രണ്ടു പതിറ്റാണ്ടു പിന്നിട്ട സര്‍ഗാത്മക ഇടപെടലുകള്‍കൊണ്ട് പ്രക്ഷേപണ കലാരംഗത്ത് നിലയും നിലപാടുമുറപ്പിച്ച കെ.വി. ശരത്ചന്ദ്രന്റെ ഏറ്റവും പുതിയ രണ്ടു നാടകങ്ങളാണ് വിതയ്ക്കുന്നവന്റെ ഉപമ എന്ന ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പുറത്തിറക്കിയ ഈ നാടകസമാഹാരം ഏറെ കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ കശുമാവിന്‍ തോപ്പുകളില്‍ ആകാശമാര്‍ഗ്ഗം തളിക്കപ്പെട്ട്, ഇവിടുത്തെ മണ്ണിനെയും പുഴുക്കളെയും ആകാശത്തെയും വിഷത്തില്‍ മുക്കിക്കൊന്ന്, വിചിത്രരൂപികളായ മനുഷ്യക്കുഞ്ഞുങ്ങളെ പിറപ്പിച്ച എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി വരുത്തിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഹത്യ’ എഴുതപ്പെട്ടത്.
തേഞ്ഞുതീരുമ്പോഴും തുരുമ്പിക്കാനിടകൊടുക്കാതെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകനേതാവായ ഗോപാലേട്ടന്‍ എന്ന പ്രകൃതി മനുഷ്യന്‍ ചെയ്തുപോയ കുറ്റം വിശകലനം ചെയ്യപ്പെടുമ്പോഴാണ് വിതയ്ക്കുന്നവന്റെ ഉപമയെന്ന നാടകത്തിന്റെ പാരിസ്ഥിതിക രാഷ്ട്രീയം വെളിവാക്കപ്പെടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട കൃഷിയെന്ന സാംസ്‌കാരികമൂല്യ വ്യവസ്ഥയെ അരനൂറ്റാണ്ടുകൊണ്ട് തച്ചുതകര്‍ത്ത് കര്‍ഷകരെ രാസവിഷവിത്തുകമ്പനികളുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആശ്രിതരാക്കിമാറ്റിയ ഹരിതവിപ്ലവത്തിന്റെ രാഷ്ട്രീയപരിസരത്തിലാണ് ഈ പുസ്തകത്തിലെ രണ്ടു നാടകങ്ങളും നില്‍ക്കുന്നത്.
2013-ല്‍ മികച്ച റേഡിയോ നാടകത്തിനുള്ള ആകാശവാണി ദേശീയ പുരസ്‌കാരം നേടിയ രചനയാണ് വിതയ്ക്കുന്നവന്റെ ഉപമ.