കുടുംബാസൂത്രത്തിന്റെ പ്രാധാന്യം എന്തെന്ന് സമൂഹത്തെ ബോധ്യമാക്കുന്ന ഒരു സോദ്ദേശ്യ കൃതിയാണ് ടി.എന്‍. ഗോപിനാഥന്‍ നായരുടെ വൈതരണി. തപാല്‍ശിപായിയായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും മക്കളുടെയും കഥയിലൂടെ വെളിവാക്കുന്ന ജൂവിതപാഠം വളരെ വിലപ്പെട്ടതാണ്.
പുസ്തകത്തിന് ടി.എന്‍. എഴുതിയ ആമുഖക്കുറിപ്പ്..
തപാല്‍ശിപായി കുഞ്ഞുണ്ണിക്കുറുപ്പിന്റെ ദുരിതകഥയാണ് ഈ നോവലില്‍ പ്രതിപാദിച്ചിട്ടുള്ളത്. ഒമ്പത് മക്കളുണ്ട് കുറുപ്പിന്. നന്നേ കഷ്ടപ്പെട്ട് പോറ്റിവളര്‍ത്തിയ ഈ മക്കളാരും ഒരുകണക്കില്‍ ആ പിതാവിന് തക്കസമയത്ത് ഉപകരിച്ചില്ല. പലരും പലവഴി വേര്‍പ്പെട്ടുപോയി. ഭാര്യ മരിക്കകൂടി ചെയ്തപ്പോള്‍ ആ പാവം ആകെ തളര്‍ന്നു. ആത്മഹത്യയില്‍ ചെന്നവസാനിച്ച കുറുപ്പിന്റെ ജീവിതകഥ ആ ഭാഗ്യദോഷി എഴുതിവച്ച കത്തിന്റെ രൂപത്തിലാണ് നമ്മുടെ മുമ്പില്‍ വിടര്‍ന്നുവരുന്നത്. സോദ്ദേശ്യമെങ്കിലും, ജീവിതത്തിന്റെ നിസ്സഹായസ്ഥിതി ഇത്ര ഹൃദയസ്പൃക്കായ രീതിയില്‍ അവതരിപ്പിക്കുന്ന ഏറെ നോവലുകള്‍ നമുക്കില്ല. ‘രൂപവാണി’ എന്ന സംഘടന ഈ നോവലിനെ ഒരു ടി.വി. സീരിയലായി പരിവര്‍ത്തനം ചെയ്തിട്ടുണ്ട്.
കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം കാതലായി സ്വീകരിച്ചവകൊണ്ട് ഒരു ചിത്രീകരണപരമ്പര എഴുതണമെന്ന് ശ്രീ വി.എസ്. ശാസ്ത്രി (സ്റ്റേഷന്‍ ഡയറക്ടര്‍) ഒരു ദിവസം എന്നോട് ആവശ്യപ്പെട്ടു. എഴുതാമെന്നേറ്റപ്പോള്‍ എനിക്കു വലിയ ആത്മവിശ്വാസമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, എഴുതിത്തുടങ്ങിയപ്പോള്‍ എന്റെ മനസ്സ് അനല്പമായ സുഖം നുകര്‍ന്നു. ഓരോ ഭാഗേ പ്രക്ഷേപണം ചെയ്തുകഴിയുമ്പോഴും അനേകമനേകം അഭിനന്ദനക്കത്തുകള്‍ അപരിചിതരായ ശ്രോതാക്കളില്‍നിന്നും ലഭിച്ചുകൊണ്ടിരുന്നു. ഇത്രയധികം അഭിനന്ദനക്കത്തുകള്‍ എന്റെ മറ്റൊരു ചിത്രീകരണപരമ്പരയ്ക്കും ലഭിച്ചിട്ടില്ല. ചിലര്‍ സമ്മാനങ്ങള്‍ അയച്ചുതന്നു.
ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ ആ തുറയിലെ അനീതികളെ അധികരിച്ച് ഈ മട്ടിലൊരു പരമ്പര ഞനെഴുതണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘ഒരു ഫയല്‍’ എനിക്കയച്ചുതരികയുണ്ടായി. കുറെ പോസ്റ്റല്‍ജീവനക്കാര്‍ അവരുടെ ചില പ്രശ്‌നങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നതിന് എന്നോടു നന്ദി രേഖപ്പെടുത്തി. എഴുതിയതു കുറിക്കുകൊണ്ടുവെന്ന് അറിഞ്ഞാല്‍ ആരാണ് ആഹ്ലാദിക്കാത്തത്! അതാണല്ലോ ഒരു എഴുത്തുകാരനു കിട്ടുന്ന ഏറ്റവും വിലപ്പെട്ട പാരിതോഷികം. തികഞ്ഞ കൃത്യതയോടെയാണ് ഞാന്‍ ഈ കൃതി അച്ചടിശാലയിലേക്ക് അയയ്ക്കുന്നത്. ഇത് മലയാളമനോരമയില്‍ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്താന്‍ സന്മനസ്സു കാണിച്ച ശ്രീ ടി. ചാണ്ടിയോടു നന്ദി പറഞ്ഞുകൊള്ളട്ടെ.
സഹൃദയനായ ശ്രീ വി.ആര്‍. മേനോനാണ് ഈ കൃതിക്ക് ‘വൈതരണി’യെന്നു പേരിട്ടത്.
ഇതെഴുതാന്‍ പ്രേരിപ്പിച്ച ശ്രീ വി.എസ്. ശാസ്ത്രിയോടും ശ്രീ വി.ആര്‍. മേനോനോടും അഭിനന്ദനക്കത്തുകള്‍കൊണ്ട് അനുഗ്രഹിച്ച അനേകം ശ്രോതാക്കളോടും പ്രക്ഷേപണം ചെയ്തപ്പോള്‍ പങ്കെടുത്ത എസ്. രാമന്‍കുട്ടിനായര്‍, കെ.ജി. ദേവകിയമ്മ, ടി.പി. രാധാമണി, തൃശ്ശൂര്‍ പി. രാധാകൃഷ്ണന്‍, കെ.ജി. മേനോന്‍, ജി. ഭാര്‍ഗവന്‍പിള്ള, മടവൂര്‍ ഭാസി, അസീസ്, സി.എസ്. രാധാദേവി, ചിറയിന്‍കീഴ് രാജശേഖരന്‍നായര്‍, കെ.ജി. സേതുനാഥ്, ഇന്ദിരാ ജോസഫ് തുടങ്ങിയ നിലയാംഗങ്ങളോടും കൃതജ്ഞത രേഖപ്പെടുത്താന്‍ ഈ അവസരം വിനിയോഗിച്ചുകൊള്ളുന്നു.
ഉറക്കമുണര്‍ന്നാല്‍ എന്റെ മോള് (മീനാക്ഷി) ആദ്യമോടുന്നതു ഞാന്‍ തലേരാത്രി അവള്‍ ഉറങ്ങാന്‍കിടന്നതില്‍ പിന്നെ എത്രകണ്ട് എഴുതിയെന്നു പരിശോധിക്കാനാണ്. അവള്‍ കാണിച്ച ജിജ്ഞാസയും ഉത്സാഹവും എനിക്കു കൗതുക പ്രദമായിരുന്നു. ഈ കൃതി ഞാനവള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്കിക്കൊള്ളുന്നു.