പുതിയകാലത്തിന്റെ നേരറിവുകളെ കാവ്യവത്കരിക്കുന്ന എഴുത്തുകാരില്‍ പ്രധാനിയായി വളര്‍ന്നുവരുന്ന എഴുത്തുകാരനാണ് അശേകമണി എന്ന അശോകന്‍ മറയൂര്‍. കാടിന്റെ മണമുള്ള ജീവീതാന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന പ്രതിഭയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ആദിവാസി ഗോത്രഭാഷയും സംസ്‌ക്കാരവും ശൈലിയുമെല്ലാം തന്റെ കാവ്യങ്ങളില്‍ അശേകന്‍ ഉള്‍പ്പെടുത്തുന്നു. ഒരു പക്ഷേ ഗോത്രഭാഷയിലും മലയാളത്തിലുമായി കവിതയെഴുതുന്ന ഏക വ്യക്തിയും അദ്ദേഹമാകും. ആനുകാലികങ്ങളിലും സോഷ്യല്‍മീഡിയയിലും എല്ലാം കവിത പ്രസിദ്ധപ്പെടുത്താറുള്ള അശോകന്റെ ആദ്യ കവിതാസമാഹാരമാണ് ‘പച്ചവ്ട്. ഗോത്രഭാഷയായ മുതുവാന്‍ ഭാഷായിലും മലയാളത്തിലുമായി എഴുതിയ കവിതകളുടെ സമാഹാരമാണിത്.
‘കേണിത്തണ്ണിപ്പൊടവ’, ‘പൂവിനുള്ളിലെ തേനില്‍ സൂര്യന്‍ കിടന്നു തിളയ്ക്കുകയാണ്’ എന്നിങ്ങനെ ഈ പുസ്തകത്തിലെ കവിതകളെ രണ്ടായിതിരിച്ചിരിക്കുന്നു. ‘കേണിത്തണ്ണിപ്പൊടവ എന്ന ആദ്യഭാഗത്ത് ഗോത്രഭാഷയായ മുതുവാന്‍ ഭാഷാ കവിതകളും അവയ്ക്ക് കവിയുടെ സഹായത്തോടെ തയ്യാറാക്കിയ മലയാളപരിഭാഷകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടാംഭാഗത്തില്‍ മലയാള കവിതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വായിക്കാന്‍ രസമുള്ള കൗതുകമുണര്‍ത്തുന്ന എഴുത്ത് ശൈലിയാണ് അശോന്റെ ഈ കവിതകളുടെ പ്രത്യേകത. പി രാമനാണ് പുസ്തകത്തിന് മുന്‍കുറിപ്പ് തയ്യാറാക്കിയിരക്കുന്നത്. അശോകന്റെ കവിതകളെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്നു പി രാമന്റെ കുറിപ്പ്.
”പുസ്തകത്തിലെ ‘കേണിത്തണ്ണിപ്പൊടവ’ എന്ന ആദ്യഭാഗം കാവ്യാസ്വാദകരെയും സംസ്‌കാര പഠിതാക്കളെയും ഭാഷാശാസ്ത്ര തല്പരരെയും ആകര്‍ഷിക്കും എന്നു തീര്‍ച്ച. മലയാളത്തിനും തമിഴിനുമിടയില്‍ കുടുങ്ങി സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗോത്രഭാഷയുടെ വീണ്ടെടുപ്പിനായുള്ള പരിശ്രമം കൂടിയുണ്ട് ഈ എഴുത്തില്‍. നൂറ്റാണ്ടുകളുടെ മൂകതയെയാണ് ഇതിലൂടെ അശോകന്‍ പിളര്‍ന്നു പോരുന്നത്. ലിപിയില്ലാത്ത മൊഴി ലിപിയിലേക്കു വരുന്നതിന്റെ പ്രഥമകൗതുകം ഇക്കവിതകളിലുണ്ട്. മുതുവാന്‍ ഭാഷയുടെ ശബ്ദഘടനയോട് ആവുന്നത്ര നീതി പുലര്‍ത്താനായി ചില പരീക്ഷണങ്ങള്‍ ലിപിവിന്യാസത്തില്‍ സ്വീകരിച്ചിരിക്കുന്നു. ‘പച്ചവ്ട്‘ എന്നതിലെ ഇരട്ടച്ചന്ദ്രക്കല (മീത്തല്‍) ഉദാഹരണം. ‘പൂവിനുള്ളിലെ തേനില്‍ സൂര്യന്‍ കിടന്നു തിളയ്ക്കുകയാണ്’ എന്ന രണ്ടാം ഭാഗത്തിലാണ് മലയാള കവിതകള്‍. വിഷംതീണ്ടി സങ്കീര്‍ണ്ണമായ സമകാലത്തിന് ‘പച്ചവ്ട്‘ ‘ ഒരു വലിയ വാഗ്ദാനമാണ് – ബദല്‍ ജീവിത ദര്‍ശനമാണ്”- എന്ന് പി രാമന്‍ സാക്ഷ്യപ്പെടുത്തുന്നു.
അശോകന്‍ മറയൂരിന്റെ ‘പച്ചവ്ടിന്റെ പ്രകാശനം മലയാളകവിതയുടെ സമകാലികചരിത്രത്തില്‍ സ്‌നേഹസാന്ദ്രവും സൗന്ദര്യോന്മുഖവുമായ ഒരു ഹരിതകലാപത്തിനു തുടക്കം കുറിക്കുന്നു എന്ന് സച്ചിദാനന്ദനും അഭിപ്രായപ്പെടുന്നു. മലയാളമെന്നത് വിദ്യാലയങ്ങളില്‍നിന്നു നാം സ്വായത്തമാക്കുന്ന ഒരൊറ്റ മാനകഭാഷ മാത്രമല്ലെന്നും മലയാളികള്‍ ഉപയോഗിക്കുന്ന പ്രാദേശികവും ഗോത്രപരവും തൊഴില്‍പരവുമായ ഉത്പത്തിഭേദങ്ങളുള്ള അനവധി ജൈവഭാഷയുടെ ഒരു മഹോത്സവത്തെയാണ് നാം ആ ഒറ്റനാമം കൊണ്ട് വ്യവഹരിക്കുന്നതെന്നും ഈ സമാഹാരത്തിലെ കവിതകള്‍ നമ്മെ ഓര്‍പ്പിക്കുന്നു എന്നും സച്ചിദാനന്ദന്‍ പറയുന്നു. ചുരുക്കത്തില്‍ കാവ്യാസ്വാദനത്തിനും ഭാഷാപഠനത്തിനും പുതിയമാനങ്ങള്‍ നല്‍കുന്നു അശോകന്‍ മറയൂരിന്റെ കവിതകള്‍..!