം കാരണത്താലോ മറ്റുള്ളവരാലോ ഒരു വ്യക്തി കുറവുള്ളവനാക്കപ്പെട്ടാല്‍ ആ വ്യക്തിയെ വിധിക്കാനോ നശിപ്പിക്കാനോ നമുക്ക് അധികാരമില്ല. കുറവുള്ളവരോട് കരുണ കാണിക്കണം. മുകളില്‍ പറഞ്ഞ ഒരു ചിന്താഗതിയെ നിറവേറ്റാന്‍ ഞാന്‍ നടത്തിയ എളിയ പരിശ്രമത്തിന് ദൈവം തന്ന സമ്മാനമാണ് നവജീവന്‍ എന്നാണ് എന്റെ ഉത്തമബോധ്യം.
മഹാരഥന്മാരുടെ ജീവിതങ്ങള്‍ പങ്കുവെക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ അരികില്‍ എന്റെ ജീവിതാനുഭവങ്ങള്‍ പറയുന്ന ഈ പുസ്തകത്തിന്റെ വിലയെന്തെന്നുപോലും അറിയില്ല. അതുകൊണ്ടുതന്നെ അനുഭവങ്ങള്‍ എഴുതിവെക്കണമെന്ന് പലരും പറഞ്ഞപ്പോള്‍ ഉത്സാഹം തോന്നിയതുമില്ല. പക്ഷേ, ഇപ്പോള്‍ പ്രവര്‍ത്തനങ്ങളുടെ അമ്പതാണ്ടുകള്‍ പിന്നിടുമ്പോള്‍ ജീവിതം അതിന്റെ സായാഹ്നങ്ങളിലേക്കടുക്കുമ്പോള്‍ എന്റെ ജീവിതവഴികളില്‍ മറ്റു മനുഷ്യര്‍ തന്ന തീരാത്ത നന്മകള്‍ക്കു നന്ദി പറയാന്‍ ഈ പുസ്തകം ഉപകരിക്കുമെന്ന് മനസ്സില്‍ തോന്നി. കാരണം ഈ കാലഘട്ടത്തില്‍ മനുഷ്യനന്മയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ നവജീവന്‍ തോമസ്സെന്ന എനിക്കു കഴിഞ്ഞെങ്കില്‍ അത് അനേകം മനുഷ്യരുടെ സഹായഹസ്തങ്ങളാലാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ പ്രധാനലക്ഷ്യം ആ നന്ദി പ്രകാശനംകൂടി ആകണമെന്ന് ആഗ്രഹിക്കുന്നു.
പുസ്തകത്തില്‍ എന്റെ ബാല്യകാലം മുതല്‍ ഇന്നോളം സംഭവിച്ച കാര്യങ്ങളില്‍ പ്രസക്തമെന്നു തോന്നിയത് പങ്കുവെക്കുന്നു. അതുകൊണ്ടുതന്നെ ഐതിഹാസികമായി ഒന്നും ഉണ്ടാവണമെന്നില്ല. മാനസികരോഗിയായ മനുഭായി എന്ന രാജസ്ഥാന്‍സ്ത്രീയും കോട്ടയം തെരുവിലൂടെ അലഞ്ഞുനടന്ന കുഞ്ഞച്ചനുമൊക്കെത്തന്നെയാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരെയൊക്കെ മാറ്റിനിര്‍ത്തിയാല്‍ നവജീവനും ഞാനും ഒന്നുമല്ല.
ഒരു വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ശ്രീ ഷിന്റോ കൂടപ്പാട്ടിനെ പരിചയപ്പെടുന്നത്. എന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഇഷ്ടപ്പെട്ട അദ്ദേഹം എന്റെ കൂടെനടന്ന് ഞാന്‍ നടത്തിയ പ്രസംഗങ്ങള്‍ ശേഖരിച്ച് ഇതെല്ലാം കൂട്ടി പുസ്തകമാക്കട്ടെ എന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. കുറിപ്പുകള്‍ സൂക്ഷിച്ചുവെച്ചും എന്നോടൊപ്പം യാത്ര ചെയ്തും നിരവധി ചോദ്യങ്ങള്‍ ചോദിച്ചും ഈ പുസ്തകത്തെ അദ്ദേഹം ശരിയായി രൂപകല്പന ചെയ്തു. അനുഭവങ്ങളെ അക്ഷരങ്ങളിലെത്തിച്ചപ്പോള്‍ അതിന്റെ ആത്മാവ് നഷ്ടപ്പെടാതിരിക്കാനും അതീവ ശ്രദ്ധ പുലര്‍ത്തി. മറ്റു പത്രവാര്‍ത്തകള്‍ സസൂക്ഷ്മം നോക്കുകയും അതില്‍നിന്ന് ആവശ്യമായവ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദൈവം ആഗ്രഹിച്ച സമയത്താണ് പൊതിച്ചോറ് എഴുതുന്നതെന്ന് പൂര്‍ണ്ണമായും ഞാന്‍ വിശ്വസിക്കുന്നു.