മലയാളിയും സ്വവര്‍ഗ്ഗാനുരാഗിയുമായ കിഷോര്‍കുമാറിന്റെ ജീവിത കഥയാണ് രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍- മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും എന്ന പുസ്തകം. സ്വവര്‍ലൈംഗികത പ്രമേയമായി വരുന്ന രണ്ടാമത്തെ പുസ്തകമാണിത്. ഒന്ന് കന്നഡ സാഹിത്യകാരനായ വസുധേന്ദ്രയുടെ മോഹനസ്വാമി എന്ന കഥാസമാഹാരമാണ്. മാത്രവുമല്ല ഒരുമലയാളിയായ ഗേ തന്റെ വ്യക്തിത്വത്തെ ആദ്യമായി തുറന്നുപറയുന്നു എന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്. സ്വന്തംവ്യക്തിത്വം വെളിപ്പെടുത്താനാവാതെ കടുത്ത മാനസികസംഘര്‍ഷങ്ങള്‍ അനുഭവിച്ചും..നാടുവിട്ടും പുരയ്ക്ക് വെളിയിലിറങ്ങാതെയും കഴിച്ചുകൂട്ടുന്ന സ്വവര്‍പ്രേമികളുള്ള നമ്മുടെ നാട്ടില്‍ ഇത്തരമൊരു തുറന്നുപറച്ചില്‍ ആദ്യമാണ്.അതും പുസ്തകരൂപത്തില്‍ അച്ചടിച്ച് വരുന്നത്. ഇവിടെ കോഴിക്കോട് സ്വദേശിയായ കിഷോര്‍ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകമാത്രമല്ല, മറിച്ച് താന്‍ ഉള്‍പ്പെടുന്ന സമൂഹത്തെ സംരക്ഷിക്കാനും അവരുടെ പ്രശ്‌നങ്ങളെ പുറംലോകത്തെത്തിക്കാനും അതുവഴി സംരക്ഷണം നേടിയെടുക്കാനുമാണ് ശ്രമിക്കുന്നത്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ഡോ എ കെ ജയശ്രീ എഴുതിയ അവതാരികയും, കെ എസ് അനില്‍കുമാര്‍, ജി രശ്മി എന്നിവര്‍തമ്മിലുള്ള അഭിമുഖം , ലിജി പുല്ലപ്പള്ളി, കിഷോര്‍കുമാര്‍ എന്നിവരുമായുള്ള അഭിമുഖം എന്നിവയും ചേര്‍ത്തിട്ടുണ്ട്. ‘നൈതികമായ ഇടപെടല്‍’എന്ന തലക്കെട്ടില്‍ ഡോ എ കെ
ജയശ്രീ എഴുതിയ അവതാരിക പുസ്തകത്തെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്നതാണ്.
അവതാരികയില്‍ നിന്ന് ഒരുഭാഗം;
രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുകയാണ്. മലയാളത്തിലാകുമ്പോള്‍ കേരളവും. സ്‌നേഹം പ്രകടിപ്പിക്കാന്‍ വിലക്കുകളുള്ള, പുരുഷന്മാര്‍ക്ക് സ്‌നേഹപ്രകടനം ദൗര്‍ബ്ബല്യമാണെന്നു പറയുന്ന, പ്രണയ മെന്നാല്‍ സ്ത്രീയെ കീഴ്‌പ്പെടുത്തലാണെന്നുകരുതുന്ന സമൂഹത്തില്‍ കിഷോറിന്റെ സ്‌നേഹാനുഭവങ്ങളും കാഴ്ചപ്പാടും പുതിയൊരു വാതില്‍ തുറക്കുകയാണ്. ഹിംസാത്മകത പുരുഷസ്വഭാവമായി കാണുന്നതുകൊണ്ട് മൃദുലഭാവങ്ങള്‍ക്ക് സ്ത്രീയിലേക്കു തിരിയണമെന്ന വാര്‍പ്പുമാതൃകയെ തകര്‍ക്കുകയുമാണ് പുരുഷന്മാര്‍ തമ്മിലുള്ള ചുംബനം. യുദ്ധവും കലാപവും വഴിമാറിപ്പോകുന്ന പുതുലോകമാണ് അതു തീര്‍ക്കുന്നത്.
ഒട്ടും അനുകൂലമല്ലാത്ത നമ്മുടെ സമൂഹികാന്തരീക്ഷത്തില്‍ ജീവനൊടുക്കിയും നാടുവിട്ടും രഹസ്യജീവിതത്തിലൊളിച്ചും സ്വവര്‍ഗ പ്രേമികള്‍ അപ്രത്യക്ഷരാവുകയായിരുന്നു. ‘കമിങ് ഔട്ട്’ നടത്തി പുറത്തു വരുന്നവരുടെ ജീവിതം പുതിയ പ്രതിസന്ധികള്‍ നേരിടും. ഈ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് കിഷോര്‍കുമാര്‍ തന്റെ ജീവിതം മറ്റുള്ളവര്‍ക്കായി തുറന്നുവെക്കുന്നത്. നിലനില്‍പ്പിനായി ഭൗതികവും താത്ത്വികവുമായ ഇടം കണ്ടെത്തേണ്ടതായുണ്ടെന്ന തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ ചോദന. കുട്ടിക്കാലംമുതലുള്ള സ്വന്തം അനുഭവങ്ങളെ ഉള്‍ക്കാഴ്ചയോടെ വിലയിരുത്തുകയും അതേസമയം അന്വേഷണത്തിലൂടെയും പഠനത്തിലൂടെയും അത് വിപുലപ്പെടുത്തി മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാനുള്ള ശ്രമമാണിതിലുള്ളത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും ഉണ്ടായിട്ടുള്ള തീവ്രമായ അനുഭവങ്ങളും പ്രയാസങ്ങള്‍ തരണം ചെയ്തു പുറത്തുവരാനുള്ള ആര്‍ജ്ജവവും ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നത് ഈ പുസ്തകം കാലികപ്രസക്തിയുള്ളതാക്കുന്നു.
പ്രണയാനുഭവങ്ങളുടെ നിറപ്പകിട്ടേകേണ്ട കൗമാരകാലം എങ്ങനെ സ്വവര്‍ഗാനുരാഗികള്‍ക്ക് മങ്ങിയതും വിരസവും ഇടയ്‌ക്കെങ്കിലും ഭയ മുണ്ടാക്കുന്നതുമാകുന്നു എന്നത് ഈ അനുഭവകഥയിലൂടെ നമുക്ക് തിരിച്ചറിയാനാവും. കൂട്ടുകാര്‍ക്കു മുന്നില്‍ വെളിപ്പെടാത്ത ‘തന്നെപ്പോലെയുള്ളവരെപ്പറ്റിയുള്ള’ തമാശ കേട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. പെണ്‍കുട്ടികളോട് താത്പര്യമുണ്ടെന്ന് വെറുതേ അഭിനയിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍. ചുറ്റുമുള്ളവര്‍ പരിഹസിക്കുമ്പോഴും ‘ഡോക്ടറോട് ചോദിക്കാം പംക്തി’ കാണുമ്പോഴുമൊക്കെ ആത്മ പ്രതിസന്ധിയില്‍ പെടുകയാണ്.
പ്രണയം, വിവാഹം, കുടുംബം എന്നിവയെപ്പറ്റി സാധാരണ നമ്മള്‍ ചിന്തിക്കാത്ത പല മാനങ്ങളും കിഷോറിന്റെ തുറന്നെഴുത്തിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നുണ്ട്. ഇവയോരോന്നും ജീവിതത്തില്‍ നമുക്ക് നല്‍കുന്ന ആഹ്ലാദാനുഭവങ്ങള്‍ പുതുവെളിച്ചത്തില്‍ നോക്കാന്‍ ഈ കുറിപ്പുകള്‍ പ്രേരണയാകുന്നു. പ്രണയം പുറത്തറിയിക്കാനാവാതെ കാമനകളില്‍ മാത്രം ഒതുങ്ങുകയും ആ അനുഭൂതിയും പുറത്തറിഞ്ഞാലുണ്ടാകാവുന്ന ഭവിഷ്യത്തിനെച്ചൊല്ലിയുള്ള ഭീതിയുമുണ്ടാക്കുന്ന സംഘര്‍ഷം ഒരുപക്ഷേ, നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്നതാണ്. മറ്റ് ആണ്‍കുട്ടികളുടെ തമാശകളില്‍ പങ്കെടുക്കാന്‍ കഴിയാതെ ഒറ്റപ്പെട്ടുപോവുന്ന സ്വവര്‍ഗാനുരാഗികള്‍ സമാനമായോ അതിലധികമായോ ഉള്ള ആത്മസംഘര്‍ഷത്തില്‍ പെടുന്നതായാണ് ഇവിടെ നമ്മള്‍ കാണുന്നത്. അജ്ഞതമൂലം ഇത് ചികിത്സിച്ചുമാറ്റാവുന്ന ഒരു രോഗമായി സമൂഹം കരുതിപ്പോരുന്നു എന്നതാണ് കുഴപ്പമുണ്ടാക്കുന്നത്. ഇതിന് വൈദ്യശാസ്ത്രം അടുത്തകാലംവരെ പിന്തുണ നല്‍കിയിരുന്നു. ഇപ്പോഴും ഫലമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ചില ചികിത്സകര്‍ തെറ്റിദ്ധാരണ പരത്തിക്കൊണ്ടിരിക്കുന്നു. ഭിന്നവര്‍ഗലൈംഗികതപോലെതന്നെ സ്വവര്‍ഗലൈംഗികതയും ശരീരത്തില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതാണെന്ന പുതിയ അവബോധം പുസ്തകത്തിലുടനീളം അടിവരയിട്ടു പറയുന്നുണ്ട്.
വ്യക്തികളുടെ വളര്‍ച്ചയില്‍ പ്രണയത്തിനുള്ള പങ്ക് നമ്മള്‍ തിരിച്ചറിയുന്നത് അത് പാടുപെട്ട് നേടുമ്പോഴാണ്. ആണും പെണ്ണും തമ്മിലായാലും പെണ്ണും പെണ്ണും തമ്മിലായാലും ആണും ആണും തമ്മിലായാലും അത് ഒരേപോലെ മൂല്യവത്താണെന്ന് കിഷോര്‍ തിരിച്ചറിയുന്നു. വായനയിലൂടെയും പാട്ടിലൂടെയും സിനിമയിലൂടെയുമൊക്കെയാണ് കിഷോറിന്റെ ആത്മാന്വേഷണം. ‘പാടിയ ഗാനങ്ങളിലും കണ്ട സിനിമകളിലും വായിച്ച പുസ്തകങ്ങളിലും ഉള്ള പ്രണയംപോലെതന്നെ ആത്മര്‍ത്ഥമാണ് എന്റെയും പ്രണയം’ എന്ന കണ്ടെത്തല്‍ കിഷോറിന് ആത്മസംഘര്‍ഷങ്ങളില്‍നിന്ന് മോചനം നല്‍കുന്നു. ലിംഗസമത്വത്തിലധിഷ്ഠിതമായ ഒരു പ്രണയസങ്കല്പമാണ് ഇവിടെ മുന്നോട്ടുവെക്കുന്നത്. ആണ്‍കേന്ദ്രിതമായ ലൈംഗികതയില്‍നിന്നുള്ള വിടുതല്‍ സ്ത്രീകള്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കും ഒരേപോലെ ആത്മപ്രകാശനത്തിനാവശ്യമാണെന്ന ആശയം രാഷ്ട്രീയമായി സ്ത്രീവിമോചനവുമായുള്ള ഐകദാര്‍ഢ്യത്തെ സൂചിപ്പിക്കുന്നുണ്ട്. സഹയാത്രികയുടെ ആത്മഹത്യാപഠനത്തെയും അതോടു ബന്ധമുള്ള ‘സഞ്ചാരം’ എന്ന ലെസ്ബിയന്‍ സിനിമയെയും കിഷോര്‍ അനുഭാവത്തോടെയാണ് ഇതില്‍ വിവരിക്കുന്നത്.’ഈ ലോകത്തില്‍ വിവാഹിതനായി ഇണയോടൊപ്പം ജീവിക്കുന്നതിന് ഏറ്റവുമധികം ആഗ്രഹിച്ച വ്യക്തി ഞാനായിരിക്കാം.’ എന്ന് കിഷോര്‍ പറയുമ്പോള്‍ ഭിന്നവര്‍ഗപ്രേമികളില്‍ പെടുന്നതുകൊണ്ട് പ്രയാസം കൂടാതെ ലഭ്യമായിരിക്കുകയും എന്നാല്‍ മറ്റു കാരണങ്ങളാല്‍ അത് സ്വയം വേണ്ടെന്നുവെക്കുകയും ചെയ്യുന്ന സ്ത്രീവിമോചന നിലപാടുകളില്‍നിന്ന് വ്യത്യസ്തമായ ഒരു ഭൂമികയിലാണ് സ്വവര്‍ഗപ്രേമികള്‍ നിലനില്ക്കുന്നതെന്ന ഒരു പുതിയ തിരിച്ചറിവുണ്ടായി. വിവാഹത്തെയും കുടുംബത്തെയും പുതിയൊരര്‍ത്ഥത്തില്‍ കാണാന്‍ ഓര്‍മ്മക്കുറിപ്പ് സഹായിച്ചു എന്നു പറയാം.
നമ്മുടെ സമൂഹവും നിയമവും സ്വവര്‍ഗപ്രേമത്തിനെതിരായതിനാല്‍ പ്രണയബന്ധത്തിലേക്ക് എത്തിച്ചേരുന്ന സാധ്യതകളെ അകറ്റിനിര്‍ത്തി ലൈംഗികതയെ താത്കാലിക കാമശമനത്തിനുള്ള ഒരു ഉപാധിയായിമാത്രം വീക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്ന് ഇതില്‍ പറയുന്നുണ്ട്. സ്വവര്‍ഗപ്രേമം ജന്മനായുള്ള ഒരു സ്വഭാവയാഥാര്‍ത്ഥ്യമായി കാണാന്‍ വിസമ്മതിക്കുന്ന പൊതുബോധത്തിന്റെ വൈകല്യമാണിതിലേക്കെത്തിക്കുന്നത്. ഇതിനുള്ള ചികിത്സയും പ്രതിരോധവും കിഷോര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ‘അടിച്ചമര്‍ത്തിയ സ്വവര്‍ഗാനുരാഗത്താല്‍ ഉളവാകുന്ന മാനസിക രോഗങ്ങള്‍ക്കുള്ള ചികിത്സ അനുരാഗം പ്രകടിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുക എന്നതാണ്.’ അത് രോഗത്തില്‍നിന്ന് അനുരാഗത്തിലേക്കുള്ള പരാവര്‍ത്തനമാണ്. ‘ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍, കലാകാരന്മാര്‍ എന്നീ നിലയില്‍ സ്വവര്‍ഗപ്രേമികള്‍ സാമൂഹികമായി ദൃശ്യരാകുന്നതാണ് സ്വവര്‍ഗഭീതിക്കുള്ള മറുമരുന്ന്’ എന്നതിലും സന്ദേഹമില്ല.
‘പ്രണയം ഒരു മനുഷ്യാവകാശപ്രശ്‌നമാണ്’ എന്നതുതന്നെയാണീ പുസ്തകം മുന്നോട്ടുവെക്കുന്ന പ്രമേയം. സത്യസന്ധമായ പങ്കുവെക്കലിലൂടെയുള്ള വളര്‍ച്ച അസാദ്ധ്യമായ പ്രതികൂലസാഹചര്യത്തിലും പാട്ടുകളിലൂടെയും കമ്പ്യൂട്ടര്‍ സങ്കേതങ്ങളിലൂടെയും സ്വന്തമായി ഇടം കണ്ടെത്താന്‍ ശ്രമിക്കുകയും ആ ശ്രമം പിന്നീട് വിദേശജീവിതത്തിലൂടെയും ഇടപെടലുകളിലൂടെയും ഒരു പ്രതിബദ്ധതയായി വളരുകയും ചെയ്യുന്നതാണ് കിഷോറിന്റെ ജീവിതം. ഇതിനിടയിലുണ്ടാകുന്ന പ്രതിസന്ധികളെയൊക്കെ പഠനങ്ങളിലൂടെയും സ്വയം വിശകലനത്തിലൂടെയും സമാനമായ പങ്കുവെക്കലുകളിലൂടെയും ധീരമായി നേരിടുന്നത് മറ്റുള്ളവര്‍ അറിയേണ്ടതുകൂടിയാണ്.