കടന്നുപോയ ജീവിതാനുഭവങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് മുകേഷ്. ആ കാഴ്ചകള്‍ മുകേഷ്ആവിഷ്‌കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാകുന്നു. അത് ചിരിയും നോവുമുണര്‍ത്തുന്നു. ഇതില്‍ സിനിമയുണ്ട്, ജീവിതമുണ്ട്, ഒപ്പം ഉള്ളില്‍ നിറയെ കുസൃതിത്തരങ്ങളുമായി മുകേഷും. മുകേഷ് കഥകള്‍ വീണ്ടും..
പുസ്തകത്തില്‍ നിന്നും..
അടിതെറ്റിയാല്‍ ഇന്നസെന്റും വീഴും
മലയാളസിനിമയില്‍ ആരെക്കുറിച്ചും എന്തും പറയാം… അങ്ങനെ പറയാന്‍ ലൈസന്‍സുള്ള ഒരാളാണ് ഇന്നസെന്റ്. ആ ലൈസന്‍സ് എവിടന്നു കിട്ടി? തൊണ്ണൂറു വയസ്സ്‌വരെ ജീവിച്ചാല്‍ ആ ലൈസന്‍സ് കിട്ടുമോ? ആയിരം സിനിമകള്‍ വിജയിപ്പിച്ചു കഴിഞ്ഞാല്‍ അതു കിട്ടുമോ? ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് എന്നാല്‍ മലയാള സിനിമയുടെ ഭാഗമാണ്. മലയാള സിനിമയിലഭിനയിക്കുന്നുണ്ട് എന്നു പറഞ്ഞാല്‍ അത് കിട്ടുമോ എന്നൊക്കെ ചോദിച്ചാല്‍ കിട്ടില്ല. അത് കിട്ടണമെന്നുണ്ടെങ്കില്‍ പറയുന്ന കാര്യങ്ങളില്‍ തമാശ കലര്‍ത്തി പറയാനുള്ള അപാരമായ മിടുക്ക് വേണം. നമ്മളെക്കുറിച്ചാണു പറയുന്നത്. പക്ഷേ, എതിര്‍ക്കാന്‍ നിവൃത്തിയില്ല. കാര്യം അതില്‍ തമാശയുണ്ട്. കൂടെ കേട്ടുകൊണ്ടിരിക്കുന്നവരൊക്കെ പൊട്ടിപ്പൊട്ടി ചിരിക്കുന്നുണ്ട്. ആ ചിരിയില്‍ നമ്മള്‍ എതിര്‍ത്തിട്ട് കാര്യമില്ല, എതിര്‍ത്താല്‍ നമ്മളാരായി മാറും? ആ ഒരു മരുന്ന് കൃത്യമായി ചേര്‍ത്ത് വില്ലു കുലച്ച് അമ്പെയ്യാന്‍ കഴിവുള്ള പ്രഗല്ഭനായ ഒരാളാണ് ഇന്നസെന്റ്.
ഇന്നസെന്റ് ഇപ്പോള്‍ ”നമ്മള്‍ വല്ല അഭിപ്രായവും പറഞ്ഞാല്‍ അയാള്‍ കയറി അതിനപ്പുറം വല്ലതും പറഞ്ഞാലോ”യെന്ന പേടി കാരണം പലരും പിന്മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അഭിമാനത്തോടെ എനിക്ക് പറയാന്‍ പറ്റും പല സന്ദര്‍ഭങ്ങളിലും ഇന്നസെന്റിനോടൊപ്പം ഞാന്‍ ‘ഇടിച്ചു നിന്നിട്ടുണ്ടെന്ന്.’ അദ്ദേഹം ഒരഞ്ച് തമാശക്കഥകള്‍ പറയുമ്പോള്‍ ഞാനും ഒരു നാലെണ്ണമെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ട്. അദ്ദേഹമെന്നെ അഭിനന്ദിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രായവും അനുഭവസമ്പത്തും ജീവിതപരിചയവുമൊക്കെ വെച്ച് പല സന്ദര്‍ഭങ്ങളിലും അദ്ദേഹം വിജയിച്ചതായാണ് ചരിത്രം. ഇന്നസെന്റ് ഇലക്ഷനു നിന്നപ്പോള്‍ പല രാഷ്ട്രീയക്കാരും ഇപ്പോ തമാശക്കാരൊക്കെയാണ് ഇലക്ഷന് മത്സരിക്കുന്നതെന്നു പറഞ്ഞ് പുച്ഛിച്ചിട്ടുണ്ട്. ”ഇന്നസെന്റൊക്കെ അവിടെപ്പോയി എന്തോ പറയു”മെന്നൊക്കെ പലരും ഇന്നസെന്റിന്റെ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരെക്കൊണ്ട് ചാനലുകളില്‍ പറയിച്ചു. എതിര്‍സ്ഥാനാര്‍ത്ഥിയോടുള്ള എല്ലാ ബഹുമാനത്തോടുംകൂടി പറയട്ടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയവൈഭവത്തെ മറികടക്കാന്‍ തക്കവണ്ണം ഇന്നസെന്റ് വളര്‍ന്നുവെങ്കില്‍ ഇന്നസെന്റിന്റെ തമാശയാണ് അവിടെ വളര്‍ന്നത്. ആ തമാശയുടെ ശക്തി സാധാരണക്കാര്‍വരെ തിരിച്ചറിഞ്ഞതുകൊണ്ടാണ് അത്രയും വലിയ ഭൂരിപക്ഷം ഇന്നസെന്റിന് കിട്ടിയത്. ആ ഇന്നസെന്റിനും ഒരിക്കല്‍ ഒരക്കിടി പറ്റി.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കാക്കക്കുയിലിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ നടക്കുന്ന സമയം. ഹൈദരാബാദ് ഒരു കോസ്‌മോ പൊളിറ്റിക്കല്‍ സിറ്റിയാണ്. അവിടെ ഹിന്ദി നന്നായി ചെലവാകും.” ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് ഇന്നസെന്റും ഞാനും ഞങ്ങള്‍ താമസിക്കുന്ന ഗോള്‍കൊണ്ട ഹോട്ടലിലെത്തി. റിസപ്ഷനില്‍ ഒരു കൂട്ടം. ആ കൂട്ടത്തില്‍ സാരി ധരിച്ച കാണാന്‍ സാമാന്യം തെറ്റില്ലാത്ത ഒരു സ്ത്രീ. തെലുങ്കും ഹിന്ദിയുമാണ് അവര്‍ സംസാരിക്കുന്നത്. എന്നെ കണ്ടയുടന്‍ അവര്‍ ”ഹലോ… മുകേഷ്” എന്നു വിളിച്ച് അടുത്തേക്കു വന്നു. ”മുകേഷെന്താണിവിടെ?” അടുത്തേക്കു വന്നപാടെ അവര്‍ ചോദിച്ചു. ”മലയാളിയാണോ?” ഞാനവരോടു മറുചോദ്യം ചോദിച്ചു. ”അതെ. ഞാന്‍ പക്ഷേ വര്‍ഷങ്ങളായി ഇവിടെത്തന്നെയാണ്.
തെലുങ്കുദേശത്തിന്റെ പ്രാദേശിക നേതാവാണിപ്പോ. നാട്ടില് തൊടുപുഴയിലാ…”
അവര്‍ വിശേഷങ്ങള്‍ പറഞ്ഞു നില്ക്കുമ്പോഴാണ് തിരിഞ്ഞുനിന്ന ഇന്നസെന്റിനെ കണ്ടത്.
”ങ്ഹാ… ഇന്നസെന്റുമുണ്ടായിരുന്നോ?” ഇന്നസെന്റിനെയും അവര്‍ പരിചയപ്പെട്ടു. കൂടെയുണ്ടായിരുന്ന സ്ത്രീകളെയും പരിചയപ്പെടുത്തി. അവര്‍ക്ക് ഹിന്ദിയും തെലുങ്കും മാത്രമേ അറിയൂ. ചന്ദ്രബാബു നായിഡു അച്ചാ ആദ്മിയാണെന്നും ഹൈദരാബാ ദിനെ ബഹുത് സുന്ദറാക്കിയെന്നുമൊക്കെ ഇന്നസെന്റ് ഹിന്ദിയില്‍ വെച്ചു കാച്ചുന്നുണ്ടായിരുന്നു. തിരക്കാണ്. ഒരു മീറ്റിങ്ങുണ്ടെന്നു പറഞ്ഞ് അവര്‍ യാത്ര ചോദിച്ചു പോയി. ഏതോ മന്ത്രി വരുന്നുണ്ടത്രെ! മന്ത്രി അഥവാ വരാന്‍ വൈകിയാല് വീണ്ടും കാണാമെന്നു പറഞ്ഞാണ് അവര്‍ മടങ്ങിയത്.
”എന്താണു ചേട്ടാ അടിച്ച് കലക്കിയല്ലോ…” അവര്‍ പോയപ്പോള്‍ ഞാന്‍ ഇന്നസെന്റിനോട് പറഞ്ഞു.
”ടാ… നിന്നെപ്പോലെ എനിക്ക് വലിയ വിദ്യാഭ്യാസമോ, ഡിഗ്രിയോ ഒന്നും കാണത്തില്ല. പക്ഷേ, ജീവിക്കാന്‍ വേണ്ട ഭാഷ എനിക്കറിയാം. നിങ്ങള്‍ക്കൊക്കെ ഇല്ലാത്തതും അതാണ്.
”ചേട്ടന്‍ ഹിന്ദി പഠിച്ചത് ഡല്‍ഹിയില്‍ തുണിക്കച്ചവടത്തിനും, പെട്ടിക്കച്ചവടത്തിനുമൊക്കെ പോയതുകൊണ്ടല്ലേ…?”യെന്നു പറഞ്ഞ് ഞാനൊന്ന് വേലവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ”അതൊന്നും ചെറിയ കാര്യമല്ല. ലോകപരിചയം വേണമെടാ… എവിടെ ചെന്നാലും പിടിച്ചു നില്ക്കാനുള്ള ഭാഷയും അറിയണം. ഇന്ത്യയുടെ രാഷ്ട്രഭാഷയായ ഹിന്ദി, അതു പഠിച്ചില്ലെങ്കില്‍പ്പിന്നെ എന്തു പഠിച്ചിട്ടെന്താടാ…”യെന്നു പറഞ്ഞ് എന്നെ ശരിക്കും കളിയാക്കി. ”ഇവന്റെ മുഖമൊന്ന് കാണേണ്ടതായിരുന്നു. ഹിന്ദി അറിയാണ്ട് ചമ്മി നില്ക്കണ ഇവന്റെ മുഖം. ഹോ! ഹിന്ദി അറിയാമായിരുന്നേല് ഇവനാ തെലുങ്കുദേശം സ്ത്രീകളുടെ ഇടയില്‍കിടന്ന് വിരവിയേനെ…”
ഇന്നസെന്റ് ആരോടൊക്കെയോ പറഞ്ഞ് എന്നെ കളിയാക്കി ചിരിച്ചു. ഹിന്ദി നന്നായി പഠിക്കണമെന്നൊരു ചിന്തപോലും അന്നെനിക്ക് തോന്നി.
പിറ്റേദിവസം രാവിലെ ഞാന്‍ സെറ്റില്‍ ചെന്നു. ഉച്ച കഴിഞ്ഞേ ഇന്നസെന്റിന് വര്‍ക്കുള്ളൂ.
പ്രിയനോടും മോഹന്‍ലാലിനോടും ഞാന്‍ തലേന്ന് നടന്ന സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ പറഞ്ഞു. ഹിന്ദി അറിയാവുന്നതുകൊണ്ട് ആ തെലുങ്ക്‌ദേശം സ്ത്രീകളുടെ മുന്നില്‍ ഇന്നസെന്റ് ഷൈന്‍ ചെയ്തതും, ഹിന്ദിയറിയാത്തതുകൊണ്ട് ഞാന്‍ ചമ്മിപ്പോയതും, ഇന്നസെന്റ് എന്നെ കളിയാക്കി ചിരിച്ചതുമൊക്കെ കേട്ടപ്പോള്‍ പ്രിയദര്‍ശന്റെ മനസ്സിലൊരു ഐഡിയ മിന്നി.
”ടാ, നമുക്കിത് അങ്ങനെ വിട്ടൂടാ… ഇയാള്‍ ഇത്രയുമൊക്കെ പറഞ്ഞ സ്ഥിതിക്ക് നമുക്കൊരു കളി കളിച്ചാലോ?” എന്ന മാന്നാര്‍ മത്തായിയിലെ ഡയലോഗ് പ്രിയന്‍ പറഞ്ഞു. ”എന്ത് കളി?” ഞാന്‍ ചോദിച്ചു. ”നീ കൂടെ നിക്ക്.” എന്നു പറഞ്ഞിട്ട് പ്രിയന്‍ പെട്ടെന്നുതന്നെ ഇന്നസെന്റിനെ വിളിപ്പിച്ചു.
നേരത്തേ വര്‍ക്കുണ്ടായിരുന്നുവെന്നു കള്ളം പറഞ്ഞാണ് ഇന്നസെന്റിനെ വിളിപ്പിച്ചത്.
”എനിക്ക് ഉച്ചയ്‌ക്കേ വര്‍ക്കുള്ളൂവെന്ന് പറഞ്ഞിട്ട്?” വന്നപാടെ ഇന്നസെന്റ് പ്രിയനോട് ചോദിച്ചു.
”ചിലപ്പോ ഒരു ഷോട്ട് നേരത്തേ എടുക്കും. ചേട്ടനിരി. അവിടെ ഹോട്ടലില്‍ ഒറ്റയ്ക്കിരുന്നിട്ടെന്തിനാ.” പ്രിയന്‍ ഇന്നസെന്റിനെ തൊട്ടടുത്ത് പിടിച്ചിരുത്തി. അപ്പോഴേക്കും മോഹന്‍ലാലും വന്നു. പിന്നീടെല്ലാം പ്ലാന്‍ ചെയ്ത തിരക്കഥയ്ക്കനുസരിച്ചായിരുന്നു.
”ങാ, നിങ്ങള്‍ ഇങ്ങോട്ടു വന്നോ… നിങ്ങളെ ഹോട്ടലിലോട്ട് ആള് തിരക്കിപ്പോയല്ലോ.” മോഹന്‍ലാലിന്റെ ചോദ്യം കേട്ട് ഇന്നസെന്റ് കണ്ണാടിക്കിടയിലൂടെ നോക്കി: ”അല്ലാ പ്രിയന്‍ പറഞ്ഞു ഷൂട്ടിങ് നേരത്തേ കാണുംന്ന്! എന്റെ റൂമിലോട്ട് ആര് തിരക്കിപ്പോയി?”
”നിങ്ങളിന്നലെ തെലുങ്കുദേശത്തിന്റെ കുറേ പ്രവര്‍ത്തകരെ കണ്ടോ?” മോഹന്‍ലാല്‍ വീണ്ടും ചോദിച്ചു. ”പിന്നേയ്, ദാ ഈ മുകേഷ് കാരണമാ പരിചയപ്പെട്ടെ. അവരുമായി കുറേനേരം സംസാരിച്ചു. എന്തുപറ്റി? ലാല് അവരെ കണ്ടോ?” ഇന്നസെന്റ് ആവേശത്തോടെ ചോദിച്ചു.
”അല്ല, അവര്‍ക്ക് അമ്പതിനായിരം രൂപ സംഭാവന കൊടുക്കാന്ന് പറഞ്ഞോ?” മോഹന്‍ലാല്‍ ചോദിച്ചു തീരുംമുമ്പേ ”ഹെന്റമ്മോ…”യെന്ന ഭാവത്തോടെ ഇന്നസെന്റ് ചാടിയെഴുന്നേറ്റു:
”ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല.”
”അല്ല അവര് കുറച്ച് സ്ത്രീകള്‍…”
”അതെ, സ്ത്രീകള്‍.”
”അവര് തെലുങ്കുദേശത്തിന്റെ വനിതാവിഭാഗം.”
‘അതെ വനിതാവിഭാഗം… അതിന്റെ പ്രധാന നേതാക്കളുമായാണ് ഞാന്‍ സംസാരിച്ചത്.”
”സംസാരമധ്യേ വനിതാവിഭാഗത്തിനുവേണ്ടി നിങ്ങള്‍ അമ്പതിനായിരം രൂപ സംഭാവന കൊടുക്കാന്ന് പറഞ്ഞെന്നാ അവര് പറഞ്ഞേ…” മോഹന്‍ലാല്‍ വീണ്ടും പറഞ്ഞു.
”ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. മുകേഷ് ഉണ്ടായിരുന്നല്ലോ എന്റെ കൂടെ… അവനെ വിളി…”
പ്രിയനും ലാലുംകൂടി എന്നെ വിളിച്ച് കാര്യമന്വേഷിച്ചു. ”നമുക്ക് ഹിന്ദി അറിഞ്ഞൂടല്ലോ… ഹിന്ദിയിലായിരുന്നു സംസാരം. രണ്ടുമൂന്ന് പ്രാവശ്യം ഞാന്‍ ഇയാളുടെ കൈയില്‍ പിടിച്ചപ്പോള്‍ ഇയാള്‍ കൈ തട്ടിമാറ്റിക്കളഞ്ഞ് അവരോട് സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ‘റുപ്പിയാ റുപ്പിയാ’ എന്നൊക്കെ പറയുന്നതു കേട്ടു. ചന്ദ്രബാബു നായിഡു ബഹുത് സുന്ദര്‍ എന്നൊക്കെ എന്തൊക്കെയോ കേട്ടു.” ഞാന്‍ പറഞ്ഞു. ഇന്നസെന്റിന്റെ കണ്ണ് തള്ളിപ്പോയി.
”ടാ, അത് നായിഡു മുഖ്യമന്ത്രിയായപ്പോഴാ ഹൈദരാബാദ് നല്ല മനോഹരമായതെന്നല്ലേ ഞാന്‍ പറഞ്ഞേ… അതിനുവേണ്ടി ഒരുപാട് രൂപ മുടക്കി. ആ റുപ്പിയയാടാ ഞാന്‍ പറഞ്ഞേ.”
”അതെനിക്കറിഞ്ഞൂടാ… നമുക്ക് ഹിന്ദി അറിയില്ലല്ലോ…” എരിതീയില്‍ എണ്ണയൊഴിക്കുമ്പോലെ ഞാന്‍ പറഞ്ഞു. ”ഹോട്ടലില്‍ ചെന്ന് നിങ്ങളെ കാണാഞ്ഞിട്ട് അവര്‍ പിന്നേം ലൊക്കേഷനിലേക്ക് വരുന്നെന്ന്.” പ്രിയന്‍ ഇടയ്ക്ക് കയറിപ്പറഞ്ഞു. ”അവരെന്തിനാ ഇങ്ങോട്ട് വരണേ…” ഈര്‍ഷ്യയോടെ ഇന്നസെന്റ് ചോദിച്ചു. ”വല്ല കാര്യവുമുണ്ടായിരുന്നോ! ചേട്ടന്‍ അല്ലാതെ വേറെ ആരെങ്കിലും രൂപയുടെ കാര്യമൊക്കെ അവരോട് പറയുമോ? അവരിനി വിടുമോ?”
”അമ്പതിനായിരം രൂപ കൊടുക്കാന്ന് ഞാന്‍ പറഞ്ഞിട്ടില്ലെടാ… സത്യമായിട്ടും പറഞ്ഞിട്ടില്ല.” നെഞ്ചില്‍ കൈവച്ച് ഇന്നസെന്റ് പറഞ്ഞു.
”ഹോ! ഹിന്ദി അറിയുന്നതുകൊണ്ട് ഇങ്ങനെയുള്ള കുഴപ്പങ്ങളൊക്കെയുണ്ടോ?” ഇന്നസെന്റ് പിറുപിറുത്തു. ”മുറിഹിന്ദി പറയുമ്പോ ഓര്‍ക്കണമായിരുന്നു. അവര് ദേ, കാശിനു വേണ്ടി ഇങ്ങോട്ട് വരുകാന്ന്.” ഞാന്‍ വീണ്ടും എരിതീയില്‍ എണ്ണയൊഴിച്ചു. പ്രിയന്‍ നേരത്തേ പ്ലാന്‍ ചെയ്തിരുന്നപോലെ ഹിന്ദിയും മലയാളവുമറിയാത്ത പ്രൊഡക്ഷന്‍ മാനേജരെക്കൊണ്ട് ഫോണ്‍ ചെയ്യിച്ചു. ഇന്നസെന്റിന് ഫോണ്‍ കൊടുത്തു. അയാള്‍ ഹിന്ദിയില്‍ ”സര്‍.. ഞാന്‍ തെലുങ്ക് ദേശത്തിന്റെ പ്രാദേശിക നേതാവാണ്”എന്നു പറഞ്ഞു. അന്ന് കണ്ട സ്ത്രീ എവിടെയോ പോയിരിക്കുകയാണെന്നും കാശ് വാങ്ങാന്‍ തന്നെയാണ് ഏല്പിച്ചിരിക്കുന്നതെന്നും അയാള്‍ പറഞ്ഞു.
”സര്‍… ചെക്കാണോ, ക്യാഷാണോ തരുന്നത്? ഞാന്‍ ലൊക്കേഷനിലേക്ക് വരികയാണ്.”
”ഹേയ്… ഞാന്‍ കാശിന്റെ കാര്യം പറഞ്ഞിട്ടില്ല.” ”അങ്ങനെ പറയല്ലേ സര്‍. സ്ത്രീകളോടു പറഞ്ഞിട്ട് മാറ്റിപ്പറയുന്നത് നല്ലതാണോ സര്‍?” അയാള്‍ ഫോണ്‍ കട്ട് ചെയ്തു. ഇന്നസെന്റ് ദൂരെ ഒരു മൂലയിലേക്ക് മാറി. ഭയങ്കരമായ ടെന്‍ഷനും ദുഃഖവും നിരാശയുമൊക്കെ ആ മുഖത്തുണ്ട്.
”എന്താ ചേട്ടാ എന്താ പ്രശ്‌നം?” മോഹന്‍ലാല്‍ ഇന്നസെന്റിന്റെ അടുത്തേക്കു ചെന്നു.
”ഇല്ലെടാ. ഇതില്‍ ആരോ കളിക്കുന്നുണ്ട്. ഞാനങ്ങനെ പറഞ്ഞിട്ടില്ല.” ഇന്നസെന്റ് വീണ്ടും ആണയിട്ടു. ”നിങ്ങള്‍ മദ്യപിച്ചിരുന്നോ?” മോഹന്‍ലാല്‍ വീണ്ടും ചോദിച്ചു.
”മദ്യവും ഇതുമായിട്ടെന്ത് ബന്ധം?” ഇന്നസെന്റിന് ദേഷ്യം വന്നു.
”അല്ല… മന്ത്രി വരാന്‍ വൈകിയാല് വീണ്ടും വരാമെന്ന് അവര്‍ പറഞ്ഞിരുന്നല്ലോ? അവര്‍ വീണ്ടും വന്നോ?” ഞാന്‍ ചോദിച്ചു. ”വീണ്ടും വന്നതായിട്ടെനിക്ക് ഓര്‍മ്മയില്ല.” ഇന്നസെന്റ് കൈ മലര്‍ത്തി.
”ഇതെന്താ ഓര്‍മ്മയില്ലെന്നു പറയുന്നേ? ചേട്ടന്‍ പറഞ്ഞുകാണും. അല്ലെങ്കില്‍ അവരിത്രേം ഉറപ്പായിട്ട് പറയുമോ?” മോഹന്‍ലാല്‍ ഇന്നസെന്റിനോട് ദേഷ്യപ്പെട്ടു. അപ്പോഴേക്കും പ്രിയന്‍ ഇടപെട്ടു: ”ചേട്ടന്‍ വിഷമിക്കണ്ട. ഒരു കാര്യം ചെയ്യാം. അമ്പതിനായിരം രൂപ നമ്മള്‍ കൊടുത്തേക്കാം.” ”നീ അമ്പതിനായിരം രൂപ കൊടുക്കേണ്ട ആവശ്യമുണ്ടോടാ?” ഇന്നസെന്റ് പ്രിയനോട് ചോദിച്ചു. ”അല്ല ആവശ്യമുണ്ടോന്ന് ചോദിച്ചാ ചേട്ടന്റെ പ്രതിഫലത്തീന്ന്
ഞാനാ അമ്പതിനാരം രൂപ കുറയ്ക്കും.” പ്രിയന്‍ പറഞ്ഞു. ഇന്നസെന്റിന്റെ കണ്ണ് വീണ്ടും തള്ളി.
”രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ പോകാനിരുന്നതാ. ഞാനൊന്ന് നാട്ടില് പോയിട്ട് നാലഞ്ച് ദിവസം കഴിഞ്ഞ് വന്നാലോ?” ഇന്നസെന്റിന്റെ ചോദ്യം കേട്ടപ്പോള്‍ അമ്പതിനായിരം രൂപയില്‍നിന്ന് മുങ്ങാനാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ”വീണ്ടും ഫോണ്‍ വന്നു. അമ്പതിനായിരം രൂപ കൊടുത്തില്ലെങ്കില്‍ അവര്‍ ഷൂട്ടിങ് തടയുമെന്ന്, തെലുങ്കുദേശവുമൊക്കെയായി എന്തിനാ ചേട്ടാ വെറുതേ…” പ്രിയന്‍ മയമില്ലാതെ പറഞ്ഞു. ഇന്നസെന്റ് കരയുമ്പോലെ പറഞ്ഞു: ”ഒക്കെ മുകേഷ് കേട്ടതാ…” ”അതിന് നമുക്ക് ഹിന്ദി അറിഞ്ഞൂടല്ലോ?” ഞാന്‍ വീണ്ടും നിര്‍ദാക്ഷിണ്യം പറഞ്ഞു.
”ഹിന്ദി അറിയാത്തത് മഹാഭാഗ്യമായി. അല്ലെങ്കില്‍ എന്റെ കയ്യീന്നും പോയേനെ അമ്പതിനായിരം.” ഞാന്‍ പറഞ്ഞതു കേട്ട് ഇന്നസെന്റ് ദയനീയമായി എന്നെ നോക്കി.
”നീ മെയിന്‍ റോളല്ലേ… അമ്പതിനായിരും രൂപ ഇന്നസെന്റ് കൊടുക്കുമ്പോ നീ ഒരു ലക്ഷം രൂപയെങ്കിലും കൊടുക്കേണ്ടി വന്നേനെ.” മോഹന്‍ലാലും എന്റെ കൂടെ ചേര്‍ന്നു.
”ഹോ! എന്തായാലും ഈ ഹിന്ദി അറിയാത്തത് മഹാഭാഗ്യമായിപ്പോയി.” ഞാന്‍ വീണ്ടും പറഞ്ഞു.
ഇന്നസെന്റ് വാലില്‍ തീപിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. വീണ്ടും ഫോണ്‍ വന്നു. ”അവരിങ്ങോട്ട് വരികയാണ്.”
”ഇതിങ്ങനെ പറ്റില്ല. അവരു വന്ന് ചോദിച്ചാല്‍ കൊടുക്കാന്‍ അമ്പതിനായിരം രൂപ എന്റെ കയ്യിലില്ല. നിങ്ങളിതില്‍ ഇടപെടണം.” ഞങ്ങളുടെ കൈപിടിച്ച് ഇന്നസെന്റ് പറഞ്ഞു.
”അമ്പതിനായിരം കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞതായി അവര്‍ സ്ഥാപിച്ചെടുത്താലും നിങ്ങള്‍ എന്റെ കൂടെ നില്ക്കണം.”
”ചേട്ടനങ്ങനെ പറഞ്ഞിട്ടുള്ളതാണോ?” ഞാന്‍ ചോദിച്ചു.
”അല്ല.”
”പിന്നെന്താ അവരിത്രേം ഉറപ്പിച്ചു പറയുന്നേ?”
”അതെനിക്കറിഞ്ഞൂടാ. അമ്പതിനായിരം കിട്ടിയാല്‍ കൊള്ളാമെന്ന് അവര് ചിലപ്പോ പറഞ്ഞുകാണും. കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.”
”ങാ, അപ്പോ അത്രേംവരെ സമ്മതിച്ചതല്ലേ?” വീണ്ടും മോഹന്‍ലാല്‍ ഇടപെട്ടു.
”കൊടും ഹിന്ദിയിലെങ്ങാനും അവര്‍ വല്ലതും ചോദിക്കുകയോ പറയുകയോ മറ്റോ ചെയ്‌തോ ആവോ…” ഇന്നസെന്റ് നിന്ന് വിയര്‍ത്തു. ”ചേട്ടാ, എന്തായാലും ഹിന്ദി പഠിച്ചു. കൊടും ഹിന്ദികൂടി പഠിച്ചൂടായിരുന്നോ?” കളിയാക്കുന്ന മട്ടില്‍ ഞാന്‍ ചോദിച്ചു. ”നീ പോടാ നിന്റെ പാട്ടിന്.” ഇന്നസെന്റ് കയര്‍ത്തു. ഇന്നസെന്റ് ആദ്യമായി തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ച ഞാന്‍ കാണുകയായിരുന്നു.
”ഇനി ഇതു വച്ചുനീട്ടാന്‍ പറ്റില്ല. നീട്ടിക്കഴിഞ്ഞാല്‍ ഇത് തമാശയാണെന്നു പറയുമ്പോള്‍ ഇയാള്‍ക്ക് വല്ല അസുഖവും വന്ന് ശരിക്കും ഷൂട്ടിങ് മുടങ്ങും.” പ്രിയന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. ”എന്തെടാ നീ ചിരിക്കുന്നേ! കൊലച്ചിരിയാണല്ലോടാ…” ഇന്നസെന്റ് എന്നെ തറപ്പിച്ചു നോക്കി.
”ചേട്ടനല്ലേ എല്ലാവരെയും കളിയാക്കുന്നതും പറ്റിക്കുന്നതുമെല്ലാം. ചേട്ടനെ ഒന്ന് പറ്റിക്കാന്‍ വേണ്ടി ഞങ്ങള്‍ പ്ലാന്‍ ചെയ്ത സംഭവമല്ലേ ഇത്, ചേട്ടന്‍ ചീത്തയൊന്നും വിളിക്കുരുത്. ഒന്നും മനസ്സില് വയ്ക്കരുത്.” ഞാന്‍ പറഞ്ഞപ്പോള്‍ ഇന്നസെന്റ് പ്രിയനെ നോക്കി: ”പ്രിയാ ഇന്നത്തെ എന്റെ ഷൂട്ടിങ് നാളത്തേക്ക് ആക്കാന്‍ പറ്റ്വോ? എനിക്കൊന്ന് വിശ്രമിക്കണം. ഇന്നസെന്റിന്റെ യാചനയ്ക്കും മീതേ എന്റെയും മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും പൊട്ടിച്ചിരി ഉയര്‍ന്നു.