നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ യാത്രാവിവരണ പുസ്തകം ഭ്രമയാത്രികന്‍ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് നവംബര്‍ അഞ്ചിനായിരുന്നു ആദ്യ പതിപ്പിന്റെ പ്രകാശനം നടന്നത്. ‘നാം കാണുന്നത് നമുക്ക് കിട്ടുന്ന നഗരം.അങ്ങനെ വരച്ചിടാനാണ് എന്റെ താല്‍പര്യം’ എന്നാണ് തന്റെ എഴുത്തിന് അനൂപ് മേനോന്‍ നല്‍കുന്ന നിര്‍വചനം.
ലണ്ടനില്‍ നിന്നും ചൈനയിലേക്ക് അവിടെനിന്നും ഇറ്റലിയിലേക്ക് അങ്ങനെ വായനാനുഭവത്തെ സഞ്ചാര അനുഭവത്തിലേക്ക് എത്തിക്കുകയാണ് അനൂപ് മേനോന്‍ എഴുത്തിലൂടെ… ഉത്തരാധുനിക സന്ദര്‍ഭത്തിലെ മലയാളീ യാത്രകളെ ഇങ്ങനെയാണെഴുതുന്നതെന്ന പുതിയ സിദ്ധാന്തീകരണത്തിന് അനൂപിന്റെ അനുഭവാഖ്യാനങ്ങള്‍ സഹായിക്കുമെന്നാണ് അവതാരിക കുറിച്ചുകൊണ്ട് പി.കെ രാജശേഖരന്‍ പറയുന്നു.
ഉണ്ണി ആര്‍, ലാല്‍ ജോസ്, മഞ്ജു വാര്യര്‍, ജയസുര്യ, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ വായനാനുഭവം പങ്കുവെച്ച് ഇതില്‍ എഴുതിയിട്ടുണ്ട്. ചുറ്റുവട്ടത്തിനപ്പുറം പോകാത്ത ഒരു സാധാരണക്കാരന് അവന്റെയുള്ളിലെ സഞ്ചാരിയെ ലോകത്തിന്റെ അതിരുകള്‍ ഭേദിച്ച് നടത്തുവാന്‍ ഈ യാത്രാക്കുറിപ്പുകള്‍ സഹായിക്കുമെന്ന് ഉണ്ണി ആര്‍ പുസ്തകത്തെ കുറിച്ച് എഴുതുന്നു. അക്ഷരങ്ങളെ കൂട്ടുപിടിച്ച് രാജ്യങ്ങള്‍ കീഴടക്കാന്‍ വായനക്കാരന് സാധിക്കും വിധത്തിലുള്ള സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണ് അനൂപ് മേനോന്റെ ഭ്രമയാത്രികന്‍-ഒരു നടന്റെ യാത്രകള്‍.