ജൂണ്‍ 19 മലയാളികള്‍ വായനാദിനം ആചരിക്കുമ്പോള്‍ സാഹിത്യപ്രേമികള്‍ വായിച്ചിരിക്കേണ്ട അഞ്ച് പുസ്‌തകങ്ങളെ കുറിച്ച് എഴുത്തുകാരനും കേന്ദ്ര-കേരള അക്കാദമി അവാര്‍ഡ് ജേതാവുമായ സുഭാഷ് ചന്ദ്രന്‍ പറയുന്നു.
1. ഭാരതപര്യടനം-കുട്ടികൃഷ്ണമാരാര്
സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായ കുട്ടികൃഷ്ണമാരാരുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയ കൃതിയാണ് ഭാരതപര്യടനം. മഹാഭാരതത്തിലെ പ്രധാന കഥാസന്ദര്‍ഭങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ കൃതി മലയാള സാഹിത്യത്തിലെ ഒരമൂല്യ ഗ്രന്ഥമാണ്. അമാനുഷികര്‍ എന്ന് കരുതപ്പെടുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചുകൊണ്ട് അവരുടെ ശക്തിദൗര്‍ബ്ബല്യങ്ങളെ മാരാര്‍ തുറന്നവതരിപ്പിക്കുന്നു. രാമന്‍, യുധിഷ്ഠിരന്‍, കര്‍ണ്ണന്‍ തുടങ്ങി കഥാപാത്രങ്ങളെ സൂക്ഷ്മവിശകലനത്തിന് വിധേയരാക്കിയ ഭാരതപര്യടനം ഒരര്‍ത്ഥത്തിന്‍ ഇതിഹാസത്തിന്റെ പുനര്‍വായനയാണ്.
2. കവിയുടെ കാല്‍പ്പാടുകള്‍-പി. കുഞ്ഞിരാമന്‍ നായര്‍
കാല്പനിക കവി പി. കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയാണ് കവിയുടെ കാല്പാടുകള്‍. ഇത് മനുഷ്യനും മനുഷ്യനിലെ കവിയും തമ്മിലുള്ള നിരന്തരസംഘട്ടനത്തിന്റെ ഇതിഹാസമാണെന്ന് ശ്രീ.എം.ടി. വാസുദേവന്‍ നായര്‍ പറയുന്നു. കവി സ്വന്തം ഹൃദയം ചീന്തിയെടുത്തു ചോര വാരുന്ന ഉള്ളറകളിലേക്ക് എത്തിനോക്കുകയാണ്. കവിത തേടി നക്ഷത്രങ്ങളുടേയും നിലാവിന്റേയും വഴിവെളിച്ചത്തില്‍ നിളാനദിയുടെ തീരത്തിലും ഋതുഭേദങ്ങള്‍ വികാരവൈവിധ്യം വരുത്തുന്ന പ്രകൃതിയുടെ കളിത്തട്ടുകളിലും ക്ഷേത്രപ്രാന്തങ്ങളിലും അനുസ്യൂതമായി സഞ്ചരിച്ച കവി പിന്നിട്ട കാല്പാടുകളിലേക്കും തിരിഞ്ഞുനോക്കുന്നു. അദ്ദേഹത്തിന്റെ കവിത പോലെ ആസ്വാദ്യവും ചിന്തനീയവുമാണ് ‘കവിയുടെ കാല്പാടുകള്‍’.
3. ഖസാക്കിന്റെ ഇതിഹാസം- ഒ.വി. വിജയന്‍
മലയാള സാഹിത്യത്തിലെ സാഹിത്യസങ്കല്പങ്ങളെ മാറ്റിമറിച്ച നോവലാണ് ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവല്‍ സാഹിത്യചരിത്രത്തെ ‘ഖസാക്ക് പൂര്‍വ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി’ എന്ന് ഈ നോവല്‍ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തില്‍ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശ്രേഷ്ഠമായ കൃതികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നു.
4. വ്യാസനും വിഘ്‌നേശ്വരനും-ആനന്ദ്
ഉള്‍ക്കനമുള്ള നോവലുകളുമായി മലയാളിയുടെ ധൈഷണികജീവിതത്തിന് സര്‍ഗാത്മകമായ പിന്തുണ നല്‍കിയ എഴുത്തുകാരനാണ് ആനന്ദ്.‘വ്യാസനും വിഘ്‌നേശ്വരനും’ പരാജിതരുടെ ദുരന്തേതിഹാസമാണ്. ഇതിഹാസത്തിലും പുരാണത്തിലും ചരിത്രത്തിലും ഭാവനയിലും സ്വന്തം അറിവിന്റെ പെരുവിരല്‍ മുറിച്ചുകൊടുത്ത് സ്വാതന്ത്ര്യം വിലയ്ക്കു വാങ്ങേണ്ടിവരുന്നവരുടെ കഥയാണ് നോവലില്‍ പറയുന്നത്. മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച ആനന്ദ് എഴുതിയ വ്യാസനും വിഘ്‌നേശ്വരനും എഴുത്തിന്റെ പുതിയ മണ്ഡലമാണ് വായനക്കാര്‍ക്കായി തുറന്നിടുന്നത്.
5. മനുഷ്യന് ഒരു ആമുഖം-സുഭാഷ് ചന്ദ്രന്‍
തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന്‍ എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ പറയുന്നത്. കുടുബബന്ധങ്ങളെ ചുറ്റിപ്പറ്റി സാമൂഹിക ജീവിതവും ദേശത്തിന്റെ ചരിത്രവും നാട്ടിലുണ്ടായ സാമൂഹികമാറ്റങ്ങളേയും അടയാളപ്പെടുത്തുന്ന ഈ കൃതിയിലൂടെ എന്താണ് മനുഷ്യന്‍ എന്ന നിര്‍വചനം നടത്തുകയാണ് സുഭാഷ് ചന്ദ്രന്‍. പൂര്‍ണ്ണ വളര്‍ച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍…എന്നാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യനു നല്‍കുന്ന നിര്‍വചനം. 2010-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.