നാടകകൃത്തും നോവലിസ്റ്റും ചെറുകഥാകൃത്തുമായ എ എം മുഹമ്മദിന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം പുറത്തിറങ്ങി. ‘റോബസ്റ്റ’, ‘രാമനലിയാര്‍’, ‘ഒസാമ’, ‘അമ്മത്തൊട്ടില്‍’, ‘നെസ്റ്റാള്‍ജിയ’, ‘തീറെഴുത്ത്’, ‘ഖൈസു’, ‘കരിഞ്ഞ പ്രഭാതം’, ‘തകഴിയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകി ഒഴുകി ഒരു മനസ്സ്’ തുടങ്ങി മുപ്പത്തിയഞ്ചോളം കഥകളുടെ സമാഹാരമാണ് എ എം മുഹമ്മദിന്റെ തിരഞ്ഞെടുത്ത കഥകള്‍. പ്രവാസജീവിതത്തിന്റെ തീക്ഷ്ണാനുഭവങ്ങളും ഗ്രാമീണതയുടെ പച്ചപ്പും നിറഞ്ഞതാണ് ഇതിലെ ഓരോ കഥകളും. മൂന്നരപ്പതിറ്റാണ്ടോളം പ്രവാസജീവിതം രുചിച്ചറിയേണ്ടിവന്ന കഥാകൃത്തിന്റെ അനുഭവങ്ങളും പിന്നെ രചനാപരമായ സത്യസന്ധതയുമാണ് ഈ കഥകളുടെ ചാരുതയ്ക്ക് നിദാനം. മാത്രമല്ല ആഖ്യാനപരമായ ലാളിത്യവും ഋജുതയും കഥയുടെ ശോഭയാകുന്നതിനും ഈ കഥകള്‍ ദൃഷ്ടാന്തമാണ്. എ എം മുഹമ്മദിന്റെ രചനകള്‍ക്ക് പൊതുവേ ടി പത്മനാഭന്റെ ഭാഷയോടും കഥാശൈലിയോടും സാദൃശ്യമുണ്ടെന്നാണ് നിരൂപകരുടെ അഭിപ്രായം.
എ എം മുഹമ്മദിന്റെ തിരഞ്ഞെടുത്ത കഥകളെക്കുറിച്ച് ഡോ സി ആര്‍ സുശീലാദേവി, ഇ പി രാജഗോപാല്‍, എം കൃഷ്ണന്‍ നായര്‍ എന്നിവര്‍ എഴുതിയ പഠനവും മുഖവുരയായിനല്‍കിയിട്ടുണ്ട്. ഇത് എ എം മുഹമ്മദിന്റെ കഥകളെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. ഒപ്പം ടി പത്മനാഭന്‍, മാധവിക്കുട്ടി എന്നിവരുടെ കുറിപ്പുകളും നല്‍കിയിട്ടുണ്ട്.
ആധുനികതയും ഉത്തരാധുനികതയും കഴിഞ്ഞ് ഇപ്പോള്‍ മലയാള ചെറുകഥ സൈബറില്‍ എത്തിനില്‍ക്കുകയാണല്ലോ. കഥാരചന വെറും അഭ്യാസപ്രകടനമായി മാറുന്ന ഈ വരണ്ട കാലത്തും ഇത്തരം കഥകള്‍ ഉണ്ടാകുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഏറെ ആശ്വാസം തോന്നുന്നു. അതോടൊപ്പം എന്റെ ഭാഷയിലെ കഥയുടെ ഭാവിയിലും വിശ്വാസം വര്‍ദ്ധിക്കുന്നു. ഈ കഥകള്‍ വളരെ ലളിതമാണ്. അതോടൊപ്പം സുന്ദരവും ഭാവദീപ്തവും. ഇതിന്റെ രചനയോടെ ശ്രീ എ എം മുഹമ്മദ് പ്രവാസിയുടെ മാത്രം കഥാകൃത്തല്ലാതായിത്തീരുന്നു. അദ്ദേഹം ഇപ്പോള്‍ സഹൃദയരായ മുഴുവന്‍ മലയാളികളുടെയും കഥാകൃത്താണ്.
എം കൃഷ്ണന്‍നായര്‍;
റോബസ്റ്റ കാപ്പിച്ചെടിയാണ്. അതും അത് പരിപാലിക്കുന്ന ആളും തമ്മിലുള്ള ബന്ധം പ്രഗല്ഭമായി ചിത്രീരകരിച്ച് വിശാലമായ അര്‍ത്ഥത്തില്‍ പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന് വ്യക്തമാക്കിത്തരുന്ന ഇക്കഥ അതിന്റെ രചയിതാവിനെ സാഹ്യകാരന്‍ എന്ന പേരിന് അര്‍ഹനാക്കുന്നു. ‘നിങ്ങളല്ലാതെ വേറെയാരെയെങ്കിലും പറഞ്ഞ് ഒരിക്കലും പറയാതിരിക്കൂ നിങ്ങളല്ലാതെ വേറെയാരെയങ്കിലും ചെയ്തത് ഒരിക്കലും ചെയ്യാതിരിക്കു’ എന്ന് ആങ്‌ദ്രേഷീദ് ഏതോ നോവലില്‍ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ പറഞ്ഞത് ഇവിടത്തെ ഏഴുത്തുകാര്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്ന കാലയളവില്‍ ആവര്‍ത്തനമില്ലാത്ത ഒരു കഥയെഴുതിയിരിക്കുന്നു എ എം മുഹമ്മദ് . അത്രയുമായി.
മാധവിക്കുട്ടി ;
തകഴി ശിവശങ്കരപ്പിള്ളയുടെ മരണശേഷം അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഒരാദരവാണ് എ എം മുഹമ്മദ് എഴുതിയ ‘തകഴിയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകി ഒഴുകി ഒരു മനസ്സ്’ എന്ന കഥ.