ഉണ്ണി ആറിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം വാങ്കിനെ കുറിച്ച് ബിജീഷ് ബി. എഴുതുന്നു
വീടുവിട്ടിറങ്ങിയ ഉണ്ണികള്‍ എഴുതിയ കഥകളല്ല വാങ്കില്‍. ആദര്‍ശവല്‍ക്കരണമോ രക്തസാക്ഷിത്വ പരിവേഷമണിയലോ ഇവിടെയില്ല. പലവ്യഞ്ജനപ്പട്ടികപോലെ രാഷ്ട്രീയത്തെ എണ്ണിയെണ്ണി പറയുന്നതിലല്ല, ഉച്ചകോടിയിലേക്ക് സ്വരത്തെ പറത്തിവിടുന്നതിലല്ല, വ്യഞ്ജിപ്പിക്കുന്നതിലാണ് ഈ കഥകളുടെ തന്മ. ആളലല്ല അടക്കമാണ് ഇതിന്റെ പൊരുള്‍പ്രകടമായി, വാചാലമായി രാഷ്ട്രീയം സംസാരിക്കുന്നില്ല ഈ കഥകള്‍. എന്നാല്‍ രാഷ്ട്രീയമേ പറയുന്നുള്ളൂതാനും.സൂക്ഷ്മരാഷ്ട്രീയത്തിന്റെ വിവേകമാണ് ഉണ്ണി.ആറിന്റെ കഥകളെ അസാധാരണമായ വായനാനുഭവമാക്കുന്നത്. ഭൂമിയുടെ ചെറിയ ശബ്ദങ്ങളിലേക്ക് കാതുതാഴ്ത്തിവയ്ക്കുകയെന്ന ദൗത്യം ഗംഭീരമാക്കുന്നു. വാങ്കിലെ കഥകള്‍ സബാള്‍ട്ടേണ്‍ ആയ രാഷ്ട്രീയത്തിന്റെ പശിമരാശിയുള്ള മണ്ണിലേ മണ്ണിര പോലൊരു കഥയുണ്ടാകൂ.
ആത്മരതിയുടെ സാമൂഹികമാധ്യമാഘോഷങ്ങള്‍ നടത്തുന്നവര്‍ എഴുത്തുകാരായി ആഘോഷിക്കപ്പെടുന്ന കാലമാണിത്. ശരാശരിക്കും താഴെയാണ് ഇക്കാലത്തിന്റെ ശരി. വായനാഭിരുചിയും അങ്ങനെതന്നെ.സാമൂഹികമാധ്യമ പൈങ്കിളിക്ക് മുഖ്യധാരയില്‍ പോലും സ്വീകാര്യത ലഭിക്കുകയും എഴുത്തുകാരായി അവര്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്നു. പ്രകടമായ കെട്ടിച്ചയമങ്ങള്‍ കഥയില്‍ നിരത്താന്‍ എഴുത്തുകാര്‍ പ്രലോഭിപ്പിക്കപ്പെടുന്നു. തങ്ങളുടെ രാഷ്ട്രീയത്തെ, നിലപാടുകളെ ഉച്ചത്തില്‍ പറഞ്ഞില്ലെങ്കില്‍ എന്നുടെ ഒച്ച കേട്ടുവോ വേറിട്ടെന്ന് അവര്‍ക്ക് സന്ദേഹിക്കേണ്ടി വരുന്നു. ഇത്തരമൊരു പ്രകരണത്തില്‍ വേണം ഉണ്ണിയുടെ കഥകള്‍ വായിക്കാന്‍.
ഏറെ ആഘോഷിക്കപ്പെട്ട ഒരു എഴുത്തുകാരന്‍ ജനപ്രിയ അഭിരുചികള്‍ക്കു വഴങ്ങാതെ, അതിന്റെ കെട്ടുകാഴ്ചകള്‍ക്ക് അടിപ്പെടാതെ തന്റേടത്തോടെ മാറിനില്‍ക്കുന്നതിന്റെ സാക്ഷ്യങ്ങളാണ് വീട്ടുകാരന്‍, മണ്ണിര, സോദ്ദേശ കഥാഭാഗം തുടങ്ങിയ കഥകള്‍. കാവ്യാനുശീലനമുള്ളവര്‍ക്കു മാത്രം പൂര്‍ണമായും അഴിച്ചെടുക്കാനാവുന്ന കഥയാണ് വീട്ടുകാര്‍. ‘ബാഹുകദിനമുന്തിക്കഴിച്ച’കവിയുടെ, ആ കവിതകളുടെ പുനര്‍വായനയാണിത്.സൂക്ഷ്മ സംവേദന ക്ഷമതയുള്ളവരോടാണ് ഈ കഥകള്‍ സംവദിക്കുന്നത്.അവരുടെ തോളില്‍ കയ്യിട്ടാണ് നടപ്പ്. അല്ലാതെ അകന്നുമാറി നിന്ന് കര്‍തൃത്വത്തെ അപ്രാപ്യമായൊരു സവിശേഷ അധികാര മേഖലയാക്കുന്നില്ല. ബലംപിടിത്തങ്ങളില്ലാതെ അനായാസസുന്ദരമായി ഇതിലെ മനുഷ്യര്‍ സംസാരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.
റസിയയുടെ വാങ്കുവിളിയുടെ സൂക്ഷ്മസ്വരഭേദങ്ങള്‍ എത്രയാണ്. മറ്റൊരു വാങ്കുവിളി ഇത്ര ശക്തമായി കാതില്‍ മുഴങ്ങിയത് ഖസാക്കില്‍ അള്ളാപിച്ചാ മൊല്ലാക്ക വാങ്കു വിളിച്ചപ്പോഴാകണം. ഒരാണും പെണ്ണും കാടിനകത്തേക്കു കയറുന്നതു കണ്ടു പിന്തുടരുന്ന ചെറുപ്പക്കാരുടെ കാലുകളെ നിശബ്ദമാക്കിക്കൊണ്ടാണ് റസിയയുടെ വാങ്കുവിളി മുഴങ്ങുന്നത്. പച്ചയുടെ ഇരുട്ടില്‍, നൂറ്റാണ്ടുകളുടെ തിരകള്‍ തൊട്ടു തെളിയിച്ച ആ നാദം ആകാശത്തിന്റെ തുഞ്ചത്തും മണ്ണിന്റെ ആഴത്തിലേക്ക് ഉയരം വച്ച വേരുകളിലും തൊട്ടു എന്ന് ഉണ്ണി എഴുതുന്നു. തൊണ്ണൂറുകള്‍ക്കു ശേഷമുള്ള മലയാള ചെറുകഥയുടെ ഭാഗധേയങ്ങളില്‍ ഉണ്ണിയുടെ രചനകള്‍ വഹിച്ച പങ്ക് വലുതാണ്. ആവര്‍ത്തിക്കാതിരിക്കാനുള്ള ഔചിത്യത്തിലൂടെ, പരാജയങ്ങളെ ഭയക്കാതെ, ജനപ്രിയതയില്‍ അഭിരമിക്കാതെ അയാള്‍ എഴുതുന്നു. ആര്‍പ്പുവിളികളും അട്ടഹാസങ്ങളുമില്ലെന്നെയുള്ളൂ, വലിയ അട്ടിമറികളാണ് ആ കഥകള്‍ സാധിച്ചുകൊണ്ടിരിക്കുന്നത്.
(കടപ്പാട്: മനോരമ ഓണ്‍ലൈന്‍)