സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കുറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂപിക്കാന്‍ വഴികാട്ടികളായവര്‍. ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥമില്ലായ്മയോ കാണിച്ചു തന്നവര്‍. ഭാവനാലോകങ്ങളെ സൃഷ്ടിക്കുന്നതില്‍ പങ്കാളികളായവര്‍. വൈകാരികതയുടെ ഹൃദയാകാശങ്ങളില്‍ നിന്നും നിലാവു പെയ്യിച്ചവര്‍. അത്തരം ചിലരെ ഓര്‍മ്മയില്‍ കൂട്ടുകയാണ് പ്രശസ്ത കഥാകാരിയായ കെ.ആര്‍. മീര.ഇവിടെ ഓരോ വാക്കും മിടിക്കുന്നത് വായനക്കാര്‍ക്ക് തൊട്ടറിയാനാകും.
പ്രശസ്ത നര്‍ത്തകി കാദംബരി ശിവയ്യയെ കുറിച്ച് കെ.ആര്‍ മീര എഴുതുന്നു
രണ്ടായിരത്തിപ്പതിനഞ്ചിന്റെ തുടക്കത്തിലൊരു ദിവസമാണ് കാദംബരി ശിവയ്യയുടെ ഒരു എസ്.എം.എസ്. കിട്ടിയത്:എനിക്കു കേരളത്തില്‍ നൃത്തംചെയ്യണമെന്നുണ്ട്. ഒരു വേദി തരാമോ? എന്റെ ഹൃദയം അലിഞ്ഞു. എന്റെ നാട്ടില്‍ നൃത്തംചെയ്യണമെന്ന് കാദംബരിക്ക് ഒരാഗ്രഹമുണ്ടെങ്കില്‍ അതു നടത്തിക്കൊടുത്തിട്ടുതന്നെ വേറെ കാര്യം. ഞാന്‍ ഒരു സുഹൃത്തിനോടു സംസാരിച്ചു. അദ്ദേഹം പറഞ്ഞു, നമുക്ക് ശരിയാക്കാം. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചു തരൂ. കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ കാദംബരിക്ക് മെസേജ് അയച്ചു. എത്രയും വേഗം ഒരു ബ്രോഷര്‍ എത്തിച്ചുതരണം. അപ്പോള്‍ കാദംബരി എന്നെ വിളിച്ചു.എന്തിനാണു ബ്രോഷര്‍? ഞാന്‍ പറഞ്ഞു, ‘നൃത്തം സംഘടിപ്പിക്കണമെങ്കില്‍ അതൊക്കെ വേണ്ടേ?’ അപ്പോള്‍ കാദംബരി പറഞ്ഞു, ‘മീരാദീ, ഞാന്‍ ഉദ്ദേശിച്ചത് ഹാങ് വുമണ്‍ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ഏതെങ്കിലും വേദിയാണ്. ആ നൃത്തം മീരാദിക്കു വേണ്ടിയാണ്. വായനക്കാരിയെന്ന നിലയില്‍ എന്റെ സമ്മാനം.’
ഞാന്‍ ഒന്നുലഞ്ഞു. ഹൃദയം അലിഞ്ഞു. ആരാച്ചാര്‍ നോവല്‍ അമ്പതിനായിരം കോപ്പികള്‍ പിന്നിടുകയായിരുന്നു. അമ്പതിനായിരം കോപ്പികള്‍ തികയുന്നത് ആഘോഷിക്കുന്ന കാര്യം ഡി.സി ബുക്‌സ് ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. ഒരുലക്ഷമാകട്ടെ എന്നിട്ട് ആഘോഷിക്കാം എന്നായിരുന്നു എന്റെ മനസ്സില്‍. പക്ഷേ, കാദംബരിയോടു സംസാരിച്ചതും എന്റെ മനസ്സു മാറി. പത്തുനാല്‍പ്പത്തിയഞ്ചു വയസ്സൊക്കെയായാല്‍പിന്നെ ആഘോഷങ്ങള്‍ക്കുള്ള അവസരങ്ങള്‍ നിരസിച്ചുകൂടാ, ആഗ്രഹങ്ങള്‍ മാറ്റിവച്ചുകൂടാ. അന്‍പതിനായിരം കോപ്പി തികയുന്നത് ആഘോഷിക്കണമെന്നും അതിന് കാദംബരിയുടെ നൃത്തം വേണമെന്നും ഞാന്‍ തീരുമാനിച്ചു. വായനക്കാര്‍ക്ക് എഴുത്തുകാരെ കാണാനുള്ള ആഗ്രഹത്തെക്കാള്‍ തീക്ഷ്ണമായിരിക്കും എഴുത്തുകാര്‍ക്ക് വായനക്കാരെ കണ്ടെത്താനുള്ള അഭിവാഞ്ഛ. കുറഞ്ഞ പക്ഷം എനിക്കെങ്കിലും. ആരോ ഒരാളുണ്ട്. എന്റെ വാക്കുകള്‍ അതേ പടി അനുഭവിക്കാന്‍ സാധിക്കുന്ന ഒരാള്‍. ആ ആളെയാണു ഞാന്‍ തിരയുന്നത്. പക്ഷേ, ഒരു ഭയമില്ലാതെയില്ല. എഴുത്തുകാരുമായി ഭാവന പങ്കിടുന്ന വായനക്കാരും ഭാവനാശാലികളായിരിക്കും. അവര്‍ ഭാവനയില്‍ പുനഃസൃഷ്ടിക്കുന്നത് പുസ്തകത്തെ മാത്രമല്ല, അതെഴുതിയ ആളെക്കൂടിയാണ്. അവസാനം മുഖാമുഖം കാണുമ്പോള്‍ എഴുത്തുകാര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയുണ്ട്. വിശിഷ്ടരായ വായനക്കാര്‍ മനസ്സില്‍ വരച്ചിട്ട ആ ചിത്രമായിത്തീരുക എന്നതാണ് അത്. ആ ചിത്രമായിത്തന്നെ തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ വായനക്കാര്‍ എഴുത്തുകാരെ മാത്രമല്ല, അവരുടെ രചനകള്‍കൂടി തിരസ്‌കരിച്ചു എന്നു വരാം. സാഹിത്യത്തിനു പകരം, ജീവിതത്തെ ഭാവനചെയ്യുന്നതുകൊണ്ടുള്ള കുഴപ്പം ഇതാണ്. എഴുത്തുകാരെ സ്‌നേഹിക്കാന്‍ ശ്രമിക്കുന്നത് ഓടുന്ന പട്ടിയെ എറിഞ്ഞിടുന്നതുപോലെയാണ്. ഒരു മുഴം കൂട്ടിയെറിയണം. ഇല്ലെങ്കില്‍ ഏറ് വെറുതെയാകും.
കാദംബരി എന്റെ ജീവിതത്തിലേക്കു കടന്നുവന്നത് 2014 ജൂലൈ മുപ്പതിനാണ്. ഒരു കൂട്ടുകാരിയോടു സംസാരിക്കുന്നതിനിടയില്‍ മറ്റൊരു നമ്പരില്‍നിന്നു വിളി വന്നു. ഗൗനിച്ചില്ല. സംഭാഷണം അവസാനിച്ചപ്പോള്‍ അതിനകം ആ നമ്പരില്‍നിന്നു മൂന്നു മിസ്ഡ് കാളുകള്‍. ഏതു മീറ്റിങ്ങിനുള്ള ക്ഷണമായിരിക്കും എന്നു വേവലാതിപ്പെടുമ്പോള്‍ ആ വിളി വന്നു. ഊര്‍ജ്ജം പ്രസരിക്കുന്ന പെണ്‍ശബ്ദം കേട്ടു–അമി കി മീരാദീ ഷൗംഗെ കൗഥാ ബോല്‍തേ പാരി? ഞാനൊന്നു പകച്ചു. ജാള്യവും സന്തോഷവും ഒരുപോലെ അനുഭവപ്പെട്ടു. ഒരാവശ്യവുമില്ലാതെ എത്രയോ ആള്‍ജിബ്രയും ക്വാണ്ടം തിയറിയും ട്രിഗണോമെട്രിയും പഠിച്ചു, ആരാച്ചാര്‍ എഴുതാന്‍ അത്യാവശ്യമായിരുന്ന ബംഗാളി മാത്രം പഠിച്ചില്ലല്ലോ എന്ന ജാള്യം. മാധ്യമത്തില്‍ ആരാച്ചാര്‍ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് ഇതു ബംഗാളിയില്‍ വരണം എന്നു ചില വായനക്കാര്‍ ആശംസിച്ചപ്പോള്‍ ഏതോ ഗ്രാമത്തില്‍നിന്ന് ബംഗാളി മാത്രമറിയാവുന്ന ഒരു വായനക്കാരി എന്നെ വിളിച്ച് ആഹ്ലാദം പങ്കുവയ്ക്കുന്നതു സ്വപ്‌നം കണ്ടതാണല്ലോ എന്ന സന്തോഷം.
ഞാന്‍ പറഞ്ഞു, ‘ഐ ആം സോ സാഡ് ദാറ്റ് ഐ ഡോണ്ട് സ്പീക്ക് ബംഗാളി.’ അപ്പോള്‍ അപ്പുറത്തെ ശബ്ദം പൊട്ടിച്ചിരിച്ചു. ഒഴുക്കുള്ളഇംഗ്ലീഷില്‍ തുടര്‍ന്നു: ‘ഇല്ലില്ല, ഞാനതു വിശ്വസിക്കുകയില്ല. ബംഗാളി അറിയാതെ നിങ്ങള്‍ക്ക് എങ്ങനെ ബംഗാളിനെയും ബംഗാളികളെയും ഇത്രയേറെ സ്‌നേഹിക്കാന്‍ സാധിക്കും? ബംഗാളിനെയും ബംഗാളികളെയും ഇത്രയും സ്‌നേഹിച്ചുകൊണ്ടെഴുതിയ മറ്റൊരു നോവലും ഞാന്‍ വായിച്ചിട്ടില്ല.’
അങ്ങനെയായിരുന്നു കാദംബരിയുടെ ചുവടുവയ്പ്. ആള്‍ ഒരു ഒഡീസി നര്‍ത്തകി. സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ ‘സ്വപാനം’ എന്ന സിനിമയില്‍ നായികയായിരുന്നു. കാദംബരി എന്റെ ചേതനയെക്കുറിച്ച് വാചാലയായി. ഞാന്‍ വരച്ചിട്ട ബംഗാളിനെക്കുറിച്ച് അദ്ഭുതം പ്രകടിപ്പിച്ചു. നോവലിലെ ഉപകഥകളെക്കുറിച്ചും സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും ആവേശഭരിതയായി. വീണുകിട്ടിയ പഴുതില്‍ ഞാന്‍ പറഞ്ഞു, ‘കാദംബരീ, ഈ വിളി ഞാന്‍ കാത്തിരിക്കുകയായിരുന്നു.’
അതു സത്യമായിരുന്നു. കാദംബരിയെ ഞാന്‍ മുമ്പേ കണ്ടിട്ടുണ്ട്. കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള റോഡരികിലെ ഹോര്‍ഡിങ്ങില്‍. ‘സ്വപാന’ത്തിന്റെ പരസ്യത്തില്‍ ചെണ്ടകൊട്ടുന്ന താടിവച്ച ജയറാമിനരികില്‍ മോഹിനിയാട്ടം വേഷത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടി പാര്‍വതിയാണോ എന്നു ദൂരെക്കാഴ്ചയില്‍ സംശയിച്ചു. പക്ഷേ, അടുത്തെത്തിയപ്പോള്‍ അല്ല. വലിയ കണ്ണുകള്‍. ആരുറപ്പുള്ള നോട്ടം. ഈ കുട്ടിയെ കണ്ടിട്ടുണ്ടല്ലോ എന്നു തോന്നിപ്പിക്കുന്ന മുഖം. അതൊരു ബംഗാളിനടിയാണെന്നും പേരു കാദംബരി എന്നാണെന്നും പിന്നീടു കേട്ടു. പിന്നെയും പിന്നെയും ആവഴി പോയപ്പോഴൊക്കെ ആ മുഖവും കണ്ണുകളും പിടിച്ചു വലിച്ചു. ജൂണില്‍ ഡല്‍ഹിയില്‍ പോകേണ്ടിവന്നു. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ വണ്ടി ആ ഭാഗത്തു കുറച്ചു നേരം ബ്ലോക്കില്‍പ്പെട്ടു. പരസ്യം അവിടെത്തന്നെയുണ്ടായിരുന്നു. അതിലെ കണ്ണുകള്‍ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ആ മുഖത്തു പ്രസരിച്ച ഊര്‍ജ്ജത്തില്‍ ഞാന്‍ അസൂയപ്പെട്ടു. മലയാളി നടിമാരുടെ മുഖങ്ങളില്‍ ഈ ഊര്‍ജ്ജം കാണാറില്ലല്ലോ എന്നു നിരാശപ്പെട്ടു.

കാദംബരി ശിവയ്യ
ദിവസങ്ങള്‍ കഴിഞ്ഞു. ജൂണ്‍ ഇരുപത്തിയാറിന് അപ്രതീക്ഷിതമായി ഒരു എസ്.എം.എസ്.–I am reading your wonderful work arachar. It is a passionate visual journey in words–Shaji N Karun. അതു ഷാജി എന്‍. കരുണ്‍ തന്നെയാണ് എന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ ആ നമ്പരില്‍ വിളിച്ചു. അപ്പോള്‍ കാള്‍ കിട്ടിയില്ല. കുറച്ചു കഴിഞ്ഞ് ആ നമ്പരില്‍നിന്നു തിരികെ വിളിവന്നു. ഷാജി എന്‍. കരുണ്‍തന്നെയായിരുന്നു. അദ്ദേഹം പറഞ്ഞു, ‘ഞാന്‍ ആരാച്ചാര്‍ വായിക്കുകയാണ്. എന്നോട് ഈ പുസ്തകത്തെപ്പറ്റി പറഞ്ഞത് ‘സ്വപാന’ത്തിലെ നായികയാണ്-കാദംബരി.’ ഞാന്‍ അദ്ഭുതപ്പെട്ടു. ദിവസങ്ങള്‍ക്കു മുന്‍പ്, ട്രാഫിക് ബ്ലോക്കില്‍പ്പെട്ട നേരമത്രയും എന്റെ കണ്ണുകളെ പിടിച്ചുനിര്‍ത്തിയ അതേ കാദംബരി! അതൊരു രസമുള്ള നിമിഷമായിരുന്നു. അദ്ദേഹം പറഞ്ഞു, ‘അവര്‍ ഈ പുസ്തകത്തെക്കുറിച്ചു വളരെ എക്‌സൈറ്റഡ് ആണ്. ഇതു വായിച്ച് കഥ പറഞ്ഞുകൊടുക്കണമെന്ന് എന്നോടാവശ്യപ്പെട്ടിരിക്കുകയാണ്.’
ആരാച്ചാര്‍ നോവലിന് ജെ. ദേവിക നിര്‍വഹിച്ച ഇംഗ്ലിഷ് പരിഭാഷയായ ഹാങ് വുമണ്‍ ജൂലൈ പതിനേഴിനാണ് അരുന്ധതി റോയി പ്രകാശനം ചെയ്തത്. വായനക്കാര്‍ക്കു പുസ്തകം കിട്ടിത്തുടങ്ങാന്‍ പിന്നെയും പത്തുപതിനഞ്ചു ദിവസമെടുത്തു. പുസ്തകമിറങ്ങിയതിനുശേഷം കേരളത്തിനു പുറത്തുനിന്ന് ആരെങ്കിലും വിളിച്ചപ്പോഴൊക്കെ കാരണമില്ലാത്ത ഉദ്വേഗമുണ്ടായി–കാദംബരിയായിരിക്കുമോ? ആ സമയത്ത് കാദംബരിയെക്കുറിച്ച് എനിക്കൊന്നുമറിയില്ല. മലയാള സിനിമയില്‍ മുഖം കാണിച്ചു മായുന്ന അസംഖ്യം നടിമാരില്‍ ഒരാള്‍. അത്രേയുള്ളൂ. അവരെ കാത്തിരിക്കാന്‍ മാത്രമെന്തുണ്ട്? പക്ഷേ, അവരെന്നെ അലട്ടി. അവരുടെ അഭിപ്രായത്തെ അതു കേള്‍ക്കും മുമ്പേ ഞാന്‍ വിലമതിച്ചു. അറിയാത്ത ഭാഷയിലുള്ള ഒരു പുസ്തകം തേടിപ്പിടിച്ചു കഥ വായിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെടാന്‍ മാത്രം അക്ഷരങ്ങളെ സ്‌നേഹിക്കുന്ന കലാകാരിയെ വിലമതിക്കാതെവയ്യ. ഒടുവില്‍ കാദംബരി വിളിച്ചു. മീരാദിയോടു സംസാരിക്കാമോ എന്നും മീരാദിയാണോ സംസാരിക്കുന്നതെന്നും ബംഗാളിയില്‍ ചോദിച്ച് എന്നെ ആഹ്ലാദിപ്പിച്ചു. ഇന്ത്യക്കാരെ ചേച്ചിയെന്നോ അക്കയെന്നോ ദീദിയെന്നോ വിളിക്കുന്നതാണ് ഇഷ്ടമെന്നും ആരാച്ചാര്‍ എഴുതിയ മീര ഒരു ബോംഗ് സോള്‍ ആയതിനാല്‍ ദീദി എന്നു വിളിക്കുന്നുവെന്നും അറിയിച്ചു. എന്റെ ചേതന ഗൃദ്ധാ മല്ലിക്കിനെ കണ്ടെത്തിയ കഥ വിവരിച്ചു.
സംഭാഷണം അവസാനിച്ചപ്പോള്‍ മനസ്സു നിറഞ്ഞു. ഫോണില്‍ മറ്റാരൊക്കെയോ വിളിച്ചു. എനിക്ക് സംസാരിക്കാന്‍ തോന്നിയില്ല. ഏറെ നേരം ഞാന്‍ വെറുതെയിരുന്നു. അപ്പോള്‍ കാദംബരിയുടെ ടെക്സ്റ്റ് മെസേജ് വന്നു–I am amidst Malayalam Cinema. You are meshed in Bangla literary work. To a longlasting friendship. Much love Kadambari. അതു ജീവിതത്തിലെ വളരെ ഗഹനവും ശാന്തവും സാത്വികവുമായ നിമിഷങ്ങളായിരുന്നു. എവിടെയൊക്കെയോ ആരൊക്കെയോ എന്റെ പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. എന്റെ ഭാഷ അവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നുണ്ട്. നോവിച്ചും കരയിപ്പിച്ചും ചിരിപ്പിച്ചും എന്റെ വാക്കുകള്‍ അവരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ട്. അവരെന്നെ അമ്മയായും ചേച്ചിയായും മകളായും പ്രിയപ്പെട്ടവളായും സ്‌നേഹിക്കുന്നുണ്ട്. എന്തൊരു സുരക്ഷിതത്വബോധം! അങ്ങനെ ആ പകലും രാത്രിയും കടന്നുപോയി. പിറ്റേന്നു രാവിലെ അടുത്ത എസ്.എം.എസ്. വായിച്ചു –Let me know Meeradi, if I could be of any help in promoting Hang Woman. Much Love Kadambari.
അപ്പോള്‍ കാദംബരിയെക്കുറിച്ചു കൂടുതല്‍ അറിയണമെന്നു തോന്നി. ഞാന്‍ ഗൂഗിളില്‍ തിരഞ്ഞു. ഇല്ല. വിക്കിപീഡിയയില്‍ ഒന്നുമില്ല. യൂട്യൂബില്‍ നൃത്തമുണ്ട്. സ്വയം ലയിച്ചുള്ള ചലനങ്ങള്‍. തനിക്കു വേണ്ടി മാത്രമെന്നതുപോലെ നൃത്തംചെയ്യുന്ന കലാകാരി. നര്‍ത്തകിയായിരുന്നെങ്കില്‍ ഇങ്ങനെ നൃത്തംചെയ്യാനായിരിക്കും ഞാനും ആഗ്രഹിക്കുക. നര്‍ത്തകി അലിഞ്ഞുപോയി നൃത്തം മാത്രം അവശേഷിക്കുന്നതരം നൃത്തം. പ്രിയ കഥാകൃത്തും പത്രാധിപരുമായ പി. കെ. പാറക്കടവിന്റെ നിര്‍ബന്ധംമൂലം മാധ്യമം ആഴ്ചപ്പതിപ്പില്‍ ഒരു പംക്തി എഴുതിയിരുന്നു, ‘അക്ഷരപ്പച്ച.’ അതില്‍ കാദംബരിയെക്കുറിച്ച് എഴുതാന്‍ ഞാന്‍ ആഗ്രഹിച്ചു. ആവേശത്തോടെ കുറെ ചോദ്യങ്ങള്‍ ഇ-മെയില്‍ ചെയ്തു. അതുകഴിഞ്ഞു ഞാന്‍ ഷാജി എന്‍. കരുണിനെ വിളിച്ചു. കാദംബരിയുടെ പശ്ചാത്തലമെന്താണ് എന്ന് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു, ‘കലയെ വളരെ ഗൗരവത്തോടെ കാണുന്ന ആര്‍ട്ടി സ്റ്റുകളുടെ ഗ്രൂപ്പില്‍പ്പെട്ടവരാണ് അവര്‍. നമ്മുടെ നാട്ടിലെ കലാകാരന്‍മാരെയോ സിനിമക്കാരെയോപോലെ അവര്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല. അവരുടെ കല അവരുടെ ജീവിതമാണ്. ജീവിതമാര്‍ഗമല്ല.’
എനിക്കു വല്ലായ്മ തോന്നി. ഇ-മെയിലിനു മറുപടി കിട്ടിയിരുന്നില്ല. കാദംബരിയെക്കുറിച്ച് എഴുതേണ്ടതില്ല എന്നു ഞാന്‍ തീരുമാനിച്ചു. ചോദ്യങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു തോന്നുന്നുണ്ടെങ്കില്‍ മറന്നേക്കൂ എന്നു ഞാന്‍ എസ്.എം.എസ്. അയച്ചു. അന്നും മറുപടി കണ്ടില്ല. പക്ഷേ, പിറ്റേന്നു പുലര്‍ച്ചെ ഇന്‍ബോക്‌സില്‍ ഞാന്‍ ഇങ്ങനെ വായിച്ചു:
Dear Meeradi,
I never give interviews. For Swapaanam I never came onto television, stayed away from all limelight and never agreed to any interview or photo shoot except for a small writeup about my role in Gulf News which revered Shaji Karun Sir insisted that I MUST respond to. I have no website, no social networking or Facebook account.
As a Malyalee, with your writing you have woven a deep cord in my heart.
For you I will write whatever effuses out as I write.
Love
എന്റെ ഹൃദയം നിറഞ്ഞു. എഴുത്തുകാരുടെ ആത്മബലം അവാര്‍ഡുകളല്ല. മനുഷ്യരുടെ കളങ്കമില്ലാത്ത സ്‌നേഹമാണ്. ചേതന ഗൃദ്ധാ മല്ലിക്കിനെ കണ്ടെത്തിയതിനെക്കുറിച്ച് കുറ്റമറ്റ ഇംഗ്ലിഷില്‍ കാദംബരി ഇങ്ങനെ എഴുതി:
”മെയ് അവസാനം ഞാന്‍ ഇന്ത്യയിലെ എഴുത്തുകാരികളുടെ പുതിയ നോവലുകള്‍ തിരയുകയായിരുന്നു. ഇന്റര്‍നെറ്റില്‍ ധാരാളം പുസ്തകങ്ങളുടെ സംഗ്രഹമുണ്ടായിരുന്നു. തിരഞ്ഞുവന്നപ്പോള്‍ ‘ആരാച്ചാര്‍’ കണ്ടു–a tale of a young woman executioner set in Bengal. ഇംഗ്ലിഷ് പതിപ്പിന് ‘ഹാങ് വുമണ്‍’ എന്നാണു പേരെന്നും കണ്ടു. ഞാന്‍ ആമസോണ്‍ ഇന്ത്യയില്‍ തപ്പി. അതില്‍ പ്രീ ഓര്‍ഡര്‍ ബുക്കിങ് മാത്രമേയുണ്ടായിരുന്നുള്ളൂ. ആമസോണ്‍ യു.എസില്‍ പുസ്തകം ലഭ്യമാണ് എന്നെഴുതിയിരുന്നു. പക്ഷേ, അതു തെറ്റായിരുന്നു. ഞാന്‍ ഉടനെ കേരളത്തില്‍ ഡി.സി ബുക്‌സില്‍ വിളിച്ചു. ‘ഹാങ് വുമണ്‍’ രണ്ടു മാസം കഴിഞ്ഞേ ഇറങ്ങൂ എന്ന് അവര്‍ പറഞ്ഞു. എനിക്ക് നിരാശയായി. അമസോണ്‍ യു.എസില്‍ പുസ്തകം കിട്ടുന്നുണ്ടല്ലോ എന്ന് ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തയാളോടു തര്‍ക്കിച്ചു. പുസ്തകം ഇറങ്ങിക്കാണുമെന്നും നിങ്ങള്‍ പ്രസാധകരോടു സംസാരിച്ചുനോക്കൂ എന്നും നിര്‍ബന്ധിച്ചു. കുറച്ചു കഴിഞ്ഞ് അദ്ദേഹം തിരിച്ചു വിളിച്ചു–‘ഹാങ് വുമണ്‍’ ജൂലൈയിലേ പുറത്തിറങ്ങുകയുള്ളൂ.
എനിക്കു നിരാശയായി. എനിക്കു ‘ഹാങ് വുമണ്‍’ വായിച്ചേ തീരൂ. എനിക്ക് ആ പുസ്തകത്തിന്റെ ചുരുക്കം മാത്രമേ അറിയുമായിരുന്നുള്ളൂ. അത്രയും വായിച്ചതില്‍നിന്ന് ആ പുസ്തകം എന്നെ പിടിച്ചു വലിച്ചു. അതുകൊണ്ട് ഞാന്‍ ഷാജി എന്‍. കരുണ്‍ സാറിനെ വിളിച്ചു. അദ്ദേഹത്തിന്റെ സിനിമയിലൂടെയാണു ഞാന്‍ മലയാളത്തില്‍ എത്തിയത്. അദ്ദേഹം ഞങ്ങള്‍ക്കെല്ലാം ഒരു ഫാദര്‍ ഫിഗര്‍ ആയിരുന്നു. ഞാന്‍ ഷാജി സാറിനോട് ആരാച്ചാര്‍ നോവലിനെക്കുറിച്ചു ചോദിച്ചു. സാര്‍ ആ പുസ്തകം വായിച്ചിരുന്നില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘സാര്‍, അതു വായിച്ച് കഥയൊന്നു പറഞ്ഞുതരാമോ?’ അതല്ലെങ്കില്‍ മലയാളം ആരാച്ചാര്‍ വാങ്ങി കൊല്‍ക്കൊത്തയിലെ ഏതെങ്കിലും മലയാളിയെക്കൊണ്ട് അതു പരിഭാഷപ്പെടുത്തുന്ന കാര്യം ആലോചിക്കുകയാണ്. എന്റെ വാക്കുകള്‍ അപക്വമാണെന്ന് അദ്ദേഹത്തിനു തോന്നിക്കാണും. പക്ഷേ, രണ്ടു മാസം നീണ്ട കാലയളവായിരുന്നു. അത്രയൊന്നും കാത്തിരിക്കാന്‍ എനിക്കു സാധ്യമല്ലായിരുന്നു. അതിനിടെ കെ. ആര്‍. മീരയെ വിളിച്ചെന്നും അഭിനന്ദിച്ചെന്നും ഷാജി സാര്‍ പറഞ്ഞു.
ഒടുവില്‍ ജൂലൈ ആയി. പുസ്തകം വന്നു. ഞാന്‍ ഒന്നര ദിവസം മറ്റൊന്നും ചെയ്യാതെ പുസ്തകം വായിച്ചുതീര്‍ത്തു. വായിക്കുമ്പോള്‍ പല പേജുകളിലും വരികള്‍ അടയാളപ്പെടുത്തി. ചേതനയുടെ കൈകളിലെയും ഹൃദയത്തിലെയും കുടുക്കുകള്‍ എന്നെ പിടിച്ചുലച്ചു…”
കാദംബരി ജനിച്ചതും വളര്‍ന്നതും ബംഗാളിലാണ്. കലയുടെയും നൃത്തത്തിന്റെയും സംഗീതത്തിന്റെയും സത്യജിത് റായിയുടെയും ഋത്വിക് ഘട്ടക്കിന്റെയും മൃണാള്‍ സെന്നിന്റെയും ബുദ്ധദേവ് ദാസ് ഗുപ്തയുടെയും ഗൗതം ഘോഷിന്റെയും കൂടാതെ തന്റെ അമ്മ ഏറെ ആസ്വദിച്ചിരുന്ന ഉത്തംകുമാര്‍-സുചിത്ര സെന്‍ ജോഡികളുടെയും സിനിമകളുടെയും മധ്യത്തില്‍.
”ബംഗാളില്‍ മിക്കവാറും എല്ലാ പെണ്‍കുട്ടികളും നൃത്തമോ സംഗീ തമോ രണ്ടുംകൂടിയോ പഠിക്കാറുണ്ട്. ഞങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് രബീന്ദ്രസംഗീതം കേട്ടുകൊണ്ടാണ്. മറ്റൊരിടത്തും കാണാത്ത (ഒരുപക്ഷേ, കേരളത്തിലൊഴികെ. ഒരു വിധത്തില്‍ കേരളവും
ബംഗാളും തമ്മില്‍ നല്ല സാമ്യമുണ്ട് ) ഒരു വ്യതിരിക്തതയുണ്ട്, കൊല്‍ക്കൊത്തയ്ക്ക്. നൃത്തവും സംഗീതവും കലയും സംസ്‌കാരവും ഈ മണ്ണില്‍ കിനിഞ്ഞിറങ്ങിയിരിക്കുന്നു. ബംഗാളിനെ സംബന്ധിച്ച് ഒരു നിര്‍ഭാഗ്യമേയുള്ളൂ. ഞങ്ങളുടെ സംസ്‌കാരം നൃത്തത്തിലും സംഗീതത്തിലും രൂഢമൂലമാണെങ്കിലും ഞങ്ങള്‍ക്കു ഞങ്ങളുടേതായി അഭിമാനിക്കാന്‍ തനതായ ഒരു നൃത്തരൂപമില്ല (ഗൗഡീയ നൃത്തത്തെക്കുറിച്ച് ഗവേഷണവും അന്വേഷണവും നടക്കുന്നതേയുള്ളൂ). പക്ഷേ, മറ്റെല്ലാ നൃത്തരൂപങ്ങളെയും രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഞങ്ങള്‍ മടിക്കാറില്ല. ഒഡീസിയും ഭരതനാട്യവും കുച്ചിപ്പുഡിയും മുതല്‍ കഥകളിയും മോഹിനിയാട്ടവും കഥക്കും മണിപ്പൂരിയും സാത്രിയയുംവരെയുള്ള എല്ലാ നൃത്തരൂപങ്ങളും ഞങ്ങള്‍ക്ക് ഇഷ്ടമാണ്. പിന്നെ, ഉദയശങ്കറിന്റെ പൈതൃകം പിന്തുടരുന്ന തനുശ്രീ ശങ്കറും മമത ശങ്കറും അമല ശങ്കറും ഇവിടെയുണ്ട്. എല്ലാത്തിലുമേറെ, ടാഗോര്‍ കൊണ്ടുവന്ന കഥകളിഗുരുക്കന്മാരും മണിപ്പൂരി കലാകാരന്മാരുമുള്ള ശാന്തിനികേതനും. കൊല്‍ക്കൊത്തയില്‍ എല്ലാ നൃത്തരൂപങ്ങള്‍ക്കും മികച്ച ഗുരുനാഥന്മാരും സമര്‍പ്പണബുദ്ധിയുള്ള എണ്ണമറ്റ വിദ്യാര്‍ഥികളുമുണ്ട്. കൊല്‍ക്കൊത്ത വിടുമ്പോള്‍ ഓരോ ബംഗാളിയും ഈ അന്തരീക്ഷത്തെ നഷ്ടബോധത്തോടെ ഓര്‍ക്കും.”
ഒഡീസിയാണ് തന്റെ വഴി എന്നു പിന്നീടു കാദംബരി തിരിച്ചറിഞ്ഞു. ”ഒഡീസിയാണ് എന്റെ പാഷന്‍. ഞാന്‍ ഭക്ഷിക്കുന്നതും ദാഹം തീര്‍ക്കുന്നതും ഉറങ്ങുന്നതും സ്വപ്‌നം കാണുന്നതും ഒഡീസിയാണ്. ഞാന്‍ അതിലാണു ജീവിക്കുന്നത്. എന്റെ ജീവിതത്തില്‍ വെളിച്ചം വിതറിയ ഗുരുക്കന്മാര്‍ പലരുമുണ്ട്. ഒഡീസിയില്‍ ഗുരു കേളുചരണ്‍ മഹാപത്രയും ഗുരു രമണി രഞ്ജന്‍ ജെനയും. ഭരതനാട്യത്തില്‍ വളരെ വര്‍ഷങ്ങളോളം, ഗുരു അഭയ് പോള്‍. കുച്ചിപ്പുഡിയില്‍ ചെന്നൈയിലെ കുച്ചിപ്പുഡി ആര്‍ട്ട് അക്കാദമിയില്‍ ഗുരു വെമ്പട്ടി ചിന്ന സത്യം. കലാനിധി നാരായണനു കീഴില്‍ അഭിനയപരിശീലനം. എല്ലാ രൂപങ്ങളും പഠിച്ചിട്ടും എന്നെ കീഴടക്കിയതു ശില്പസദൃശമായ ഒഡീസിയാണ്. എന്റെ ശരീരത്തിന്റെ ഘടനയും ഒഡീസിക്കാണു കൂടുതല്‍ അനുയോജ്യം. നൃത്തം ചെയ്യുമ്പോള്‍ ഓരോ കലാരൂപവും മറ്റുള്ളവയിലേക്ക് അറിയാതെ പകരുമെന്നതിനാല്‍ 1990-കള്‍മുതല്‍ ഞാന്‍ ഒഡീസിയില്‍ മാത്രം ശ്രദ്ധിച്ചു. അന്നുമുതല്‍ ഇന്നുവരെ ഒഡീസിയല്ലാതെ മറ്റൊരു നൃത്തരൂപവും ഞാന്‍ അവതരിപ്പിച്ചിട്ടില്ല. ‘സ്വപാന’ത്തിനു വേണ്ടി മാത്രമാണ് അതു തെറ്റിച്ചത്. ആ ചിത്രത്തില്‍ ഞാന്‍ മോഹിനിയാട്ടം അവതരിപ്പിച്ചു.”
നര്‍ത്തകിയായി വേദിയിലെത്തുമ്പോള്‍ സിനിമക്കാരുടെ കണ്ണില്‍പ്പെടാനെളുപ്പമാണ്. ”എന്റെ കാര്യത്തിലും അതു സംഭവിച്ചു. പക്ഷേ, സിനിമാഭിനയത്തെ അച്ഛനമ്മമാര്‍ കഠിനമായി എതിര്‍ത്തു. അന്ന് എന്നെ അഭിനയിക്കാന്‍ പലരും വിളിച്ചു. നിരസിച്ച ക്ഷണങ്ങളില്‍ എനിക്ക് ഏറ്റവും നഷ്ടബോധം ഉത്പലേന്ദു ചക്രവര്‍ത്തിയുടെ സിനിമയെക്കുറിച്ചാണ് (സ്മിത പാട്ടീല്‍ അഭിനയിച്ച ദേബ്ഷിഷുവിന്റെ സംവിധായകന്‍). ഒരിക്കലല്ല, രണ്ടു തവണ അദ്ദേഹം വിളിച്ചു. പക്ഷേ, വളരെ യാഥാസ്ഥിതികമായ കുടുംബമായിരുന്നു എന്റേത്. അന്ന് അമ്മ എന്നെ വിളിച്ചിരുത്തി അന്ത്യശാസനം തന്നു-ഒന്നുകില്‍ സിനിമ അല്ലെങ്കില്‍ വീട്. സിനിമയില്‍ പോയാല്‍ പിന്നെ തിരിച്ചു വരണ്ട. എന്നാല്‍പ്പിന്നെ ഇറങ്ങിപ്പോയി സിനിമാതാരമായി എല്ലാവര്‍ക്കും കാണിച്ചുകൊടുക്കാം എന്നു തോന്നാതിരുന്നില്ല. പക്ഷേ, ആ പ്രായത്തില്‍ ഞാനെവിടെപ്പോകും? ഒരുപാടു പേര്‍ സ്വപ്‌നം കാണുന്ന താരപദവി എന്റെ കയ്യില്‍നിന്നു വഴുതുന്നതു കണ്ടു ഞാനിരുന്നു ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്തു.”
അന്നു കൊല്‍ക്കൊത്തയില്‍ കാദംബരിക്കു സുഹൃത്തുക്കളുടെ രണ്ടു സംഘങ്ങളുണ്ടായിരുന്നു. ആദ്യത്തെ കൂട്ടര്‍ അക്കാദമിക്കുകള്‍. രണ്ടാമത്തെ കൂട്ടര്‍ ആര്‍ട്ടിസ്റ്റുകളും. രണ്ടു കൂട്ടരും സിനിമാപ്രവേശത്തെ എതിര്‍ത്തു. അക്കാദമിക് സുഹൃത്തുക്കള്‍ അതിനെ പൂര്‍ണ്ണമായി എതിര്‍ത്തു. ”ഞാന്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. അമേരിക്കയില്‍ ഉപരിപഠനം നടത്താന്‍ ജിആര്‍ഇ പരീക്ഷയ്ക്കു തയ്യാറെടുക്കുകയുമായിരുന്നു. ആ സമയത്ത് വീടുവിട്ടിറങ്ങി സിനിമയില്‍ അഭിനയിച്ചാല്‍ എന്താവും ഭാവി? കൂട്ടുകാരുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് എനിക്കു തോന്നി. അതോടെ സിനിമാമോഹം ആവിയായി. ഞാന്‍ പഠിത്തത്തില്‍ ശ്രദ്ധിച്ചു. നൃത്തംപോലും രണ്ടാമതായി. ഞാന്‍ ജിആര്‍ഇ പരീക്ഷ പാസ്സായി. ഇക്കണോമിക്‌സില്‍ എം.എസ്. ബിരുദത്തിന് സ്‌കോളര്‍ഷിപ്പോടെ ഒഹായോയിലെത്തി. അമേരിക്കയില്‍ കുറെ വര്‍ഷങ്ങള്‍. കൂടുതല്‍ ബിരുദങ്ങള്‍. മള്‍ട്ടിമീഡിയ സംബന്ധമായ കംപ്യൂട്ടര്‍ സയന്‍സിലും എം.എസ്. അങ്ങേയറ്റം വിലമതിക്കപ്പെടുന്ന മസച്ചുസെറ്റ്‌സ് മക് കാലം ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എ. പിന്നെ പരസ്യവ്യവസായത്തില്‍ ആഗോള ഭീമന്മാരായ ഇന്റര്‍പബ്ലിക് (എച്ച് എച്ച് സിസി) ആര്‍നോള്‍ഡ് വേള്‍ഡ് വൈഡ്, പിറ്റ്‌സ്ബര്‍ഗ്
ഫിലിംമേക്കേഴ്‌സ് എന്നീ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ പ്രഫസര്‍ഷിപ്പ്… കോര്‍പറേറ്റ് കരിയറില്‍ കുതിച്ചുചാട്ടത്തിന്റെ കാലം. പക്ഷേ, എന്റെ ഹൃദയം ഞാന്‍ രണ്ടാം സ്ഥാനത്തേക്കു തള്ളിയ നൃത്തത്തിനുവേണ്ടി കൊതിച്ചു. ഡോളറും കൂടുതല്‍ കൂടുതല്‍ ഡോളറും നിരസിച്ച് ഇന്ത്യയില്‍ താഴേത്തട്ടിലെ ഒരു ഒഡീസി നര്‍ത്തകിയാകാന്‍ തീരുമാനിച്ചു. ഞാന്‍ പൂര്‍ണ്ണമായും ഇന്ത്യയുടേതായിരുന്നു. എനിക്കു മറ്റൊരിടത്തും വേരു പിടിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യയിലെ ഒരു കലാകാരിയുടെ വേദനയും നേട്ടങ്ങളും തിരിച്ചടികളും അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എഴുപതു വയസ്സിലെത്തുമ്പോള്‍ കലാകാരിയായി ജീവിച്ചതിന്റെ സംതൃപ്തി അറിയണമെന്നു ഞാന്‍ തീരുമാനിച്ചു. സൊണാല്‍ മാന്‍സിങ് ജിയുടെ ജീവിതമാണ് എനിക്കതിനു പ്രചോദനമായത്. അമേരിക്കന്‍ അംബാസഡറുടെ ഭാര്യാപദവിയുടെ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചാണ് സോണാല്‍ജി നര്‍ത്തകിയായത്. ഇന്നും ഒരുപാടു നേട്ടങ്ങള്‍ കൈവരിച്ചിട്ടും തുടക്കത്തിലെ പോരാട്ടങ്ങളെക്കുറിച്ച് അവര്‍ക്ക് എത്രയോ പറയാനുണ്ട്…”
അമേരിക്കയിലെ സൗഭാഗ്യങ്ങള്‍ ഉപേക്ഷിച്ച് കാദംബരി തിരഞ്ഞെടുത്തത് കല്ലും മുള്ളും വിതറിയ വേദികളാണ്. ക്ലാസിക്കല്‍ നൃത്തത്തിന്റെ വെല്ലുവിളികളുടെ ലോകം. ”ഞങ്ങള്‍ക്ക് ഡിവിഡികളില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ ആസ്വാദകര്‍ ഞങ്ങള്‍ക്കു മുമ്പില്‍ ശാരീരികമായി സന്നിഹിതരാണെന്ന് ഉറപ്പുവരുത്തണം. വേദിയില്‍ ഞങ്ങള്‍ അനുഭവിക്കുന്ന രസങ്ങള്‍ അവരിലേക്കു ഭാവങ്ങളായി പകരണം. പ്രേക്ഷകരെ കണ്ടെത്തുന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഞങ്ങളെല്ലാവരും ദേവന്മാരും അസുരന്മാരുമായി സമുദ്രം കടയുന്നു. പ്രേക്ഷകരുടെ ശ്രദ്ധയാണ് ഞങ്ങളുടെ അമൃത്. വേദിയില്‍ ദേവന്മാരെയും ദേവിമാരെയും സ്തുതിക്കുന്ന ഞങ്ങള്‍ പക്ഷേ, മിക്കപ്പോഴും ഐറ്റംനമ്പരുകാര്‍ക്കും സിനിമാറ്റിക് ഡാന്‍സുകാര്‍ക്കും മുമ്പില്‍ നിഷ്പ്രഭരാകുന്നു. ഞങ്ങളര്‍ഹിക്കുന്ന അമൃതിന്റെ പങ്കിനു വേണ്ടി ഞങ്ങള്‍ക്കു ദൈവത്തോടു നിലവിളിക്കേണ്ടിവരുന്നു…”
നൃത്തത്തിന്റെ ലോകത്ത് ഇടംപിടിച്ചെടുക്കാന്‍ പണിപ്പെടുന്നതിനിടെ കാദംബരിക്കു ചുറ്റും വീണ്ടും സിനിമാവണ്ടു മൂളി. ഉത്തര, സ്വപ്‌നേര്‍ ദിന്‍, കാല്‍പുരുഷ് തുടങ്ങിയ സിനിമകളുടെ സംവിധായകനായ ബുദ്ധദേവ് ദാസ്ഗുപ്തയുമായി കണ്ടുമുട്ടിയതായിരുന്നു നിമിത്തം. ദാദാ എന്നാണു കാദംബരിയും മറ്റുള്ളവരും അദ്ദേഹത്തെ വിളിച്ചിരുന്നത്. കാദംബരി നല്ല സിനിമകളില്‍ അഭിനയിക്കണം എന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. അടുത്ത സിനിമയില്‍ നായികയാകാന്‍ ക്ഷണിക്കുകയും ചെയ്തു.
”അദ്ദേഹം വിളിക്കുമ്പോള്‍ ഞാന്‍ പഴയ കോളജ് വിദ്യാര്‍ത്ഥിനിയല്ല. എനിക്ക് ഇഷ്ടമുള്ളതു ചെയ്യാന്‍ അച്ഛനമ്മമാരുടെ അനുവാദം ആവശ്യമില്ല. എനിക്കു വേണ്ടതു തീരുമാനിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും എനിക്കുണ്ടായിരുന്നു. ഞാന്‍ ആലോചിച്ചു. സിനിമയും നൃത്തവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നില്ലെന്നു തീരുമാനിച്ചു. നല്ല സിനിമകളില്‍ മാത്രം അഭിനയിച്ചാല്‍ മതി എന്നു ദാദാ വളരെ സ്‌നേഹത്തോടെ നിര്‍ബന്ധിച്ചിട്ടും മനസ്സു മാറിയില്ല. ഞാന്‍ അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചു. അദ്ദേഹത്തിന് അതു വലിയ വിഷമമായി. കാലം കടന്നുപോയി. ദാദായുടെ കടുത്ത ആരാധകരായിരുന്ന കൂട്ടുകാരെല്ലാം എന്നെ വിമര്‍ശിച്ചു. ഞാന്‍ ചെയ്തത് അഹങ്കാരവും വിവരക്കേടുമാണെന്നു കുറ്റപ്പെടുത്തി. അദ്ദേഹം എനിക്കു വച്ചുനീട്ടിയത് നല്ല സിനിമയിലെ നായികാവേഷമാണ്. ഒടുവില്‍ എന്റെ തലയില്‍ വെളിച്ചം കയറി. ഞാന്‍ നല്ല സിനിമകളിലെ നല്ല റോളുകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തിനുശേഷം ഞാന്‍ ദാദായോടു മാപ്പു ചോദിച്ചു. അദ്ദേഹം ടാഗോറിന്റെ ‘പുകുര്‍ധാരെ’ എന്ന കഥയെ അടിസ്ഥാനമാക്കി എടുത്ത സിനിമയില്‍ നായികയായി. അദ്ദേഹത്തിന്റെ കമല എന്ന സിനിമയില്‍ കമലയായും ഞാന്‍ അഭിനയിക്കുന്നുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, ഗിരീഷ് കാസറവള്ളി, ശ്യാം ബനഗല്‍ എന്നിവരുടെ സിനിമകളില്‍ അഭിനയിക്കണമെന്നു നിര്‍ദ്ദേശിച്ചതു ദാദാ ആണ്.”
അരവിന്ദന്റെ ചിദംബരവും കാഞ്ചനസീതയും തമ്പും വാസ്തുഹാരയും കാദംബരിയുടെ പ്രിയ സിനിമകളാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെയും ഷാജി എന്‍. കരുണിന്റെയും സിനിമകളെക്കുറിച്ച് അവര്‍ വാചാലയാകും. ഗാഥ എന്ന സിനിമയില്‍ സംഗീതജ്ഞയുടെ റോളിലേക്കാണു ഷാജി എന്‍. കരുണ്‍ ആദ്യം കാദംബരിയെ വിളിച്ചത്. പക്ഷേ, ആ സിനിമ നീട്ടിവച്ചു. പിന്നീടാണ് സ്വപാനത്തിലെ മോഹിനിയാട്ടം നര്‍ത്തകിയായത്. പിന്നീട് കാദംബരി ഇന്ത്യന്‍ ശാസ്ത്രീയനൃത്തത്തിലെ സ്ത്രീവേഷ, അര്‍ധനാരി സങ്കല്പങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി സംവിധാനംചെയ്തു. സ്ത്രീവേഷ, അര്‍ധനാരി കലാകാരന്മാരുടെ നായകീ ഭാവ കല്പനകളെക്കുറിച്ച് ഒരു നര്‍ത്തകിയുടെ കാഴ്ചപ്പാടില്‍നിന്നുളള വിശദമായ പഠനമാണത്.
ആരാച്ചാര്‍ @ 50000 ആഘോഷം മെയ് ആദ്യവാരം നടത്താന്‍ തീരുമാനിച്ചു. നോട്ടീസ് അടിച്ചു. കാദംബരിക്കു ടിക്കറ്റും താമസസൗകര്യവും ബുക്കുചെയ്തു. അപ്പോഴാണ് ഓര്‍ക്കാപ്പുറത്ത് ഒരു പ്രതിസന്ധി. നട്ടെല്ലിന്റെ ഡിസ്‌ക് തകരാര്‍മൂലം അവര്‍ കിടപ്പിലായി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. മുമ്പില്‍ രണ്ടു വഴികളുണ്ടായിരുന്നു. മീറ്റിങ്ങ് നീട്ടിവയ്ക്കുക. അല്ലെങ്കില്‍ കാദംബരി ഇല്ലാതെ നടത്തുക. പക്ഷേ, ഞാന്‍ അത്തരമൊരു ആഘോഷപരിപാടിയെക്കുറിച്ചു ചിന്തിക്കാന്‍ കാരണം കാദംബരിയാണ് എന്നതിനാല്‍ രണ്ടാഴ്ചത്തേക്കു നീട്ടിവയ്ക്കാന്‍തന്നെ തീരുമാനിച്ചു. അങ്ങനെ മെയ് 21-ന് ആ ചടങ്ങു നടത്തി. അമ്പതിനായിരാമത്തെ കോപ്പിയുടെ കവര്‍ പ്രശസ്ത ചിത്രകാരന്‍ റിയാസ് കോമു ആണു ഡിസൈന്‍ ചെയ്തത്. കട്ടിയുള്ള ബയന്റില്‍ പ്രത്യേക കടലാസ്സില്‍ അച്ചടിച്ചതായിരുന്നു അത്. ആദ്യ ഖണ്ഡികയും അവസാന ഖണ്ഡികയും എന്റെ കയ്യക്ഷരത്തില്‍ എഴുതിയിരുന്നു. അത് ലേലത്തിനു വച്ചു. 55,000 രൂപയ്ക്ക് അത് ഷംനാദ് ബഷീര്‍ ലേലത്തില്‍ വാങ്ങി. ആ തുക ചടങ്ങില്‍വച്ച് സുഗത കുമാരി ടീച്ചറിന്റെ ‘അഭയ’ എന്ന സ്ഥാപനത്തിന് സംഭാവനചെയ്തു. പുസ്തകം ഏറ്റുവാങ്ങാന്‍ പ്രിയപ്പെട്ട കെ. അജിത എത്തി. മലയാള സിനിമയിലെ ഏറ്റവും ആദരണീയനായ സീനിയര്‍ നടന്‍ മധു, ശ്രീകുമാരന്‍ തമ്പി, ഡോ. എം. ആര്‍. തമ്പാന്‍, സി. വി. ത്രിവിക്രമന്‍ എന്നിവര്‍ പങ്കെടുത്തു. മീറ്റിങ്ങ് കഴിഞ്ഞ് കാദംബരി നൃത്തംചെയ്തു. ഒരു നര്‍ത്തകി ഇത്രയേറെ സമര്‍പ്പണത്തോടെ നൃത്തംചെയ്യുന്നത് മുമ്പു ഞാനൊരിക്കലും കണ്ടിട്ടില്ല. നൃത്തത്തെക്കുറിച്ചു മധു സാര്‍ പറഞ്ഞു, ക്ലാസിക്കല്‍ നൃത്തം അഞ്ചു മിനിറ്റില്‍ കൂടുതല്‍ കാണാന്‍ എനിക്കു സാധിച്ചിട്ടില്ല. ഇത് വലിയൊരു അനുഭവമായി. അദ്ദേഹം ആ നൃത്തപരിപാടി ആദ്യന്തം കണ്ടു. കാദംബരിയെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. നൃത്തത്തിനു ശേഷം കാദംബരി ആരാച്ചാര്‍ നോവലിനെക്കുറിച്ചു സംസാരിച്ചു. കൊല്‍ക്കൊത്തയെക്കുറിച്ചായിരിക്കും കാദംബരി സംസാരിക്കുക എന്നാണു ഞാന്‍ വിചാരിച്ചത്. പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തി കാദംബരി സംസാരിച്ചത് ആരാച്ചാര്‍ നോവലിലെ മരണങ്ങളെക്കുറിച്ചാണ്. അതി മനോഹരമായ പ്രഭാഷണം.
കാദംബരിയെക്കുറിച്ച് ഇത്രയും ദീര്‍ഘമായി എഴുതിയത് ഇങ്ങനെയും ചിലരുണ്ട് എന്നു മലയാളികള്‍ അറിയണമെന്ന ആഗ്രഹംകൊണ്ടാണ്. പണത്തിനു പകരം കലയുടെ കഷ്ടപ്പാടു തിരഞ്ഞെടുക്കുന്നവര്‍. പ്രശസ്തിക്കു പകരം കൃതകൃത്യത ആഗ്രഹിക്കുന്നവര്‍. കാദംബരിയുടെ മുഖത്തു പ്രസരിക്കുന്ന ഊര്‍ജ്ജത്തിന്റെ രഹസ്യം ഇപ്പോഴെനിക്കറിയാം. കാദംബരിക്ക് അവര്‍ സ്വമേധയാ തിരഞ്ഞെടുത്ത ഒരാനന്ദവും ആഘോഷവുമുണ്ട്. അതു പ്രിയപ്പെട്ടവര്‍ക്കു പങ്കുവയ്ക്കാനും പങ്കെടുക്കാനും സാധിക്കാത്തതാണ്. അതു മതത്തിനും രാഷ്ട്രീയത്തിനും കുടുംബത്തിനും അതീതമാണ്. എഴുപതുകാരിയായി വിശ്രമിക്കുമ്പോള്‍ ഒരു നര്‍ത്തകിയായി ജീവിച്ചതിന്റെ അഭിമാനം വേണം എന്ന തീരുമാനത്തില്‍നിന്നാണു കാദംബരി നര്‍ത്തകിയായത്. എഴുതാതെപോയ കഥകളെക്കുറിച്ചു വാര്‍ധക്യത്തില്‍ പശ്ചാത്താപം തോന്നാ തിരിക്കാനാണു ഞാന്‍ എഴുതിത്തുടങ്ങിയത്. നേര്‍വഴികള്‍ ദുര്‍ഘടവും ദുര്‍ഗ്ഗമവുമായിരിക്കും. വിജനമാണെന്നു ഭയം തോന്നും. പക്ഷേ, ആരും ഒറ്റയ്ക്കാകുകയില്ല.
പുലര്‍ച്ചെ ആറു മണിമുതല്‍ നീളുന്ന റിഹേഴ്‌സലിനു ശേഷം വൈകിട്ട് തളര്‍ന്നുറങ്ങി, പുലര്‍ച്ചെ മൂന്നിനോ നാലിനോ ഉണര്‍ന്നിരുന്ന് ആരാച്ചാരിലെ ചേതനയെക്കുറിച്ച് ഒരു ആസ്വാദനക്കുറിപ്പ് അയച്ചതിനുശേഷം കാദംബരി എനിക്ക് എഴുതി–Am your longlost sister, Meeradi… Let our sisterhood remain forever. Let there be no evil eye…
-നന്മയ്ക്കു നന്ദി വേണ്ട. സ്‌നേഹവും സത്യസന്ധതയും മാത്രം മതി.