മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് അത് നിശബ്ദമായി സംസാരിക്കുന്നു. അത് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുകയുള്ളൂ. ഫോറന്‍സിക് മെഡിസിന്‍ എന്ന വിജ്ഞാന ശാഖയാണ് ഇക്കാര്യത്തില്‍ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് പ്രശസ്തനായ ഡോ.ബി.ഉമാദത്തന്റെ പുസ്തകമാണ് ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറേ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണ സംഭവങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂര്‍ സോമന്‍കേസ്, റിപ്പര്‍ കൊലപാതകങ്ങള്‍ തുടങ്ങി അഭയാ കേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥൃങ്ങള്‍ അവയുടെ അന്വേഷകനായ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു.
ഓരോ അദ്ധ്യായവും വായിക്കുന്തോറും വായനക്കാരനെ ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയും മുനയില്‍ പിടിച്ചു നിര്‍ത്തുവാന്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് കഴിയുന്നു. ഒരു അപസര്‍പ്പക നോവല്‍ എന്നപോലെ ഒറ്റയിരുപ്പിന് വായിക്കുവാന്‍ കഴിയുന്ന ലളിതശൈലിയിലുള്ളതും ഹൃദ്യവുമായ ഒരു കലാസൃഷ്ടിയാണ് ഉമാദത്തന്റെ ഓര്‍മ്മക്കുറിപ്പുകള്‍.
നാല്പത്തിയൊന്ന് അദ്ധ്യായങ്ങളിലായി തന്റെ അനുഭവക്കുറിപ്പുകള്‍ ഡോ ബി ഉമാദത്തന്‍ പുസ്തകത്തില്‍ കോറിയിട്ടിരിക്കുന്നു. കെ.പി.സോമരാജന്‍ ഐ.എ.എസാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി സി.പിനായര്‍ ഐ.എ.എസ് സഫലമീ യാത്ര എന്ന പേരില്‍ എഴുതിയ നിരൂപണവും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 2010ല്‍ പ്രസിദ്ധീകരിച്ച് പുസ്തകത്തിന്റെ 10-ാം പതിപ്പ് പുറത്തിറങ്ങി.
ഡോ. ബി ഉമാദത്തന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ്സും എംഡിയും നേടിയ ശേഷം തിരുവനന്തപുരം ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രൊഫസറും പോലീസ് സര്‍ജനുമായി പ്രവര്‍ത്തിച്ചു. 1995ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലായി. 2001ല്‍ റിട്ടയര്‍ ചെയ്തു. നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രമാണ് മറ്റൊരു പ്രധാന പുസ്തകം.