യുവകവയിത്രിയും എഴുത്തുകാരിയുമായ കണിമോളുടെ ഏറ്റവും പുതിയ കവിതാസമാഹരം പുറത്തിറങ്ങി. നിലത്തെഴുത്ത് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഡി സി ബുകസാണ് പ്രസിദ്ധീകരിച്ചരിക്കുന്നത്.
അ, അകലെ, സ്വപ്‌നങ്ങള്‍,കൂന്, അനുയാത്ര, തെരുവില്‍ നിന്നൊരു തുറന്ന കത്ത്, മഴ മാത്രം, ചുഴലി, അനന്തരം, ആളോഹരി ദുരന്തങ്ങള്‍, നിലത്തെഴുത്ത്, സഖാവ് ഉറുമ്പ്, സുഗതകുമാരിയുടെ സ്മൃതിയില്‍ നിന്ന് ഉയിര്‍കൊണ്ട വനമദ്ധ്യദീപികേ തുടങ്ങി ഏറ്റവും പുതിയ നാല്‍പ്പതിലധികം കവിതകളാണ് ‘നിലത്തെഴുത്തില്‍’ സമാഹരിച്ചിരിക്കുന്നത്.
നിശബ്ദതകൊണ്ട് വാചലമാണ് കണിമോളുടെ കാവ്യഭാഷ. അത് നിരവധി മാനങ്ങള്‍ വിടര്‍ത്തുന്നു. സമസ്തവൈവിധ്യങ്ങളെയും സ്പര്‍ശിക്കുന്നു. ഈ കവിതകളുടെ പ്രത്യേകതയും ഇതുതന്നെയാണ്. പ്രൊഫ. കെ പി ശങ്കരനാണ് പുസ്തകത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത്. “കണിമോളുടെ മുന്‍കവിതകളില്‍ മിക്കവാറും സര്‍ഗാത്മകമായ ഒരു നിഗൂഡതയാവാം ശൈലിയിലെ വ്യതിരിക്തത. അതിനെ അപേക്ഷിച്ച് തുലോം ഋജുവും വിവൃതവുമായി തോന്നുന്നു ഈ വിഭവത്തിലെ കവിതകള്‍” എന്ന് പ്രൊഫ. കെ പി ശങ്കരന്‍ അവതാരികയില്‍ സൂചിപ്പിക്കുന്നു.
കവിത, കഥ, ലേഖനം തുടങ്ങിയ വിവിധമേഖലകളില്‍ എഴുതുന്ന കണിമോളുടെ ആദ്യ കവിതാസമാഹാരമായ ‘കണിക്കൊന്ന’യ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മൂലൂര്‍ അവാര്‍ഡ്, മുതുകുളംപാര്‍വ്വതിയമ്മ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കണിമോള്‍ അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ മലയാളം അദ്ധ്യാപികയാണ്.