ചരിത്രത്തില്‍ ഇടംനേടിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ മഹത് വ്യക്തികളുടെ പ്രസിദ്ധമായ പ്രഭാഷണങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങളുടെ സമ്പാദനം ഡോ. രാജു വള്ളികുന്നവും വി.ഗീതയും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ഡോ. രാജു വള്ളികുന്നം പുസ്തകത്തിനെഴുതിയ ആമുഖം
പ്രസംഗം ഒരു കലയാണെന്നു സാധാരണ പറയാറുണ്ടെങ്കിലും അതു മനുഷ്യനെ വ്യഗ്രതയുള്ളവനാക്കുന്നുവെന്ന് ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞപ്പോള്‍ ഉന്മേഷവും ഉത്സാഹവും സ്ഫുരിപ്പിക്കുകയാണ് പ്രസംഗത്തിന്റെ ദൗത്യമെന്ന സൂചനയാണു നല്‍കുന്നത്.’തയ്യാറായ’ ഒരാളായി രൂപപ്പെടുത്തുകയെന്നാല്‍ പ്രചോദിപ്പിക്കുന്നുവെന്നു സാരം. ഉത്തേജനവും ഉദ്‌ബോധനവും ഇതിന്റെ പ്രയോജനങ്ങളില്‍ ഉള്‍പ്പെടുന്നു. ജനായത്തക്രമങ്ങളെ ഇതു സദാ ത്വരിതമാക്കുമ്പോള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സമഗ്രമായി സ്വാധീനിക്കുന്ന ഒന്നാണിതെന്നു തിരിച്ചറിയുവാനാവുന്നു. ആഹ്വാനങ്ങളും പിന്‍വാങ്ങലുകളും മിക്കപ്പോഴും രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനോര്‍ജ്ജവും ജീവിതത്തിന്റെ ചാലകശക്തികളും പ്രസംഗങ്ങളാകുന്നു. ദുഃഖവും രോഷവും ക്രോധവും സഹതാപവും സാന്ത്വനവും വിപ്ലവവും സമാധാനവും പ്രതിഷേധവും പ്രതികരണവും എല്ലാം പ്രസംഗത്തിന്റെ രീതികളാണ്; പ്രമേയവും രൂപവും ഒരു സ്വരച്ചേര്‍ച്ചയിലാവണമെന്നു മാത്രം. സാഹിത്യമുള്‍പ്പെടെയുള്ള സാംസ്‌കാരിക വിശകലനങ്ങള്‍ മുതല്‍ ഭാഷയെന്ന വ്യവഹാരമാതൃക വരെ പ്രസംഗത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവിടെ സമാഹരിച്ചിരിക്കുന്ന പ്രസംഗങ്ങളില്‍ത്തന്നെ ചര്‍ച്ചിലിന്റെ ‘ഇരുമ്പുമറ’ പ്രസംഗത്തിലെ ഇംഗ്ലിഷ് ഭാഷാ വരേണ്യവാദത്തെ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ക്രമവുമായി താരതമ്യം ചെയ്തുകൊണ്ടു സ്റ്റാലിന്‍ നടത്തുന്ന മറുപടിപ്രസംഗം ഉദാഹരണം.
യുദ്ധരംഗത്തു സൈനികരെ ഉദ്ദീപിപ്പിക്കുന്നതിനായി നടത്ത പ്പെട്ട കുറെ പ്രസംഗങ്ങള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. അതില്‍ അലക്‌സാണ്ടര്‍-ദ് ഗ്രേറ്റ്, എലിസബത്ത് രാജ്ഞി, നെപ്പോളിയന്‍, ഗാരിബാള്‍ഡി, മുസ്സോളിനി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ വിവിധകാലത്തു സൈനികരെ സജ്ജമാക്കാന്‍ നടത്തുന്ന പ്രസംഗങ്ങളില്‍ യുദ്ധവീര്യം മാത്രമല്ല, രാജ്യതന്ത്രജ്ഞതയും സാമൂഹ്യസുരക്ഷയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷാനിര്‍ഭരതയും ഇടകലരുന്നുണ്ട്. തേംസ് നദീതീരത്ത് എലിസബത്ത് രാജ്ഞി ഇംഗ്ലിഷ് സൈന്യത്തോടു നടത്തുന്ന പ്രസംഗത്തില്‍ വേണ്ടിവന്നാല്‍ ‘ഞാന്‍തന്നെ ആയുധമെടുക്കുമെന്ന്’ പ്രഖ്യാപിക്കുന്നു.
അവകാശ പ്രഖ്യാപനങ്ങളും തുടര്‍ന്നുള്ള സമരാഹ്വാനങ്ങളും എന്നും ജ്വലിപ്പിച്ചു നിര്‍ത്തിയത് അതാതിടങ്ങളിലെ പ്രസംഗങ്ങളാണ്. 1851-ല്‍ ആഫ്രിക്കന്‍ വനിത സൊജോണര്‍ ട്രൂത്ത് ‘ഞാനൊരു സ്ത്രീയല്ലേ’ എന്ന് നിരവധി തവണ ആവര്‍ത്തിച്ചുകൊണ്ടു സ്ത്രീയവകാശങ്ങള്‍ക്കായി പ്രസംഗിക്കുമ്പോള്‍ 1873-ല്‍ അമേരിക്കന്‍ വനിത സൂസന്‍ ബി. ആന്റണി ‘സ്ത്രീകള്‍ വ്യക്തികളാണോ’ എന്നു വനിതാവോട്ടവകാശപ്രശ്‌നം ഉയര്‍ത്തിക്കൊണ്ടു പ്രസംഗിക്കുന്നു. തുടര്‍ന്ന് 1898-ല്‍ എമിലിന്‍ പാജ്ഗര്‍സ്റ്റ് വനിതാ വോട്ടവകാശ നിഷേധത്തിലൂടെ സ്ത്രീകള്‍ക്കുണ്ടാകുന്ന ഉത്കണ്ഠകള്‍ അവരുടെതന്നെ പ്രതിഷേധമായി മാറുന്നതിന്റെ പട്ടിക കാട്ടി സമര്‍ത്ഥിക്കുന്നുണ്ട്.
വര്‍ഗ്ഗവിവേചനവും വര്‍ണ്ണവിവേചനവും പ്രതിഫലിപ്പിച്ച വലിയ ജനമുന്നേറ്റങ്ങള്‍ സൃഷ്ടിച്ച പ്രസംഗങ്ങള്‍ ലോകചരിത്രത്തിന്റെതന്നെ ഭാഗമാണ്. 1896-ല്‍ വിപ്ലവത്തെക്കുറിച്ച് കാറല്‍മാര്‍ക്‌സ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചപ്പോള്‍ വിപ്ലവാഹ്വാനത്തിന്റെ ബലിപീഠത്തില്‍ ആത്മത്യാഗം നടത്തുകയാണ് 1929-ല്‍ ഭഗത്‌സിങ്. ഇതുപോലെതന്നെ പ്രസക്തമാണ് ആന്‍ബോളിന്റെയും സര്‍വാള്‍ട്ടര്‍ റാലിയുടെയും മറ്റും കഴുമരപ്രസംഗങ്ങള്‍. ആന്‍ബോളിന്‍ എന്ന ബ്രിട്ടീഷ് രാജ്ഞി തന്റെ ഭര്‍ത്താവ് തന്നെ തൂക്കിലേറ്റിയതില്‍ വിലപിക്കുമ്പോള്‍ വാള്‍ട്ടര്‍ റാലി വിരുദ്ധോക്തിയിലൂടെ രാജവാഴ്ചയെ പരിഹസിക്കുന്നു.
പ്രസംഗങ്ങള്‍ ചിലപ്പോഴൊക്കെ തത്ത്വചിന്താപരവും ധാര്‍മ്മികോദ്‌ബോധനപരവുമാകും, അവയാകട്ടെ ചിന്തോദ്ദീപകവും ദാര്‍ശനികവുമാകും. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട, സോക്രട്ടീസിന്റെ അവസാന പ്രസംഗത്തില്‍ ‘തത്ത്വചിന്താപരമായ അന്വേഷണം മൃതന്മാരുടെ നഗരത്തിലും തുടരുമെന്ന്’ ഉറക്കെ പറയുന്നുണ്ട്. പെരിക്കിള്‍സ്, ഡമോസ്തനീസ്, ഹാനിബാള്‍, അക്കിലസ് എന്നിവരുടെ പ്രസംഗങ്ങളും ഇത്തരത്തില്‍ മൂര്‍ത്തചിന്തയുടെ പരിസരത്തില്‍ രൂപംകൊണ്ടവയാണ്. സ്വാമി വിവേകാനന്ദന്‍, സിസ്റ്റര്‍ നിവേദിത, മഹാത്മാഗാന്ധി, മദര്‍ തെരേസ ഇവരുടെ പ്രസംഗങ്ങള്‍ മനസ്സാക്ഷിയുടെ ശബ്ദം പ്രതിധ്വനിക്കുന്ന പ്രാര്‍ത്ഥനയുടെ ആകാശങ്ങള്‍ തുറന്നിടുന്നവയാണ്. മേരിക്യൂറിയും റോബര്‍ട്ട് ഓപ്പണ്‍ ഹീമറും ശാസ്ത്രാന്വേഷണത്തിന്റെ മാനസികതയില്‍ ഊന്നുന്നു.
അധികാരം നിറവേറ്റുമ്പോഴുള്ള സമചിത്തതയും ഉണര്‍വ്വും അധികാരത്തിന്റെ തലേ രാശികളില്‍നിന്നു നടത്തുന്ന പ്രസംഗങ്ങളെ സ്വാധീനിക്കുന്നതു ലെനിന്‍, ജഫേഴ്‌സണ്‍, ജോര്‍ജ് വാഷിങ്ടണ്‍, എബ്രഹാം ലിങ്കണ്‍, റൂസ്‌വെല്‍റ്റ് എന്നിവരുടെ പ്രസംഗങ്ങളില്‍ വ്യക്തമാണ്. ഏത് അവസരത്തെയും പ്രസംഗത്തില്‍ നിബന്ധിക്കാമെന്നിരിക്കെ ലോകത്തു പ്രസംഗത്തിന്റെ ആചാര്യനായി കണക്കാക്കപ്പെടുന്ന എഡ്മണ്ട് ബര്‍ഗ്ഗിന്റെ പ്രസംഗങ്ങളെ പ്രസംഗകലയുമായി ചേര്‍ത്തു പരിശോധിക്കുന്നതു ഫലപ്രദമാണ്.
എന്നാല്‍, ലോകത്തു പ്രസംഗത്തിന്റെ ഒരു അക്കാഡമി രൂപീകരിക്കുന്നുവെങ്കില്‍ അവിടെ സിലബസില്‍ ചേര്‍ക്കേണ്ടത് മാര്‍ക് ആന്റണിയുടെ ‘ജൂലിയസ് സീസര്‍ ശവസംസ്‌കാര’ പ്രസംഗമാണെന്ന് ഷേക്‌സ്പിയര്‍ നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രായോഗികതയും വികാരപരതയും നയതന്ത്രജ്ഞതയും പ്രതിഫലിപ്പിക്കുന്ന ഈ പ്രസംഗമാണ് എന്നത്തെയും പ്രസംഗത്തിനുള്ള സാധൂകരണം.