ഒരു കത്തിക്കുവേണ്ട ഏറ്റവും കുറഞ്ഞ മൂര്‍ച്ചയെത്രയായിരിക്കാമെന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദമ്പതികളായ രേണുകയും പ്രസാദും. ഇതുവരെ കത്തിയുടേയോ അതുപോലെ ഏതെങ്കിലുമൊരു ആയുധത്തിന്റെ മൂര്‍ച്ചയെക്കുറിച്ചോ ബോധവാന്മാരല്ലായിരുന്ന അവര്‍ക്കിടയിലേക്ക് കേവലമായ നിലനില്പിന്റെ ഒരു തിക്താനുഭവമായി ഒരു കത്തി നീണ്ടുവന്നപ്പോഴാണ് അതിന്റെ മൂര്‍ച്ചയെപ്പറ്റിക്കൂടി നടുക്കത്തോടെ അവര്‍ സംവദിക്കാന്‍ തുടങ്ങിയത്.
ഏതൊരു വീട്ടമ്മയെപ്പോലെയും പച്ചക്കറിയോ ഇറച്ചിയോ മാത്രം മുറിക്കാന്‍ സഹായിക്കുന്ന ഒരു പാവം ഉപകരണമെന്ന നിലയിലെ രേണുകയും കത്തിയെ കണ്ടിരുന്നുള്ളൂ. എന്നാല്‍ കോളജില്‍ ചരിത്രവിഭാഗം അധ്യാപകനായ പ്രസാദ് കത്തിയുടെ ചരിത്രപരമായ സ്വാധീനത്തെപ്പറ്റി ആഴത്തില്‍ അറിവു സമ്പാദിച്ച ആളാണ്. എന്നിട്ടും അവരുടെ ജീവിതത്തില്‍ അവര്‍ അഭിമുഖികരിക്കേണ്ടിവന്ന ഒരു തിക്തഫലത്തിന്റെ ആവിഷ്‌കാരം ‘ഒരു കത്തിക്കുവേണ്ട ഏറ്റവും കുറഞ്ഞ മൂര്‍ച്ച’ എന്ന കഥയിലൂടെ വി. ജയദേവ് എന്ന കഥാകൃത്ത് സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ ഉള്ള് സത്യസന്ധമായി തുറന്നു കാട്ടുന്നു.
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി. ജയദേവിന്റെ 10 ചെറുകഥകളുടെ സമാഹാരമാണ് ഭയോളജി. ‘മിമിക്രിയ’, ‘ധനസഹായം ബാര്‍’, ‘എന്‍മകനെ’, ‘ലക്ഷ്മണരേഖ’, ‘പ്രേതപുരസരം’, ‘ലക്ഷ്മണരേഖ’, ‘ഭയോളജി’, ‘കാലയോനി’, ‘ഓര്‍മ്മകൊണ്ടുമുറിഞ്ഞവന്‍’ തുടങ്ങിയ കഥകളുടെ സമാഹാരമാണിത്. സമകാലിക സാമൂഹിക പ്രശ്‌നങ്ങളിലുള്ള ഒരു കഥാകാരന്റെ ധീരമായ ഇടപെടലുകളാണ് ഇതിലെ എല്ലാ കഥകളും.
വി ജയദേവ് 1962 ല്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനിച്ചു. ആനുകാലികങ്ങളില്‍ കവിത എഴുതാറുണ്ട്. മൂന്ന് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ രാജസ്ഥാനിലെ ജയപൂരില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ അഹമ്മദാബാദില്‍. ഭൂമി വിട്ടു ഒരു നിലാവ് പാറുന്നു (1998), ഒരു കാറ്റിനെ എങ്ങനെ വായിക്കും ( 2006), തുമ്പികളുടെ സെമിത്തേരി ( 2009).കവിത സമാഹാരങ്ങള്‍ കപ്പലെന്ന നിലയില്‍ ഒരു കടലാസ് തുണ്ടിന്റെ ജീവിതം, ഉപമ, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും തുടങ്ങിയവയാണ് കൃതികള്‍.