എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു തന്ന കഥാകാരനായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മലയാള സാഹിത്യത്തില്‍ പകരക്കാരില്ലാത്ത ഇതിഹാസകാരനായി. ആനന്ദ്, എം മുകുന്ദന്‍, കാക്കനാടന്‍ എന്നിവരുടെ സമകാലികനായാണ് ഒ.വി വിജയന്‍ സാഹിത്യരംഗത്തേക്ക് എത്തിയത്. ഒരു ഭൂമികയില്‍ തന്നെ നിലയുറപ്പിക്കാതെ മനുഷ്യമനസ്സുകളിലേക്കും സമൂഹത്തിലേക്കും ഒരുപോലെ കണ്ണുനട്ട് അവിടുന്ന് ആര്‍ജ്ജിച്ചെടുത്ത സംഭവങ്ങളെ തന്മയത്വത്തോടെ ആവിഷ്‌ക്കരിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധപതിപ്പിച്ചത്. ജൂലൈ രണ്ടിന് അദ്ദേഹത്തിന്റെ 88-ാം ജന്മദിനം കടന്നുപോകുമ്പോള്‍ മലയാള സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാതെ വയ്യ.
മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി വിജയന്റ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ കഥകളിലെല്ലാം തന്നെ മനുഷ്യജീവിതത്തിലെ എക്കാലത്തെയും സന്ദിഗ്ദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ ഒട്ടുമുക്കാല്‍ കഥകളിലും വേറിട്ട ആഖ്യാന സവിശേഷത ദര്‍ശിക്കാം.
കഥാരചനയില്‍ നിന്നും നോവല്‍ രചനയിലേക്ക് തിരിഞ്ഞ അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം ഇന്ത്യന്‍ ഭാഷാ സാഹിത്യങ്ങളിലെതന്നെ അപൂര്‍വ്വതയായാണ് വിലയിരുത്തപ്പെടുന്നത്. നോവല്‍ സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേയ്ക്ക് ഉയര്‍ത്തിയ കാലാതിവര്‍ത്തിയായ ഈ നോവല്‍ മലയാളത്തില്‍ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു. മലയാളനോവല്‍ സാഹിത്യചരിത്രത്തെ രണ്ടായി പകുത്തെടുത്ത കൃതിയായിരുന്നു ഖസാക്കിന്റെ ഇതിഹാസം. നോവല്‍സാഹിത്യം ഖസാക്കിന് മുമ്പും ഖസാക്കിന് ശേഷവും എന്ന് നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. പില്‍ക്കാല സാഹിത്യ രചനയെ സ്വാധീനിക്കുകയും മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിയുകയും ചെയ്ത നോവലാണ് ഖസാക്കിന്റെ ഇതിഹാസം.
പിന്നീടെഴുതിയ ഗുരുസാഗരം, തലമുറകള്‍, പ്രവാചകന്റെ വഴി എന്നീ നോവലുകളിലെല്ലാം തന്നെ വ്യക്തിയും സമൂഹവും അനുഭവിക്കുന്ന മഹാ വ്യസനത്തെക്കുറിച്ചുള്ള ദര്‍ശനങ്ങളും മനുഷ്യാവബോധത്തിന്റെ ചലനങ്ങളുമാണ് കാണാന്‍ കഴിയുന്നത്. ഈ നോവലുകളിലൂടെ ഒ.വി വിജയന്‍ പുതിയൊരു വായനാനുഭവമാണ് സാഹിത്യലോകത്തിന് തുറന്നുകൊടുത്തത്. ആരെയും കൂസാതെ എന്തും തുറന്നെഴുതാന്‍ ധൈര്യം കാട്ടിയ, മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയുമാണ് ഒരു കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ വിജയനെ പ്രശസ്തനാക്കിയത്.
1975 ല്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നിശിതമായി വിമര്‍ശിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ വിജയനെ മലയാളത്തിലെ എഴുത്തുകാരില്‍ അനന്വയനാക്കുന്നു.
കാര്‍ട്ടൂണ്‍,ലേഖനം, ഓര്‍മ്മക്കുറിപ്പ്, നോവല്‍, ചെറുകഥ എന്നീ രംഗങ്ങളില്‍ നിരവധികൃതികള്‍ അദ്ദേഹം സമ്മാനിച്ചു. കൂടാതെ തന്റെ നോവലുകള്‍ ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി. ആഫ്ടര്‍ ദ ഹാങ്ങിങ്ങ് ആന്‍ഡ് അദര്‍ സ്‌റ്റോറീസ്, സാഗ ഓഫ് ധര്‍മപുരി, ലജന്‍ഡ് ഒഫ് ഖസാക്ക് ,ഇന്‍ഫിനിറ്റി ഓഫ് ഗ്രെയ്‌സ് എന്നിവയാണ് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് രചനകള്‍.
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍ മലബാര്‍ എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്ന വേലുക്കുട്ടിയുടേയും കമലാക്ഷിയമ്മയുടേയും മകനായി ഒ.വി.വിജയന്‍ ജനിച്ചു. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ എം.എ. ജയിച്ച ശേഷം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി. കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്ന വിജയന്‍ അക്കാലത്ത് തന്നെ എഴുത്തിലും കാര്‍ട്ടൂണ്‍ ചിത്രരചനയിലും താല്പര്യം പ്രകടമാക്കിയിരുന്നു. തുടര്‍ന്ന് അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്‌സ് വീക്കിലിയിലും പേട്രിയറ്റ് ദിനപത്രത്തിലും കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. പിന്നീട് സ്വതന്ത്ര പത്രപ്രവര്‍ത്തകനായിരുന്നു. 2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി വിജയന്‍ അന്തരിച്ചു.
സാഹിത്യലോകത്തിന് അനശ്വരമായ അനവധി കൃതികള്‍ സമ്മാനിച്ച ഒ.വി വിജയനെത്തേടി കന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, പത്മശ്രീ തുടങ്ങി നിരവധി ബഹുമതികളെത്തി. 2003ല്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമില്‍നിന്ന് പത്മഭൂഷനും അദ്ദേഹം സ്വീകരിച്ചു. മധുരം ഗായതി, ഖസാക്കിന്റെ ഇതിഹാസം തുടങ്ങി ആറ് നോവലുകളും,ഒ വി വിജയന്റെ കഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ തുടങ്ങി പതിമൂന്ന് കഥാസമാഹാരങ്ങളും, ഇതിഹാസത്തിന്റെ ഇതിഹാസം, ഒ വി വിജയന്റെ ലേഖനങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ട് ലേഖന സമാഹാരങ്ങളും ആക്ഷേപഹാസ്യം, കാര്‍ട്ടൂണ്‍, സ്മരണ എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഒ.വി. വിജയന്‍ സെലക്റ്റഡ് ഫിക്ഷന്‍ 1998 ല്‍ പെന്‍ഗ്വിന്‍ ഇന്ത്യ (വൈക്കിങ്ങ്)യും ഡിസി ബുക്‌സും ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
വായനക്കാരുടെ ഹൃദയത്തിലേക്ക് ഇനി എത്ര കഥാപാത്രങ്ങള്‍ കടന്നുവന്നാലും കടല്‍തീരത്തിലെ വെള്ളായിയപ്പനേയും ഖസാക്കിലെ രവിയേയും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിനായരേയും വായനാലോകം ഒരിക്കലും മറക്കില്ല. അവര്‍ക്ക് ജീവന്‍ നല്‍കിയ എഴുത്തുകാരനേയും!