ശ്രീലങ്കയിലെ എല്‍ടിടിഇയുടെ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ രണ്ടാമനായിരുന്ന മഹാതിയ (ഗോപാലസ്വാമി മാഹേന്ദ്ര രാജ) ഇന്ത്യന്‍ ചാരസംഘടനയായിരുന്ന റോയുടെ ഏജന്റായിരുന്നു എന്ന് പത്രപ്രവര്‍ത്തകനായ നീന ഗോപാലിന്റെ വെളിപ്പെടുത്തല്‍. പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ നീന ഗോപാല്‍ രചിച്ച ‘ദി അസാസിനേഷന്‍ ഓഫ് രാജീവ് ഗാന്ധി’ (രാജീവ് ഗാന്ധി വധം) എന്ന പുസ്തകത്തിലാണ് ഈ വിവാദ വെളിപ്പടുത്തല്‍. മുന്‍പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ അന്ത്യനാളുകളെക്കുറിച്ചുള്ളതാണ് ‘ദി അസാസിനേഷന്‍ ഓഫ് രാജീവ് ഗാന്ധി എന്ന പുസ്തകം. പ്രമുഖ പ്രസാധകരായ പെന്‍ഗ്വിനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
റോയുടെ ചാരനായി 1989ലാണ് മഹാതിയയെ റിക്രൂട്ട് ചെയ്തതെന്നും പുസ്‌കതത്തില്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയ്‌ക്കെതിരെ എല്‍ടിടിഇ നടത്തുന്ന നീക്കങ്ങള്‍ സംഘടനയുടെ ഉള്ളില്‍ നിന്ന് വിഫലമാക്കുകയും പ്രഭാകരനെ മറികടന്ന് എല്‍ടിടിയുടെ നേതൃത്വം ഏറ്റെടുക്കുകയുമായിരുന്നു മഹാതിയയുടെ ദൗത്യമെന്ന് പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. എല്‍ടിടിഇയുടെ തലപ്പത്ത് വരെ ചാരനെ നിയമിക്കാന്‍ കഴിഞ്ഞതില്‍ റോ അമിത ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ രാജീവ് ഗാന്ധിയെ വധിക്കാനുള്ള നീക്കം അറിയുന്നതില്‍ റോയും മഹാതിയയും പരാജയപ്പെട്ടതായും പുസ്തകത്തില്‍ വിവരിക്കുന്നു. രാജീവ് ഗാന്ധിയെ വധിച്ച് പ്രഭാകരന്‍ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് റോയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പിന്നീട് പ്രതികരിച്ചിരുന്നതായും പുസ്തകത്തില്‍ വെളിപ്പെടുത്തലുണ്ട്. 1993ല്‍ പത്തോളം എല്‍ടിടി കമാന്‍ഡര്‍മാര്‍ സഞ്ചരിച്ച കപ്പലിനെക്കുറിച്ച് ഇന്ത്യയ്ക്ക് രഹസ്യവിവരം നല്‍കിയത് മഹാതിയയായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ 1994 ഡിസംബറില്‍ എല്‍ടിടിഇ തന്നെയാണ് മഹാതിയയെ വധിച്ചത്. 2009ല്‍ പ്രഭാകരനെ വധിക്കാനുള്ള നീക്കത്തില്‍ റോയ്ക്കും പങ്കാളിത്തമുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു.
പുസ്തകത്തില്‍ റോയും എല്‍ടിടിഇയും തമ്മിലുള്ള ബന്ധം വിവരിക്കുന്നത് ഇങ്ങനെയാണ്:’ എല്‍ടിടിഇയില്‍ 1989ലാണ് റോ മഹാതിയയെ (ഗോപാലസ്വാമി മാഹേന്ദ്ര രാജ) പ്രതിഷ്ഠിക്കുന്നത്. പ്രഭാകരന്റെ രണ്ടാമനായി അദ്ദേഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ റായ്ക്കു കഴിഞ്ഞു. വിചാരിച്ചതുപോലെ കാര്യങ്ങള്‍ പോയിരുന്നങ്കെില്‍ അദ്ദേഹം എല്‍ടിടിഇ തലവനാകുമായിരുന്നു. എന്നാല്‍ 1993 ജനുവരിയില്‍ പ്രഭാകരന്റെ ബാല്യകാല സുഹൃത്തും ജാഫ്‌നയിലെ എല്‍ടിടിഇ കമാന്‍ഡറുമായിരുന്ന കിട്ടുവിന്റെ മരണത്തിലേക്കു നയിച്ച സംഭവത്തിനു പിന്നാലെ തമിഴ്പുലികളുടെ കപ്പലിനെക്കുറിച്ച് ഇന്ത്യയ്ക്കു വിവരം ചോര്‍ത്തിയതു മഹാതിയയാണെന്ന് എല്‍ടിടിഇയ്ക്കു സൂചനകിട്ടി. റോയുടെ ചാരനാണെന്നസംശയത്തെ തുടര്‍ന്ന് അവര്‍ മഹാതിയയെ പിടികൂടി പീഡിപ്പിക്കുകയും 19 മാസങ്ങള്‍ക്കുശേഷം 1994 ഡിസംബറില്‍ വധിക്കുകയുമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹായികളായിരുന്ന 257 പോരെയും എല്‍ടിടിഇ തിരിച്ചറിഞ്ഞു പിടികൂടി വധിച്ച് മൃതദേഹങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു.’
ശ്രീപെരംപുത്തൂരില്‍ കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പ് രാജീവ്ഗാന്ധിയെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം അടുത്തുവരുന്ന മരണത്തെക്കുറിച്ച് പ്രവാചകസ്വഭാവവുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയതായും നീന ഗോപാല്‍ പുസ്തകത്തില്‍ വിവരിക്കുന്നു.
The post മഹാതിയ റോയുടെ ഏജന്റായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ appeared first on DC Books.