കേരളപ്പിറവിക്കുശേഷം കഴിഞ്ഞ ആറു ദശാബ്ദങ്ങള്‍ക്കിടയില്‍ കേരളത്തിലങ്ങോളമിങ്ങോളം രൂപം കൊണ്ട ബദല്‍പ്രസ്ഥാനങ്ങളെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകമാണ് മറുമൊഴി പുതുവഴി; കേരളത്തിലെ ബദല്‍പ്രസ്ഥാനങ്ങള്‍. സാമൂഹികമാറ്റങ്ങള്‍ ലക്ഷ്യമിട്ട് വഴിമാറി ചിന്തിക്കുകയും പുതുവഴികള്‍ തേടുകയും ചെയ്യുവാനിടായായ രാഷട്രീയ സാമൂഹിക സാഹചര്യങ്ങള്‍,അതു നല്‍കിയ സംഭാവനകള്‍, ചരിത്രധാരകള്‍ തുടങ്ങിയവ അന്വേഷിക്കുകയാണ് ഈ പുസ്തകം. കേരളത്തിന്റെ വിവിധ മേഖലകളില്‍ പുരോഗമനാത്മകവും സമകാലികവുമായ ആശയങ്ങളെ അവതരിപ്പിച്ച ലിറ്റിന്‍ മാഗസിന്‍, ഫിലിം സൊസൈറ്റി, ചിത്രകലാ പ്രസ്ഥാനം, പരിസ്ഥിതി പ്രസ്ഥാനം, വിദ്യാഭ്യാസ പ്രസ്ഥാനം തുടങ്ങിയ വിവിധ വിഷയങ്ങളെയാണ് മറുവഴി പുതുവഴി എന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് പ്രദീപ് പനങ്ങാടാണ്.
പുസ്തകത്തിന് പ്രദീപ് പനങ്ങാട് എഴുതിയ ആമുഖത്തില്‍ നിന്ന് ;
കേരളത്തിലെ ബദല്‍പ്രസ്ഥാനങ്ങള്‍ക്ക് സവിശേഷ ചരിത്രവും പ്രസക്തിയുമുണ്ടണ്ട്. കാലത്തോടുള്ള ചരിത്രപരമായ പ്രതികരണമെന്ന നിലയ്ക്കാണ് ബദല്‍പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടുവരുന്നത്. കേരളപ്പിറവിക്കു മുമ്പുമുതല്‍തന്നെ അത്തരം ആശയസമീക്ഷകള്‍ പ്രത്യക്ഷമായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്ന കാലയളവില്‍തന്നെ ബദല്‍ ചിന്താധാരകള്‍ സമാന്തരമായി ഉയര്‍ന്നുവന്നിരുന്നു. പിന്നീട് കേരളത്തിന്റെ ഓരോ ചരിത്രസന്ദര്‍ഭത്തിലും വിവിധതലങ്ങളിലൂടെ വിഭിന്നരൂപങ്ങളിലൂടെ, സാമൂഹ്യജീവിതത്തില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. കൃത്യമായ രാഷ്ട്രീയ ഉള്ളടക്കത്തോടെയും വിമര്‍ശനാത്മക സമീപനങ്ങളിലൂടെയുമാണണ്ട് ഇത്തരം പ്രത്യക്ഷങ്ങള്‍ വിവിധ കാലങ്ങളില്‍ ഉണ്ടണ്ടായത്. രാഷ്ട്രീയം, കല, സാഹിത്യം, സംസ്‌കാരം തുടങ്ങി ഓരോ മേഖലയിലും ബദല്‍ അന്വേഷണങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. പലപ്പോഴും മുഖ്യധാരാപ്രസ്ഥാനങ്ങള്‍ നിഷ്‌ക്രിയവും നിശബ്ദവുമാവുമ്പോള്‍ സമൂഹത്തെ ചലനാത്മകമാക്കിയത് ബദല്‍ ആധുനിക സാംസ്‌കാരിക പ്രസ്ഥാനങ്ങളാണ്.
മുഖ്യധാരാ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ആശയങ്ങളോടും പ്രവര്‍ത്തനങ്ങളോടും ഉണ്ടണ്ടായ വിമര്‍ശനാത്മകമായ വിയോജിപ്പുകളാണ് ബദല്‍പ്രസ്ഥാനങ്ങളെ സാധ്യമാക്കിയത്. സമീപനങ്ങളും സങ്കല്പങ്ങളും ഗതാനുഗതികത്വത്തിലേക്ക് സ്വയം കടന്നുപോകുമ്പോഴാണ് ബദല്‍ ആശയങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങുന്നത്. ഉള്ളടക്കത്തിലും രൂപത്തിലും കാലാനുസൃതമായി ഉണ്ടണ്ടാകേണ്ടണ്ട വിച്ഛേദത്തെക്കുറിച്ചുള്ള ബോധ്യവും പുതിയ ദിശകളിലേക്കുള്ള സഞ്ചാരങ്ങള്‍ക്ക് വഴിതുറക്കുന്നു. കാലത്തിന്റെ മാറുന്ന ചക്രവാളങ്ങളെ ഉള്‍ക്കൊണ്ടണ്ട് മൗലികതയെ ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍പ്രസ്ഥാനങ്ങളാണ് ചരിത്രത്തില്‍ അനിവാര്യമാകുന്നത്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ ഉയര്‍ന്നുവന്ന ബദല്‍ പ്രസ്ഥാനങ്ങള്‍ക്ക് ഉള്ളടക്കത്തിലും രൂപത്തിലും ആവിഷ്‌കാരത്തിലും ആശയഘടനയിലും കൃത്യമായ ഒരു രാഷ്ട്രീയ സാംസ്‌കാരിക സമീപനം ഉണ്ടായിരുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അമ്പതു മുതല്‍തന്നെ വിവിധതരത്തിലുള്ള ബദല്‍ ആശയധാരകള്‍ രൂപപ്പെട്ടുവന്നിരുന്നു. ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ച നെഹ്‌റുസര്‍ക്കാര്‍ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നുതുടങ്ങിയത് പൊതുസമൂഹത്തെ നിരാശാഭരിതമാക്കി. സോഷ്യലിസ്റ്റ് ആശയങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്നു എന്നു കരുതിയ ഭരണകൂടം മുതലാളിത്ത പാതയിലേക്ക് അതിവേഗം നീങ്ങി. വികസനം സ്വപ്നങ്ങളിലും ദാരിദ്ര്യം യാഥാര്‍ത്ഥ്യത്തിലുമെത്തി. ഇന്ത്യയില്‍ വ്യാപകമായി സംഘടിതരൂപത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഈ ഭരണകൂടത്തിന് ബദലായി നില്‍ക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉടലെടുത്തു. ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ ഭാഗധേയത്വം വഹിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാധ്യമാകുമോ എന്ന സന്ദിഗ്ധത വ്യാപകമായി. അറുപതുകളുടെ മധ്യമാകുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിലൂടെ ഉയര്‍ന്നുവന്ന രാഷ്ട്രീയമൂല്യബോധവും സമൂഹിക പ്രതിബദ്ധതയും അപ്രത്യക്ഷമായിത്തുടങ്ങി. ഇത്തരമൊരു സാമൂഹിക രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍നിന്നാണ് ബദല്‍ ആശയങ്ങള്‍ വിവിധതലങ്ങളിലൂടെ ഉയര്‍ന്നുവന്നത്. കേരളത്തിലും അതിന്റെ അനുരണനങ്ങള്‍ പ്രത്യക്ഷമായി. അമ്പതുകള്‍ മുതല്‍തന്നെ കേരളത്തിലും ബദല്‍പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയിരുന്നു.
ദേശീയപ്രസ്ഥാനം മുഖ്യധാരയില്‍ നില്‍ക്കുമ്പോള്‍തന്നെ, ഗാന്ധിയന്‍ രാഷ്ട്രീയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെ ആശയങ്ങള്‍ ചര്‍ച്ചചെയ്യുന്ന നിരവധി കൂട്ടായ്മകള്‍ കേരളത്തിന്റെ വിവിധഭാഗങ്ങളിലുണ്ടണ്ടായി. പ്രശസ്തരായ മലയാളികളുടെ നേതൃത്വത്തില്‍ 1950-ല്‍ മദിരാശിയില്‍ നവസാഹിതി എന്ന പ്രസ്ഥാനം തന്നെ തുടങ്ങിയിരുന്നു. കലയിലും സാഹിത്യത്തിലും സംസ്‌കാരത്തിലും പുതിയ ചക്രവാളങ്ങള്‍ അന്വേഷിക്കാനുള്ള ആഗ്രഹത്തില്‍ നിന്നാണ് നവസാഹിതി ഉണ്ടണ്ടാവുന്നത്. സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രസാധനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നവസാഹിതി ശ്രദ്ധകേന്ദ്രീകരിച്ചു. വിവിധ പ്രസാധന സംരംഭങ്ങളും ക്യാമ്പുകളും ശിബിരങ്ങളും മദിരാശിയിലും കേരളത്തിലുമായി നടന്നു. മുഖ്യധാരാ രാഷ്ട്രീയ സാംസ്‌കാരിക ധാരയോട് അകന്നുനിന്നുകൊണ്ടണ്ടുതന്നെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.
വ്യക്തമായ ദിശാബോധത്തോടുകൂടിയുള്ള ബദല്‍ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ തുടങ്ങുന്നത് അറുപതുകളോടെയാണ്. കൃത്യമായ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാട് പുലര്‍ത്തിക്കൊണ്ടാണ് ബദല്‍പ്രസ്ഥാനങ്ങള്‍ രൂപമെടുത്തത്. മുഖ്യധാരാ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളോട് വിമര്‍ശനാത്മകസമീപനം സ്വീകരിച്ചുകൊണ്ടണ്ടും ക്രിയാത്മക ആവിഷ്‌കാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ക്കൊണ്ടണ്ടുമാണ് ബദല്‍പ്രസ്ഥാനങ്ങള്‍ മുന്നോട്ടുപോയത്. ആശയസമരത്തിന്റെ തീക്ഷ്ണ സന്ദര്‍ഭങ്ങളും ആത്മസംവാദത്തിന്റെ തീവ്രസമരങ്ങളുമാണ് ബദല്‍പ്രസ്ഥാനകാലത്തെ മുമ്പോട്ടു നയിച്ചത്. സ്വാതന്ത്ര്യാനന്തരകാലത്തെ ഏറ്റവും ചലനാത്മകവും സചേതനവുമായ കാലഘട്ടമായിരുന്നു അത്. എഴുത്തിലെയും ചിന്തയിലെയും സംക്രമകാലം തുടങ്ങുന്നത് അറുപതുകളിലെ ഈ സവിശേഷ സന്ദര്‍ഭത്തിലൂടെയാണ്.
പുരോഗമന സാഹിത്യപ്രസ്ഥാനം ഉള്‍പ്പെടെയുള്ള മുഖ്യധാരാസാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ സാമൂഹികവും ആശയപരവുമായി പ്രതിസന്ധികള്‍ നേരിടുന്ന കാലമായിരുന്നു അറുപതുകള്‍. കലയെയും സാഹിത്യത്തെയും കുറിച്ചുള്ള സെക്ടേറിയന്‍ യാത്രിക സമീപനങ്ങള്‍ കാലഹരണപ്പെടുകയും പുതിയ സങ്കല്പങ്ങളിലേക്കെത്താന്‍ പ്രതിസന്ധികള്‍ നേരിടുകയും ചെയ്ത സമയമായിരുന്നു അത്. വിപ്ലവത്തിനും കാല്പനികതയ്ക്കുമിടയിലെ അതിരുകള്‍ തകര്‍ന്നുപോവുകയും ചെയ്തിരുന്നു. ആശയ സമരത്തിലോ, സര്‍ഗ്ഗാത്മക മേഖലയിലോ, പുതിയ അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് കഴിഞ്ഞില്ല. ഒരു പ്രസ്ഥാനം എന്ന നിലയില്‍പോലും മുന്നോട്ടു പോകാനായില്ല. ഈ പശ്ചാത്തലത്തിലൂടെയാണ് പുതിയ ബദല്‍ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ രൂപമെടുക്കുന്നത്.