ആധുനിക മലയാള കഥാ ലോകത്ത് ശ്രേദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത ടി വി കൊച്ചുബാവയുടെ കഥകളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ കൊച്ചുബാവയുടെ കഥകള്‍. ഐതിഹ്യമാല, റെയില്‍വേസ്റ്റേഷന്‍, ശുഭസംഗീതം, ഇന്ന് ഭ്രാന്തില്ലാത്ത ദിവസമാകുന്നു, സന്മാര്‍ഗവും ഉറക്കവും വിചിത്രവഴികളും തുടങ്ങി 77 കഥകളുടെ സമാഹാരമാണ് കൊച്ചുബാവയുടെ കഥകള്‍. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി.
‘ നിറഞ്ഞ യൗവനത്തില്‍ ദൈവത്തെക്കുറിച്ചോ പ്രകൃതിയെക്കുറിച്ചോ ജിജ്ഞാസുക്കളാവേണ്ടതിനു പകരം നിര്‍ലജ്ജമായ കൂത്തരങ്ങുകളില്‍ സ്വയം ആഴ്ന്നുപോകുന്നവരുടെ ഹതാശമായ വാര്‍ദ്ധക്യത്തെക്കുറിച്ച് നാമപ്പോള്‍ ചിന്തിച്ചുപോവുന്നു. ഈ കഥകള്‍ക്കൊക്കെയും പിറകില്‍ ഉരുകിപ്പോയൊരു കണ്ണീര്‍തുള്ളിയുണ്ടെന്നു ബോധ്യപ്പെടുക ഇത്തരുണത്തിലാണ്. ജീവിതത്തില്‍ നാം നേരിടുന്ന അസംബന്ധങ്ങള്‍ക്കുള്ള പ്രായശ്ചിത്തംകൂടിയാണത്. മനുഷ്യഹൃദയങ്ങള്‍ തമ്മിലുള്ള സംവേദനം മന്ദീഭവിച്ചുപോവുന്ന, കിണറിന്റെ ചക്രം തകര്‍ന്നുപോവുന്ന, ഈ കാലഘട്ടത്തില്‍, അത് പ്രധാനമാണ്. ഏതൊക്കെയോ ജലഭ്രാന്തികള്‍ക്കായുള്ള പരക്കംപാച്ചിലുകളില്‍, ഈ ചൊരിയാത്ത കണ്ണീര്‍ നമ്മെ സ്പര്‍ശിക്കുന്നത് അങ്ങനെയാണ്. നിന്റെ അപ്പം ജലരാശിയിലേക്ക് എറിയുക. അത് പല മടങ്ങായി തിരിച്ചുപോയ തീരങ്ങളാണ് നമുക്കു മുന്നില്‍. മരുഭൂമിയിലെ ശൈത്യം പോലെ അശ്വാഭാവികമായ വൈകാരികതയാണ് മിക്ക ജീവിതങ്ങള്‍ക്കും. ഈ കഥകളില്‍ ഊറിക്കിടപ്പുള്ള കയ്പിനു മറ്റൊരു മനഃശാസ്ത്രഹേതുകൂടിയുണ്ടെന്നു തോന്നുന്നു. ഒരുപാട് വാത്സല്യങ്ങള്‍ക്കായി ഉഴറിനടന്ന ഒരു ബാല്യം കൊച്ചുബാവയ്ക്ക് ഉണ്ടായിരുന്നിരിക്കണം’ – എന്ന് കൊച്ചുബാവയുടെ കഥകള്‍ക്ക് അനുബന്ധമായി എഴുതിയ പഠനത്തില്‍ ആഷാ മേനോന്‍ പറയുന്നു.
നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍ കൊച്ചുബാവയുടേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വൃദ്ധസദനം എന്ന കൃതിക്ക് 1995ലെ ചെറുകാട് അവാര്‍ഡും 1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ടി.വി. കൊച്ചുബാവയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച കൃതികള്‍ https://onlinestore.dcbooks.com/authors/kochubava-t-v ഈ ലിങ്കില്‍ ലഭ്യമാണ്.