കേരളസംസ്ഥാന രൂപീകരണത്തിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയുള്ള കൃതിയാണ് വെളിച്ചപ്പാടിന്റെ ഭാര്യ. സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ സി.രവിചന്ദ്രന്‍ എഴുതിയ ഈ കൃതിയുടെ മൂന്നാം പതിപ്പ് ഡി.സി ബുക്‌സ് പുറത്തിറക്കി.
കേരളസമൂഹത്തിലും മലയാളിമനസ്സിലും ആഴത്തില്‍ വേരോടിയിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അബദ്ധധാരണകളെയും അനാവരണം ചെയ്യുന്ന കൃതിയാണ് വെളിച്ചപ്പാടിന്റെ ഭാര്യ. ചാത്തനും മറുതയും ആള്‍ദൈവങ്ങളും രോഗശാന്തി ശുശ്രൂഷകരും നിറഞ്ഞാടുന്ന ഈ സമൂഹത്തിന് ഒരു തിരിച്ചുപോക്കിന് പ്രേരണ നല്‍കാന്‍ ഈ പുസ്തകത്തിന് സാധിക്കും. സി രവിചന്ദ്രന്‍ എഴുതിയ പതിനാലാമത് പുസ്തകമാണ് വെളിച്ചപ്പാടിന്റെ ഭാര്യ.
ആരാണ് അന്ധവിശ്വാസി?, ആധുനിക അയിത്തങ്ങള്‍, കൂടോത്ര രാഷ്ട്രീയം, മരണാനന്തര അന്ധവിശ്വാസങ്ങള്‍, ചുംബനമേറ്റ കേരളം, ശാസ്ത്രീയമായ അന്ധവിശ്വാസങ്ങള്‍, ജിന്നുക്കളോട് പ്രാര്‍ത്ഥിക്കാമോ?, വിശുദ്ധവ്യവസായം, അന്ധവിശ്വാസ വിരുദ്ധ ബില്‍ എവിടെ? തുടങ്ങി കേരളം നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ വിവിധ വിഷയങ്ങള്‍ വെളിച്ചപ്പാടിന്റെ ഭാര്യയില്‍ വിശകലനം ചെയ്യുന്നു.