Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പെണ്‍മനസ്സുകളുടെ കഥപറഞ്ഞ് റോസിലി ജോയിയുടെ ‘കാറ്റേ നീ…’

$
0
0

അസ്വസ്ഥമായ പെണ്‍മനസ്സുകളുടെ കഥകളാണ് കാറ്റേ നീ എന്ന റോസിലി ജോയ് രചിച്ച ഈ ചെറുകഥാസമാഹാരത്തില്‍. വായനക്കാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന കഥകള്‍. മയൂരനടനം, ചതുര്‍ഭുജം, ഗോപാലകൃഷ്ണന്‍ പത്ത് ബി, കാറ്റേ നീ, പുനരുത്ഥാനത്തിനുള്ള തയ്യാറെടുപ്പുകള്‍, അമ്മത്തൊട്ടില്‍, ദ ലോസ്റ്റ് എമ്പറര്‍, ജ്ഞാനപുസ്തകത്തിലെ പുതിയ താളുകള്‍, അജ്ഞാതമാകുന്ന സ്ഥലങ്ങള്‍, ചവിട്ടുനാടകം, പിരാനകള്‍, കഴുകന്‍, സൗമിത്രി കി ദാദി, വേഷപ്പകര്‍ച്ചകള്‍, ഉറുമ്പുകള്‍, കാത്തിരിപ്പിന്റെ തിരുനാളുകള്‍, ഒരു പരിണാമ സിദ്ധാന്തം, പിതൃദേവോ ഭവഃ എന്നിങ്ങനെ വ്യത്യസ്തങ്ങളായ 18 ചെറുകഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാറ്റേ നീ എന്ന കഥയില്‍ നിന്ന്

കാറ്റ് അവളുടെ ചങ്ങാതിയായി തുടങ്ങിയത് ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അതുകൊണ്ട് പ്രിയപ്പെട്ട കൂട്ടുകാരന്റെ സ്‌പെല്ലിങ് തെറ്റിയതില്‍ അവള്‍ക്ക് ചെറിയൊരു സങ്കടം ഉണ്ടായിരുന്നു.

‘ഞാന്‍ ടി എന്നെഴുതിയപ്പോള്‍ പെട്ടെന്നങ്ങുവന്ന് എന്റെ കയ്യില്‍ നിന്നും പേന തട്ടി താഴെ ഇടാന്‍ മേലാഞ്ഞോ നിനക്ക്…? അപ്പൊ എനിക്ക് കാര്യം മനസ്സിലായേനം. തെറ്റെഴുതാന്‍ പോകുവാന്ന്.’ പ്രിയങ്ക കാറ്റിനോട് കലമ്പി.

ഒന്നാം ക്ലാസ്സിലെ അവധിക്കാലത്ത് മുത്തച്ഛനോടൊപ്പം മുത്തശ്ശിയുടെ വീട്ടില്‍ പോകുവാന്‍ ഒരു കൊച്ചുതോണിയില്‍ കടത്ത് കടക്കുമ്പോഴാണ് കാറ്റ് അവളോട് ആദ്യമായി സൗഹൃദംകൂടാന്‍ വന്നത്.

‘ഈ കാറ്റിന്റെ ഒരു ശല്യം. എപ്പോ കടത്ത് കിട്ടിയാലും വീശാന്‍ തുടങ്ങും. അതും എതിരേ ദിശയില്‍. മനുഷ്യന്റെ പതം വരും അക്കരെ എത്തുമ്പോ…’ശക്തിയില്‍ വള്ളം ഊന്നുന്നതിനിടെ വഞ്ചിക്കാരന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.

അവള്‍ അത് ശ്രദ്ധിക്കാതെ വഞ്ചിക്ക് ചുറ്റും എങ്ങോട്ടോ ധൃതിയില്‍ നീങ്ങുന്ന തിരകളെ നോക്കിയിരുന്നു. തോണിക്കാരന്‍ വിയര്‍ത്തൊലിച്ച് തോണി കടവത്ത് എത്തിക്കുമ്പോള്‍ കാറ്റും തീര്‍ന്നിരുന്നു.

‘ഈ സമാഹാരത്തിലെ എല്ലാ കഥകളും വ്യത്യസ്തമായ സ്ഥലങ്ങളിലൂടെയും മാനസികാവസ്ഥകളിലൂടെയുമുള്ള ഒരു സഞ്ചാരമാണ്. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത കഥാപാത്രങ്ങളും സംസ്‌കാരങ്ങളും ഒക്കെ ഒരു ചലച്ചിത്രത്തിലെന്ന പോലെ നമ്മളുടെ മുന്‍പിലേക്ക് ചിത്രീകരിക്കപ്പെടുകയാണ് റോസിലിയിലൂടെ. അനുഭവങ്ങള്‍ കഥയിലേക്കു വരുമ്പോഴും ശില്പഭദ്രതക്കു കോട്ടം തട്ടുന്നില്ല എന്നതും കഥകളുടെ പ്രത്യേകതകളാണ്.’ കാറ്റേ നീ എന്ന ഈ ചെറുകഥാസമാഹാരത്തിന് അവതാരിക എഴുതിയ തമ്പി ആന്റണി കുറിക്കുന്നു.

റോസിലി ജോയ്: എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ ജനനം. എറണാകുളം മഹാരാജാസ് കോളെജിലും തൃക്കാക്കര ഭാരത് മാതാ കോളെജിലുമായി വിദ്യാഭ്യാസം. കാലം തെറ്റിപ്പൂത്ത ഗുല്‍മോഹറുകള്‍, റാണിമാര്‍ പത്മിനിമാര്‍ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎസില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ഓലേഞ്ഞാലി എഫ്.എം റേഡിയോയില്‍ വെയിലും നിലാവും പരിപാടിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. rosappukkal.blogspot.com എന്ന ബ്ലോഗില്‍ സജീവം.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>