Image may be NSFW.
Clik here to view.
ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ മേമ്പൊടി ചേര്‍ത്ത ഒരു സുന്ദരകഥയാണ് തേന്‍. മാജിക്കല്‍ റിയലിസത്തിന്റെ പുതിയൊരു മുഖമാണ് തേനില്‍ കാണുന്നത്.
തേന്‍ എന്ന കഥയില്‍ നിന്ന്
“അവള്‍ അടുത്തടുത്ത് വന്നപ്പോള്‍ അയാളുടെ കണ്ണുകള്‍ വിടര്‍ന്നു.മൂക്ക് വിറച്ചു. ഹൃദയം കുതിച്ചുചാടി. ഇത്രയും അഴക് ഒരു മനുഷ്യപ്പെണ്ണിലും അയാള്‍ കണ്ടിട്ടില്ലായിരുന്നു. പുല്ലാന്നിച്ചെടിയുടെ കമ്പുകള്‍ കുറച്ചുകൂടി അകറ്റിപ്പിടിച്ച് കരടി അവളെ ഉറ്റുനോക്കി. അയാള്‍ മയങ്ങി നിലത്തുവീണില്ല എന്നേയുള്ളൂ. അത്രമാത്രമായിരുന്നു അവളുടെ ഭംഗി. അവള്‍ ഒരുപാട്ട് പതിയെ പാടുന്നുണ്ടായിരുന്നു. അയാള്‍ക്ക് മനസിലായില്ലെങ്കിലും അത് ഇങ്ങനെയായിരുന്നു..
ജാലകത്തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ
അവളുടെ ഭംഗിയും ആ പാട്ടിന്റെ മധുര രാഗവും ചേര്‍ന്നുണ്ടാക്കിയ തിരയടി അയാളെ പ്രണയത്തിന്റെ നീലാകാശത്തിലേക്ക് എടുത്തെറിഞ്ഞു.ഹലീ…അയാള്‍ മന്ത്രിച്ചു…ഹലിയോ ഹലിയോ ഹലി…ഹുലാലോ! ഇവള്‍ തന്നെ ആയിരിക്കണേ എന്റെ തേന്‍ കൊതിച്ചി…”
Image may be NSFW.
Clik here to view.കരടി മനുഷ്യപ്പെണ്ണിനെ വിവാഹം കഴിക്കുന്നതിനെപ്പറ്റിയുള്ള അമേരിക്കന്‍ ഗോത്രകഥ ഓര്‍മ്മിച്ചെഴുതിയ തേന്‍, സിനിമാക്കമ്പക്കാരനായ ഒരുവന്റെ കഥ പറയുന്ന സിനിമാകമ്പം, കുഞ്ഞുദിവസം, മുടങ്ങാതെ മദ്യം സേവിച്ചുകൊണ്ടിരുന്ന ബാര്‍ പൂട്ടിയപ്പോള്‍ മദ്യപന്‍മാര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ വിവരിക്കുന മദ്യശാല, റാണി, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, അറുപത് വാട്ടിന്റെ സൂര്യന്‍, രണ്ടു സാഹിത്യസ്മരണകള്‍, അല്ലിയാമ്പല്‍ക്കടവില്‍, ങ്ഹൂം, പണിമുടക്ക് തുടങ്ങി വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച സക്കറിയയുടെ ചെറുകഥകളുടെ സമാഹാരമാണ് തേന്‍. സമകാലിക പ്രസക്തിയുള്ള പ്രമേയങ്ങള്‍ കൊണ്ടും ആഖ്യാനഭംഗി കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഈ കഥകള്‍ ചെറുതും ഏറെ രസകരവുമാണ്.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച തേന്‍ എന്ന ചെറുകഥാസമാഹാരത്തിന്റെ നാലാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.