കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ ഏതു ചര്‍ച്ചയിലും അറിഞ്ഞും അറിയാതെയും സൈമണ്‍ ബ്രിട്ടോ കടന്നുവരും. കാരണം, സൈമണ്‍ ബ്രിട്ടോ ഒരു സൂചകമാണ്, അതേസമയം ഒരു പ്രതീകവും. പ്രക്ഷുബ്ധമായ, വിപ്ലവപ്രതീക്ഷകള്‍ നിറഞ്ഞുനിന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനേതാവ്. കൊലക്കത്തിക്ക് ഇരയായി ജീവിതം ചക്രക്കസേരയിലേക്ക് പറിച്ചുവയ്‌ക്കേണ്ടി വന്ന ഒരാള്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനൊപ്പം അഞ്ചര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ്. അതിനാല്‍തന്നെ ഇപ്പോള്‍ നമുക്ക് ബ്രിട്ടോവിന്റെ അടുക്കലേക്കുതന്നെ പോകാം. മഹാരാജാസ് കോളജില്‍ അഭിമന്യു എന്ന വിദ്യാര്‍ത്ഥി (പ്രവര്‍ത്തകന്‍) കൊല്ലപ്പെട്ട സാഹചര്യത്തില്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍. നാല് പതിറ്റാണ്ടുകളില്‍ കലാലയ രാഷ്ട്രീയവും വിദ്യാര്‍ത്ഥി പ്രസ്ഥാനവും എങ്ങനെയാണ് ചലിക്കുന്നത് എന്നതിന് ചില ഉത്തരങ്ങള്‍ കൂടി ഈ കൂടിക്കാഴ്ച തന്നേക്കും. ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെയും ക്യാമ്പസ് ഫ്രണ്ട് പോലുള്ള സംഘടനകളുടെയും ഇടപെടലുകള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാകുന്ന ഈ വേളയില്‍ ചില ചോദ്യങ്ങളും ഉത്തരങ്ങളും പ്രസക്തമാണ്.
എറണാകുളം പോഞ്ഞിക്കരയില്‍ 1954 മാര്‍ച്ച് 27 നാണ് സൈമണ്‍ ബ്രിട്ടോയുടെ ജനനം. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജ്, ബീഹാറിലെ മിഥില സര്‍വ്വകലാശാല, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 1981 ഒക്‌ടോബര്‍ 14 ന് കത്തിക്കുത്തേറ്റ് അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടു. എങ്കിലും രാഷ്ട്രീയപ്രവര്‍ത്തകനും എഴുത്തുകാരനുമായി സാംസ്‌കാരികരംഗത്ത് സജീവം. പന്ത്രണ്ടാം നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജിലെയും പൊതുവില്‍ കേരളത്തിലെയും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഇന്നലെകളെയും വര്‍ത്തമാനകാല സവിശേഷതകളെയും കുറിച്ച് ആര്‍.കെ. ബിജുരാജ് നടത്തിയ അഭിമുഖ സംഭാഷണത്തില്‍ സൈമണ്‍ ബ്രിട്ടോ സംസാരിക്കുന്നു.
മഹാരാജാസ് കോളജില്‍ ഒരു വിദ്യാര്‍ത്ഥി കൊലക്കത്തിക്ക് ഇരയായിരിക്കുന്നു. താങ്കള്‍ ഈ സംഭവത്തെ എങ്ങനെയാണ് കാണുന്നത്?
സൈമണ്‍ ബ്രിട്ടോ: കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി അഭിമന്യു എസ്.എഫ്.ഐ. നേതാവാണ്, എനിക്ക് വളരെ അടുപ്പമുള്ള കുട്ടിയാണ് എന്നത് തത്കാലം മാറ്റിനിര്‍ത്താം. നമ്മള്‍ ചരിത്രത്തിന് അല്പം പിന്നിലേക്കുപോകണം. മഹാരാജാസ് കോളജില്‍ നടക്കുന്ന ആദ്യ വിദ്യാര്‍ത്ഥി കൊലപാതകമല്ലിത്, ആദ്യ കത്തിക്കുത്തുമല്ല. വലിയ സമരങ്ങളും ചരിത്രവുമുള്ള കോളജാണത്. വലിയ പ്രശസ്തര്‍ പഠിച്ച കലാലയം. ഈ കോളജിനെ അതിന്റെ പ്രശസ്തിയിലേക്കും മഹത്ത്വത്തിലേക്കും ഉയര്‍ത്തിയത് പഠനത്തിലെ മികവ് മാത്രമല്ല, അവിടത്തെ ഇടതുപക്ഷ രാഷ്ട്രീയവും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുമാണ്. കെ.എസ്.എഫും പിന്നീട് എസ്.എഫ്.ഐയും ക്യാമ്പസില്‍ കടന്നുവന്നത് വലതുപക്ഷ രാഷ്ട്രീയക്കാരുടെ കടുത്ത മര്‍ദ്ദനങ്ങളെയും കൊലക്കത്തികളെയും അതിജീവിച്ചുകൊണ്ടാണ്. തുടര്‍ച്ചയായി ഇടതുപക്ഷവിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ മന്ത്രിയായ തോമസ് ഐസക് മഹാരാജാസില്‍ പഠിക്കുമ്പോള്‍ കൊലക്കത്തിയില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടര്‍ച്ചയായ സംഘര്‍ഷത്തിന്റെ കാലത്താണത്. അന്ന് ആളുമാറി മറ്റൊരാളെ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊന്നു. ഇങ്ങനെ പലതരത്തില്‍ ഏറ്റവും അധികം ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐയാണ്.
ഇടയില്‍ ചോദിക്കട്ടെ, എങ്ങനെയാണ് തോമസ് ഐസക് കൊലക്കത്തിയില്‍നിന്ന് രക്ഷപ്പെട്ടത്?
1970 കളുടെ തുടക്കത്തിലാണ് തോമസ് ഐസക് മഹാരാജാസില്‍ ബിരുദവിദ്യാര്‍ത്ഥിയായി എത്തുന്നത്. എസ്.എഫ്.ഐയുടെ തുടക്കകാലം കൂടിയാണ് അത്. 1973-74 കാലത്ത് ഐസക്കും മറ്റും ചേര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ കെ.എസ്.യുവില്‍നിന്ന് പിടിച്ചെടുത്തു. കൊച്ചി തുറമുഖ മേഖലയില്‍ സി.ടി.ടി.യു. എന്ന സംഘടനയുണ്ട്. അവര്‍ തുടര്‍ച്ചയായി എസ്.എഫ്.ഐ. പ്രവര്‍ത്തകരെയും സി.പി.എം അംഗങ്ങളെയും ആക്രമിച്ചു. എസ്.എഫ്.ഐയും തുറമുഖമേഖലയിലെ ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടല്‍ പതിവായി. പോളി എന്ന കുപ്രസിദ്ധ ഗുണ്ടയാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് ഒതുക്കിയിരുന്നത്. എന്നാല്‍, ഭിന്നശേഷിക്കാരനായ ആല്‍ബി എന്ന സഖാവ് കൊച്ചിയില്‍ ഒരു വോളീബാള്‍ മത്സരം നടക്കുന്നിടത്ത് ചെന്ന് പോളിയെ വെല്ലുവിളിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. പോളി പേടിച്ച് ഓടി. കത്തിയുമായി ഗാലറിക്ക് നടുവില്‍ നിന്ന ആല്‍ബിയെ പൊലീസ് അറസ്റ്റ്‌ചെയ്തു. ഗുണ്ടയെ ചോദ്യം ചെയ്തത് സത്യത്തില്‍ പൊലീസിന് ഇഷ്ടപ്പെട്ടു. അടുത്ത ദിവസം ആല്‍ബിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഗുണ്ടകള്‍ വളഞ്ഞു. എന്നാല്‍, മട്ടാഞ്ചേരിയിലെ സഖാക്കള്‍ ഗുണ്ടകളില്‍നിന്ന് ആല്‍ബിയെ രക്ഷിച്ചുകൊണ്ടുപോന്നു. ഇതിന്റെ തുടര്‍ച്ചയിലാണ് തോമസ് ഐസകിനു നേരേ വധശ്രമം നടന്നത്. അക്രമം ഭയന്ന് എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ടിരുന്നു. ഗുണ്ടകളില്‍നിന്ന് രക്ഷപ്പെടാന്‍ ഐസക്കും ഒന്നുരണ്ടുപേരും ഹോസ്റ്റലിന്റെ ടെറസിലാണ് കിടന്നുറങ്ങിയത്. ഐസക് വായിച്ചുകിടന്ന് ഉറങ്ങിപ്പോയി. ഉറക്കത്തില്‍ കണ്ണാടി ഊര്‍ന്നുവീണു. അത് തലയ്ക്കടിയില്‍ പെട്ട് പൊട്ടിപ്പോയി.
അടുത്ത ദിവസം രാവിലെ കോളജ് ഹോസ്റ്റലിന് മുന്നില്‍ ഒരു കാര്‍ നിറയെ ഗുണ്ടകള്‍ ആയുധങ്ങളുമായി വന്നു. കണ്ണട ഇല്ലാത്തതിനാല്‍ ഐസക്കിനെ അവര്‍ക്ക് പെട്ടെന്ന് മനസ്സിലായില്ല. ഐസക് കാറിലേക്ക് തലയിട്ട് നോക്കി. ആയുധങ്ങള്‍ കണ്ടപ്പോള്‍ പതിയെ പിന്‍വലിഞ്ഞ്, ഓടിമറഞ്ഞു. ഗുണ്ടാസംഘം ഹോസ്റ്റലില്‍ കയറി ആക്രമണം അഴിച്ചുവിട്ടു. ഈ സമയത്താണ് എസ്.എഫ്.ഐ.ക്കാരനല്ലാത്ത, തന്റെ ബന്ധുവിനെ അന്വേഷിച്ച് വന്ന ലക്ഷദ്വീപുകാരനായ മുത്തുക്കോയ കൊല്ലപ്പെട്ടത്.
താങ്കള്‍ക്ക് എങ്ങനെയാണ് കുത്തേറ്റത് ?
ഞാന്‍ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. ലോകോളജിലാണ് പഠിച്ചത്. എസ്.എഫ്.ഐയില്‍ സജീവമായതിനാല്‍ കൊച്ചി നഗരത്തിലായിരുന്നു പ്രവര്‍ത്തനം. എസ്.എഫ്.ഐ. പ്രവര്‍ത്തകരെ തുടര്‍ച്ചയായി വളഞ്ഞിട്ട് കോണ്‍ഗ്രസ് ഗുണ്ടകളും കെ.എസ്.യുക്കാരും ആക്രമിച്ചുകൊണ്ടിരുന്നു. അടിയന്തരാവസ്ഥയില്‍, ഭരത് അവാര്‍ഡ് ജേതാവ് പി.ജെ. ആന്റണിയുടെ മകന്‍ എസ്.എഫ്.ഐയുടെ ക്ലാസ് പ്രതിനിധിയായി മത്സരിച്ചിരുന്നു. അന്ന് കുപ്രസിദ്ധഗുണ്ട പാല ജോണ്‍ കത്തിയുമായി പി.ജെ. ആന്റണിയെ ഭീഷണിപ്പെടുത്തി. തന്റെ മകന്‍ അടുത്ത ദിവസം എസ്.എഫ്.ഐക്ക് വോട്ടുചെയ്യാന്‍ വന്നാല്‍ കുത്തികൊല്ലും എന്ന് പറഞ്ഞ് കത്തി കാട്ടിയായിരുന്നു ഭീഷണി. പി.ജെ. ആന്റണി മകനെ വിളിച്ച് ഗുണ്ടയുടെ മുന്നില്‍ നിര്‍ത്തി എസ്.എഫ്.ഐക്ക് വോട്ട് ചെയ്യണമെന്നുപറഞ്ഞു. എന്നിട്ട്, കുത്തണമെങ്കില്‍ കുത്താന്‍ ഗുണ്ടയെ വെല്ലുവിളിച്ച ഒരു സംഭവവുമുണ്ട്.
ഇങ്ങനെ ഏകപക്ഷീയമായി ആക്രമിക്കപ്പെടുന്നതിനെ എസ്.എഫ്.ഐ പല രീതിയില്‍ ചെറുക്കാനും ശ്രമിച്ചു. 1981 ഒക്‌ടോബര്‍ 14-ന് കെ.എസ്.യു ആക്രമണത്തില്‍ പരിക്കേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ അവിടെ ചെല്ലുമ്പോള്‍ കാഷ്വാലിറ്റിക്ക് മുന്നിലെ വരാന്തയില്‍വെച്ചാണ് എന്നെ കുത്തിയത്. രണ്ടുപേര്‍ പിന്നില്‍നിന്ന് പിടിച്ചുവയ്ക്കുകയും മൂന്നാമന്‍ തലപിടിച്ച് കുനിച്ച് മുതുകില്‍ കുത്തുകയുമായിരുന്നു. നാല് കുത്ത്. എന്നെ കൊല്ലാന്‍ വേണ്ടിത്തന്നെയാണ് കുത്തിയത്. അവിടെയുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ നോക്കിനിന്നതേയുള്ളൂ. അവര്‍ക്ക് മുന്നില്‍വെച്ചാണ് എനിക്ക് കുത്തേറ്റത്. ഞാന്‍ രക്ഷപ്പെടാന്‍ ഏക കാരണം കാഷ്വാലിറ്റിക്ക് മുന്നിലായതുകൊണ്ടുമാത്രമാണ്. പെട്ടെന്ന് ചികിത്സ കിട്ടി. യഥാര്‍ത്ഥത്തില്‍ കാഷ്വാലിറ്റിക്ക് മുന്നില്‍ വച്ചല്ല കുത്തെങ്കില്‍ എറണാകുളത്ത് അഭിമന്യുവിനുമുമ്പ് കൊല്ലപ്പെടുന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്‍ ഞാനാകുമായിരുന്നു.
സൈമണ്‍ ബ്രിട്ടോയെപ്പറ്റി അറിയണമെങ്കില്‍ പി.ടി. തോമസിനോട് ചോദിച്ചാല്‍ മതി എന്ന മട്ടില്‍ ഒരു ഫേസ് ബുക്ക് പോസ്റ്റ് അടുത്തിടെ കണ്ടു. എന്തായിരിക്കും ആ പോസ്റ്റ് ഇട്ടയാള്‍ ഉദ്ദേശിച്ചത് ?
എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഞാനും പി.ടി. തോമസും സഹപാഠികളാണ്. അന്ന് പരസ്പരം അലോഹ്യമുണ്ടായിരുന്നില്ല. അദ്ദേഹം അന്ന് കെ.എസ്.യു നേതാവാണ്. മഹാരാജാസില്‍ കെ.എസ്.യുവിനെ ഒരു ഘട്ടത്തില്‍ വിജയിപ്പിച്ച വ്യക്തിയാണ്. ഒരിക്കല്‍ എന്നോട്, ‘നിന്നെ ചിലര്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്, സൂക്ഷിക്കണം’ എന്ന് തോമസ് പറഞ്ഞിരുന്നു. അപ്പോള്‍ ചിരിച്ചുകൊണ്ട്, എനിക്കെതിരേ എന്ത് നീക്കമുണ്ടായാലും നീ അറിയാതെ സംഭവിക്കില്ല എന്ന് ഞാനും പറഞ്ഞു. അത് എന്തായാലും പി.ടി. തോമസ് പിന്നെ എന്തു ചെയ്തു എന്നറിയില്ല.
കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് എസ്.എഫ്.ഐ സംഘടിപ്പിച്ച ഒരു ക്യാമ്പില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും പി.ടി. തോമസിനെയും ഞങ്ങള്‍ ക്ഷണിച്ചിരുന്നു. അവിടെ വച്ച് പഴയ സംഭവങ്ങള്‍ പറയുന്നതിനിടയില്‍ തോമസ് സംഭവങ്ങള്‍ എല്ലാം മറച്ചുവെച്ച്, ഒരു പ്രണയകഥ മൂലമാണ് എനിക്ക് കുത്തേറ്റത് എന്ന് പറഞ്ഞു. അതിനെ എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം ആതിര ചോദ്യം ചെയ്തു. നടന്ന സംഭവങ്ങള്‍ പറയാതെ ചില അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് തോമസ് എന്നും ചെയ്തത്. പിന്നീട് ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച ഘട്ടത്തില്‍ മുളന്തുരുത്തി പബ്ലിക് ലൈബ്രറിയില്‍ നടന്ന സംവാദത്തില്‍ തോമസും ഉണ്ടായിരുന്നു. അവിടെ വെച്ചും ആളുകള്‍ക്ക് സംശയം തോന്നുന്ന വിധത്തില്‍ ചിലത് തോമസ് പറയുകയും ഇതിന് സൈമണ്‍ ബ്രിട്ടോ മറുപടി പറയേണ്ടിവരും എന്ന് പ്രസംഗിക്കുകയും ചെയ്തു. അപ്പോള്‍ സീന എഴുന്നേറ്റ് ജനറല്‍ ആശുപത്രിയില്‍ മരുന്നുമേടിക്കാന്‍ കുപ്പിയുമായിട്ടാണോ കോണ്‍ഗ്രസുകാര്‍ വരിക അതോ കത്തിയുമായിട്ടാണോ എന്ന് ചോദിച്ചു. അന്ന് അവിടെയുണ്ടായിരുന്ന പലരും തോമസിനെതിരേ തിരിഞ്ഞു. ഞാന്‍ കൃത്യമായി മറുപടി പറയുകയും ഇനിയും എന്റെ ശരീരത്തില്‍ ശേഷിക്കുന്ന 20 ശതമാനം ജീവന്‍ വേണമെങ്കില്‍ എടുത്തുകൊള്ളൂ എന്ന് പറഞ്ഞ് മൈക്ക് തോമസിന് മുന്നിലേക്ക് ഇടുകയും ചെയ്തു. അന്ന് കോണ്‍ഗ്രസുകാരുള്‍പ്പടെയുള്ളവരുടെ എതിര്‍പ്പില്‍ പിടിച്ചുനില്‍ക്കാന്‍ തോമസ് പാടുപെട്ടു. എന്തൊക്കെയോ പറഞ്ഞ് തലയൂരി. ദീര്‍ഘകാലം സംസാരിക്കാറില്ലായിരുന്നെങ്കിലും ഇപ്പോള്‍ തോമസും ഞാനും വീണ്ടും സൗഹൃദത്തിലാണ്.
പി.ടി. തോമസിനെ ജാവലിന് കുത്തിയ ഒരു സംഭവം ഉണ്ടായിരുന്നോ?
ഉണ്ട്. അങ്ങനെ ഒരു സംഭവം നടന്നിരുന്നു. അതില്‍ എനിക്കു പങ്കില്ല. അറിവുമില്ല. ഇൗ സംഭവത്തിേലക്ക് വരുന്നതിനുമുമ്പ് മെറ്റാരു കഥ പറയണം. അടിയന്തരാവസ്ഥയ്ക്കു ശേഷം മഹാരാജാസ് കോളേജിലെ ഹോസ്റ്റലിലേക്ക് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ കത്തിയുമായി വരുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അപരിചിതരായ പലരും പതിവായി ഹോസ്റ്റലില്‍ വന്നുപോകും. അവരില്‍ പലരും ആയുധവുമായിട്ടായിരുന്നു വന്നിരുന്നത്. അക്കാലത്ത് ഞാനും ഷണ്‍മുഖനും നിര്‍മല്‍കുമാറും ചേര്‍ന്ന് അങ്ങനെ ഹോസ്റ്റലില്‍ വരുന്ന പലരെയും തടഞ്ഞ് അരയില്‍നിന്ന് കത്തി പിടിച്ചെടുത്തിരുന്നു. അഞ്ചുപേരില്‍നിന്ന് കത്തി പിടിച്ചെടുത്തു. കത്തിയുമായി വന്നവരെ ഷണ്‍മുഖന്‍ അടിച്ചോടിക്കുകയും ചെയ്തു.
ഇങ്ങനെ നിരന്തരം ആക്രമിക്കുകയും മാരാകായുധവുമായി വന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെ എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ ചെറുത്തിരുന്നു. അതുകഴിഞ്ഞ് വളെര മോശം അനുഭവം ന്യൂ ഹോസ്റ്റലിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പറയാനുണ്ട്. പി.ടി. തോമസാണ് അന്ന് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനാ നേതാവ്. തോമസ് ഹോസ്റ്റലില്‍ വന്നുപോകുന്നതോടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് ഗുണ്ടകളുടെ തല്ല് കിട്ടും. ഇത് പതിവായി നടന്നു. അന്ന് ഇന്നത്തെ സംഘടനാ ശേഷി എസ്.എഫ്.ഐക്ക് ഇല്ല. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഹോസ്റ്റല്‍ മുറി പുറത്തുനിന്ന് പൂട്ടി മര്‍ദ്ദിക്കുക പതിവായി. ഒരു ഘട്ടത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരില്‍ ഒരാള്‍ ജാവലിനുമായി തോമസിനെ കുത്താനാഞ്ഞു. അന്ന് കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞു. അതിനാലാണ് അന്ന് തോമസ് കുത്തേറ്റുവീഴാതിരുന്നത്.
ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയിലാണോ താങ്കള്‍ക്ക് കുത്തേല്‍ക്കുന്നത്?
അല്ല. ഈ സംഘര്‍ഷം അടഞ്ഞ അധ്യായമാണ്. അതവിടെ തീര്‍ന്നു. അതിനുശേഷം മറ്റൊരു സമയത്ത്, മറ്റൊരു സംഘര്‍ഷത്തിലാണ് എന്നെ അവര്‍ കൊല്ലാനൊരുങ്ങുന്നത്.
ആ സംഘര്‍ഷം എങ്ങനെയാണ് തുടങ്ങിയത്?
അക്കാലത്ത് പോളിയില്‍നിന്ന് മോശം പെരുമാറ്റത്തിന് പുറത്താക്കപ്പെട്ട് മഹാരാജാസില്‍ വന്നുചേര്‍ന്ന ഒരു വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. പോളിയില്‍ എസ്.എഫ്.ഐയിലാണെങ്കിലും മഹാരാജാസില്‍ കെ.എസ്.യുവിലാണ് അയാള്‍ പ്രവര്‍ത്തിച്ചത്. പക്ഷേ, ഇവിടെ സ്ഥിരമായി അയാള്‍ പെണ്‍കുട്ടികളോടൊക്കെ മോശമായി പെരുമാറിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ അയാള്‍ക്കെതിരേ തിരിഞ്ഞു. അതില്‍ എസ്.എഫ്.ഐയുമുണ്ടായിരുന്നു. അതാണ് സംഘര്‍ഷമായി വളര്‍ന്നത്.
നമുക്ക് അഭിമന്യുവിന്റെ കൊലപാതകത്തിലേക്കു വരാം. ഈ കൊലപാതകത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
അഭിമന്യു നമുക്കെല്ലാം അറിയുന്നതുപോലെ ഇടുക്കിയിലെ ഉള്‍നാടായ വട്ടവട സ്വദേശിയാണ്. ദരിദ്രനും ആദിവാസി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥിയുമാണ്. പഠിച്ച് മിടുക്കനാവണം, നാടിന് നന്മവരുത്തണം എന്ന് ആഗ്രഹിച്ചിരുന്ന വിദ്യാര്‍ത്ഥിയാണ്. എന്തുകൊണ്ട് അഭിമന്യു മഹാരാജാസില്‍ എത്തി? എന്തുകൊണ്ട് ആ കുട്ടി ഹോസ്റ്റലില്‍ തുടര്‍ന്നു? എന്തായിരുന്നു ഹോസ്റ്റലിലെ സ്ഥിതി? ഇത് നമ്മള്‍ ആദ്യം മനസ്സിലാക്കണം.
വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിന്റെയും മറ്റും ഭാഗമായി മഹാരാജാസ് കോളജ് സ്വയംഭരണ കോളജായി മാറിയതോടെ ഈ കലാലയത്തിന്റെ തകര്‍ച്ച അതിവേഗത്തിലാണ്. എറണാകുളം നഗരത്തില്‍ ലോ കോളജ് ഒഴിച്ച് ഏതാണ്ട് എല്ലാ കോളജുകളും സ്വയംഭരണ സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. പിന്നെ ദരിദ്രരും പഠിക്കാന്‍ മിടുക്കരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഏക ആശ്രയം മഹാരാജാസാണ്. എന്‍.എല്‍. ബീന മഹാരാജാസ് പ്രിന്‍സിപ്പലായശേഷം അവര്‍ ലക്ഷ്യമിട്ടത് കോളജിലെ ഹോസ്റ്റല്‍ പൊളിച്ചുമാറ്റാനാണ്. അതിന് പല കാരണങ്ങള്‍ നിരത്തി. ഒരു കാര്യം നമ്മള്‍ മനസ്സിലാക്കണം ഇടുക്കിയില്‍നിന്നും പത്തനംതിട്ടയില്‍നിന്നും എത്തുന്ന നിര്‍ധനരായ കുട്ടികള്‍ പിന്നെ എവിടെയാണ് തങ്ങുക. വലിയ വാടകകൊടുത്ത് കോളജിന് പുറത്ത് താമസിക്കാനാവില്ല. കോളജധികൃതര്‍ പൂട്ടിയിട്ട ഹോസ്റ്റല്‍ ഞാനുള്‍പ്പടെയുള്ളവര്‍ ഇടപെട്ടാണ് തുറന്നുകൊടുത്തത്. ഹോസ്റ്റലല്ല, അവിടെ ഒരു വലിയ മുറിമാത്രമാണ് തുറന്നത്. കുട്ടികള്‍ അവിടെ നിരനിരയായി കിടക്കണം. വെള്ളമില്ല, വെളിച്ചമില്ല. വെള്ളം പുറത്തുനിന്ന് ചുമന്നുകൊണ്ടുവരണം. വെളിച്ചത്തിന് മെഴുകുതിരി കത്തിക്കണം. ഹോസ്റ്റലിലെ മെസ് പ്രവര്‍ത്തിക്കാത്ത അവസ്ഥയുണ്ടായി. അവിടെ ഞങ്ങള്‍ ഒക്കെ ഇടപെട്ട് മൂന്നുനേരം കഞ്ഞി കിട്ടുന്നവിധത്തില്‍ സൗകര്യമൊരുക്കി.
അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിനുശേഷം ആ കുട്ടി വിശപ്പ് അനുഭവിച്ചിരുന്നുവെന്ന് എല്ലാവര്‍ക്കും ഇന്നറിയാം. പട്ടിണിയാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ആ പട്ടിണി വന്നതിന് സ്വയംഭരണ കോളേജാക്കിയതുമായി ബന്ധപ്പെട്ട് ഒരു യാഥാര്‍ത്ഥ്യമുണ്ട്. അതിനെ അതിജീവിച്ച് പഠിത്തം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് അഭിമന്യു ഉള്‍പ്പടെയുള്ള കുട്ടികള്‍ നടത്തിയിരുന്നത്. അപ്പോള്‍ ഒരു ചോദ്യം വരും, എന്തുകൊണ്ടാണ് അഭിമന്യു കൊല്ലപ്പെട്ടത് എന്ന്. അഭിമന്യുവിനെ കൊന്നത് വര്‍ഗീയ ക്രിമിനല്‍ സംഘമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികളെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ലക്ഷ്യമിട്ട് വന്ന ഒരു സംഘം ബോധപൂര്‍വം നടത്തിയ കൊലപാതകമാണത്. അതിനെ രാഷ്ട്രീയ സംഘര്‍ഷം എന്ന് വിളിച്ചുകൂടാ. പരിശീലനം നേടി, കൃത്യമായ മര്‍മ്മങ്ങള്‍ അറിഞ്ഞ് നടത്തിയ ആസൂത്രിത കൊലപാതകമാണിത്.
ക്യാമ്പസ് ഫ്രണ്ട് തന്നെയാണ് കൊലയ്ക്കു പിന്നില്‍ എന്ന് ഉറപ്പിക്കരുതെന്ന് ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്?
അതൊരു തന്ത്രമാണ്. കൊന്നതില്‍ സംശയമുണര്‍ത്തുക. അല്ലെങ്കില്‍ പറയുക, കോടതിയില്‍ കുറ്റം തെളിയിക്കപ്പെടട്ടെ, അതുവരെ ക്യാമ്പസ് ഫ്രണ്ടിനെ കുറ്റവാളികളാക്കരുതെന്ന്. കോടതിയില്‍ വലിയ രീതിയില്‍ ഫണ്ട് മുടക്കി അവര്‍ക്ക് അഭിഭാഷകരെയും മറ്റും അണിനിരത്തി കേസ് വിജയിപ്പിക്കാനാകും. ഇപ്പോള്‍ എളുപ്പത്തില്‍ പ്രതികളെ ഒളിപ്പിച്ചപോലെ. കോടതി ഈ കേസില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതേ വിട്ടു എന്നു കരുതുക. അതിനര്‍ത്ഥം അഭിമന്യു കൊലപ്പെട്ടിട്ടില്ല എന്നല്ലല്ലോ. അവര്‍ കൊന്നിട്ടില്ല എന്നുമല്ലല്ലോ. എന്നെ കുത്തിയ കേസ്സില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ വിട്ടയച്ചു. അതിനര്‍ത്ഥം എനിക്ക് കുത്തുകിട്ടിയില്ല എന്നും, കുത്തിയവര്‍ കെ.എസ്.യുക്കാര്‍ അല്ലെന്നുമല്ലല്ലോ…
തുടര്‍ന്ന് വായിക്കാം
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍