വാക്കുകള്‍ അഗ്നിജ്വാലകളായ് പെയ്തിറങ്ങുന്ന പവിത്രന്‍ തീക്കുനിയുടെ കവിതകളാണ് സീതയും പര്‍ദ്ദയും ശീര്‍ശഷകമില്ലാത്ത കവിതകളും. വിവാദമുണ്ടാക്കിയ സീത, പര്‍ദ്ദ എന്നീ കവിതകളോടൊപ്പം ശീര്‍ഷകമില്ലാത്ത 79 കവിതകളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്.
സീത
അന്ന്
അയോദ്ധ്യ
സദാചാരത്തിന്റെ
ഇരുട്ടിലായിരുന്നു.
രാമാ
നീ
വാഴ്ത്തപ്പെട്ട
സംശയത്തിന്റെ
രാജാവായിരുന്നു.
അന്ന്
എല്ലാ പൂക്കള്‍ക്കും
മഞ്ഞനിറമായിരുന്നു.
എല്ലാ
നിഴലുകള്‍ക്കും
നീലക്കണ്ണുകള്‍
തുന്നിവെച്ചിരുന്നു.
അന്ന്
എല്ലാ പക്ഷികളും
അസഭ്യതയില്‍
ചിറകടിച്ചിരുന്നു.
എല്ലാ പുല്‍നാമ്പുകളും
അടക്കംപറച്ചിലുകളിലേക്ക്
താമസം മാറ്റിയിരുന്നു.
അന്ന്
എല്ലാപ്പുഴകളും
കലങ്ങി
കുത്തിയൊഴുകിയിരുന്നു.
എല്ലാ വഴികളിലും
അതിപുരാതന
രതിനിയോഗങ്ങളുടെ
ദുര്‍ഗന്ധം
തുറുന്നു കിടന്നിരുന്നു.
പക്ഷേ,
അഗ്നിനാളങ്ങളെനിക്ക്
അതിശൈത്യത്തിന്റെ
അലകളായിരുന്നുവെന്ന്
നീയറിഞ്ഞതേയില്ല.
അതേ
രാമാ
ഓരോ നാളത്തിലും
ഒരായിരം
നനുത്ത തിരവിരലുകളുണ്ടായിരുന്നു.
കാരണം
എന്റെ മിഴികളില്‍
നീ മാത്രമായിരുന്നു.
എന്റെ മിടിപ്പുകളില്‍
നിന്റെ കിതപ്പുകള്‍ മാത്രമായിരുന്നു.
ഞാന്‍
മുളച്ചതും
തളിര്‍ത്തതും
പൂത്തതും
നിന്നില്‍ മാത്രം.
എന്നെ നീ കാട്ടുനീതിക്ക്
ബലി കൊടുക്കുകയായിരുന്നു.
അന്ന്
നിന്റെ അയോദ്ധ്യയെക്കാള്‍
എത്ര സുരക്ഷിതമായിരുന്നു
കൊടും വനവും ലങ്കയും!
അന്ന്
നിന്നെക്കാള്‍
എത്ര നല്ല
വിശ്വാസവും
ഉറപ്പുമായിരുന്നു
രാവണന്‍?