യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി. മുസഫര്‍ അഹമ്മദിന്റെ പ്രവാസക്കുറിപ്പുകളാണ് കുടിയേറ്റക്കാരന്റെ വീട്. മരുഭൂമി പാഴ്‌നിലമാണെന്നും അവിടെ ജീവന്റെ ഒരു തുടിപ്പുമില്ലെന്നും മലയാളി പൊതുവില്‍ കരുതുന്നു. എന്നാല്‍ ജീവന്റെ തുടിപ്പുകള്‍ ആ ബ്രൗണ്‍ ലാന്‍ര്‌സ്‌കേപ്പിലൂടെ നിരന്തരമായി സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിയുന്നു. നാം ഊഷരത എന്നു വിളിക്കുന്ന പ്രകൃതിയിലും ജീവന്റെ തിളക്കം കാണുവാനാകുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ലക്ഷക്കണക്കിന് മലയാളികള്‍ക്ക് മരുഭൂമിനാടുകള്‍ അന്നവും അര്‍ത്ഥവും നല്‍കി ജീവനെ പൊലിപ്പിച്ചുനിര്‍ത്തിയത്. ഗള്‍ഫ് മലയാളി ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അടരുകളിലേക്ക് വി. മുസഫര്‍ അഹമ്മദ് കുറെ വര്‍ഷത്തിനിടെ നടത്തിയ യാത്രകളാണ് ഈ കുറിപ്പുകള്‍. പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
പുസ്തകത്തില്‍ നിന്നും….
നിധിവേട്ടക്കാരുടെ ജീന്‍
മേനിയില്‍നിന്നു പൊന്നിന്റെ ആഭരണങ്ങള്‍ ഉടമറിയാതെ ഊരിവീഴുന്നതിനെക്കുറിച്ച് കേള്‍ക്കുന്നത് 1999-ലാണ്. സൗദി അറേബ്യയുടെ വേനല്‍ക്കാല തലസ്ഥാനമായ ജിദ്ദയില്‍ ജോലി കിട്ടി എത്തിയ ആദ്യ നാളുകളില്‍ അബ്ദുറഹിമാനാണ് പങ്ങള്‍ വന്നുവീഴുന്ന പിത്തള
വലയെക്കുറിച്ചു പറഞ്ഞത്. അബ്ദുറഹിമാന്‍ ഒരു വിവാഹമണ്ഡപത്തില്‍ ജോലിക്കാരനാണ്.
സൗദിയില്‍ ആണിനും പെണ്ണിനും ഒന്നിച്ച് പൊതുചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. അതിനാല്‍ കല്യാണമണ്ഡപത്തിലും ഇരു കൂട്ടര്‍ക്കും ഇരിക്കാനും ഭക്ഷണം കഴിക്കാനും വേറേവേറേ ഇടങ്ങളാണ്.
പെണ്ണുങ്ങള്‍ ഇരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഇടങ്ങളിലേക്കു വിവാഹമണ്ഡപത്തിലെ പുരുഷന്‍മാരായ ജോലിക്കാര്‍ക്കു പ്രവേശനമില്ല. വിവാഹം കഴിഞ്ഞ് എല്ലാവരും സ്ഥലം കാലിയാക്കിയാല്‍ മാത്രമേ പുരുഷന്‍മാര്‍ക്ക് അങ്ങോട്ടു പോകാന്‍ പറ്റൂ. അതുവരെയുള്ള കാര്യങ്ങള്‍ സ്ത്രീജീവനക്കാരാണ് ചെയ്യുക. സാമാന്യം സമ്പന്നരായവരുടെ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ വരുന്ന സ്ത്രീകള്‍ വലിയതോതില്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കും. ഇവര്‍ ഭക്ഷണം കഴിച്ചശേഷം വാഷ്‌ബേസിനരികില്‍ വന്ന് കൈ കഴുകുമ്പോള്‍ അവരറിയാതെ ഒരു മോതിരമോ ബ്രേസ്‌ലെറ്റോ ബേസിനില്‍ വീഴും. ധാരാളം ആഭരണങ്ങളുള്ളതിനാല്‍ ഒരു മോതിരം പോയാലൊന്നും സൗദിസ്ത്രീകള്‍ അറിയില്ലെന്ന് അബ്ദുറഹിമാന്‍.
പാദസരം അഴിഞ്ഞുവീണ് നഷ്ടപ്പെടുന്നത് നാട്ടിലും ഉാകാറുണ്ടല്ലോ എന്ന് ആഖ്യാനത്തില്‍ ഒ. ഹെന്‍ട്രി ട്വിസ്റ്റ് നല്‍കാനും അബ്ദുറഹിമാന്‍ മറക്കുന്നില്ല. വീഴുന്ന ആഭരണങ്ങള്‍ ബേസിനിലൂടെ വെള്ളം പോകുന്ന കുഴലിലൂടെ പോകും. അവിടെയാണ് ചെറിയ പിത്തളയില്‍ തീര്‍ത്ത പൊന്‍വലയുള്ളത്. വിവാഹസംഘം പോയിക്കഴിഞ്ഞാല്‍ ബേസിനിളക്കി വലയില്‍ തടഞ്ഞത് സ്വന്തമാക്കും. കഥ പറഞ്ഞ അബ്ദുറഹിമാന് പക്ഷേ, ഇതുവരെ ഒരു പൊന്‍ തരിപോലും കിട്ടിയിട്ടില്ല. കിട്ടിയതായി പറയുന്ന ഭാഗ്യവാന്‍മാരില്‍ ഒരാളെപ്പോലും ഇക്കാലത്തിനിടയില്‍ കാണിച്ചുതരാന്‍ അദ്ദേഹത്തിനു പറ്റിയിട്ടുമില്ല. രാജകുമാരിമാര്‍ പങ്കെടുക്കുന്ന വമ്പന്‍ കല്യാണ
ങ്ങളിലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന വകഭേദം മറ്റൊരു കല്യാണമണ്ഡപത്തില്‍ ജോലിചെയ്യുന്ന സുബൈര്‍ക്ക പറഞ്ഞു.
ഒരിക്കല്‍ ഒരാള്‍ക്കു വീണുകിടന്ന സ്വര്‍ണാഭരണം കിട്ടിയിരുന്നിരിക്കാം. അതു പിന്നീട് ആഖ്യാനങ്ങളിലൂടെ ഒരു അറബിക്കഥയായി വികസിച്ചതാവാം. നിജസ്ഥിതിയെക്കുറിച്ച് വിധിക്കാന്‍പറ്റാത്ത നിലയിലുള്ള ജീവിതത്തിലെ ഫിക്ഷണല്‍ ആയ നിരവധി ആഖ്യാന
ങ്ങളില്‍ ഒന്ന് എന്നും കരുതാം. ഇല്ലായ്മയെ സമ്പന്നതയുടെ വീണുകിട്ടലുകളിലൂടെ സ്വര്‍ണഗോപുരങ്ങളാക്കി വിവര്‍ത്തനംചെയ്യുന്ന പ്രക്രിയ. നിധി കുഴിച്ചുകൊണ്ടേയിരിക്കുന്നവരെ ലോകസാഹിത്യത്തില്‍ എത്രയോ സ്ഥലങ്ങളില്‍ നാം കിരിക്കുന്നു. നമ്മുടെ സാഹിത്യത്തിലും അത്തരം സന്ദര്‍ഭങ്ങളുണ്ടല്ലോ. അബ്ദുറഹിമാന്‍ ഒരു എഴുത്തുകാരനായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്. ഒരാള്‍ മാത്രമല്ല, ആയിരക്കണക്കിനാളുകള്‍ ഇവിടെ ഇങ്ങനെ എഴുത്തുകാരുടെ ശില്പശാലകളില്‍ പോകാതെ ആഖ്യാനത്തിന്റെ വായ്‌മൊഴി വഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. ആഖ്യാന ചാതുരിയില്‍ മലയാളിയെ തോല്‍പ്പിക്കാനാവില്ല. ഭാവനയുടെയും കഥ പറച്ചിലിന്റെയും ക്രാഫ്റ്റില്‍ മലയാളിയുടെ കൊടി ഏറെ ഉയരത്തില്‍ പാറും. അബ്ദുറഹിമാന്റെ വാക്കുകള്‍ പിത്തളവലയില്‍ ചെന്നുവീണ് സ്വര്‍ണത്തേക്കാള്‍ തിളങ്ങിക്കൊണ്ടിരിക്കും.
അയാളുടെ ആഖ്യാനം ബെസ്റ്റ് സെല്ലറായതിനാല്‍ പലയിടത്തും അതിന്റെ വെളിച്ചം പരന്നുകിടക്കും. സത്യത്തില്‍ ഗള്‍ഫ്-മലയാളി ഫോക് ലോറിലെ (ഗള്‍ഫ് ലോറിലെ എന്നതായിരിക്കും ശരിയായ പ്രയോഗം) ഉജ്ജ്വലമായ അധ്യായമാണത്. എണ്ണയും പൊന്നും ഗള്‍ഫില്‍ പണി നല്‍കിയ ലക്ഷക്കണക്കിന് മലയാളികളുടെ ആത്മകഥകളിലേക്കുള്ള പ്രവേശിക. ലക്ഷങ്ങള്‍ ജീവിതം നട്ടുപിടിപ്പിച്ച ഗള്‍ഫിനെക്കുറിച്ചുള്ള ഭ്രമാത്മകമായ ഒരു കല്പന. ഗള്‍ഫില്‍ കഴിയുന്ന മലയാളികളില്‍ ഭൂരിഭാഗവും ഇണകളില്ലാതെ കഴിയുന്നവരാണ്. അതിനാല്‍ വലയില്‍ വന്നുവീഴുന്ന പൊന്‍പ്രഭയില്‍ ഇണയുടെ മുഖവും മഞ്ഞിന്റെ ആവരണത്തില്‍നിന്നെന്നപോലെ തെളിയുമെന്ന ഗുണവും ഈ ഭാവനയില്‍ ഒളിഞ്ഞിരിക്കുന്നു. കഥ കേള്‍ക്കുമ്പോള്‍ ഒരു ഈത്തപ്പഴം കടിച്ചാല്‍ ഇരട്ടി മധുരത്താല്‍ കേള്‍വിക്കാരന് രോമാഞ്ചമുണ്ടാകും. ആ രോമാഞ്ചത്തെ പുണര്‍ന്ന് ചില നാളുകള്‍ കഴിഞ്ഞുകൂടാനും പറ്റും.
ഇങ്ങനെ അതിജീവനത്തിന് കരുത്തുപകരുന്ന ഒന്നും രണ്ടും ആഖ്യാനങ്ങളല്ല ഗള്‍ഫില്‍ കഴിയുന്ന മനുഷ്യരുടെ പക്കലുള്ളത്. ആയിരക്കണക്കിനായിരിക്കും. കാരണം അവര്‍ക്ക് പലപ്പോഴും വന്‍ ദുരന്തങ്ങളെ നേരിടേതുണ്ട്.
തൊഴില്‍സ്ഥലങ്ങളില്‍, സ്വന്തം നാട്ടില്‍ അങ്ങനെയങ്ങനെ. കോണ്‍ക്രീറ്റ്പണിക്കിടെ കെട്ടിടം തകര്‍ന്ന് അപ്പോള്‍ കുഴച്ച സിമന്റ് ദേഹത്തു വന്നുവീണ് കോണ്‍ക്രീറ്റ് ശില്പം പോലെ മനുഷ്യര്‍ മരിച്ചുകിടന്ന സംഭവമുണ്ടായിട്ടുണ്ട്. നാട്ടില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന മകള്‍ ജീവനൊടുക്കിയതിന്റെ വിഷാദം കടിച്ചു പിടിച്ചു ജീവിക്കുന്ന അച്ഛനെ കണ്ടിട്ടുണ്ട്. സ്വന്തമായുണ്ടാക്കുന്ന ആഖ്യാനങ്ങളില്‍ അതിനാല്‍തന്നെ അവര്‍ക്ക് അതിജീവനത്തിന്റെ രഹസ്യഭാഷ കുഴിച്ചിടേണ്ടിവരുന്നു. വളര്‍ന്നു പന്തലിക്കുമ്പോള്‍ അതിന്റെ തണലില്‍ കിടന്നുറങ്ങുകയും. കുടിയേറ്റക്കാരനില്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നത് നിധിവേട്ടക്കാരുടെ ജീനുകളാണെന്ന് അവര്‍ കെട്ടിയുണ്ടാക്കുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ വിശ്വസിക്കേണ്ടിവരുന്നു.