സാമൂഹിക-സാംസ്‌കാരികരംഗത്തും പാരിസ്ഥിതിക രംഗത്തുമുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് എഴുതപ്പെട്ട സുഗതകുമാരിയുടെ ലേഖനങ്ങളുടെ ഏറ്റവും പുതിയ സമാഹാരമാണ് ഉള്‍ച്ചൂട്.
എത്ര വിലപിച്ചാലും എങ്ങുമെത്താത്ത തരത്തില്‍ മനുഷ്വത്വം മരവിച്ച ഒരു കെട്ടകാലത്തും സര്‍വചരാചരങ്ങളുടെയും നിലനില്‍പ്പിനുവേണ്ടിയും വരുംനാളിനുള്ള കരുതലുകള്‍ക്കുവേണ്ടിയും കരഞ്ഞുവിളിക്കുന്ന ഒരമ്മയുടെ വാക്കുകള്‍. ഉള്ളുചുടുന്ന ഈ വാക്കുകള്‍ കേട്ടെങ്കിലും കനല്‍വഴികളില്‍ നിന്ന് കാരുണ്യമാര്‍ഗ്ഗത്തിലേക്കു മനുഷ്യനു മാറാനായെങ്കില്‍…
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം…
ഒരു കത്ത്
എത്രയും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങള്‍ അടിയന്തിരമായി ഇടപെടേണ്ട ഒരു പ്രധാനകാര്യം വന്നിരിക്കുന്നു. നമുക്ക് എന്നും ഉണ്ണാന്‍ ചോറുവേണം. കൂട്ടാന്‍ വയ്ക്കാന്‍ പച്ചക്കറികള്‍ വേണം. ചോറുണ്ണണമെങ്കില്‍ നെല്ലുവേണം. നെല്ലുണ്ടാകാന്‍ വയലുകള്‍ വേണം. കേരളത്തില്‍ നിറയെ വിശാലമായ വയലുകള്‍ ഉണ്ടായിരുന്നു. നിറയെ കൃഷിയുണ്ടായിരുന്നു. കുറെ വര്‍ഷങ്ങളായി അതെല്ലാം മാറിപ്പോയി. എല്ലാവരും തിരക്കിട്ട് വയല്‍ നികത്തുകയാണ്. വലിയ വലിയ കെട്ടിടങ്ങള്‍ വയ്ക്കുകയാണ്. അപ്പോള്‍ നാം ഉണ്ണുന്ന ചോറോ? ആന്ധ്രയില്‍നിന്നു വരണം. ആന്ധ്രക്കാര്‍ എന്തെങ്കിലും കാരണവശാല്‍ തന്നില്ലെങ്കിലോ? നാം പട്ടിണി. തമിഴ്‌നാട്ടുകാര്‍ പച്ചക്കറി തന്നില്ലെങ്കിലോ? വിഷമമായി. അപ്പോള്‍ നാം ബാക്കിയുള്ള വയലുകളെങ്കിലും സംരക്ഷിച്ചു കൃഷി ചെയ്യുകയല്ലേ വേണ്ടത്?
വയലുകള്‍കൊണ്ടു വേറേയുമുണ്ട് ഗുണങ്ങള്‍. പെയ്യുന്ന മഴവെള്ളമെല്ലാം പിടിച്ചുവയ്ക്കുന്ന ജലസംഭരണികളാണവ. ആ വെള്ളം കെട്ടിനിന്ന് ഭൂമിക്കടിയിലേക്ക് താണിറങ്ങും. ഭൂഗര്‍ഭജലമായി മാറും. ആ വെള്ളം ഊറ്റുകളായി നമ്മുടെ കിണറുകളെയും കുളങ്ങളെയും പുഴകളെയുമെല്ലാം പോഷിപ്പിച്ചുകൊണ്ടിരിക്കും. കേരളത്തില്‍ നല്ല വെള്ളത്തിന് കടുത്ത ബുദ്ധിമുട്ട് വരാന്‍പോകുകയാണ്. അതിന് പ്രതിവിധിയാണ് വയലുകളും തണ്ണീര്‍ത്തടങ്ങളും. ഇനിയുമുണ്ട് ഒരുപാടു ഗുണങ്ങള്‍ വയലിനെക്കൊണ്ട്. നൂറുനൂറു ജീവികളുടെ വീടാണ് വയലുകള്‍. മാനത്തുകണ്ണികള്‍, തവളകള്‍, ഒച്ചുകള്‍, ഞാഞ്ഞൂലുകള്‍, നീര്‍ച്ചിലന്തികള്‍, വിട്ടിലുകള്‍, പച്ചക്കുതിരകള്‍, ചീവീടുകള്‍, മിന്നാമിനുങ്ങികള്‍, പിന്നെ തുമ്പികള്‍, തേനീച്ചകള്‍, ശലഭങ്ങള്‍, ഓന്തുകള്‍, അരണകള്‍… ഇങ്ങനെ ആരെല്ലാമുണ്ടെന്നോ…! ജെ.സി.ബി. വന്ന് കുന്നിടിച്ച് മണ്ണടിച്ചുകൊണ്ടു വന്നിട്ട് വയല്‍ നികത്തുമ്പോള്‍ പിടഞ്ഞു ചാവുന്നത് ഇവരെല്ലാമാണ് എന്നു നിങ്ങള്‍ അറിയണം. നിങ്ങളെപ്പോലെതന്നെ ഇവിടെ ജീവിക്കാന്‍ അവകാശമുള്ളവരാണ് അവരെല്ലാവരും.
വയലുകള്‍ ഒരുപാട് മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് പെണ്ണുങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നു. വെള്ളപ്പൊക്കം തടയുന്നു. അഴകുകൊണ്ട് കണ്ണും കരളും കുളിര്‍പ്പിക്കുന്നു. നമ്മുടെ മുറ്റങ്ങളില്‍ പൊന്നുപോലുള്ള നെല്ലു കുന്നുകൂട്ടുന്നു. നമ്മുടെ പശുക്കള്‍ക്കു വയറുനിറയ്ക്കാന്‍ വയ്‌ക്കോലും പുല്ലും നല്‍കുന്നു. കൂടാതെ ഒരുപാട് സസ്യങ്ങളുണ്ട് വയല്‍വരമ്പുകളില്‍. കാക്കപ്പൂവും കണ്ണാന്തളിയും തുമ്പയും തെച്ചിയും കദളിയുമൊക്കെ ചന്തം തികഞ്ഞുനില്‍ക്കുന്നു. ഒരു നൂറു പച്ചമരുന്നു ചെടികള്‍ തഴച്ചുവളരുന്നു… വയലുകള്‍ കേരളത്തിന്റെ ഐശ്വര്യമാണ്, അനുഗ്രഹമാണ്.എന്നാല്‍ അവയെല്ലാം അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കുട്ടികള്‍ മനസ്സിലാക്കണം.
തെറ്റായ വികസന പരിപാടികളും ചേറില്‍ പണിയെടുക്കാനുള്ള മലയാളിയുടെ മടിയും കൂടുതല്‍ പണം കിട്ടാനുള്ള ആര്‍ത്തിയുമാണ് പ്രധാന നാശകാരണങ്ങള്‍. നികത്തലിനെതിരായുള്ള നിയമങ്ങളെല്ലാം ലംഘിക്കപ്പെടുന്നു. കയ്യൂക്കുള്ളവര്‍, പണക്കരുത്തുള്ളവര്‍, വയലുകളും തണ്ണീര്‍ത്തടങ്ങളും പുഴയോരങ്ങളുമെല്ലാം കയ്യേറി നികത്തിയെടുക്കുന്നു. നിങ്ങള്‍ ഇതേപ്പറ്റി ആലോചിക്കണം. ‘അന്ന’ത്തെക്കാള്‍ വെള്ളത്തെക്കാള്‍ വിലപ്പെട്ടതൊന്നുമില്ലെന്നറിയണം. എന്നിട്ട് നമ്മുടെ ബഹുമാനപ്പെട്ട പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് കത്തുകള്‍ എഴുതണം. റിസോര്‍ട്ടുകളും വിമാനത്താവളങ്ങളും കമ്പനികളുമല്ല പ്രധാനം; അന്നവും വെള്ളവുമാണ് എന്ന്. കേരളത്തിലെ കുട്ടികള്‍ക്കുവേണ്ടി ബാക്കിയുള്ള നെല്‍വയലുകള്‍ രക്ഷിക്കണേ എന്ന് നിര്‍ബന്ധമായി വിളിച്ചുപറയണം. കുഞ്ഞുങ്ങള്‍ അപേക്ഷിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹം കേള്‍ക്കും.
ഈശ്വരന്‍ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ.